23 April Tuesday

ദൈവത്തിന്റെ പുസ്തകത്തിന്റെ നിലപാടുതറ

കെ പി രാമനുണ്ണി/വി കെ സുധീർകുമാർUpdated: Sunday Dec 31, 2017

കെ പി രാമനുണ്ണി

മതനിരപേക്ഷതയോടുള്ള ഒരു യഥാർഥ വിശ്വാസിയുടെ പ്രതിബദ്ധതയുടെ മാനിഫെസ്റ്റോ ആണ് ദൈവത്തിന്റെ പുസ്തകം എന്ന നോവൽ. ശ്രീകൃഷ്ണനും ക്രിസ്തുവും കാൾ മാർക്‌സും എല്ലാം കഥാപാത്രങ്ങളാകുന്ന ഈ നോവലിലൂടെ മലയാളത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു. വിശ്വാസവും ദൈവങ്ങളും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ളതാണെന്ന സന്ദേശമാണ് നോവൽ നൽകുന്നത്. നോവലിലെ കൃഷ്ണൻ മുഹമ്മദ് നബിയെ ഇക്കാ എന്നും നബി തിരിച്ച് കൃഷ്ണനെ മുത്തേ എന്നുമാണ് സംബോധന ചെയ്യുന്നത്. നമ്മുടെ ബഹുസ്വര സംസ്‌കാരത്തിൽ അന്തർലീനമായ ഐക്യത്തിന്റെയും രമ്യതയുടെയും ദർശനം ഈ നോവൽ ഉയർത്തിപ്പിടിക്കുന്നു. അവാർഡ് ലഭിച്ചതോടെ നോവലിസ്റ്റിനും നോവലിനും പല കേന്ദ്രങ്ങളിൽനിന്നായി എതിർപ്പിന്റെ വാൾമുന ഉയർന്നുകഴിഞ്ഞു. അതേക്കുറിച്ച് രാമനുണ്ണി സംസാരിക്കുന്നു: 
 
? സാഹിത്യജീവിതത്തിലെ മറ്റ് നേട്ടങ്ങൾക്കുപരി എന്ത് പ്രാധാന്യമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിൽ താങ്കൾ കാണുന്നത്. 
 
■ നോവലിന് പുരസ്‌കാരലബ്ധി എന്നതിലുപരി എന്റെ നിലപാടുകൾക്കുള്ള അംഗീകാരവും ആ നിലപാടുകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഉപാധിയുമാണത്. എഴുത്തുകാരന്റെ ദൗത്യംതന്നെ സ്വന്തം ജീവിതദർശനങ്ങൾ മറ്റുള്ളവരിലേക്ക് പകരലാണല്ലോ. ഈ ലോകം ഇങ്ങനെയായിപ്പോയതിനെപ്പറ്റി സങ്കീർണമായ ചരിത്രാന്വേഷണങ്ങൾ ദൈവത്തിന്റെ പുസ്തകത്തിലുണ്ട്. അതോടൊപ്പം ഇന്ന് ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമായൊരു മനോഭാവം നോവലിൽ ഉദ്ദീപിക്കപ്പെടുന്നുണ്ട്. വ്യത്യസ്ത മതക്കാർ തമ്മിൽ പുലരേണ്ട ആ സന്മനസ്സും സ്‌നേഹവും എന്റെ കണ്ടുപിടിത്തമൊന്നുമല്ല. കവിതയിൽ ഇടശ്ശേരിയും കഥയിൽ ഉറൂബും ഉയർത്തിപ്പിടിച്ച മതമൈത്രീമൂല്യം പൊതുവിൽ കേരളത്തിന്റേതും സവിശേഷമായി ഞാൻ വളർന്നുവന്ന പൊന്നാനിയുടേതുമാണ്. മേൽപ്പറഞ്ഞ മഹാരഥന്മാരുടെ പിൻഗാമിയായി അറിയപ്പെടാൻ പുരസ്‌കാരം സഹായിച്ചെങ്കിൽ അത് വലിയ സുകൃതം. പിന്നെ എന്റെ നോവലിന്റെ പ്രചാരം വിനാശകരമായ വർഗീയതയിലേക്ക് നാട് കൂപ്പുകുത്തുന്നതിനെ കുറച്ചെങ്കിലും പിടിച്ചുനിർത്തുമെങ്കിൽ അത് ചില്ലറക്കാര്യമല്ല. 
 
? ലോകത്ത് ഒരു ഭാഷയിലും മുഹമ്മദ് നബി യുടെ ജീവിതം നോവലിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല എന്നാണല്ലോ പറയുന്നത്. സഹോദരതുല്യനായി ശ്രീകൃഷ്ണന്റെ ജീവിതവും ദൈവത്തിന്റെ പുസ്തകത്തിലുണ്ട്.
 
