05 July Tuesday

വായുമലിനീകരണം വില്ലനാകുമ്പോൾ

പി വിജയൻUpdated: Sunday May 29, 2022

വായുമലിനീകരണവും കുട്ടികളിലെ പഠന നിലവാരവും തമ്മിൽ ബന്ധമുണ്ടോ? പുതുതലമുറയുടെ സ്വഭാവവ്യതിയാനത്തിന് പ്രധാന കാരണങ്ങളിലൊന്ന് വായുമലിനീകരണമാണോ? അമ്മ ശ്വസിക്കുന്ന വിഷവാതകം ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളിൽ മാറ്റംവരുത്തുമോ? ഇതേപ്പറ്റിയെല്ലാം അറിവുപകരുന്ന ഗ്രന്ഥമാണ് സതീഷ് ബാബു കൊല്ലമ്പലത്ത് രചിച്ച ‘ആകാശം കാണാത്ത നക്ഷത്രങ്ങൾ'.  വിദ്യാർഥികൾക്കും ഗവേഷകർക്കും അടക്കം പ്രയോജനകരമാകുന്ന ആധികാരികമായൊരു പുസ്‌തകമാണ്‌ ഇതെന്ന് ഉറപ്പിച്ചുപറയാം.

അന്തരീക്ഷത്തിലെ രാസമാറ്റം കുട്ടികളിൽ പെരുമാറ്റ വൈകല്യത്തിനും പഠനം മോശമാകാനും ഇടയാക്കുന്നുണ്ടെന്ന് ഡൽഹിയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലൂടെ സതീഷ് ബാബു സമർഥിക്കുന്നു. വായുവിലെ രാസമാറ്റ തീവ്രത കൂടുതലുള്ള സ്ഥലമായതുകൊണ്ടാണ് ഡൽഹിയിൽ പഠനം നടത്തിയത്. മൂന്ന് സ്‌കൂളിലെ 76 കുട്ടികളെയാണ് പഠനവിധേയരാക്കിയത്. വിവിധ വർഷങ്ങളിൽ പഠനനിലവാരത്തിലുള്ള ഉയർച്ചതാഴ്ചകൾ പരിശോധിച്ചു. ആദ്യ ക്ലാസുകളിൽ കാണിച്ച ചുറുചുറുക്കും പഠനവ്യഗ്രതയും പിന്നീട് നിലനിർത്താനായില്ല. ഭൂരിഭാഗവും പഠനത്തിൽ പിന്നോട്ടുപോയി. നിർധന കുടുംബങ്ങളിലെ കുട്ടികളെയാണ് ഇത്‌ ഏറെയും ബാധിച്ചത്. 

2017ലെ മലിനീകരണകാലത്ത് ഡൽഹിയിൽ രോഗവ്യാപനം തീവ്രമായി. ജനസംഖ്യയിൽ 25 മുതൽ 30 ശതമാനംവരെ പേർക്ക് വിവിധ രോഗങ്ങൾ പിടിപെട്ടു. ആശുപത്രിയിൽ സൗകര്യമില്ലാതായി. ചികിത്സാച്ചെലവും ഉൽപ്പാദന നഷ്ടവുംകൂടി. ഡൽഹിയിലെ ജിഡിപിയുടെ 1.25 ശതമാനം (7.80 ലക്ഷം കോടി) നഷ്ടമായി. മൊത്തം നഷ്‌ടം 97,500 കോടിയോളമാണെന്നും വിവരിക്കുന്നു.

കാർബൺ ബഹിർഗമനത്തിന്റെ ദൂഷ്യഫലങ്ങളും പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു. അയൽ രാജ്യങ്ങളിൽനിന്ന് വരുന്ന കാർബൺ വാതകങ്ങൾ ഇവിടത്തെ ന്യൂറോൺ വാതകങ്ങളുമായി ചേർന്ന് വലിയ പ്രത്യാഘാതമുണ്ടാക്കുന്നു. ഇതുമൂലം രോഗാതുരത അടിക്കടി വർധിക്കുന്നുവെന്നാണ് പഠനം. അമിതമായ വായുമലിനീകരണം കുറ്റകൃത്യവാസന വളർത്തുന്നുവെന്ന നിരീക്ഷണവുമുണ്ട്.

വായുമലിനീകരണം തലച്ചോറിലെ ന്യൂറോൺ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളാണ് വില്ലനാകുന്നത്. വായു മലിനീകരണത്തിനൊപ്പം കാലാവസ്ഥാമാറ്റവും നമ്മുടെ ജീവിതം താളംതെറ്റിക്കുന്നു. ഇതിനു പരിഹാരമായി രാജ്യവ്യാപകമായി ഹരിതനയം നടപ്പാക്കണമെന്ന് വിവിധ പുരസ്‌കാരങ്ങൾക്ക് അർഹനായ പരിസ്ഥിതി എഴുത്തുകാരൻ  സതീഷ് ബാബു പുസ്തകത്തിൽ നിർദേശിക്കുന്നു. ഹരിതനയം പ്രാവർത്തികമാക്കുന്നത് എങ്ങനെയെന്ന് വിശദമായി വിവരിക്കുന്നുമുണ്ട്. 458 പേജുള്ള പുസ്തകം ഒലിവ്‌ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top