20 April Tuesday

എത്രയെത്ര മേഘരൂപങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

ഡോ. രാജാ വാര്യർ
(കേരള സർവകലാശാല സെന്റർ ഫോർ 
പെർഫോമിങ്‌ ആൻഡ്‌ വിഷ്വൽ 
ആർട്‌സ് മേധാവി )

സ്‌കൂൾ ഓഫ്‌ ഡ്രാമയിലെ സീനിയർ വിദ്യാർഥി. സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സിൽ  അധ്യാപകൻ, എംഫിൽ മാർഗദർശി. സഹസംവിധായകനായി പ്രവർത്തിച്ച ചലച്ചിത്രങ്ങളുടെ രചയിതാവ്, ജ്യേഷ്‌ഠസഹോദരൻ, മുതിർന്ന സുഹൃത്ത് അങ്ങനെ എന്റെ ജീവിതത്തിൽ ബാലേട്ടന് എത്രയെത്ര മേഘരൂപങ്ങൾ.

മലയാള നാടകപ്രസ്ഥാനത്തിലെയും ചലച്ചിത്ര പ്രസ്ഥാനത്തിലെയും ഒട്ടുമിക്കയാളുകൾക്കും പി ബാലചന്ദ്രൻ ‘ബാലേട്ട’നായിരുന്നു. ശാസ്‌താംകോട്ടയിൽ ജനിച്ച അദ്ദേഹം ശാസ്‌താംകോട്ട ദേവസ്വംബോർഡ്‌ കോളേജിലെ പഠനകാലത്താണ്‌ നാടകപ്രസ്ഥാനത്തോട്‌ ഏറെ അടുത്തത്‌. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ശാസ്‌താംകോട്ട ദേവസ്വംബോർഡ്‌ കോളേജിൽവച്ച്‌ 1967ൽ സംഘടിപ്പിച്ച ആദ്യ നാടകക്കളരിയിൽ ബാലചന്ദ്രന്റെ കാൽപ്പാദവും സ്‌പർശിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം തൃശൂരിലെ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ ശങ്കരപ്പിള്ളയുടെ ക്ഷണപ്രകാരം പഠിതാവായി എത്തിച്ചേർന്നത്‌. അവിടെ പഠനത്തിനെത്തുമ്പോൾ തന്നെ ഒരു നാടക രചയിതാവെന്ന നിലയിൽ ബാലചന്ദ്രൻ പേരടെുത്തുകഴിഞ്ഞിരുന്നു. ശങ്കരപ്പിള്ളയുടെ പ്രിയപ്പെട്ട ശിഷ്യനായി.

1970കളിലാണ്‌ ബാലചന്ദ്രന്റെ നാടകങ്ങൾ കേരളത്തിലെ കലാലയങ്ങളിലെ നാടക അരങ്ങളുകളിൽ ചലനം സൃഷ്ടിച്ചത്‌. കലാലയ നാടകങ്ങൾക്ക്‌ പുതിയ രൂപവും ഭാവവും നൽകി ദീപ്‌തമാക്കിയ രചനകൾ. ‘താമസി’യാണ്‌ ആദ്യകാല നാടകങ്ങളിൽ പ്രധാനം. തുടർന്ന്‌ മകുടി, ചെണ്ട, പ്രഹേളിക. 1987ൽ രചിച്ച ‘പാവം ഉസ്‌മാൻ’ ശ്രദ്ധനേടി. ഇതേ പേരിലിറങ്ങിയ നാടകസമാഹാരത്തിലെ മറ്റ്‌ നാടകങ്ങളണ്‌ സമാറയിലേക്ക്‌, ചേരി, വിധിനിഷേധങ്ങൾ എന്നിവ.

റഷ്യൻ നാടകകൃത്തായ ഗോഗോളിന്റെ ‘ഇൻസ്‌പെക്ടർ ജനറൽ’ നാടകത്തിന്‌ ‘മേൽവിലാസം’ എന്ന പേരിൽ മാലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി‌. ഇതര രചനകളായ ‘മൈഥിലി’, ‘കല്യാണസൗഗന്ധികം’, ‘മായാതീരം’, ‘ചത്തവനും കൊന്നവനും ഭാര്യാസമേതം’ എന്നിവയും അരങ്ങിന്റെ അർഥതലങ്ങൾ കണ്ടെത്തിയ  രചയിതാവിന്റെ സർഗവൈഭവം വെളിപ്പെടുത്തി‌. നാടോടി സംസ്‌കൃതിയുടെ മാസ്‌മരിക പ്രപഞ്ചം ആഴത്തിൽ അനുഭവവേദ്യമാക്കി ‘താമസി’, മൊഹ്‌യ്യിദീൻ ഷേക്ക്‌ പ്രചാരത്തിൽ വരുത്തിയ ‘കുത്തു റാത്തീബ്‌’ എന്ന മുസ്ലിം അനുഷ്‌ഠാനത്തെ അധികരിച്ച്‌ ക്രിയാംശ പുരോഗതി കൈവരുത്തിയ ‘പാവം ഉസ്‌മാൻ’, മിത്തിനെ മനോഹരമായ വാങ്‌മയ ചിത്രങ്ങളാക്കുന്നതിലൂടെ സമ്മോഹനമായ, അവസ്ഥയിലെത്തി നിൽക്കുന്ന ‘സമാറയിലേക്ക്‌’, ഭ്രമാത്മകതയും യാഥാർഥ്യവും ഒരുപോലെ സമ്മേളിക്കുന്ന ‘ചേരി’, പാരമ്പര്യത്തെയും പുരാണേതിഹാസ സന്ദർഭങ്ങളെയും നവീന അരങ്ങിലേക്ക്‌ സ്വാംശീകരിക്കുന്ന ‘കല്യാണസൗഗന്ധികം’ തുടങ്ങിയ നാടകങ്ങൾ ആധുനിക നാടകപ്രസ്ഥാനത്തിന്‌ നവീനമായ രംഗരചനകളൊരുക്കുവാൻ മുതൽക്കൂട്ടായ സൃഷ്ടികളാണ്‌.

ഇപ്പോഴും മനസ്സിലുണ്ട്, മഹാത്മാഗാന്ധി സർവകലാശാലയിലെ ക്ലാസ് മുറികളിലെ റിഹേഴ്‌സൽ ദിനങ്ങളും സന്ധ്യകളും. അടഞ്ഞ, പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം, തമാശ, പൊട്ടിച്ചിരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top