27 February Thursday

സ്‌നേഹം നിറച്ച പൊതിച്ചോറുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2019

 ശ്രീകണ്ഠൻ കരിക്കകം

ശ്രീകണ്ഠൻ കരിക്കകം

 

 

തെരുവിൽ പ്രതിഷേധിക്കുന്നവരെ വസ്‌ത്രംകൊണ്ട്‌  തിരിച്ചറിയാമെന്നു പറഞ്ഞത് ഏതെങ്കിലും  ഉന്മാദിയല്ല.  ഒരു വലിയ രാഷ്ട്രത്തിന്റെ ഭരണചക്രം മുൻസീറ്റിലിരുന്നു പിടിക്കുന്ന ആളാണ്.  സഹജീവികളെ  വിശക്കുന്നവനായും സ്‌നേഹിക്കുന്നവനായും ഒക്കെ കാണുന്നവർക്ക്‌ അതുകൊണ്ടുതന്നെ ഇന്ന്‌ ഭയമാണ്‌. നിറംകൊണ്ടും ഭാഷകൊണ്ടും വസ്‌ത്രംകൊണ്ടും മനുഷ്യനെ വേർതിരിക്കുന്ന വർണവെറിയുടെ മനുസ്‌മൃതികളെ നമ്മൾ ചെറുത്തുതോൽപ്പിക്കേണ്ടത്  ചരിത്രനിയോഗമാണ്. മഹായുദ്ധങ്ങളും വറുതികളും പട്ടാള അട്ടിമറികളുമൊക്കെ ഇനിയും അനുഭവിച്ചിട്ടില്ലാത്ത ജനതയാണെന്ന് നമ്മൾ സ്വയം പരിമിതപ്പെടുത്തിയ കാലം ഇന്ന് മാറുകയാണ്.  

 

 കെട്ടടങ്ങാത്ത ആ പ്രതിഷേധങ്ങളുടെ തുടക്കദിനങ്ങളിലൊന്നിൽ, കഴിഞ്ഞ 21നാണ് കോഴിക്കോട്ട്‌ എന്റെ ആറാമത്തെ കഥാസമാഹാരം ‘അങ്കണവാടി'യുടെ പ്രകാശനം. രാവിലെ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെട്ട ജനശതാബ്ദിയിലായിരുന്നു യാത്ര. കുറെനേരം മൊബൈൽ ഫോണും മാസികകളും നോക്കിയിരുന്നു. യാദൃച്ഛികമായാണ് എതിർ സീറ്റുകളിലേക്ക് നോക്കിയത്. അവിടെ മൂന്നുപേർ. പത്തും പന്ത്രണ്ടും വയസ്സു വരുന്ന രണ്ടാൺമക്കളും അവരുടെ അമ്മയും. അധികം ട്രെയിൻയാത്ര ചെയ്‌ത്‌ പരിചയമില്ലെന്ന്‌  അവരുടെ ചലനങ്ങളിൽനിന്ന്‌ തിരിച്ചറിയാം.  
 
എതിർവശത്തെ സീറ്റിൽ വേഷവിധാനംകൊണ്ടുമാത്രം ഇസ്ലാം മതവിശ്വാസികൾ ആണെന്നു പറയാനാകുന്ന മറ്റ് മൂന്നുപേർ അടങ്ങുന്ന ഒരു കുടുംബം.  മധ്യവയസ്സ്  പിന്നിട്ട ഒരു ഉമ്മയും അവരുടെ മകളും പിന്നെ നിസ്‌കാരത്തഴമ്പുള്ള അവരുടെ ഭർത്താവും. അവർ  ഉത്സാഹത്തോടെ കോഴിക്കോട്ടെവിടെയോ നിക്കാഹ് കൂടാൻ പോവുകയാണ്. ആദ്യം പറഞ്ഞ അമ്മയും രണ്ടു മക്കളും എറണാകുളത്ത് ക്ഷേത്രദർശനത്തിന്‌ പോകുന്നവർ. അവരെ സ്റ്റേഷനിൽ ബന്ധുക്കൾ വന്ന് കൂട്ടും.
 
