14 July Tuesday

ഹരിതസ്ഥലികളിലെ ഹർഷാരവം

ജയചന്ദ്രൻ മൊകേരിUpdated: Sunday May 31, 2020

ചെയ്യാത്ത കുറ്റത്തിന്‌ മാലദ്വീപിലെ ജയിലറയ്‌ക്കുള്ളിൽ പത്തുമാസം കഴിയേണ്ടി വന്ന അധ്യാപകൻ. ജയിൽ മോചിതനായി തിരിച്ച്‌ നാട്ടിലെത്തിയശേഷം എഴുതിയ ‘തക്കിജ്ജ എന്റെ ജയിൽ ജീവിതം’ എന്ന  ആത്മകഥയ്‌ക്കായിരുന്നു 2017ലെ സാഹിത്യ  അക്കാദമി അവാർഡ്‌. ജയചന്ദ്രൻ മൊകേരിയുടെ  ലോക്‌ഡൗൺ അനുഭവങ്ങൾ  

 
ലോക്‌ഡൗൺ  നിശ്ശബ്‌ദതയിൽ ആളൊഴിഞ്ഞ ഗ്രാമവീഥിയിലേക്ക്ഓട്ടോറിക്ഷ ഇരച്ചെത്തിയപ്പോൾ അതേവരെ ഇരമ്പുന്ന  വാഹനശബ്‌ദത്തിന്റെ പ്രകമ്പനം തഴമ്പേകിയ കാതുകളെ അത് അസ്വാസ്ഥമാക്കിയെന്ന് പറഞ്ഞത്  സുഹൃത്താണ്. അപ്പോൾ ഓർത്തത്  ദ്വീപ് ജീവിതം. സൈക്കിളുകളും കുറച്ച് ബൈക്കുകളും ഒരു ആംബുലൻസും മാത്രമുള്ള കുഞ്ഞൻ ദ്വീപ്‌. ഒരർഥത്തിൽ ലോക്ക്‌ഡൗണിന് സമാനം. അരക്കിലോമീറ്ററോ ഒരു കിലോമീറ്ററോ പരപ്പളവുള്ള ദ്വീപിൽനിന്നും പുറത്തേക്ക്‌ അധികമൊന്നും യാത്രയില്ല.  അനന്തമായ കടലിന്റെ ആവർത്തനക്കാഴ്‌ചകൾ മാത്രം. ആകെ വരാനുള്ളത് മഴയും കാറ്റും വെയിലും രാവും പകലും...  പത്തുമാസം നീണ്ട ആ ജീവിതം പിന്നിട്ട് വിമാനമിറങ്ങുക തിരുവനന്തപുരത്തെ ഇരമ്പങ്ങളിലേക്ക്‌. ആ അവസ്ഥ കുറച്ചൊന്നുമല്ല അക്കാലത്ത് എന്നെ അശാന്തനാക്കിയത്.
തിരുവനന്തപുരത്തെ റോഡ് മുറിച്ചു കടക്കുകയാണ്‌ അന്നത്തെ പ്രതിസന്ധി. റോഡിലേക്കിറങ്ങുമ്പോഴേക്കും  ചെവികളെ കീറിമുറിക്കും വാഹനങ്ങളുടെ മുഴക്കങ്ങൾ. ആദ്യമായി നഗരത്തിലെത്തിയ കുട്ടിയെപ്പൊലെ കുറേനേരം പാതയോരത്ത്  നിൽക്കും. കഷ്ടപ്പെട്ടാണ് പാത മുറിച്ചുകടക്കുക. ഓരോ അവധിക്കാലത്തിന്റെയും പ്രാരംഭദശയിൽ ഈ പരീക്ഷണം ആവർത്തിക്കപ്പെട്ടു. രണ്ടോ മൂന്നോ നാൾ കൊണ്ടാകും ആ അവസ്ഥ  മറികടക്കുക.  ഇതിന് കാരണമായ  സമാന നിശ്ശബ്‌ദ അന്തരീക്ഷം ഈ ലോക്ക്‌ഡൗൺ കാലം സമ്മാനിക്കുന്നു. അത്  പലരിലും പലയളവിൽ വരുന്നുണ്ടാകണം. 
 
