09 August Sunday

കാലത്തെ തോൽപ്പിച്ച ഗായകൻ; പാപ്പുക്കുട്ടി ഭാഗവതരെ ഓർമ്മിച്ച്‌ എം എ ബേബി

എം എ ബേബിUpdated: Sunday Jun 28, 2020

പാപ്പുക്കുട്ടി ഭാഗവതർ 1913 മാർച്ച്‌ 29 ‐ 2020 ജൂൺ 22

2006ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ എറണാകുളത്ത്‌ ഒരു പരിപാടിക്കെത്തിയപ്പോഴാണ്‌ പാപ്പുക്കുട്ടി ഭാഗവതരെ  വീട്ടിൽച്ചെന്ന്‌ കണ്ടത്‌.  വീടിനടുത്തെത്തിയപ്പോൾ ചെറുപ്പക്കാരനായ ബന്ധു സ്‌നേഹത്തോടെ സ്വീകരിച്ച്‌ കൂട്ടിക്കൊണ്ട്‌ മുന്നിൽ നടന്നു. ഭാഗവതർക്ക്‌ ആരോഗ്യത്തിനൊന്നും പ്രശ്‌നമില്ലല്ലോ എന്ന്‌ ഞാൻ.  ആ ചെറുപ്പക്കാരൻ മുഖംതിരിച്ച്‌ ചിരിച്ചുകൊണ്ട്‌ ‌ ചോദിച്ചു: ‘‘അല്ല... എന്നെ മറന്നുപോയോ? എനിക്ക്‌ ആരോഗ്യത്തിന്‌ ഒരു പ്രശ്‌നവുമില്ല.’’  കറുത്ത്‌ ഇടതൂർന്ന മുടി പിറകിലേക്ക്‌ കോതിവച്ച്‌, ക്ലിൻ ഷേവുചെയ്‌ത്‌, മൂക്കിനുതാഴെ തീപ്പെട്ടിക്കൊള്ളികൊണ്ട്‌ പൊടിമീശ വരച്ച്‌, ടീ ഷർട്ടും ധരിച്ച്‌ എന്നെ സ്വീകരിക്കാൻ വന്ന ആ യുവകോമളൻ 93 വയസ്സുകാരനാണെന്ന്‌ എങ്ങനെ സങ്കൽപ്പിക്കാനാകും? അതിനും ആറാണ്ട്‌ മുമ്പ്‌  ‘മാനവീയ’ത്തോടനുബന്ധിച്ച  പരിപാടിയിൽ‌ എം കെ അർജുനൻ മാഷിനൊപ്പം പാപ്പുക്കുട്ടി ഭാഗവതരെ കണ്ടശേഷം അൽപ്പംകൂടി ചെറുപ്പം തോന്നിക്കുന്നുണ്ടോ എന്ന്‌ സംശയിച്ചുപോയി.

 
ഭാഗവതർക്ക്‌ എന്നോട്‌   അഗാധമായ സ്‌നേഹമാണെന്ന കാര്യം വിനയം അഭിനയിച്ച്‌ ഞാൻ മറച്ചുപിടിക്കുന്നില്ല. ആ സ്‌നേഹത്തിന്റെ കാരണം മറ്റൊന്നുമല്ല. ഭാഗവതരുടെ ഭാര്യയുടെ പേരും ബേബി എന്നാണ്‌.
എം എ ബേബി സാംസ്‌കാരിക മന്ത്രിയായിരിക്കെ സാംസ്‌കാരിക വകുപ്പിന്റെ  പുരസ്‌കാരം പാപ്പുക്കുട്ടി ഭാഗവതർക്ക്‌ സമ്മാനിക്കുന്നു

എം എ ബേബി സാംസ്‌കാരിക മന്ത്രിയായിരിക്കെ സാംസ്‌കാരിക വകുപ്പിന്റെ പുരസ്‌കാരം പാപ്പുക്കുട്ടി ഭാഗവതർക്ക്‌ സമ്മാനിക്കുന്നു

ഞാൻ ശ്വാസമടക്കിപ്പിടിച്ചിരുന്ന ഒരു ഗാനാനുഭവമുണ്ട്‌.  രംഗം ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം. 2010 ജനുവരിയിലായിരുന്നു ആ ചടങ്ങ്‌ എന്നാണോർമ. കലാമണ്ഡലത്തിലെ ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും കേരള സംഗീതനാടക അക്കാദമിയുടെ ബഹുമതികളും അവാർഡുകളും  സമർപ്പിക്കുന്ന  ചടങ്ങ്‌.  അന്ന്‌ 97 വയസ്സുണ്ടായിരുന്ന പാപ്പുക്കുട്ടി ഭാഗവതരോട്‌ സ്‌നേഹാദരങ്ങൾകൊണ്ട്‌ സൗഹൃദ സംഭാഷണത്തിനിടയ്‌ക്ക്‌ ‘‘ഇവിടെയൊരു ഗാനം ആകാമോ’’ എന്ന്‌ ഞാൻ ചോദിച്ചു. ‘‘പിന്നെന്ത്‌?’’ എന്ന മറുപടി തൽക്ഷണം. പാട്ട്‌ തുടങ്ങുംമുമ്പേ ഈ വിവരം കേട്ട സദസ്യർ ഹർഷാരവത്തോടെയാണ്‌ ഭാഗവതരെ മൈക്കിനടുത്തേക്ക്‌ എതിരേറ്റത്‌. ഭാഗവതർക്ക്‌ ‘കേരള സൈഗാൾ’ എന്ന അപരനാമധേയം പകർന്നേകിയ ‘സോജാ രാജകുമാരി’ എന്ന ഗാനം തന്നെയാണ്‌ തെരഞ്ഞെടുത്തത്‌. ബഷീറിന്റെ ഇഷ്ടഗാനം. ആലാപനം തുടങ്ങിയപ്പോൾ അനാവശ്യമായ  ദുരന്തദുശ്ശങ്ക എന്നെ പിടികൂടി. മന്ദ്രസ്ഥായിയിൽ തുടങ്ങി താരസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതാവിഷ്‌കാരമാണ്‌ ‘സോജാ രാജകുമാരി’. എത്ര പരിചയസമ്പന്നനാണെങ്കിലും 97–-ാം വയസ്സിൽ ഭാഗവതർ ഇത്‌ പാടുന്നതിനിടയിൽ വല്ല പ്രയാസവുമുണ്ടാകുമോ? സ്വരം പിഴച്ച്‌, അപശ്രുതിയുണ്ടായി രംഗം മോശമാകുമോ? അതിനപ്പുറം വല്ല ആരോഗ്യപ്രശ്‌നമോ മറ്റോ?... എന്റെ ചിന്ത കാടുകയറി. ഭാഗവതരോ, സമ്പൂർണമായി ലയിച്ച്‌; സൈഗാളെന്ന മഹാഗായകന്റെ സ്‌മരണയും ഭാവവും സ്വാംശീകരിച്ച്‌, സദസ്സിനെ വിസ്‌മയിപ്പിച്ചുകൊണ്ട്‌, ആ അനശ്വരഗാനത്തിന്റെ അനുഭൂതിയുടെ ഓരോ അംശവും പകരുകയാണ്‌. എല്ലാ ആകാംക്ഷകൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട്‌ ഭാഗവതർ ആലാപനം മനോഹരമായി പൂർത്തീകരിച്ചു.  എനിക്ക്‌ ശ്വാസം നേരെ വീണത്‌ പരസഹായം കൂടാതെ തന്നെ ഭാഗവതർ സ്വന്തം കസേരയിൽ വിജയസ്‌മിതത്തോടെ വന്ന്‌ ഇരിപ്പുറപ്പിച്ചപ്പോൾ മാത്രം‌.
 
തമിഴ്‌ മോഡൽ നാടകങ്ങളിൽ നടീനടന്മാർ സ്വയം പാടി അഭിനയിച്ചിരുന്ന നാളുകളിൽ 1920ൽ, ഒരു നൂറ്റാണ്ടുമുമ്പാണ്‌ ചെറുബാലനായി ജോസഫ്‌ എന്ന പേരിൽ ഭാഗവതർ കലാജീവിതം തുടങ്ങിയത്‌. പന്ത്രണ്ടാം വയസ്സിൽ കർണാടകസംഗീതം ശാസ്‌ത്രീയമായി പഠിക്കാനാരംഭിച്ചു.
 
‘എന്റടുക്കെ വന്നടുക്കും’ എന്ന പാട്ട്‌, ‘മേരിക്കുണ്ടൊരു കുഞ്ഞാട്‌’ എന്ന സിനിമയ്‌ക്കുവേണ്ടി പാപ്പുക്കുട്ടി ഭാഗവതർ പാടുമ്പോൾ 96 വയസ്സ്‌ കഴിഞ്ഞിരുന്നു! ഇതിനിടയിലുള്ള ഒമ്പത്‌ പതിറ്റാണ്ടുകളിലെ കലാജീവിതം നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗം‌.  
ജന്മശതാബ്‌ദിക്ക്‌ കെ ജെ യേശുദാസ്‌ സമ്മാനിച്ച ഉപഹാരം, പുരസ്‌കാരങ്ങളുടെ വൻശേഖരത്തിൽനിന്ന്‌ പ്രത്യേകം മാറ്റിവച്ചിരിക്കുന്നു.  സമകാലികനും കൂട്ടുകാരനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ പ്രശസ്‌തനായ മകൻ സമ്മാനിച്ചതെന്ന സവിശേഷത എങ്ങനെ മറക്കാൻ?
 
ദീർഘായുസ്സിന്റെയും ശാരീരിക മികവിന്റെയും രഹസ്യമാരാഞ്ഞപ്പോൾ‌ നൽകിയ മറുപടി ഭാഗവതരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. ‘ഭക്ഷണകാര്യങ്ങളിൽ ഭാര്യ ബേബിയുടെ നിർദേശങ്ങൾ കൃത്യമായി പിന്തുടരും. മദ്യപാനമില്ല, പുകവലിയുമില്ല!
 
അറുപത്‌ തികഞ്ഞപ്പോൾ ചെമ്പൈയോട്‌ എന്താണിനി മോഹം എന്ന്‌ ചോദിച്ചതിന്‌ നൽകിയ മറുപടി പ്രസിദ്ധം‌: ‘‘അനായാസേന മരണം.’ ചെമ്പൈയ്‌ക്ക്‌ അത്‌ ലഭിച്ചു എന്നതും നാമെല്ലാം ഓർക്കുന്നുണ്ട്‌. 107–-ാം വയസ്സിൽ പാപ്പുക്കുട്ടി ഭാഗവതർക്ക്‌ ലഭിച്ചതും അതുതന്നെ. രോഗബാധിതനായി ആശുപത്രിയിൽ കിടക്കാതെ സ്വസ്ഥമായ ഒരു വിടപറയൽ. ധന്യജീവിതത്തിന്‌ അനുരൂപമായ അന്ത്യം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top