25 January Monday

ഝർണ: ഉറച്ചനിലപാടിന്റെ ജലധാര

പി ആര്‍ ചന്തുകിരണ്‍Updated: Sunday Jul 28, 2019

കോൺഗ്രസിനെ വിഴുങ്ങിയും വിഘട നവാദികളെ കൂട്ടുപിടിച്ചും ഇടതുപക്ഷ ത്തെ അട്ടിമറിച്ചും ബിജെപി അധികാരത്തിലെത്തിയതോടെ ത്രിപുരയിൽ ഭീതിയുടെയും ഭീഷണിയുടെയും അന്തരീക്ഷം തിരികെയെത്തി. ബിജെപിയുടെ   ആക്രമണശ്രമം ഝർണയ്‌ക്കുനേരെ യും ഉണ്ടായി.  സാഹചര്യം തനിക്ക്‌ അനുകൂലമാണെന്ന്‌ ധരിച്ചാണ്‌ ഝർണയെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ കൂറുമാറ്റത്തിന്‌ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്‌

 
ജലധാര എന്നതാണ്‌ ഝർണ എന്ന ബംഗാളിവാക്കിനർഥം. പേരിനെ അന്വർഥമാക്കി പ്രതിബന്ധങ്ങളെയും ദുരന്തങ്ങളെയും മറികടന്ന്‌ മുന്നോട്ടുനീങ്ങിയ വ്യക്തിയാണ്‌ ഝർണ ദാസ്‌ ബൈദ്യ. ത്രിപുരയിൽനിന്നുള്ള രാജ്യസഭാംഗം.  പ്രതികൂലസാഹചര്യങ്ങളോട്‌ പടപൊരുതി ഉയർന്നുവന്ന നേതാവ്‌. ത്രിപുരയെ നടുക്കിയ നിഷ്‌ഠുര കൂട്ടക്കൊലപാതകത്തിലാണ്‌ ഭർത്താവും സിപിഐ എം നേതാവുമായ ശ്രീദംപാലിനെ അവർക്ക്‌ നഷ്ടമായത്‌. കോൺഗ്രസ്‌ ഭരണത്തിന്റെ തണലിൽ പകൽവെളിച്ചത്തിൽ ബിർചന്ദ്ര മാനു ഗ്രാമത്തിന്റെ ഹൃദയം തകർത്ത കൂട്ടക്കൊലപാതകം. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അർധ ഫാസിസ്‌റ്റ്‌ സർക്കാരിനെ കടപുഴക്കിയെറിയാൻ ത്രിപുരയ്‌ക്ക്‌ കരുത്തു പകർന്നു ശ്രീദംപാലുൾപ്പെടെയുള്ള 11 സിപിഐ എം പ്രവർത്തകരുടെ രക്തസാക്ഷിത്വം.  ഇരുപത്തിയാറാം വയസ്സിലാണ്‌ ഝർണ ആ ദുരന്തം നേരിട്ടത്. ഭീതിയോടെ ഓടിയൊളിച്ചില്ല  അവർ. സർക്കാർജോലി രാജിവച്ച്‌ പൂർണസമയ പൊതുപ്രവർത്തകയായി.കോൺഗ്രസിനെ വിഴുങ്ങിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ഇടതുപക്ഷത്തെ അട്ടിമറിച്ച്‌ ബിജെപി അധികാരത്തിലെത്തിയതോടെ ത്രിപുരയിൽ ഭീതിയുടെയും ഭീഷണിയുടെയും അന്തരീക്ഷം തിരികെയെത്തി. ബിജെപിയുടെ  ആക്രമണശ്രമം ഝർണയ്‌ക്കുനേരെയും ഉണ്ടായി.  സാഹചര്യം അനുകൂലമാണെന്ന്‌ ധരിച്ചാണ്‌ ഝർണയെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ കൂറുമാറ്റത്തിന്‌ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്‌. ഝർണയുടെ മറുപടിയിൽ അമിത്‌ ഷാ ത്രിപുരയുടെ ചെറുത്തുനിൽപ്പുകളുടെ ചരിത്രംതന്നെ പഠിച്ചു. ‘ ഞാൻ ഏക എംപിയായിരിക്കും. ഒരാളാണെങ്കിൽപോലും ബിജെപിക്കെതിരായി ആശയപരമായി പോരാടും’–- ഝർണയുടെ നിശ്ചയദാർഢ്യം സ്‌ഫുരിക്കുന്ന മറുപടി കിട്ടിയതോടെ ക്ഷമാപണം നടത്തി അമിത്‌ ഷാ കളംവിട്ടു.
 
