07 June Sunday

ഡയറിക്കേസും ആയിഷ ഉമ്മയും

അനില്‍കുമാര്‍ എ വിUpdated: Sunday Jul 28, 2019
 

കുഞ്ഞാലിയുടെ രക്തസാക്ഷ്യത്തിന് ഇന്ന‌് 50 വർഷം

 
ഒത്തുതീർപ്പില്ലാത്ത പോരാട്ടങ്ങളിൽ ഒഴുകിവീണ ചോരകൊണ്ടാണ് ചരിത്രം എഴുതപ്പെട്ടിരിക്കുന്നത്. ആ പോരാട്ടങ്ങളെ  സ്വജീവൻകൊണ്ട് സാക്ഷ്യപ്പെടുത്തിയവർ രക്തസാക്ഷികൾ. കൊടിയ ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും സഹനങ്ങളുടെയും തീച്ചൂളയിൽ ചവിട്ടിനിന്നാണ് അവരിൽ പലരും വിസ‌്മയഭരിതമായ മാതൃകകളായത്. വിലപ്പെട്ടതെന്ന് സ്വാഭാവികമായും കരുതുന്നതെല്ലാം കൈമോശംവന്ന് തീർത്തും അനാഥരാകുമ്പോഴും മറ്റുള്ളവർക്കായി ഉരുകിത്തീരുകയായിരുന്നു പലരും. ‘ഏറനാടിന്റെ വീരപുത്രൻ' എന്നറിയപ്പെട്ട കുഞ്ഞാലിയുടെ സാഹസികതകൾ രോമാഞ്ചജനകങ്ങളായിരുന്നു. കൃത്യം അരനൂറ്റാണ്ടുമുമ്പാണ‌് വർഗശത്രുക്കളുടെ വെടിയുണ്ടകൾ ആ വിലപ്പെട്ട ജീവിതം കവർന്നെടുത്തത‌്. 
 
ചെറുപ്പത്തിലേ ഉപ്പ മരിച്ചതിനാൽ ഉമ്മ അമ്പലവൻ ആയിഷയുടെ ചുമലിലായി കുടുംബ ഭാരം.  എല്ലു നുറുങ്ങുംവിധം പണിയെടുത്താണ‌് അവർ മക്കളെ പോറ്റിയത‌്.  വഴിയരികിൽ ഇത്തിയും വാളൻപുളിയും വിറ്റ‌് അവർ തുച‌്ഛവരുമാനമുണ്ടാക്കി. പപ്പടത്തെരുവിലെ ആയിരം നാവുള്ള പപ്പടക്കാരികളെ നിശബ്ദമാക്കിവേണം ആയിഷക്ക് സാധനങ്ങൾ വിൽക്കാൻ. പഠനകാലത്ത് കുഞ്ഞാലി ഏറെ കഷ്ടപ്പെട്ടു. അയൽവാസിയായ മുഹമ്മദ് എന്ന ആയ്യയെ ബീഡികെട്ടാൻ സഹായിച്ചാൽ കുഞ്ഞാലിക്ക‌് കൂലി നാലണ. പത്രവായന ശീലമായി രൂപപ്പെട്ടത് അവിടെനിന്നാണ്. കൊണ്ടോട്ടി യുപി ‌സ‌്കൂൾ ഹെഡ്മാസ്റ്റർ സി ഒ ടി കുഞ്ഞിപ്പക്കി സാഹിബ് ആ മിടുക്കനെ കണ്ടെടുത്തു. ബാലസമാജവുമായി ബന്ധപ്പെടുത്തി. 1935–- 36 കാലത്ത് സ്വന്തം പ്രദേശത്തും കുഞ്ഞാലി അതിന്റെ യൂണിറ്റ് തുടങ്ങി. തുടർന്ന് മലപ്പുറം ഗവൺമെന്റ് ഹൈസ‌്കൂളിൽ ചേർന്നു. പഠനം മുഴുമിക്കുംമുമ്പ് 1942ൽ പട്ടാളത്തിൽ. രണ്ടാം ലോകയുദ്ധത്തിന്റെ ഒരുഘട്ടത്തിൽ ഫാസിസ്റ്റുകളെ കീഴ്പ്പെടുത്താൻ  സോവിയറ്റ് യൂണിയനടക്കമുള്ള  സഖ്യശക്തികളുടെ വിജയത്തിനായി  ഇറങ്ങാൻ  കമ്യൂണിസ്റ്റ് പാർടി ആഹ്വാനംചെയ‌്തു. അതിൽ പ്രചോദിതനായാണ്  പട്ടാള പ്രവേശം. യുദ്ധശേഷം കോൺഗ്രസുകാർ  അദ്ദേഹത്തിന്റെ  കമ്യൂണിസ്റ്റ് ബന്ധം ഒറ്റിക്കൊടുത്തു.  സേവനം മതിയാക്കി 1945ൽ  തിരിച്ചെത്തി.  വിമുക്തഭടന്മാരെ  സംഘടിപ്പിച്ചായിരുന്നു പിന്നീടുള്ള പൊതുപ്രവർത്തനം. പതുക്കെ മുഴുവൻ സമയ കമ്യൂണിസ്റ്റ്പാർടി കേഡറായ കുഞ്ഞാലി ബീഡിത്തൊഴിലാളികളുടെ സംഘടന കെട്ടിപ്പടുക്കാൻ മൈസൂരിലേക്ക് കുടിയേറി.
 