■ മുഹമ്മദ് നബിയുടെ ജീവിതം ആദ്യമായി നോവലിൽ ആവിഷ്‌കരിക്കപ്പെടേണ്ടത് മലയാളത്തിലാണെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. വാവർ ഇരിക്കുന്ന ശബരിമലക്ഷേത്രം സാധ്യമാക്കിയ സംസ്‌കാരത്തിന്റെ ഭാഷതന്നെ വേണം റസൂലിന്റെ ജീവിതം നോവലിൽ പടർത്താൻ. എന്നേക്കാൾ പ്രാഗത്ഭ്യമുള്ളവർ വേണ്ടിയിരുന്നില്ലേ അക്കാര്യം ചെയ്യാൻ എന്നുമാത്രമേ സംശയമുള്ളൂ.   
ദൈവത്തിന്റെ പുസ്തകത്തിൽ മുഹമ്മദ് നബി ശ്രീകൃഷ്ണനെ ഇക്കാ എന്നും ശ്രീകൃഷ്ണൻ മുഹമ്മദ് നബിയെ മുത്തേ എന്നും വിളിക്കുന്നുണ്ട്. അങ്ങനെ വിളിപ്പിക്കാൻ മലയാളഭാഷയ്ക്കുമാത്രമേ ധൈര്യം ലഭിക്കൂ. ആത്മീയരംഗത്തുപോലും ഹിന്ദുക്കളും മുസ്ലിങ്ങളും സഹകരിച്ചുപോന്നതിന്റെ പാരമ്പര്യത്തിൽനിന്നാണ് ആ ചങ്കൂറ്റം ഉണ്ടാകുന്നത്. ഡൊമിനിക് സിലാ ഖാൻ എന്ന ജൂതസ്ത്രീ എഴുതിയ സേക്രഡ് കേരള എന്ന പുസ്തകമുണ്ട് (പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായി) ഒരമ്മ പെറ്റ മക്കളെപ്പോലെ വ്യത്യസ്ത മതസ്ഥർ പുലരുന്ന കേരളമാണ് ലോകത്തിലെ ഒരേയൊരു പുണ്യഭൂമി എന്നാണ് ഡൊമിനിക് സിലാഖാൻ തന്റെ ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നത്. ഡൊമിനിക് രണ്ടുവർഷംമുമ്പ് മരിച്ചുപോയി. അല്ലെങ്കിൽ ദൈവത്തിന്റെ പുസ്തകം കൊണ്ടുനടന്ന് പ്രചരിപ്പിക്കുമായിരുന്നു. 
 
? പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസി എന്ന ദീർഘലേഖനമെഴുതിയതിന്റെ പേരിൽ താങ്കളുടെ കൈയും കാലും വെട്ടുമെന്ന ഭീഷണി ഉണ്ടായിരുന്നല്ലോ. അതിനുള്ള കോമ്പൻസേഷനാണ് ഈ അവാർഡെന്ന് പറയാമോ. 
 
■ സ്വന്തം നിലനിൽപ്പ് സുരക്ഷിതമാക്കാൻ ഇംഗ്ലീഷുകാരാണ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിൽ തല്ലിച്ചത്. അല്ലാതെ ചരിത്രപരമായോ ജീവിതദർശനപരമായോ അവർ ശത്രുക്കളല്ല. ബ്രിട്ടീഷുകാർ കെട്ടുകെട്ടിയിട്ടും ആ കെണിയിൽപ്പെട്ട് ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം പോരടിച്ചാൽ ഇന്ത്യാരാജ്യം മുടിഞ്ഞുപോകും. ഇക്കാര്യം വിനീതമായി ഉണർത്തിച്ചതിനാണ് എനിക്ക് ഭീഷണിക്കത്ത് വന്നത്.
 
ദൈവത്തിന്റെ പുസ്തകം എന്ന നോവലിലും ഈ ആശയംതന്നെയാണ് ഞാൻ മറ്റൊരുതരത്തിൽ ഉണർത്തുന്നത്. എന്നെ കൊല്ലരുതേ എന്ന് ഷെഹർസാദ കഥാരൂപത്തിൽ പറഞ്ഞപ്പോൾ കരിങ്കൽഹൃദയമുള്ള സുൽത്താനും സംഗതി മനസ്സിലായല്ലോ. അതുപോലെ ദൈവത്തിന്റെ പുസ്തകവും ആളുകളെ സ്വാധീനിക്കുമെന്നതിന്റെ ദൃഷ്ടാന്തമാകാം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. 
? താങ്കൾക്ക് അവാർഡ് ലഭിച്ചതിനെ ചില ശക്തികൾ വല്ലാതെ എതിർക്കുന്നുണ്ടല്ലോ.
 