 വർക്കല പിന്നിടുന്ന നേരത്തിനുള്ളിൽ അവർ സൗഹൃദത്തിൽ എത്തിച്ചേർന്നിരുന്നു. അതോടെ എന്റെ മുഴുവൻ ശ്രദ്ധയും അവരിലേക്ക്‌ തിരിഞ്ഞു. അവർ അങ്ങനെ എന്റെ മുന്നിൽ ഒരു വാതിൽ തുറക്കുകയാണ്. ആദ്യം ഒരു പുഞ്ചിരി. പിന്നെ കുശലാന്വേഷണം. തുടർന്ന് വീടും നാടും തിരക്കൽ. പിന്നെ പതിയെ പതിയെ  ഓരോ വർത്തമാനങ്ങൾ.  കുഞ്ഞുകുഞ്ഞു തമാശകൾ. ആദ്യം അടക്കിപ്പിടിച്ച ചെറിയ ചിരി. ഔപചാരികത. പിന്നെ  തീവണ്ടിത്താളത്തിൽ പടരുന്ന പൊട്ടിച്ചിരികൾ. അങ്ങനെ കൊല്ലവും കായംകുളവുമൊക്കെ പിന്നിടുമ്പോൾ അവരുടെ വർത്തമാനം നൂറും നൂറ്റിയിരുപതും കിലോമീറ്റർ വേഗതയൊക്കെ കടന്ന് കുതിക്കുന്നു.
 
അത്ഭുതപ്പെടുത്തുംവിധം അവർ വൈവിധ്യമാർന്ന വിഷയങ്ങൾ ഉണർത്തിയെടുത്തു. അതിൽ ഒരു ലോകം ഉയർന്നുവന്നു. അവർ പറഞ്ഞുകൊണ്ടേയിരുന്നു; ജീവിക്കാൻവേണ്ടി പെടാപ്പാടുപെടുന്ന പാവം മനുഷ്യരെക്കുറിച്ച്, കുതിച്ചുയരുന്ന വിലയെക്കുറിച്ച്, ഇരട്ടനീതിയെക്കുറിച്ച്, രണ്ട് പ്രളയങ്ങളെക്കുറിച്ച്, മലിനമാകുന്ന നദികളെയും പുഴകളെയും കുറിച്ച്, വറ്റിവരണ്ടുപോകുന്ന കിണറുകളെക്കുറിച്ച്, ഒരിക്കൽ തിളങ്ങുന്ന പ്രതാപങ്ങളുമായി ജീവിച്ച പ്രവാസികളെക്കുറിച്ച്, പിന്നീട് അവർക്കുണ്ടായ തൊഴിൽനഷ്ടങ്ങളെക്കുറിച്ച്, മടങ്ങിവരാതിരിക്കലുകളെക്കുറിച്ച്, മാറാരോഗങ്ങളെക്കുറിച്ച്, വർധിച്ചുവരുന്ന ചികിത്സച്ചെലവുകളെക്കുറിച്ച്,  കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌. അങ്ങനെ ഈ ഭൂമിയിൽ മനുഷ്യർ പൊതുവായി നേരിടുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ചാണവർ പറഞ്ഞുകൊണ്ടിരുന്നത്. അതിനിടയിൽ ഒരിക്കൽപ്പോലും  ജാതിയോ മതമോ മതവിശ്വാസങ്ങളോ വസ്‌ത്രങ്ങളോ കടന്നുവന്നില്ല.   മനുഷ്യരും അവരുടെ പ്രത്യാശകളും അതിജീവനങ്ങളും സന്ത്രാസങ്ങളുംമാത്രം!
 
