തിരുവനന്തപുരം
ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച പി ബിജുവിന്റെ ഓർമയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം റെഡ് കെയർ സെന്റർ ഉയരും. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ നിർമിക്കുന്ന കേന്ദ്രത്തിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ കല്ലിട്ടു. പി ബിജു ഓർമ മന്ദിരമായി റെഡ് കെയർ സെന്റർ അറിയപ്പെടും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസവും എത്തിച്ചേരുന്ന ആയിരക്കണക്കിന് മനുഷ്യരെ അന്നമൂട്ടുന്ന ഹൃദയപൂർവം പദ്ധതി, രക്തദാന പ്രവർത്തനങ്ങൾ, ആംബുലൻസ് സർവീസ്, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവയുടെയെല്ലാം കേന്ദ്രമായി റെഡ് കെയർ സെന്റർ പ്രവർത്തിക്കും.
ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ വി വിനീത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കെ യു ജെനീഷ് കുമാർ, എം വിജിൻ, ഐ ബി സതീഷ്, വി കെ പ്രശാന്ത്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ഷിജൂഖാൻ, സിപിഐ എം വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ട്രഷറർ വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, കെ സുനിൽകുമാർ, ബി ബിജു, ഡെപ്യൂട്ടി മേയർ കെ രാജു, എസ് പി ദീപക്, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഡിവൈഎഫ്ഐയുടേത് മാതൃകാപ്രവർത്തനം: കോടിയേരി
സന്നദ്ധസേവന, ജീവകാരുണ്യ രംഗത്ത് ഡിവൈഎഫ്ഐയുടേത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. റെഡ് കെയർ സെന്ററിന് ശിലയിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലുള്ള ഡിവൈഎഫ്ഐയുടെ അംഗീകാരമാണ് ഇത്തരത്തിലുള്ള പ്രവർത്തനം ഏറ്റെടുക്കുന്നതിന് സഹായമായത്. ലക്ഷക്കണക്കിന് രോഗികൾക്കും പരിചാരകർക്കും ദിവസവും ഭക്ഷണപ്പൊതി എത്തിക്കുന്ന ഡിവൈഎഫ്ഐയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സാന്ത്വനപരിചരണത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവരും കാണണം. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങൾക്ക് ഒരുപോലെ ആവേശമായിരുന്ന പി ബിജുവിന്റെ ഓർമ പുതുക്കാൻ റെഡ് കെയർ സെന്ററിന് കഴിയട്ടെയെന്നും കോടിയേരി പറഞ്ഞു.
ആക്രി വിറ്റും കൂലിപ്പണിയെടുത്തും ഒരുകോടി
ഡിവൈഎഫ്ഐ പ്രളയകാലത്ത് പാഴ്വസ്തുക്കളും പത്രവും സമാഹരിച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 കോടിയോളം രൂപ നൽകിയതിന് സമാനമായിരുന്നു തിരുവനന്തപുരം ജില്ലാകമ്മിറ്റി റെഡ് കെയർ സെന്ററിനുള്ള സ്ഥലം വാങ്ങാനുള്ള തുകയും സമാഹരിച്ചത്. ഒരുമാസത്തെ അധ്വാനത്തിലൂടെ ഒരുകോടി രൂപ പ്രവർത്തകർ സമാഹരിച്ചു. ആരിൽനിന്നും സംഭാവന സ്വീകരിച്ചില്ല. പെയിന്റടി, മത്സ്യക്കച്ചവടം, മുണ്ട്– ബിരിയാണി ചലഞ്ച്, കൂലിപ്പണി എന്നിവയിലൂടെയാണ് തുക സമാഹരിച്ചത്. സാഹിത്യ, സാംസ്കാരിക, കായിക മേഖലയിലെ പ്രശസ്തരുടെ യൗവനകാല സ്മരണകൾ പുസ്തകരൂപത്തിലാക്കി വിറ്റ് ആവശ്യമുള്ള ബാക്കി തുക കണ്ടെത്താനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കോടിയേരിയിൽനിന്ന് പ്രീബുക്കിങ് വില ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..