05 June Monday

കായലിൽനിന്ന്‌ സിനിമാലോകത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2022


കോട്ടയം
അന്ന്‌ കുറച്ച്‌ കൊഞ്ച്‌ കൂടുതൽ കിട്ടാൻ സാധ്യതയുള്ള ദിവസമായിരുന്നു. അതുകൊണ്ട്‌ വള്ളവുമായി പോകാൻ തന്നെ വാസവൻ തീരുമാനിച്ചു. പതിവിലും നേരത്തേ മടങ്ങി. തിരിച്ചെത്തിയപ്പോൾ കാത്തുനിന്നത്‌ സിനിമയുടെ മായികലോകത്തേക്കുള്ള അവസരം.
സംവിധായകൻ ജയരാജും സംഘവും "ഒറ്റാലി'ലെ വല്യപ്പച്ചായിയുടെ വേഷം അഭിനയിക്കാൻ മത്സ്യത്തൊഴിലാളിയായ ഒരാളെ തിരഞ്ഞ്‌ കുമരകത്തുകൂടി സഞ്ചരിക്കുന്ന സമയം. അപ്പോഴാണ്‌ വള്ളത്തിൽ മീനുമായി വാസവൻ കരയിലേക്ക്‌ വരുന്നത്‌ കണ്ടത്‌.

ബോട്ടിലിരുന്നു നിർത്താൻ ആംഗ്യം കാണിച്ച അവരെ കാര്യമാക്കാതെ വാസവൻ മുന്നോട്ടുപോയി. പക്ഷേ സിനിമാക്കാർ പിന്നാലെ തന്നെയുണ്ടായിരുന്നെന്ന്‌ കരയിലെത്തിയപ്പോഴാണ്‌ വാസവൻ മനസ്സിലാക്കിയത്‌. അവരാദ്യം വാസവന്റെ പേരും നാടുമെല്ലാം ചോദിച്ചറിഞ്ഞു. സിനിമയിൽ അഭിനയിക്കുന്നോ എന്നു ചോദിച്ചപ്പോൾ ഞാൻ സിനിമ കാണാറില്ല എന്നായിരുന്നു മറുപടി. പക്ഷേ സിനിമാക്കാർ വിട്ടില്ല. അഭിനയിക്കാൻ മീശ എടുക്കാമോ എന്ന്‌ ചോദിച്ചെങ്കിലും വാസവൻ സമ്മതിച്ചില്ല.

അങ്ങനെ ഒറ്റാലിലെ വല്യപ്പച്ചായിയായി വാസവനെത്തി. സ്വന്തമായി ഒരു കൊച്ചുമകൻ മാത്രമുള്ള മുത്തഛന്റെ വേഷമായിരുന്നു ഒറ്റാലിൽ വാസവന്റേത്‌. അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ബാലവേലയെന്ന സമൂഹത്തിന്റെ ശാപത്തെയും മനോഹരമായി ചിത്രീകരിച്ച ഒറ്റാൽ അന്താരാഷ്‌ട്രതലത്തിൽവരെ ശ്രദ്ധനേടി. ബെർലിൻ ഫിലിം ഫെസ്‌റ്റിവലിൽ ക്രിസ്‌റ്റൽ ബെയർ പുരസ്‌കാരം നേടി. ഐഎഫ്‌എഫ്‌കെയിലെ പ്രധാന അവാർഡുകളെല്ലാം വാരിക്കൂട്ടി. 

എന്തു ചെയ്യുമ്പോഴും അത്‌ ഭംഗിയായി ചെയ്യണം എന്ന നിലപാടാണ്‌ തനിക്കെന്ന്‌ വാസവൻ പറയാറുണ്ടായിരുന്നു. അറിയാത്ത ജോലിയും പറഞ്ഞുതന്നാൽ ചെയ്യാനാകുമെന്ന്‌ ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഒറ്റാലിലൂടെ അത്‌ തെളിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top