02 June Tuesday

പുഴക്കുട്ടിയിലെ സല്‍മാന്‍

മുഖ്താര്‍ ഉദരംപൊയില്‍Updated: Sunday Jun 30, 2019

മുകളിലെ പള്ളിമുറിയില്‍നിന്നും ചാടി മരിക്കാന്‍തന്നെ തീരുമാനിച്ചു.  കയറിച്ചെന്നപ്പോഴാണ് അവിടെ ഒരാളിരിക്കുന്നത് കണ്ടത്, ഹൈദര്‍. യത്തീംഖാനയില്‍ വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ നടന്നയാൾ. എല്ലാവരും കളിയില്‍ മുഴുകുന്ന നേരത്ത് ഹൈദറിനിവിടെ എന്താണ് പണി? മരിക്കാനാണ് വന്നതെന്ന് ഞാന്‍ മറന്നു. അടുത്തുചെന്നു നോക്കുമ്പോള്‍ ഹൈദര്‍ ചിത്രം വരയ‌്ക്കുകയാണ്

 

രണ്ടു കൊല്ലമാണ് യത്തീംഖാനയിൽ കഴിഞ്ഞത്. ഏഴ്, എട്ട് ക്ലാസുകളിൽ അവിടെ പഠിച്ചു. ഞാനും മൂത്താപ്പയുടെ മകനും. വീട്ടിൽനിന്ന‌് മാറിനിന്ന് പഠിക്കുന്നതിന്റെ രസമോർത്താണ് സാഹസത്തിനൊരുങ്ങുന്നത്. ഞങ്ങൾ യത്തീമുകളായിരുന്നില്ല. അഗതികൾക്കും പ്രവേശനമുണ്ടെന്ന് പറഞ്ഞത് അതിനടുത്ത് കോളജിൽ പഠിക്കുന്ന ഒരു നാട്ടുകാരനാണ്. ആ കോളേജിൽ പഠിക്കുന്ന പലരും യത്തീംഖാനയിലെ മദ്രസയിൽ പഠിപ്പിക്കാൻ പോകുന്നവരാണ്. പുതിയ പെട്ടിയും സാധനങ്ങളുമായി ഗൾഫിൽ പോകുന്ന ഗമയോടെ പുറപ്പെട്ടു.

ഉണരുന്നതുമുതൽ രാത്രി ഉറങ്ങുംവരെ ടൈംടേബിളുണ്ടായിരുന്നു. ബെല്ലുകൾ നിയന്ത്രിച്ച ദിനചര്യകൾ. സുബ്ഹി ബാങ്കിന് മുന്നെയുള്ള കൂട്ടബെല്ലടി കേട്ടാൽ എണീക്കണം. ബെല്ലടിക്കു പിന്നാലെ വാർഡൻ വടിയുമായി ഒരു വരവുണ്ട്. ഉണരാൻ മടിക്കുന്നവർക്ക് തലങ്ങുംവിലങ്ങും അടി. ചായക്കും ചോറിനും മദ്രസയിലും സ‌്കൂളിലും പോവാനും ബെല്ല്. ഓരോരുത്തർക്കും ഓരോ നമ്പർ. എന്റെ നമ്പർ 1210 . നമ്പർ വിളിച്ചാൽ ഹാജരായിരിക്കണം. ചുറ്റുമതിലിനുള്ളിൽ തലങ്ങുംവിലങ്ങും മൂന്നുനാലുകെട്ടിടങ്ങൾ. അലക്കുകല്ലുകൾ. കുളിപ്പുരകൾ നിരനിര. ജയിലുതന്നെ. 

രാവിലെ ഗ്രൂപ്പായി തിരിഞ്ഞ് മുറ്റത്ത് നിൽക്കണം. ഏഴ് ഗ്രൂപ്പിനും ഓരോ പണികൾ. ക്ലാസും വരാന്തയും അടിച്ചുവാരി വൃത്തിയാക്കുക, അഴുക്കുചാലും കക്കൂസും മൂത്രപ്പുരയും കഴുകുക, ഭക്ഷണം വിളമ്പുക, മേശ തുടയ‌്ക്കുക അങ്ങനെ അങ്ങനെ. മദ്രസ കഴിഞ്ഞാൽ കഞ്ഞി കുടിച്ച് സ‌്കൂളിലേക്ക്. സ‌്കൂളിലേക്കുള്ള പോക്കും വരവും  ജാഥപോലെ. വൈകിട്ട‌് വന്നാൽ മഗ‌്‌രിബ് ബാങ്ക് വരെ കളിച്ചോ അലക്കിയോ പണിയുള്ളവർക്ക്‌ അത‌് തീർത്തോ നടക്കാം. മഗ‌്‌രിബ് നിസ‌്കാരം കഴിഞ്ഞാൽ ഡൈനിങ‌് ഹാളിൽ കുത്തിയിരുന്ന് വായനയോട് വായന. വാർഡൻ നിരീക്ഷണക്കണ്ണുമായി സമീപത്തുണ്ടാവും. മിണ്ടാനോ അനങ്ങാനോ പാടില്ല.  ഇശാ നിസ‌്കാരം കഴിഞ്ഞാൽ ചോറുണ്ട‌് കിടക്കാം. കിടക്കുമ്പോൾ പല ആലോചനകളും വരും. വീട്ടിലേക്ക് മനസ്സ് പായും. ഉമ്മയെ കാണാൻ പൂതിയാവും. വലിയ അന്തക്കേടാണല്ലോ ചെയ്‌തത് എന്ന് തോന്നും.
 