■ ആർഎസ്എസുകാരോടുള്ള ചില ചോദ്യങ്ങളാണ് എനിക്ക് ഇതിനുള്ള ഉത്തരം. ഭാരതീയ സംസ്‌കാരത്തിൽ അഭിമാനം കൊള്ളുന്നവരാണല്ലോ നിങ്ങൾ. ക്ഷേത്രകാര്യങ്ങളിലെല്ലാം ശ്രദ്ധപുലർത്തുന്നവർ. ജന്മാഷ്ടമി കെങ്കേമമായി ആഘോഷിച്ച് ശ്രീകൃഷ്ണനെ മൊത്തമായി ഏറ്റെടുത്ത് നടക്കുന്നവർ. ഞാനും ഭാരതീയ സംസ്‌കാരത്തെപ്രതി അഭിമാനം കൊള്ളുന്നവനാണ്. ഞാനും വീടിനടുത്തുള്ള പെരുമൺപുറ ക്ഷേത്രത്തിൽ ഇടയ്ക്കിടെ പോകുന്ന ഭക്തൻ. ശ്രീകൃഷ്ണന്റെ കാര്യത്തിലാണെങ്കിൽ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ പേരിൽ കൊളോണിയൽ ശക്തികൾ കുത്തിവച്ച കൂടോത്രത്തിൽ പെടാതെ, അവനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച്, ശൗരിയെ മഹാത്മാവിൽ മഹാത്മാവായി ദൈവത്തിന്റെ പുസ്തകത്തിൽ ചിത്രീകരിച്ചവനാണ്. എന്നിട്ടും ആ നോവലിന് പുരസ്‌കാരം ലഭിച്ചപ്പോൾ കേസരിയിലും ജന്മഭൂമിയിലും ജനം ടിവിയിലുമുള്ള നിങ്ങളുടെ അനുയായികൾ എന്തിനാണ് എന്നെ അർഥരഹിതമായി അവഹേളിച്ചത്? ശ്രീകൃഷ്ണനെപ്പോലെ മുഹമ്മദ് നബിയെയും ഏറ്റവും ഉദാത്തമായി കൃതിയിൽ ആവിഷ്‌കരിച്ചതിനോ? കേശവനെയും റസൂലിനെയും സഹോദരതുല്യരാക്കി പ്രതിഷ്ഠിച്ചതിനോ? ഇത്ര ഇഷ്ടക്കാരായ കൃഷ്ണന്റെയും മുഹമ്മദിന്റെയും പിന്തുടർച്ചക്കാർ പരസ്പരം പോരടിക്കുന്നത് അസംബന്ധമാണെന്ന് ധ്വനിപ്പിച്ചതിനോ? അപ്പോൾ നിങ്ങളുടെ നിർവചനത്തിൽ ഹിന്ദുസ്‌നേഹമെന്ന് പറഞ്ഞാൽ മുസ്ലിം വിദ്വേഷംമാത്രമാണോ? അങ്ങനെയാണെങ്കിൽ കരുണവാൻ നബി മുത്തുരത്‌നമോ എന്ന് പാടിയ ശ്രീനാരായണഗുരുവിനെയും മുസ്ലിമായിക്കൂടി ജീവിച്ച് ഈശ്വരസാക്ഷാൽക്കാരത്തിന് ശ്രമിച്ച ശ്രീരാമകൃഷ്ണപരമഹംസരെയും ഇന്ത്യക്ക് മുസ്ലിം ശരീരവും വേദാന്തമനസ്സുമാണ് വേണ്ടതെന്ന് പറഞ്ഞ വിവേകാനന്ദനെയും നിങ്ങൾ പടിയടച്ച് പിണ്ഡം വയ്ക്കുമോ?
 
അല്ലെങ്കിൽ നിങ്ങളുടെ ആൾക്കാർ വളർത്തുന്ന വർഗീയവൈരത്തെ എതിർക്കുന്നതുകൊണ്ടാണോ എന്നോട് ഇത്ര വെറുപ്പ്? പുത്തൻ കൊളോണിയൽ ശക്തികളായ കോർപറേറ്റുകളെ താങ്ങിക്കൊടുക്കുന്നത് ദേശസ്‌നേഹമല്ലെന്ന് ഓർമിപ്പിക്കുന്നതുകൊണ്ടാണോ ഇത്ര വിദ്വേഷം? അപ്പോൾ രോഗം ചികിത്സിക്കാൻ വരുന്ന വൈദ്യനെയും നിങ്ങൾ അപഹസിക്കുകയും ശകാരിക്കുകയും ചെയ്യുമല്ലോ?
 
ഞാൻമാത്രമല്ല, ഈ ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കേണ്ടത്. സത്യസായി സമിതിയിലെയും മാതാ അമൃതാനന്ദമയീമഠത്തിലെയും ശിവഗിരിയിലെയും ശ്രീരാമകൃഷ്ണാശ്രമത്തിലെയും നിഷ്‌കളങ്കരായ ഹിന്ദുമതവിശ്വാസികൾ മുഴുവൻ ഒരൊറ്റ സ്വരത്തിൽ ചോദിക്കേണ്ടതാണ്. 
 
 ? സദ്ഭാവനായാത്ര എന്ന പേരിൽ വർഗീയതയ്ക്കെതിരായ ഒരു ദേവാലയസന്ദർശനം ആലോചിച്ചിരുന്നല്ലോ.
 
■ അതെ, പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസി എന്ന ലേഖനത്തിന്റെയും ദൈവത്തിന്റെ പുസ്തകം എന്ന നോവലിന്റെയും തുടർപ്രവർത്തനമാണത്. കൂടുതൽ ഫലപ്രദമായ ആസൂത്രണത്തോടെ അത് നടത്തുകതന്നെ ചെയ്യും.
പ്രധാന വാർത്തകൾ
 Top