ജിദ്ദു കൃഷ്‌ണമൂർത്തി 'ഫ്രീഡം ഫ്രം ദി നോൺ' (Freedom From The Known) എന്ന പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന പ്രകൃതിയുടെ അതിസൂക്ഷ്‌മ രസതന്ത്രത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന വശ്യശക്തി  ചുറ്റുമുള്ള ആവാസവ്യവസ്ഥ പകരുന്നതായി പലരും പറയുന്നു. പലരും കുട്ടികളാകുന്നു. കുട്ടികൾക്കല്ലേ മുതിർന്നവർ നിസ്സാരമെന്ന് കരുതുന്ന പ്രകൃതിയിലെ വർണജാലങ്ങളിലേക്ക് മുങ്ങിനിവരാനാവുക! പലതരം പക്ഷികളുടെ വൈവിധ്യമുള്ള സ്വരങ്ങൾ കേട്ട് എതിർപാട്ട് പാടാനും പാടത്തെ വരമ്പിലൂടെ ചാടി ചെളിയിൽ മറയുന്ന തവളക്കൂട്ടങ്ങളുടെ ശരീരത്തിളക്കമറിയാനും അരുവിയിലെ  മീനുകളുമായി കലപില കൂട്ടാനും കുട്ടികൾക്കുള്ള കഴിവ് അവരുടെ  അതിസൂക്ഷ്‌മ നിരീക്ഷണ പാടവമല്ലേ? ആ സൂക്ഷ്‌മതയിലേക്ക്, കുട്ടിത്തത്തിലേക്ക്, നിഷ്‌കളങ്കതയിലേക്ക്  ഈ നിശബ്‌ദത കൂട്ടിക്കൊണ്ടുപോകുന്നുണ്ടെന്നത് നമ്മിൽ സംഭവിച്ച വലിയ മാറ്റമാണ്. അതോടെ പ്രകൃതിയെന്ന മഹാ ഭിഷഗ്വരനിലേക്ക് മനുഷ്യർ വന്നണയുകയായി. നേരത്തെ ആശുപത്രികളിൽ നിരന്തരം ചെന്നെത്തി  എന്തോ രോഗമുണ്ടെന്ന സംശയത്തിനടിമപ്പെട്ടവർ അക്കാര്യം  മറന്നു.  ആശുപത്രികൾ പലതും വിജനമായി.
 
‘തക്കിജ്ജ- എന്റെ ജയിൽ ജീവിതത്തിൽ' എന്ന പുസ്‌തകത്തിൽ ഓന്തുകളെക്കുറിച്ച് ഞാൻ പറയുന്നുണ്ട്. ചുറ്റുപാടുകളെ അത്രയേറെ സൂക്ഷ്‌മതയോടെ നിരീക്ഷിച്ച ഘട്ടം അതേ തീവ്രതയിൽ പിന്നീടുണ്ടായിരുന്നില്ല. എന്നാൽ ആ രംഗങ്ങൾക്ക് സമാനമായൊരാവർത്തനം ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്ന്‌ പറയാതെ വയ്യ. അത്രയും പ്രകൃതി നമ്മോട് ചേർന്ന് നിൽക്കുന്നു. ഈ അവസ്ഥയ്‌ക്കു മുമ്പും ഇതേ പ്രകൃതി ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും നമ്മളിലേക്ക് തുന്നിച്ചേർക്കപ്പെട്ട തിരക്കുകളിൽ നമ്മൾ ഊർന്നിറങ്ങുകയായി. 
 
ആഘോഷങ്ങൾ അപ്രത്യക്ഷമായ ഇക്കാലം പോലൊന്ന് ആരുടെ ഓർമകളിലും ഉണ്ടാകാനിടയില്ല. വിവാഹവും ഉത്സവവുമൊക്കെ പേരിന് മാത്രം.  വിവാഹം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമാകുമ്പോൾ അതിനിത്രയും പണച്ചിലവും ധൂർത്തും ഭക്ഷണം പാഴാക്കുന്ന രീതിയും വേണ്ടതുണ്ടോ? ഈ രീതികൾ തുടർച്ചയായാൽ പലർക്കും അവരുടെ പിൽക്കാല ജീവിതം സമൃദ്ധിയും സമാധാനവും സമ്മാനിക്കില്ലേ?    സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്‌ അത് ഗുണം ചെയ്യില്ലേ? 
 
 പരിചിതമായ വിസ്‌തൃത ലോകത്തിൽനിന്നും ശ്രദ്ധിക്കാതെപോയ സൂക്ഷ്‌മ ലോകത്തിലേക്കുള്ള പരിവർത്തനം കൂടിയാണിത്.  പ്രകൃതിയിലെ ചില ചിത്രങ്ങൾ നോക്കൂ... ചുമരിലൂടെയോ വരാന്തയുടെ അരികിലൂടെയോ  വരിവരിയായി നീങ്ങുന്ന ഉറുമ്പുകളുടെ നീണ്ടനിര എത്രയോ തവണ കണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ അവയെ നിരീക്ഷിക്കുമ്പോൾ ഉറുമ്പുകളുടെ നീണ്ട നിരകളിൽ അവ സൃഷ്ടിക്കുന്ന തിക്കും തിരക്കും അവയിൽ ചിലതിന്റെ  കൂടിയാലോചനകളും മറ്റും എത്ര കേമമായ  ഹർഷാരവമാണ് മനസ്സിലുണ്ടാക്കുന്നത്!  തെച്ചിപ്പൂവിൽ തേൻ കുടിക്കാനെത്തുന്ന  ചെറുപക്ഷികൾ ചെറുശബ്‌ദങ്ങൾ പൊഴിച്ച് വന്നും പോയുമിരിക്കുന്നത്  നിരന്തര കാഴ്‌ചയിൽ ഉൾപ്പെടുന്നുണ്ട്. 
 