1948ൽ പാർടി നിരോധനത്തോടെ   നിരന്തരമായ പൊലീസ് വേട്ടയും ഭീഷണികളും. കുറച്ചുനാൾ  ഒളിവിൽ പോയെങ്കിലും കുഞ്ഞാലി അറസ്റ്റിലായി. അക്കാലത്താണ് പ്രസിദ്ധമായ ഡയറിക്കേസ്. ഒളിവിലായാലും അല്ലാത്തപ്പോഴും ഡയറിയെഴുത്ത് കുഞ്ഞാലിയുടെ ശീലമായിരുന്നു.   അഭയമൊരുക്കിയവരുടെയും ഭക്ഷണം തന്നവരുടെയും  പേരുകളടങ്ങിയ ഡയറി പൊലീസ് പിടിച്ചെടുത്തു.  കുറിപ്പുകൾ പൊലീസിന് കൊടുത്ത സ്റ്റേറ്റ‌്മെന്റായി പരിഗണിച്ച് 83പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. ഉമ്മ ആയിഷയും അതിൽ പ്രധാനി.
 
പുന്നപ്പാലയിലെ കുണ്ടുണ്ണി നായർ, സി ടി മാധവൻ നമ്പൂതിരി, കെ പി കെ നമ്പൂതിരി, വണ്ടൂരിലെ തലാപ്പിൽ മുഹമ്മദ്, പുല്ലങ്കോട്ടെ പെരുമ്പാറലിൽ ശിവരാമൻ തുടങ്ങിയവരും  നിരവധി ബന്ധുക്കളും പട്ടികയിൽ. ഏറെ പ്രായമുണ്ടായ ഹരിജൻ കുഞ്ഞനെയും പ്രതിചേർത്ത് ദ്രോഹിച്ചു. അഡ്വ. രാമസ്വാമി അയ്യരുടെ സൂക്ഷ്‌മമായ വാദങ്ങളും കുഞ്ഞാലിയുടെ തന്ത്രപരമായ പ്രതികരണങ്ങളും കാരണം മറ്റ് മുഴുവൻ പ്രതികളെയും വെറുതെവിട്ടു. എന്നാൽ  ആയിഷക്ക് ശിക്ഷയേൽക്കേണ്ടിവന്നു. അന്ന് കോടതിയിൽ കാണിച്ച  ധീരത അവർക്ക്  വീരനായികയുടെ പരിവേഷം നൽകി. കോടതിയിലെ ചോദ്യങ്ങൾക്കുള്ള ആയിഷയുടെ മറുപടി വൻ വാർത്താ പ്രാധാന്യം നേടി.  പിടികിട്ടാപ്പുള്ളിയായ കുഞ്ഞാലിയെ ഒളിവിൽ പാർപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്‌തിട്ടുണ്ടോ എന്ന ജഡ‌്ജി ചോദിച്ചപ്പോൾ ‘‘ചോറു കൊടുത്തിട്ടുണ്ട്. എന്റെ മോന് ഞാനല്ലാതാരാ പിന്നെ ചോറ് കൊടുക്ക്വാ'' എന്നായിരുന്നു പ്രതികരണം.  ഒളിവിൽ പാർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് നിശ്ചയിച്ചുറച്ച ഫലിതമായിരുന്നു മറുപടി. ‘‘ഇപ്പോൾ മാത്രമല്ല ഒളിവിൽ വെച്ചത്. പണ്ട് പത്തുമാസം എന്റെ വയറ്റിനകത്തും ഒളിച്ചുവെച്ചിരുന്നു. അതിനുള്ള ശിക്ഷകൂടി അറിഞ്ഞാൽ നന്നായിരുന്നു''–- കോടതിയെപ്പോലും ഞെട്ടിപ്പിച്ച ആ വാക്കുകൾ ചരിത്രത്തിന്റെ ഭാഗമാണിന്ന്. ആയിഷ ഉമ്മയെ ഏറനാടിന്റെ വീരപുത്രന്റെ ധീരമാതാവാക്കിയ ആ പ്രതികരണം പിന്നീട് കമ്യൂണിസ്റ്റ് നേതാക്കൾ പ്രസംഗങ്ങളിൽ ആവേശമായി കൂട്ടിച്ചേർക്കാറുണ്ടായിരുന്നു.  
 
