09 August Sunday

നവാഗതനല്ല; പണ്ടേ ഇവിടെയുണ്ട‌്

ഡി കെ അഭിജിത്ത്‌ abhijithdkumar51@gmail.comUpdated: Sunday Jun 30, 2019

പതിനെട്ടാം പടിയിൽ മമ്മൂട്ടി

മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും പിന്നെ ഒട്ടേറെ പുതുമുഖ ങ്ങളും അഭിനയിക്കുന്ന പതിനെട്ടാം പടി പ്രേക്ഷ കർ കാത്തിരിക്കുന്ന ചിത്രമാണ‌്. ഉറുമിയുടെ  തിരക്കഥയിലൂടെയും സ‌്പിരിറ്റ‌്, ബാവുട്ടിയുടെ നാമത്തിൽ എന്നിവ യിലെ അഭിനയത്തിലൂ ടെയും ശ്രദ്ധേയനായ ശങ്കർ രാമകൃഷ‌്ണനാ ണ‌് സംവിധായകൻ

 

പേരിലുള്ള കൗതുകം കൊണ്ടുതന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്‌ പതിനെട്ടാം പടി. ഉറുമി എന്ന സന്തോഷ്‌ ശിവൻ ചിത്രത്തിന്റെ തിരക്കഥയിലൂടെ  ശ്രദ്ധേയനായ ശങ്കർ രാമകൃഷ‌്ണനാണ‌്  സംവിധായകൻ. രഞ്ജിത്തിന്റെ എട്ട‌് ചിത്രത്തിൽ പ്രവർത്തിച്ച ശങ്കർ കേരള കഫെ എന്ന ചലച്ചിത്ര സമുച്ചയത്തിലെ ഐലൻഡ് എക‌്സ‌്പ്രസിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. അതിനുശേഷമാണ‌് ബിഗ‌് ബജറ്റ‌് ചരിത്ര സിനിമയായ ഉറുമിയുടെ തിരക്കഥ എഴുതുന്നത്‌. സ്‌പിരിറ്റ്,  ബാവുട്ടിയുടെ നാമത്തിൽ എന്നിവയിൽ അഭിനയിച്ചു.  ജൂലൈ അഞ്ചിന‌് ശങ്കറിന്റെ ആദ്യ സിനിമ പതിനെട്ടാം പടി  പുറത്തിറങ്ങുകയാണ്‌. ശങ്കർ രാമകൃഷ്‌ണൻ സംസാരിക്കുന്നു.
 

ആദ്യമായി സംവിധാനം

 
ആദ്യത്തെ സിനിമ എന്നുള്ള ഫീലൊന്നും സത്യം പറഞ്ഞാൽ തോന്നുന്നില്ല. ഒരു പുതുമുഖ സംവിധായകന്റേതായ പ്രശ്‌നങ്ങളൊന്നും സിനിമയുടെ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല.  വർഷങ്ങളായി സിനിമയിലുണ്ട്‌. അതുകൊണ്ടുമാത്രമല്ല, ഇതുവരെ ചെയ്‌തിരുന്നത്‌ സംവിധായകനായി ചെയ്യുന്നു എന്നുമാത്രം. 
 

വൻ താരനിര

 
ഒരുപാട്‌ കഥാപാത്രങ്ങളുണ്ട‌്  പതിനെട്ടാം പടിയിൽ.  ഒരു കാലഘട്ടത്തിലെ രണ്ട്‌ സ്‌കൂൾ. അവിടത്തെ കുട്ടികളും ഗ്യാങ്ങുകളും. അവിടെ വരുന്ന കഥാപാത്രങ്ങൾ. അവർ കാണുന്ന സമൂഹം, രാഷ്‌ട്രീയം, വ്യക്തിജീവിതത്തിലെ കഥാപാത്രങ്ങൾ തുടങ്ങിയവയൊക്കെയാണ്‌ കഥയിലുള്ളത്‌. പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള സിനിമയാണ്‌ ആദ്യം ഉദ്ദേശിച്ചിരുന്നത്‌. പിന്നീട്‌  കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തുകയായിരുന്നു. സിനിമയിൽ ഒരുപാട്‌ സൗഹൃദങ്ങളുണ്ട്‌. ആദ്യ  തിരക്കഥയായ ഉറുമി മുതൽ ആഗസ്‌ത്‌ സിനിമാസിലൂടെ കിട്ടിയ ബന്ധങ്ങൾ. സഹകരിക്കാനും കൂടെനിൽക്കാനും ഒരുപാട്‌ ആളുകൾ. അങ്ങനെയാണ്‌ മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും അടക്കമുള്ള താരങ്ങൾ പതിനെട്ടാം പടിയുടെ ഭാഗമാകുന്നത്‌.
 

വലിയ പ്ലാറ്റ‌് ഫോം

 
ഏറ്റവും പ്രശസ്‌തരായ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും ഉൾപ്പെടുത്തുന്നതിനുപകരം പുതിയ ആളുകളെ കണ്ടെത്തണം എന്ന ലക്ഷ്യവുമുണ്ട്‌. ആദ്യ സിനിമ ചെയ്യുന്ന ഒരാൾ ഒരിക്കലും അത്‌ ചെയ്യാറില്ല. പുതിയ തലമുറയിൽപ്പെട്ട ഒരുപാട്‌ പേർക്ക്‌ അവസരം ഒരുക്കുക കൂടിയാണ്‌. സംഗീത സംവിധായകൻ കാഷിഫ്‌ പുതിയ ആളാണ്‌. എ ആർ റഹ്‌മാന്റെ സഹോദരീ പുത്രൻ.
 