ജനാധിപത്യത്തെ വിലയ്‌ക്കെടുത്തും സർക്കാരുകളെ അട്ടിമറിച്ചും ബിജെപി നടത്തുന്ന ദുഷിച്ച നീക്കത്തിന്റെ തലവനാണ്‌ താനെന്ന ധാർഷ്‌ട്യത്തിലാണ്‌   ഷായുടെ വിലപേശൽ.  ‘കമ്യൂണിസ്‌റ്റ്‌ പാർടി അവസാനിച്ചു, നിങ്ങൾ എന്തിന്‌ അവിടെ തുടരണം. ബിജെപിയിൽ ചേരൂ.’ എന്നായിരുന്നു ക്ഷണം. കർണാടകത്തിലെയും ഗോവയിലെയും കോൺഗ്രസ്‌ എംഎൽഎമാർക്ക്‌ വിലയിട്ട അഹന്തയാണ്‌ ഝർണയുടെ നിലപാടുകളുടെ ഔന്നത്യത്തിൽ തട്ടിത്തകർന്നത്‌. ‘‘പാർലമെന്റിലെ ഔദ്യോഗിക ഓഫീസിൽ വന്നത്‌ രാജ്യത്തിന്റ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്കാണ്‌.  ബിജെപി അധ്യക്ഷനെ കാണാനല്ല.’’ ഝർണ ഓർമിപ്പിച്ചു. ബിജെപി പ്രവർത്തകർ തുടരുന്ന അതിക്രമങ്ങൾ ത്രിപുരയുടെ ക്രമസമാധാനനില തകർത്തെന്ന ഗുരുതര  സാഹചര്യം ശ്രദ്ധയിൽപ്പെടുത്താനാണ്‌ ഝർണ എത്തിയത്‌. ഭരണകക്ഷിതന്നെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുകയാണെന്ന വിവരം അമിത്‌ ഷായെ അറിയിച്ചു. സംസ്ഥാനം സന്ദർശിച്ച്‌ സ്ഥിതി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടാണ്‌ ഝർണ മടങ്ങിയത്‌. തന്റെ പ്രലോഭനങ്ങൾക്കുമുന്നിൽ കാലിടറി വീഴുന്നവരെ കണ്ടുമാത്രം പരിചയിച്ച അമിത്‌ ഷായ്‌ക്ക്‌ അപരിചിതമായ വ്യക്തിപ്രഭാവവും കരുത്തുള്ള നിലപാടിന്റെ ജലപ്രവാഹവുമായിമാറി ഝർണ ദാസ്‌. 
 റിസോർട്ടിൽ ഒളിപ്പിച്ച എംഎൽഎ ചാടിപ്പോയെന്ന വാർത്തകൾക്കിടയിലാണ്‌ ഝർണയെന്ന മറുപടി വ്യത്യസ്‌തമാകുന്നത്‌. തന്റേത്‌ ഒരു കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തക എന്ന നിലയിൽ സ്വാഭാവിക മറുപടിയാണെന്ന്‌ ഝർണ പറഞ്ഞു. അതിൽ മറ്റുള്ളവർക്കുള്ള അത്ഭുതം ഝർണയ്‌ക്കില്ല. തനിക്കുപകരം മറ്റൊരു കമ്യൂണിസ്റ്റ്‌ അംഗമാണെങ്കിലും  മറുപടി വ്യത്യസ്‌തമാകില്ലെന്ന്‌ ഝർണയ്‌ക്ക്‌ ഉറപ്പുണ്ട്‌.
 
