20 April Tuesday

പി ബാലചന്ദ്രൻ: എഴുത്തിന്റെ കരുത്തറിയിച്ച കമ്മട്ടിപ്പാടം

പി സി പ്രശോഭ്‌Updated: Monday Apr 5, 2021
കോട്ടയം > "പവിത്രം' എന്ന ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന സിനിമ രചിച്ച അതേ തൂലികയാണ്‌ "കമ്മട്ടിപ്പാട'വും എഴുതിയത്‌. കൊച്ചി നഗരത്തിൽ ആരുമറിയപ്പെടാതെ മണ്ണിലലിഞ്ഞു പോയ ഒരു കാലഘട്ടത്തെ അതിമനോഹരമായി അവതരിപ്പിക്കുകയായിരുന്നു പി ബാലചന്ദ്രൻ ഈ ചിത്രത്തിൽ. തിങ്കളാഴ്‌ച അന്തരിച്ച അദ്ദേഹത്തിന്റെ മാസ്‌റ്റർപീസും ഇതു തന്നെ.

സംവിധായകൻ രാജീവ്‌ രവിയുമായുള്ള ചില സൗഹൃദ സംഭാഷണങ്ങൾക്കിടയിലാണ്‌ ഈ സിനിമയുടെ കഥ മനസിൽ വന്നതെന്ന്‌ ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്‌. എറണാകുളത്തുകാരനായ രാജീവ്‌ അവിടത്തെ ചില പഴയ സംഭവങ്ങൾ പറഞ്ഞു. എറണാകുളം നഗരമാകുന്നതിനു മുമ്പ് അവിടെ‌ പാടശേഖരങ്ങൾ ഉണ്ടായിരുന്നവരെക്കുറിച്ചും  അത്‌ നഷ്ടപ്പെട്ടതിനെക്കുറിച്ചുമെല്ലാം. എറണാകുളം കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌ നിൽക്കുന്ന സ്ഥലത്തിന്റെ പേരാണ്‌ കമ്മട്ടിപ്പാടം. ഇന്നത്തെ തലമുറയ്‌ക്ക്‌ ആ നാടിന്റെ പഴയ കഥ അറിയില്ല. പക്ഷേ രാജീവ്‌ രവിയുടെ സഹായത്തോടെ ബാലചന്ദ്രൻ അത്‌ തിരക്കഥയാക്കി. അത്‌ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായി. ഇതിഹാസ രൂപത്തിൽ നാലഞ്ച്‌ മണിക്കൂർ നീളമുള്ള സിനിമയാക്കാൻ വരെ ആലോചിച്ചിരുന്നതായി ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്‌.


ഓർമവച്ച നാൾ മുതൽ കൊച്ചുപിച്ചാത്തി കൈയിലെടുത്ത ചില ജീവിതങ്ങൾ. ഭൂമി കൈക്കലാക്കാൻ മുതലാളിമാർ അവരെ കരുക്കളാക്കി. ഒടുവിൽ സ്വന്തം മണ്ണും സംസ്‌കാരവുമെല്ലാം ആ കോൺക്രീറ്റ്‌ കാടുകളിൽ അവർക്ക്‌ നഷ്ടപ്പെട്ടു. ഉപയോഗം കഴിഞ്ഞപ്പോൾ മുതലാളിമാർക്ക്‌ അവരെ വേണ്ടാതായി. ബാലൻ ചേട്ടനും ഗംഗയും കൃഷ്‌ണനുമെല്ലാം പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായി. പാടത്ത്‌ മുളച്ച വിത്തുകളാണ്‌ ഇതിലെ കഥാപാത്രങ്ങളെണ്‌ പി ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്‌.

1970കളിലും 80കളിലും പുതിയ കാലത്തുമായി മൂന്ന്‌ ഘട്ടങ്ങളിലാണ്‌ കഥ നടക്കുന്നത്‌. അടിച്ചമർത്തപ്പെടുന്നവരുടെ മനസിനൊപ്പം സഞ്ചരിക്കാൻ തനിക്കും രാജീവ്‌ രവിക്കും ഇഷ്ടമാണെന്ന്‌ ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്‌. അവരുടെ ഈ സമാനമനസ്ഥിതിയാണ്‌ കമ്മട്ടിപ്പാടത്തിന്റെ ഭൂതകാലം ചികയാനും ഇങ്ങനെയൊരു സിനിമ പിറക്കാനും ഇടയാക്കിയത്‌.

നാടകത്തിലൂടെ സിനിമയിലേക്ക്‌

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദമെടുത്ത ശേഷം ബാലചന്ദ്രന്റെ മനസിൽ നാടകമേ ഉണ്ടായിരുന്നുള്ളൂ. 1972ൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ്തല മത്സരത്തിൽ അദ്ദേഹത്തിന്റെ ‘താമസി’ എന്ന നാടകത്തിന്‌ ഒന്നാം സ്ഥാനം ലഭിച്ചു.

എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചുകാലം അധ്യാപകനായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്ടി'ൽ പ്രവർത്തിച്ചു. മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൺ ഓഫ് സെറ്റ്സ്വാൻ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.

1989ൽ "പാവം ഉസ്മാൻ' എന്ന നാടകത്തിലൂടെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. "പ്രതിരൂപങ്ങൾ' എന്ന നാടകത്തിന്റെ രചനക്ക് സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡും ഇതേവർഷം ലഭിച്ചു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.

സിനിമയിൽ എഴുത്തിനൊപ്പം അഭിനയത്തിലും അദ്ദേഹം സജീവമായി. വക്കാലത്ത് നാരായണൻകുട്ടി, മലയാളിമാമന് വണക്കം, അന്നയും റസൂലും, ശേഷം, പുനരധിവാസം, ശിവം, ജലമർമരം, ട്രിവാൻഡ്രം ലോഡ്ജ്, മഹാസമുദ്രം, ഇവർ, അഗ്‌നിദേവൻ, ജിഞ്ചർ, കടൽ കടന്നൊരു മാത്തുക്കുട്ടി, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, ദാവീദ്‌ ആൻഡ്‌ ഗോലിയാത്ത് തുടങ്ങിയവയാണ്‌ അഭിനയിച്ച ചിത്രങ്ങൾ.

"പവിത്ര'ത്തിലെ വീട്ടിലുണ്ടാക്കിയ "ഉണ്ണിമധുരം'

കഥാപാത്രങ്ങൾക്കും സിനിമകൾക്കും പേരിടുക എന്നത്‌ വലിയ പ്രയാസമാണെന്ന്‌ പി ബാലചന്ദ്രൻ പറയാറുണ്ട്‌. വീടുണ്ടാക്കിയപ്പോൾ പേരിടാനും അതേ പ്രയാസമുണ്ടായി. ഒടുവിൽ തന്റെ പ്രിയപ്പെട്ട സിനിമയുടെ പേരായ "പവിത്രം' എന്നുതന്നെ ഇട്ടു.

ആ സിനിമയിൽ ഒരു സദ്യയുടെ രംഗമുണ്ട്‌. നായകനായ ഉണ്ണി (മോഹൻലാൽ) കരിഞ്ഞുപോയ ഒരു വിഭവം തട്ടിക്കൂട്ടി ശരിയാക്കിയെടുത്ത്‌ "ഉണ്ണിമധുരം' എന്നൊരു പേരിട്ട്‌ വിളമ്പുന്നു‌. വീട്ടിൽ പണ്ടുണ്ടായ അനുഭവമാണ്‌ അതെന്ന്‌ ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്‌. സ്‌കൂളിൽ നിന്ന്‌ എത്തുന്ന മകന്‌ ഒരിക്കൽ ഭാര്യ പലഹാരമുണ്ടാക്കിയപ്പോൾ കരിഞ്ഞുപോയി. ഉടനെ കൈയ്യിൽ കിട്ടിയതെല്ലാം ചേർത്ത്‌ അത്‌ മറ്റൊരു വിഭവമാക്കി മകന്‌ കൊടുത്തു. ഈ സംഭവത്തിന്റെ ഓർമയിൽ എഴുതിയ രംഗമാണത്‌. "ഉണ്ണിമധുരം' എന്ന പേര്‌ ബാലചന്ദ്രൻ തന്നെ ഇട്ടു.


പേരുകളെക്കുറിച്ച്‌ പി ബാലചന്ദ്രന്‌ പിന്നെയുമുണ്ട്‌ കഥകൾ പറയാൻ. അദ്ദേഹത്തിന്റെ വിളിപ്പേര്‌‌‌ ശശി എന്നാണ്‌. ചിലരത്‌ കളിയാക്കാൻ ഉപയോഗിക്കുന്നെന്ന്‌ ബാലചന്ദ്രൻ ഒരിക്കൽ സിനിമയിലെ ചില സുഹൃത്തുക്കളോട്‌ പറഞ്ഞു. അങ്ങനെ "ഹോട്ടൽ കാലിഫോർണിയ' എന്ന ചിത്രത്തിൽ ബാലചന്ദ്രൻ തന്നെ ആ പേരിനെ കളിയാക്കുന്ന രംഗവുമുണ്ടായി.

റിച്ചാർഡ്‌ ആറ്റൻബറോയുടെ "ഗാന്ധി' എന്ന പ്രശസ്‌ത സിനിമയിൽ ആൾക്കൂട്ടത്തിൽ ഓരാളായി നിൽക്കാൻ അവസരം കിട്ടിയതിനെക്കുറിച്ച്‌ അദ്ദേഹം നർമം കലർത്തി പറയുമായിരുന്നു. വലിയ ആൾക്കൂട്ടത്തിൽ നിന്ന് ബാലചന്ദ്രനെ തിരിച്ചറിയാൻ പോലും കഴിയുമായിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top