പല കഥകളുള്ള കുട്ടികളാണ് കൂടെ. അവരുടെ കഥ കേട്ടാൽ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ. ഉപ്പയില്ലാത്തവർ, ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടവർ, പട്ടിണി തിന്ന് മതിയായവർ... അവർക്കിതെല്ലാം വലിയ അനുഗ്രഹം. വാർഡൻമാർ മുന്നുംപിന്നും നോക്കില്ല. സംശയത്തിന്റെ പേരിലാവും പലപ്പോഴും ക്രൂരശിക്ഷകൾ. അടിയേക്കാൾ വേദനിപ്പിച്ചത് ചീത്തപറയലാണ്.
ചിത്രംവരയും കഥാപുസ‌്തകവായനയുമായിരുന്നു എനിക്കിഷ്ടം. രണ്ടിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. സ‌്കൂളിൽ ആഴ‌്ചയിലൊരു ദിവസം ചിത്രരചനാ ക്ലാസുണ്ട‌്. ചിത്രം വര പഠിപ്പിച്ചിരുന്ന തങ്ങൾ മാഷ് നന്നായി കഥ പറയും. കഥ കേൾക്കാനും ചിത്രം വരയ‌്ക്കാനും സ്വാതന്ത്ര്യമുള്ള ഒരു പിരീഡ്. ചിത്രം വരച്ച് കളർ കൊടുക്കുന്നതെങ്ങനെ എന്ന് കാണിച്ചുതരും. ഞാൻ നിറംകൊടുക്കും. പിന്നെ കഥകളാണ്. സ്വപ്‌നം കണ്ടങ്ങനെ ഇരിക്കാം. ഭാവനയുടെ ചിറകിലേറി പറന്നുനടക്കാം. ആ പിരീഡ് തീർന്നുപോകല്ലേ എന്ന് പ്രാർഥിക്കും. 
സ‌്കൂളിൽനിന്ന‌് ചെങ്ങായിമാർ കൊണ്ടുവരുന്ന കഥാപുസ‌്തകങ്ങൾ കടം വാങ്ങി രഹസ്യമായി വായിക്കും. വൈകിട്ട്‌ കുട്ടികൾ കളിക്കുന്ന നേരത്ത് റൂമിലിരുന്ന് പാഠപുസ‌്തകത്തിനുള്ളിൽവച്ചൊക്കെയാവും വായന. ഓർക്കാത്ത നേരത്ത് വാർഡൻ റെയ്ഡ് നടത്തും. കഥാപുസ‌്തകം വായിക്കുന്നത് കണ്ടാൽ അടി. പുസ‌്തകം കണ്ടുകെട്ടൽ. പുസ‌്തകം കടം തന്നവനോട് എന്ത് പറയും. എന്തു ചെയ്യാം, ഒരു ദിവസം വാർഡൻ കണ്ടു. അതൊരു ചിത്രകഥാ പുസ‌്തകമായിരുന്നു. വലിയ ഗുലുമാലായി. നടുമ്പുറത്ത‌് അടി വീണു. കുറെ ചീത്തയും. എന്ത് മഹാപാപമാണ് ഞാൻ ചെയ‌്തതെന്ന് മാത്രം മനസ്സിലായില്ല. കഥാപുസ‌്തകം കണ്ടുകെട്ടി. ചീഫ് വാർഡന്റെ മുന്നിൽ ഹാജരാക്കി. അദ്ദേഹം സാധു മനുഷ്യനായിരുന്നു. റിട്ടയേഡ‌് അധ്യാപകൻ. വിശ്രമകാലം യത്തീംമക്കൾക്കൊപ്പം ചെലവഴിക്കാമെന്ന നല്ല മനസ്സുമായി വന്നതാണ്. വാർഡൻ അവിടെ വിറക് വെട്ടാൻ വന്നതാണെന്ന് കേട്ടിട്ടുണ്ട്. കുട്ടികളോട് എങ്ങനെ ഇടപെടണമെന്നൊന്നും അയാൾക്കറിയില്ല. ഭക്ഷണം കഴിക്കുന്ന നേരത്തൊക്കെ അസഭ്യമാണ‌്. തിന്നതെല്ലാം ഓക്കാനിക്കുന്ന തരത്തിലുള്ളവ. ചീഫ് വാർഡൻ സഹതാപത്തോടെ നോക്കി. ചിത്രകഥാപുസ‌്തകം മറിച്ചുനോക്കി ‌പറഞ്ഞു, മോൻ പൊയ‌്ക്കോ. പുസ‌്തകം എനിക്ക് തിരിച്ചുകിട്ടിയില്ല. കടം തന്ന ചെങ്ങായി പിണങ്ങി. 
ചെറുപ്പത്തിൽ ചോറ് വാരിത്തരുമ്പോൾ ഉമ്മ കഥ പറഞ്ഞുതരുമായിരുന്നു. അങ്ങനെയാവാം കഥകളോടിത്ര കമ്പം കയറിയത്. കഥകളൊന്നും മറന്നിട്ടില്ല. ചെങ്ങായിമാർക്ക് ആ കഥകൾ പറഞ്ഞുകൊടുക്കും. അമ്പിയാക്കളുടെ കഥ, ഔലിയാക്കളുടെ കഥ, ജിന്നുകളുടെ കഥ, മനുഷ്യരുടെ കഥ, മൃഗങ്ങളുടെയും പക്ഷികളുടെയും കഥ... അവർ വലിയ കണ്ണുകാട്ടി കൗതുകത്തോടെ കഥ കേൾക്കും. തിരിച്ചുപറയാൻ അവരുടെ പക്കൽ കഥകളൊന്നുമില്ല. പറയാനുണ്ടായിരുന്നത് അവരുടെ ജീവിതം തന്നെയായിരുന്നു. ഉപ്പയെക്കുറിച്ചുള്ള ഓർമകൾ. ഉമ്മയുടെ സങ്കടങ്ങൾ. ഒഴിവുള്ളപ്പോൾ ചിലർ വന്ന് പറയും, ഡാ ഒര് കഥ പറയ്... എനിക്ക് സന്തോഷമാവും. ഞാൻ കഥ തുടങ്ങും. ഉമ്മയും വല്ല്യുപ്പയും പറഞ്ഞു തന്നവ തീർന്നിട്ടും കഥ പറച്ചിൽ നിർത്തിയില്ല. അങ്ങനെ  ഞാൻ കഥയുണ്ടാക്കാൻ പഠിച്ചു. കേൾക്കാൻ ആളുണ്ടാവുമ്പോൾ കഥകളുമുണ്ടായിക്കൊണ്ടിരിക്കും.
 