  അങ്ങനെ ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ ആ കാഴ്‌ച കാണുന്നത്. സൂക്ഷ്‌മഗ്രാഹിയായ എഴുത്തുകാരന്റെ മുന്നിൽ കാലം ഇങ്ങനെ ചില കാഴ്‌ചകൾ നീട്ടിത്തരും. എറണാകുളംവരെ പോകുന്ന അമ്മയും മക്കളും മൂന്ന് പൊതിച്ചോറ് കൈയിൽ കരുതിയിരുന്നു. ആദ്യമേ പറഞ്ഞല്ലോ, അവർക്ക് തീവണ്ടിയാത്ര അത്ര പരിചിതമല്ല. ജനശതാബ്ദി എറണാകുളംവരെ ഓടിയെത്തുന്നതിനിടയിൽ ഉച്ചനേരം പിന്നിടുമെന്ന്  കരുതിയിട്ടുണ്ടാകണം. അങ്ങനെയാണ് പുലർച്ചെ എണീറ്റ്‌  മൂന്ന് പൊതിച്ചോറ് തയ്യാറാക്കി ഒപ്പം കരുതിയത്. എറണാകുളത്തെത്തിയാൽ ബന്ധുവീട്ടിലേക്കാണ് ആദ്യം പോകുന്നത്. അവിടെ ഈ പൊതിച്ചോറിന് പ്രസക്തിയില്ല. പത്തുമണി കഴിഞ്ഞ പകൽ നേരത്തിപ്പോൾ ചോറ്‌ കഴിക്കാനും കഴിയില്ല! 
 
അങ്ങനെയാണെങ്കിൽ ദീർഘദൂര യാത്രക്കാരായ ആ മുസ്ലിം സഹോദരങ്ങൾക്ക് അത് കൊടുക്കാം എന്നവർ വളരെ സ്വാഭാവികമായി തീരുമാനിക്കുന്നു. ഞാൻ ആ അനർഘനിമിഷത്തെ കോരിത്തരിപ്പോടെ കണ്ടിരുന്നു. അവർ എറണാകുളത്തെത്തുംമുമ്പേ  മൂന്നു പൊതിച്ചോറും സഞ്ചിക്കുള്ളിൽനിന്ന്‌ പുറത്തെടുത്ത് ആ ഉമ്മയുടെ കൈയിൽ കൊടുത്തു. ഒരു കുപ്പി വെള്ളവും. കാറ്റത്ത് പിന്നിലേക്ക് മറിഞ്ഞ തട്ടം നേരെ പിടിച്ചിട്ടുകൊണ്ട് ആ ഉമ്മ ഒരു എതിർപ്പും പറയാതെ ആ മൂന്നു പൊതിയും വാങ്ങി ഒരു പുഞ്ചിരിയോടെ ബാഗിൽ വച്ചു. എറണാകുളത്ത് വണ്ടി എത്തി, അവർ ഇറങ്ങി കൈകൾ വീശി മടങ്ങുന്ന നിമിഷംവരെ ആഹ്ലാദവതിയായിരുന്ന അവർ പെട്ടെന്ന് ഒരു നിമിഷം മ്ലാനവതിയായി. അങ്ങനെ മൂന്നു പൊതിച്ചോറ് വാങ്ങേണ്ടി വന്നതിൽ ഭർത്താവിനോ മകൾക്കോ എന്തെങ്കിലും പ്രതിഷേധം ഉണ്ടാകുമോ എന്ന ഭീതിയായിരുന്നിരിക്കാം ആ പാവത്തിന്റെ ഉള്ളിൽ. കലപിലാന്ന് അന്നേരംവരെ വർത്തമാനം പറഞ്ഞിരുന്ന അവർ പിന്നെ കുറച്ചുനേരം നിശ്ശബ്ദയായിരുന്നെങ്കിലും ഭർത്താവും മകളും ഒന്നും പറഞ്ഞില്ല. അവർ പുറത്തേക്കുമാത്രം നോക്കിയിരുന്നു.
 തൃശൂർ പിന്നിട്ടപ്പോൾ ആ മൂന്നു പൊതിയും നിവർത്തി അവർ കഴിക്കാൻ തുടങ്ങി. ഞാൻ പതിയെ ആ പൊതിച്ചോറുകളിലേക്ക് പാളിനോക്കി. ഉരുട്ടി അരച്ച ചമ്മന്തി, വെളുത്തുള്ളി അച്ചാർ, മുട്ട പൊരിച്ചത്, മഞ്ഞ നിറമുള്ള ഏതോ ഒഴിച്ചുകറി. എനിക്കും വിശക്കുന്നുണ്ടായിരുന്നു. വാട്ടിയ ഇലയുടെ മണം! വളരെ ആദരവോടെ, സ്‌നേഹത്തോടെ അവർ മൂന്നുപേരും ഭക്ഷണം കഴിക്കുന്നത് ഞാൻ അങ്ങനെ കണ്ടിരുന്നു.
 