ഈയിടെ എന്റെ ഒരു സുഹൃത്ത് പറഞ്ഞൊരു കാര്യമോർക്കുന്നു. ‘അതിസൂക്ഷ്‌മമായ ഒരു ജീവി എത്ര വലിയ തെളിച്ചമാണ് നൽകിയത്. രോഗത്തിന്റെ ഭീകരത മാറ്റിവച്ചാൽ, അത് വരാതിരിക്കാനായി വീടിന്റെ സുരക്ഷിതത്വത്തിലേക്ക് പിന്മാറിയപ്പോൾ കണ്ടത്‌ പല കാഴ്‌ചകൾ.
 
ആ കാഴ്‌ചകൾ സുഹൃത്തിന് നൽകിയത് സ്വന്തമായി കൃഷിത്തോട്ടം തുടങ്ങാനുള്ള പ്രേരണ. തൂമ്പ കൊണ്ട് മൺവെട്ടുന്നതു മുതൽ താൻ ഭൂമിയോട് ഒട്ടിനിൽക്കുന്നൊരനുഭവം അയാൾ നെഞ്ചേറ്റിക്കൊണ്ടിരുന്നു. വിത്തുകൾ മുളപൊട്ടി വരുമ്പോൾ തുടങ്ങി അതിന്റെ വളർച്ചയുടെ അതിസൂക്ഷ്‌മഘട്ടങ്ങൾ തെല്ലൊന്നുമല്ല അയാളെ ആനന്ദചിത്തനാക്കിയത്. ഉണർന്നാൽ അയാൾ നേരെ ചെല്ലുന്നത് കൃഷിത്തോട്ടത്തിലേക്ക്‌.  ചെറു മൂളിപ്പാട്ടുപാടി പന്തലിൽനിന്ന് വഴിതെറ്റി  പടർന്നേറുന്ന പാവലിന്റെയോ പടവലത്തിന്റെയോ വള്ളികളെ സൂക്ഷ്‌മതയോടെ അയാൾ വഴി തിരിച്ചുവിടുന്നു. തോട്ടത്തിൽ വന്നെത്തിയ പലതരം ഈച്ചകളോടും പാറ്റകളോടും നിരന്തരം  വഴക്കടിക്കുന്നു. ചെടികൾ നൽകുന്ന വിളകൾ സന്തോഷത്താടെ പിഴുതെടുത്ത് അടുക്കളയിലെത്തി പ്രിയപ്പെട്ടവൾക്ക് കൈമാറുമ്പോൾ അപ്പോഴത്തെ ആനന്ദത്തിന് ഒരു ഗന്ധമുണ്ടെന്ന് അയാൾ അറിയുന്നു.
  
 കാടുകളിൽ മൃഗങ്ങളും പക്ഷികളും ഇപ്പോൾ ആനന്ദനൃത്തമാടുന്നുണ്ടെന്ന് അകക്കണ്ണിലൂടെ നമുക്ക് കാണാം. ഇനി പല പക്ഷികളും നമ്മുടെ ഗൃഹാങ്കണങ്ങളിലേക്ക് പറന്നെത്താം. പണ്ടേ നമ്മളെ ഉപേക്ഷിച്ച് പോയവർ...
  
 ഈ നിശ്ശബ്ദത മറ്റൊരളവിൽ നമുക്ക് ഇവിടെ നിലനിർത്താനാകുമെങ്കിൽ അതെന്തൊക്കെ വലിയ പരിവർത്തനങ്ങളാകും ഇവിടെ സൃഷ്ടിക്കുക? വെറുതെ കണ്ണടച്ച് കിടന്ന് പ്രകൃതിയുടെ അനന്തമായ പച്ചപ്പുകളിൽ മനഷ്യരും മറ്റെല്ലാ ജീവജാലങ്ങളും അതീവ സന്തുഷ്ടരായി ജീവിതം ജീവിച്ചാഘോഷിക്കുന്നത് ഞാനൊന്നു കണ്ടു നോക്കി. ഒരു സ്വപ്‌നം. വെറുമൊരു സ്വപ്‌നം. 
 
വീണ്ടും, എല്ലാരും ഉല്ലസിച്ചാർക്കുന്ന ആ പച്ചപ്പിന്റെ ഗന്ധം മാത്രം ഇപ്പോൾ  ശ്വസിക്കട്ടെ!
പ്രധാന വാർത്തകൾ
 Top