ചില മുന്തിയ സന്ദർഭങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 30, 2019, 01:42 PM | 0 min read

മനുഷ്യബന്ധങ്ങളുടെ മഹാബൈബിൾ എന്ന‌് നമുക്ക‌് ശൈലന്റെ പുസ‌്തകത്തെ വിശേഷിപ്പിക്കാം. ജീവിതത്തിന്റെ നനുത്തതും എന്നാൽ കനത്തതുമായ അനുഭവങ്ങളുടെ ഹൃദ്യമായ ആവിഷ‌്കാരമാണ‌് ഓരോ കുറിപ്പും. അതിൽ യാത്രകൾ, പലവിധ യാത്രികർ, സ‌്മരണകളുടെ തപ്പുതാളങ്ങൾ, മനുഷ്യബന്ധത്തിന്റെ ആർദ്രമാതൃകകൾ, സാരവത്തായ കവിതയുടെ സർഗഗീതങ്ങൾ എല്ലാംപെടും.

പതിനാലു കാണ്ഡമായാണ‌് പുസ‌്തകം പകുത്തിരിക്കുന്നത‌്. കാടുകളിലൂടെ ഓരങ്ങളിലേക്ക‌് ഇറങ്ങിക്കിടന്ന‌് കൺകൾ നിറയെ പതിയെ ചിമ്മിയും തുറന്നും നുരയുന്ന പതയുന്ന സഞ്ചാരപഥങ്ങളാണ‌് ആദ്യം. ‘ഗോണിക്കോപ്പിൽ’ തുടങ്ങി ലോകത്തിലെ ഏറ്റവും മാധുര്യമുള്ള ജലധിയെന്ന‌് പറയപ്പെടുന്ന തുംഗവരെ നീളുന്നുണ്ട‌് ഈ യാത്ര. അത‌് കാഴ‌്ചയുടെ വിസ‌്മയലോകത്തേക്ക‌് മാത്രമല്ല കൺതുറക്കുന്നത‌്. മനുഷ്യത്വത്തിന്റെ മഹാമപച്ചയെയാണ‌് ചിത്രീകരിക്കുന്നത‌്. മലയാളിയുടെ കാൽപ്പനികതയുടെ ഉറവയാണ‌് പ്രകൃതി. എന്നാൽ, ഈ കാൽപ്പനികത്വത്തിന്റെ മറുപുറം തേടുകയാണ‌് ശൈലൻ.
 
ഏതോ ജനലിന്റെ മെർക്കുറിപ്പാളിയിൽ ഒരു കിളിവന്ന‌് ജന്മാന്തരം നോക്കി രസിക്കുന്നതുപോലുള്ള സ‌്മരണകളാണ‌് രണ്ടാം കാണ്ഡം. ഇതിഹാസകാരൻ ഒ വി വിജയൻ മുതൽ ആശ്രമവാടിയിലെ അന്തേവാസിയെപ്പോലെ വിമലവും വിലോലവുമായ ലക്ഷ‌്മി എന്ന തന്റെ ഉറ്റമിത്രംവരെ നീളുന്നുണ്ട‌് ഈ ജീവിതബന്ധ സ്മരണകൾ.
സിൽക്കുപാതകൾ ഉലഞ്ഞിഴഞ്ഞ‌് മാനത്തേക്ക‌് പടികയറിപോന്നത‌് മിന്നലിലൂടെ നൊടിനൊടിയായി കേൾക്കുന്നത‌് കോറിയിടുകയാണ‌് മൂന്നാംകാണ്ഡം. അച്ഛനും അമ്മയും ഏട്ടനുമായുള്ള ആഴമേറിയ ഹൃദയബന്ധങ്ങളെ അശ്രുകണങ്ങളെക്കൊണ്ട‌് അടയാളപ്പെടുത്താനേ ശൈലനു കഴിയുന്നുള്ളു.
 
ഓർമകളെ വെയിൽപോലെ വാരിവിതറുന്നതാണ‌് തുടർന്നുള്ള ഭാഗങ്ങൾ. ദിക്കുകളും ദിനസരിക‌ളും വാക്കുകളും ആളുകളും ആരവങ്ങളുംകൊണ്ട‌് മുഖരിതവുമാണ‌് ഇവിടം മുഴുവനും. അപ്രത്യക്ഷൻ എന്ന കവിത വന്നവഴി, വിനയചന്ദ്രസ്മരണകൾ, കവിത തന്ന ഷാവേസ‌്, എഴുത്തിന്റെ മായികലോകം തന്ന ഗാബോ, തകഴിച്ചേട്ടൻ എന്നിവരെല്ലാം നുറുങ്ങുസ‌്മരണകളിൽ തെളിഞ്ഞുനിൽക്കുന്നു.
 
പത്താംഖണ്ഡത്തിൽ ശൈലന്റെ സ‌്റ്റൈലൻ ഭാഷയെ നാം തൊട്ടറിയുന്നു. യാത്രയ‌്ക്കിടയിൽ എഴുതുന്ന ഹൈക്കുവിനെ യാക്കുവെന്നു പേരിട്ടു. യാക്കിൻ പുറത്ത‌് എഴുന്നെള്ളിക്കുന്ന വാക്കുകളാണ‌് ഇതിൽ. പരിഹാസകവനങ്ങളിൽ ആധുനികത (Modernity) എന്നപോലെ ആദിമമായൊരു രസധ്വനിക്കൂട്ടുണ്ട‌്. തോലകവി മുതൽ വി കെ എൻ വരെയുള്ളവരുടെ ഒരു കവനഭാഷ പലയിടങ്ങളിലും കണ്ടുമുട്ടുന്നു. ശൈലന്റെ ഭാഷ, അതൊന്നു വേറെതന്നെയാണ‌്. വി കെ എന്നും ബഷീറും ചേരുന്ന ഒരു ശൈലി ഈ ശൈലനുണ്ട‌്. ഏതു സെന്റിമെന്റിനെയും അത‌് സറ്റയറാക്കിക്കളയും. ഏട്ടന്റെ മരണത്തെ കണ്ണീരുകൊണ്ട‌് കുറിച്ചുവയ‌്ക്കുമ്പോഴും ഓടിവരുന്നുണ്ട‌് ഭാഷയുടെ കോമാളിവേഷം.
 
പതിമൂന്നാം കാണ്ഡം നിറയെ കവിതയുടെ സൗന്ദര്യധ്വനികളാണ‌്. അതിലും കേൾക്കാം യാത്രയുടെ തുടിതാളങ്ങൾ. അപരത്വമായിത്തീരുന്ന മനുഷ്യജീവിത സന്ധികൾ, അധികാരത്തിന്റെ ക്രൂര വിനോദനിമിഷങ്ങൾ, ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമീമാംസകൾ. ഇവിടെയും ഉണ്ട‌് യമകവും ശ്ലേഷവും കൊണ്ടുള്ള വാക്കിന്റെ വള്ളംകളി.
ശൈലൻ മലയാള ജീവിതത്തിന‌് മാതൃക തീർക്കുകയല്ല, പ്രപഞ്ചത്തിനും ജീവിതത്തിനുമിടയിൽ നമ്മെയും പൂക്കളെയും പറവകളെയും കാറ്റിനെയും ചിത്രശലഭത്തെയും തൊട്ടുതൊട്ടൊഴുകുന്ന സ‌്നേഹപാതകൾ രചിക്കുകയാണ‌്. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home