 ഇന്ത്യയുടെ മഹാനഗരങ്ങളിൽ അന്നേരം കൂറ്റൻ പ്രതിഷേധ റാലികൾ നടക്കുകയാണ്‌. ലക്ഷക്കണക്കിനു മനുഷ്യർ. അവരിൽ ചിലർ ഒരു നിമിഷംപോലും തങ്ങളെക്കുറിച്ച്  ഇന്നലെവരെ ചിന്തിക്കാതിരുന്നവരാണ്. ഇന്നവർ തങ്ങളുടെ വേരുകളെക്കുറിച്ച്, തുടർച്ചകളെക്കുറിച്ച്, ഭാവിയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെടുന്നു. മനുഷ്യർ ആലസ്യങ്ങളിൽനിന്ന്‌ പൊള്ളി ഉണരുന്നു. എഴുത്തുകാർ, രാഷ്ട്രീയ പ്രവർത്തകർ, ചിന്തകർ. അവർക്കൊപ്പം കലാലയങ്ങളുടെ കൂറ്റൻ കവാടങ്ങൾ മലർക്കെ തുറന്ന് പാട്ടും പൂച്ചെണ്ടുകളുമായി യുവതയും തെരുവിൽ.  അവർ മുദ്രാവാക്യങ്ങളിൽ കൈകോർത്തു. സോഷ്യൽ മീഡിയയുടെ ഈ വസന്തകാലത്ത് പ്രതിഷേധങ്ങൾ അപ്പപ്പോൾ മനസ്സുകളിൽ പകർത്തപ്പെടുന്ന ചരിത്രമാണ്. അപ്ഡേഷനുകളും വൈറലുകളും ആയി അത് തലങ്ങും വിലങ്ങും പായുന്നു.  
 
ഇതിനിടയിലൂടെയാണല്ലോ, ഈ നല്ല മനുഷ്യരെയും കൂട്ടി ഈ തീവണ്ടി ഓടുന്നത് എന്നോർത്തപ്പോൾ എന്നിലെ പ്രതീക്ഷാനിർഭരനായ മനുഷ്യൻ  ആഹ്ലാദിച്ചു. ഇല്ല! ഇവിടെ ഒന്നും സംഭവിക്കില്ല!! ഒരു ഏകാധിപതിക്കു മുന്നിലും ഒരു രാജവാഴ്‌ചയ്‌ക്കു മുന്നിലും ശിരസ്സ്‌ കുനിക്കാത്ത, ഒരു സങ്കുചിത മനഃസ്ഥിതിക്കൊപ്പവും ചേരാത്ത, തകരാത്ത ഒരു വലിയ തീവണ്ടിയാണ് നമുക്കിടയിലൂടെ ഇങ്ങനെ അന്നമായും കരുത്തായും പായുന്നത്. ഇതിൽ നിറയുന്ന ഹൃദയത്തുടിപ്പുകൾ ഒരു കൊടിയടയാളമാണ്. കന്യാകുമാരിമുതൽ കശ്‌മീർവരെ ഓടിക്കൊണ്ടിരിക്കുന്ന കൊടിയടയാളം. ഈ പാളങ്ങൾക്കിടയിൽ വിള്ളലുകൾ വീഴില്ല. പ്രതികരണശേഷിയുള്ള ഒരു തലമുറ തെരുവിൽ പ്രതിഷേധിക്കുന്ന സമയത്ത് ഒരു പുസ്‌തകപ്രകാശനത്തിന് എന്താണ് പ്രസക്തി എന്ന് ആലോചിച്ചുകൊണ്ട് ആരംഭിച്ച എന്റെ യാത്ര ആ നിമിഷം മുന്നിൽ ഒരു വലിയ പ്രത്യാശയുടെ നക്ഷത്രം തെളിയിച്ചു. കുമാരനാശാന്റെ സീതാകാവ്യത്തിലെ  വരികൾ തീവണ്ടിത്താളത്തിൽ ഉള്ളിലേക്ക് ഒഴുകി നിറഞ്ഞു:
 
‘സ്‌ഫുട താരകൾ കൂരിരുട്ടിലു
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേക ഹേതു വ–-
ന്നിടയാമേതു മഹാവിപത്തിലും.'
പ്രധാന വാർത്തകൾ
 Top