‘കൃഷിഭൂമി കൃഷിക്കാരന്' എന്ന മുദ്രാവാക്യം സ്വാതന്ത്ര്യ സമര കാലത്തുതന്നെ കർഷകസംഘം അതിശക്തമായി ഉന്നയിച്ചു. അതിന്റെ അനുബന്ധങ്ങൾ ഏറനാട്ടിൽ കൂട്ടിച്ചേർത്തത് കുഞ്ഞാലി. 1952ൽ ആരംഭിച്ച തരിശുഭൂമി പ്രക്ഷോഭം അതിലൊന്ന്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊട്ടിക്കല്ല് മുതൽ തൊളപ്പൻകൈ അടക്കമുള്ള പ്രദേശങ്ങളിൽ സമരം നടക്കുകയുണ്ടായി. ആ മലമ്പ്രദേശങ്ങൾ നൂറുകണക്കിന് കുടുംബങ്ങൾക്ക് അഭയകേന്ദ്രമായി മാറുകയും ചെയ‌്തു. ‘‘ഈ ഭൂമിയിൽ കുടിൽ കെട്ടുന്നവർ ഏത് ജാതിയിലോ പാർടിയിലോ നാട്ടിലോ ഉള്ളവരായാലും വിരോധമില്ല. ഭൂരഹിതരായാൽ മതി. മണ്ണിൽ പണിയെടുത്ത് ജീവിക്കാൻ മടിയില്ലാത്തവരായാൽ മതി'' എന്ന കുഞ്ഞാലിയുടെ പ്രസംഗം സമരകാഹളമായി. ജനവാസമില്ലാത്ത മലഞ്ചെരിവുകളിലെ ജീവിതം. കാടുമൂടിയ പ്രദേശങ്ങളിലെ ഇടപെടലുകൾ. പലരെയും രോഗം കടന്നുപിടിച്ചു. അക്കാലത്ത് കുടുംബനാഥൻ കിടപ്പിലാകുമ്പോൾ തീപുകയാത്ത വീടുകൾ കണ്ടെത്തി അരിയും മറ്റും എത്തിച്ചത് കുഞ്ഞാലി. തോട്ടം മേഖലയിലെ നേതൃത്വം അദ്ദേഹം ഏറ്റെടുക്കുന്നത് പയ്യന്നൂർക്കാരനായ ഈശ്വരൻ നമ്പൂതിരി നാട്ടിലേക്ക് തിരിച്ചു പോയപ്പോൾ. ഉൽപ്പാദനച്ചെലവ് കൂടിയെന്ന് പറഞ്ഞ‌്  തൊഴിലാളികളുടെ കൂലി കുറക്കാൻ ഉടമകൾ നടത്തിയ ശ്രമങ്ങളെ കുഞ്ഞാലി വസ‌്തുതകൾ നിരത്തി നേരിട്ടു. 1952 കാലം. ആർത്തല തേയില തോട്ടത്തിലെ തമിഴ് സ‌്ത്രീ തൊഴിലാളി മരിച്ച ഘട്ടത്തിൽ അദ്ദേഹം നടത്തിയ ഇടപെടൽ ശ്രദ്ധേയവും വികാരപരവുമായിരുന്നു. ശവം മറവുചെയ്യാൻ തൊഴിലാളികൾ എസ്റ്റേറ്റ് മാനേജരെക്കണ്ട് സ്ഥലം ചോദിച്ചു. അയാൾ കളിയാക്കി തിരിച്ചയച്ചു. കുഞ്ഞാലി ഓടിയെത്തി. ശവം മാനേജരുടെ ബംഗ്ലാവിലെത്തിച്ച് സത്യഗ്രഹം തുടങ്ങി. ഒടുവിൽ അയാൾക്ക് കീഴടങ്ങേണ്ടിവന്നു. മനുഷ്യസ‌്നേഹത്തിന്റെയും സാഹസികതയുടെയും പോരാട്ട വീറിന്റെയും എത്രയോ ജ്വലിക്കുന്ന ഏടുകളാൽ നിബിഡമായിരുന്നു ആ സമരോത്സുക ജീവിതം. 45 വയസ്സിൽ ആ ജീവൻ തല്ലിക്കൊഴിക്കുകയായിരുന്നു വർഗശത്രുക്കൾ. 1969 ജൂലൈ 26ന് രാത്രി നിലമ്പൂർ അങ്ങാടിയിലെ  പാർടി ഓഫീസിൽ ഇരിക്കവെ  ജനാലയിലൂടെ വെടിവച്ചത് തികച്ചും ആസൂത്രിതം. കേരളത്തെയാകെ കണ്ണീരിലാഴ‌്ത്തി 28ന് കുഞ്ഞാലി രക്തസാക്ഷിയായി. 
 
‘‘മണ്ണില്ലാത്തോർക്കിത്തിരി മണ്ണും
പാവങ്ങൾക്കൊരു ചെറ്റക്കുടിലും
നേടിയെടുക്കാൻ നിലമ്പൂർ കാട്ടിൽ
അങ്കംവെട്ടി അന്ത്യംവരിച്ച
ധീരസഖാവേ കുഞ്ഞാലീ...’’ 
എന്ന് ഏറനാട് ഇപ്പോഴും ഏറ്റുപാടുന്നത് രക്തസാക്ഷികൾക്ക് മരണമില്ലെന്നതിന്റെ നിറഞ്ഞ സാക്ഷ്യമാണ്.
പ്രധാന വാർത്തകൾ
 Top