യത്തീംഖാനയിലെ ജീവിതം മടുപ്പിന്റെ അങ്ങേത്തലയ‌്ക്കലായിരുന്നു. അതിനിടെ മൂത്താപ്പയുടെ മകൻ യത്തീംഖാനയിൽനിന്ന‌് ചാടിപ്പോയി. വീട്ടിലെത്തുംമുമ്പെ, വാർഡൻ പൊക്കി. ‘രക്ഷപ്പെടാൻ പറ്റിയില്ല’ അവൻ പറഞ്ഞു. ‘നീ ഒറ്റയ‌്ക്കങ്ങനെ രക്ഷപ്പെടണ്ട, പുടിച്ചത് നന്നായി’ എന്ന് ഞാനും. 
 
രാത്രി എല്ലാവരും ഉറക്കമായാൽ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളുടെ മുറിയിലേക്ക് പതുങ്ങിവരും.  മുതിർന്നവരിൽനിന്ന‌് രക്ഷപ്പെടാൻ മുണ്ട‌് കാലിലും അരയിലും ചുറ്റിവരിഞ്ഞാണ‌് ചെറിയ കുട്ടികൾ കിടക്കുക. വാതിലിനുമുകളിൽ തകരബക്കറ്റ് വയ‌്ക്കും. വാതിൽ തുറക്കുമ്പോൾ തലയിലേക്ക് വീഴാനാണ്. 
എന്റടുത്തേക്കാണ് അവർ വരുന്നതെന്ന് പ്രചരിപ്പിച്ച ചിലർ എന്നെ കൊടുവീ എന്ന് വിളിച്ചു. ആൺവേശ്യ എന്നാണ് അതിനർഥമെന്നറിഞ്ഞപ്പോൾ വല്ലാതെ സങ്കടപ്പെട്ടു. തീൻമുറിയിൽവച്ച്‌ വാർഡനും പരസ്യമായി അത്തരമൊരു ആരോപണം നടത്തി. കുട്ടികളെല്ലാം ചിരിച്ചു. മുകളിലെ പള്ളിമുറിയിൽനിന്നും ചാടി മരിക്കാൻതന്നെ തീരുമാനിച്ചു. കയറിച്ചെന്നപ്പോഴാണ് അവിടെ ഒരാളിരിക്കുന്നത് കണ്ടത്, ഹൈദർ. വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ നടന്നയാൾ. എല്ലാവരും കളിയിൽ മുഴുകുന്ന നേരത്ത് ഹൈദറിനിവിടെ എന്താണ് പണി? മരിക്കാനാണ് വന്നതെന്ന് ഞാൻ മറന്നു. അടുത്തുചെന്നപ്പോൾ ഹൈദർ ചിത്രം വരയ‌്ക്കുകയാണ്. വൃത്തിയുള്ള ചെറിയ നോട്ട് ബുക്ക്. മുനകൂർപ്പിച്ച പെൻസിലുകൊണ്ട് ഹൈദർ മരങ്ങൾ വരയ‌്ക്കുന്നു. മരങ്ങൾക്കിടയിലൂടെ നിവർന്നുകിടക്കുന്ന ഒരു വഴി. ആ വഴി ചെന്നുമുട്ടുന്നിടത്ത് ചെറിയ വീട്. വീടിനു മുന്നിൽ പുള്ളിത്തട്ടമിട്ട് ഒരു ഉമ്മ തനിച്ച് നിൽക്കുന്നു. അത് ഹൈദറിന്റെ ഉമ്മയായിരിക്കുമോ? അത്ഭുതത്തോടെ ഞാനതങ്ങനെ നോക്കി നിന്നു.  
 
അത്‌ മുഴുവനൊന്ന് മറിച്ചുനോക്കണമെന്നുണ്ടായിരുന്നു. എന്റെ സാന്നിധ്യം ഇഷ്ടപ്പെടാത്ത പോലെ അവൻ ബുക്കെടുത്ത് പോയി. ഒരു ദിവസം, ആരുമില്ലാത്തപ്പോൾ അവന്റെ തകരപ്പെട്ടി തുറന്ന് ഞാനാ പുസ‌്തകം കട്ടെടുത്തു. അരയിൽ പൂഴ‌്ത്തിയ ബുക്കുമായി കക്കൂസിലേക്ക് കയറി. അവിടെയിരുന്നാണ് പേജുകൾ മറിച്ചുനോക്കിയത്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വരകൾ. മരങ്ങളാണ് കൂടുതലും. ഓരോ മരവും വ്യത്യസ‌്തം. ഞാൻ വരയ‌്ക്കുന്ന മരവും തെങ്ങുമെല്ലാം ഒരുപോലെയായിരുന്നു. ഹൈദറിന്റെ മരങ്ങളുടെ കൊമ്പും ചില്ലകളും ഇലകളും എല്ലാം ഓരോന്ന്. തടിയിലെ കുഴിയും പൊന്തലും വേരുകളുമെല്ലാം ത്രിമാനസ്വഭാവത്തിൽ.
 
ഒടുക്കം, യത്തീംഖാന വിട്ടുപോരുമ്പോൾ കൈയിലുണ്ടായിരുന്ന അമൂല്യവസ‌്തു ഹൈദറിന്റെ പുസ‌്തകമായിരുന്നു. അതിൽനിന്ന് കിട്ടിയ അറിവിനോളം വലുതല്ല പിന്നീട് ലഭിച്ചതൊന്നും. രണ്ടുകൊല്ലത്തെ യത്തീംഖാന ജീവിതം തന്ന അനുഭവങ്ങളോളം വലുതല്ലല്ലോ പത്തുമുപ്പത്തഞ്ചുകൊല്ലത്തെ ജീവിതാനുഭവങ്ങൾ. 
ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ‘പുഴക്കുട്ടി' എന്ന കഥയിലെ സൽമാൻ ഞാൻ തന്നെയാണ്. ഇപ്പഴാണ് ഓർക്കുന്നത്, യത്തീംഖാനയിലെ അനുഭവങ്ങൾ പച്ചയ‌്ക്കുപറഞ്ഞ ആ കഥയിൽ ഹൈദറില്ലല്ലോ. ചിത്രപുസ‌്തകം ഇല്ലല്ലോ. കള്ളൻ ആ കഥ മറച്ചുവച്ചുവല്ലേ... അതുകൂടി ചേർക്കാതെ ആ കഥ മുഴുവനാവുന്നതെങ്ങനെ?
പ്രധാന വാർത്തകൾ
 Top