സിനിമയിലേക്ക്‌

 
രഞ്‌ജിത്ത്‌ സാറിനൊപ്പം മാത്രമേ ഞാൻ സിനിമയിൽ വർക്ക്‌ ചെയ്‌തിട്ടുള്ളൂ. കയ്യൊപ്പ്‌, പാലേരി മാണിക്യം, തിരക്കഥ എന്നിവയിൽ സംവിധാന സഹായിയായി. 1980കളുടെ സിനിമാ പശ്‌ചാത്തലത്തിലാണ്‌ വളർന്നത്‌. അതാണ്‌ സിനിമയിലേക്ക്‌ ആകർഷിക്കപ്പെടാനുള്ള കാരണം. സിനിമ മനസ്സിലുള്ളപ്പോൾത്തന്നെ പഠനം വേറെ വഴിയിലായിരുന്നു. നിയമ പഠനവും മാനേജ്‌മെന്റ്‌ പഠനവും കഴിഞ്ഞ്‌ ബംഗളൂരുവിൽ ടെംസ്‌ ഓഫ്‌ ഇന്ത്യയിൽ ജോലി. തൊണ്ണൂറുകളുടെ അവസാനത്തിൽ ടെലിവിഷൻ സജീവമാകുന്ന കാലത്ത്‌ ചില പരസ്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ‘നന്ദന’ത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റിൽ ചെയ്യാനാണ്‌ പിന്നീട്‌ സിനിമയിലെത്തുന്നത‌്. പത്മരാജന്റെ മകൻ അനന്ത പത്മനാഭനാണ്‌ കാരണം.
 

അഭിനേതാവാകുന്നത്‌

 
ഉണ്ണി ആറിന്റെ ലീല എന്ന കഥ സിനിമയാക്കാനുള്ള ആലോചനകൾ നടന്നപ്പോൾ  കുട്ടിയപ്പൻ എന്ന കഥാപാത്രം ആര് അഭിനയിക്കും എന്നതിനെക്കുറിച്ച് ചർച്ച വന്നു. എപ്പോഴും സിനിമയിൽ സംഭവിക്കുന്നതാണത്‌. കൂടെയുള്ളവരെ അഭിനേതാവായി കാണും, അങ്ങനെ സംസാരിക്കും. ആ കഥാപാത്രം അവതരിപ്പിക്കാൻ ഞാൻ കൃത്യമായിരിക്കുമെന്ന്‌ സംസാരമുണ്ടായിരുന്നു. എന്നാൽ അത്‌ സംഭവിച്ചില്ല. സ്‌പിരിറ്റിലും ബാവുട്ടിയിലും നല്ല കഥാപാത്രങ്ങളായിരുന്നു.  
 

ഓരോ സിനിമയും ഓരോ  അനുഭവങ്ങൾ 

 
ഓരോ സിനിമയും ഓരോതരം അനുഭവങ്ങളാണ്‌. മലയാളത്തിൽ ഏറ്റവും നല്ല സിനിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത‌്.  1980കളിലെ സിനിമകളെ അതിശയിപ്പിക്കുന്നവ. പ്രത്യേകിച്ച്‌ ഈ വർഷം. പ്രേക്ഷകർ തുറന്ന മനസ്സുള്ളവരായി. അവർ ഏതുതരം സിനിമയും സ്വീകരിക്കാൻ തയ്യാറാണ്‌. വിരൽ തുമ്പിലേക്ക്‌ ലോക സിനിമകൾ എത്തി. പലതരം സിനിമകൾ ആളുകൾ പരിചയിച്ചുകഴിഞ്ഞു. അത്‌ തിയറ്ററുകളിൽ പ്രതിഫലിക്കുന്നുണ്ട്‌. കുമ്പളങ്ങി നൈറ്റ്‌സ്‌ പോലുള്ള ഒന്ന‌് 15 വർഷംമുമ്പ്‌  ഏറ്റെടുക്കുമായിരുന്നോ എന്ന്‌ സംശയമാണ്‌. അത്രയും നല്ല മാറ്റങ്ങളാണ‌്.
 

മമ്മൂട്ടിയും പുതുമുഖങ്ങളും

 
ആദ്യത്തെ സിനിമ ഇറങ്ങുന്നു എന്നതിലേക്കാൾ ത്രില്ല‌്‌ തരുന്ന കാര്യം മമ്മൂക്കയെപ്പോലെ സ്വന്തം കഴിവിന്റെ മികവിൽ നിൽക്കുന്ന നടൻ, ഇതുവരെ മൂവി ക്യാമറപോലും കാണാത്ത വേറൊരാൾ. ഇവർ ഒരുമിച്ച്‌ ഒറ്റ ഫ്രെയിമിൽ നിൽക്കുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട്‌. രണ്ടുതരം താരങ്ങളെയും സമന്വയിപ്പിക്കുകയാണ്‌ പതിനെട്ടാം പടിയിൽ. എല്ലായിടത്തും നമ്മളെ നയിക്കാൻ ഒരാളുണ്ടാകും. അവരാണ്‌ നമുക്ക്‌ പലതിനെയുംപറ്റി പറഞ്ഞുതരുന്നത്‌. അതുപോലൊരു കഥാപാത്രമാണ്‌ മമ്മൂക്ക ഇതിൽ അവതരിപ്പിക്കുന്ന ജോൺ എബ്രഹാം പാലയ‌്ക്കൽ. ഇയാളുടെ പ്രതികരണങ്ങളാണ്‌ രണ്ട്‌ സംഘങ്ങൾ തമ്മിലുള്ള വലിയൊരു സംഘർഷം ഇല്ലാതാക്കുന്നത്‌. നമ്മുടെ ചുറ്റുപാടുകളാണ്‌ നമ്മളെ തീരുമാനിക്കുന്നത്‌. സിനിമ മുന്നോട്ടുവയ‌്ക്കുന്ന ആശയം അതാണ്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top