രാജ്യസഭയിൽ ഝർണയ്‌ക്കിത്‌ രണ്ടാമൂഴം.  ത്രിപുരയിൽനിന്ന്‌ രാജ്യസഭയിലെത്തിയ ആദ്യ ദളിതും  രണ്ടാമത്തെ വനിതയുമാണവർ. കുട്ടികൾക്കെതിരായ അതിക്രമം തടയാനുള്ള പോക്‌സോ നിയമ ഭേദഗതി ബിൽ ചർച്ചയിൽ ശക്തമായ വാദങ്ങൾ ഝർണ ഉന്നയിച്ചിരുന്നു. വർഗീയ, വംശീയ അതിക്രമങ്ങൾ എന്ന വാക്കുകൾ അടിസ്ഥാന നിയമത്തിൽനിന്ന്‌ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ഝർണ രംഗത്തുവന്നു. 
 
സാമൂഹ്യക്ഷേമ വകുപ്പിൽ ചൈൽഡ്‌ ഡെവലപ്‌മെന്റ്‌ പ്രോജക്ട്‌ ഓഫീസറായിരുന്നു ഝർണ.  ദുക്‌‌ലി പഞ്ചായത്ത്‌ സമിതി തെരഞ്ഞെടുപ്പിൽ  ജയിച്ച്‌ അധ്യക്ഷയായി. ദീർഘകാലം സാമൂഹ്യക്ഷേമ ബോർഡിന്റെ അധ്യക്ഷ എന്ന നിലയിൽ  ക്ഷേമപ്രവർത്തനങ്ങൾക്ക്‌  നേതൃത്വം നൽകി. സംസ്ഥാന വനിതാ കമീഷൻ അംഗമായും പ്രവർത്തിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.   ബംഗാളിയിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്‌. 
 
തീവ്രവാദ സംഘടനയായ ത്രിപുര നാഷണൽ വോളന്റീയേർസിന്റെ സഹായത്തോടെ 1988ൽ കോൺഗ്രസ്‌‐ടിയുജെഎസ്‌ സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെയാണ്‌ ശ്രീദംപാൽ അടക്കമുള്ള നേതാക്കളെ കൊന്നത്‌.  നേതാക്കളെ കൊലപ്പെടുത്താനുള്ള കോൺഗ്രസ്‌ പദ്ധതിയാണ്‌ അക്രമികൾ നടപ്പാക്കിയത്‌. ശ്രീദംപാലിന്‌ സുരക്ഷ നൽകാനെത്തിയ രണ്ട്‌ പൊലീസുകാരെയും കൊന്നു. ബിർചന്ദ്ര മാനു ഗ്രാമത്തിൽ കോൺഗ്രസുകാർ അടച്ചുപൂട്ടിയ സിപിഐ എം ഓഫീസ്‌ തുറക്കാനെത്തിയ പാർടി നേതാക്കളായ ബ്രജ്‌മോഹൻ ജമാതിയ എംഎൽഎ, ത്രിപുര ഗോത്ര സ്വയംഭരണ ജില്ലാ കൗൺസിൽ അംഗം ശ്രീദംപാൽ തുടങ്ങിയവരായിരുന്നു ലക്ഷ്യം. നേതാക്കളെ പാർടി ഓഫീസിൽ പൂട്ടിയിട്ട്‌ തീയിട്ട അക്രമികൾ ആസിഡ്‌ ഓഫീസിനകത്തേക്കൊഴിച്ചു. ശ്രീദംപാൽ അടക്കം 11 പ്രവർത്തകരുടെ തലയും സ്വകാര്യ ഭാഗങ്ങളും അക്രമികൾ വെട്ടിമാറ്റി.  ബിജെപി അധികാരത്തിലെത്തിയപ്പോഴും വലിയ കടന്നാക്രമണങ്ങളാണ്‌ സിപിഐ എം പ്രവർത്തകർ നേരിടുന്നത്‌. അവയെ ഒക്കെ വെള്ളപൂശുന്ന നിലപാടുമായാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട്‌ ജനപ്രതിനിധികളോട്‌ വിലപേശുന്നത്‌. നിലപാടുള്ള കമ്യൂണിസ്റ്റ് പ്രതിനിധികളുടെ ഉശിരൻ മറുപടി അതുകൊണ്ടുതന്നെയാണ്‌ വ്യത്യസ്‌തമാകുന്നതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top