15 September Sunday

ഒരുങ്ങുന്നു... ബൊമ്മമനെ

സതീഷ് ഗോപി sathishdbi@gmail.comUpdated: Sunday Apr 28, 2019

ഇന്ത്യയിലാദ്യമായി യക്ഷഗാന പാവകൾക്കായി മ്യൂസിയം ഒരുങ്ങുകയാണ്  കാസര്‍കോട്‌ പുലിക്കുന്നിൽ. പാവകളി കലാകാരന്‍ കെ വി രമേശിന്റെ പരിശ്രമഫലമായി ആയിരം യക്ഷഗാന പാവകളെയാണ് ഇവിടെ ഉടുത്തൊരുക്കുക

ഒരിക്കലെങ്കിലും യക്ഷഗാന ബൊമ്മയാട്ടം കണ്ടിട്ടുണ്ടോ നിങ്ങൾ. വർണവെളിച്ചം നിറഞ്ഞ അരങ്ങിൽ സർവാഭരണവിഭൂഷിതരായ പാവകൾ നിങ്ങളെ നയിക്കുന്നത് മായികമായ കഥാലോകങ്ങളിലേക്കാണ്. യുദ്ധരംഗം ഉൾപ്പെടെ വിരലുകളാൽ നിയന്ത്രിക്കുന്ന പാവകൾ ആടിത്തീർക്കുന്ന അത്ഭുതകല. ഭൗമശാസ്ത്രം പഠിച്ച കെ വി രമേശ് ബാല്യത്തിൽപോലും മണ്ണുകൊണ്ട് പാവകളെ മെനഞ്ഞിട്ടില്ല. എന്നാലിന്ന് ആ കൈകളിൽ വിരിഞ്ഞ വർണഭംഗിയാർന്ന ബൊമ്മകൾ കടൽ കടന്നുപോയി യക്ഷഗാന പാവകളി അരങ്ങുകളിൽ ബാലിയും സുഗ്രീവനുമൊക്കെ ആടിത്തിമിർത്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി യക്ഷഗാന പാവകൾക്കായി മ്യൂസിയം ഒരുക്കുകയാണ് ഈ കലാകാരൻ. കാസർകോട് പുലിക്കുന്നിൽ മറ്റ് ഏജൻസിയുടെ സഹായമില്ലാതെ നിർമിക്കുന്ന മൂന്നുനിലയുള്ള കെട്ടിടം  ഏതാണ്ട് പൂർത്തിയായി. അകത്ത് പാവകളെ ഒരുക്കുന്നത് പുരോഗമിക്കുകയാണ്.  ആയിരം യക്ഷഗാന പാവകളെയാണ് ഇവിടെ ഉടുത്തൊരുക്കുക. ഒരുകോടിരൂപയാണ് ഏകദേശ ചെലവ്. സ്വന്തമായി സ്വരൂപിച്ച പണം,  സഹോദരങ്ങളായ ഡോ. ഓംപ്രകാശ്,  എൻജിനിയറായ ശ്രീവത്സ എന്നിവരുടെ സഹായം, ബാങ്ക് വായ്പ എന്നിങ്ങനെയാണ്  മൂലധനം കണ്ടെത്തിയത്. കേരളത്തിൽ യക്ഷഗാനപാവകളിയുള്ള ഏകകേന്ദ്രം കാസർകോടാണ്.   പാവകളി പഠിക്കേണ്ടവർക്ക് ബൊമ്മമനെയിലേക്ക് സ്വാഗതം.
 

പാവകൾ വേഷമിടുന്ന യക്ഷഗാനം

സ്കൂൾ കലോത്സവങ്ങളിൽ അത്ഭുതത്തോടെ ആളുകൂടുന്ന മത്സരയിനമാണ് യക്ഷഗാനം. മുദ്രകളിലൂടെ ആശയപ്രകാശനം നിർവഹിക്കുന്ന കഥകളിയോട് വേഷവിതാനങ്ങളിൽ സാമ്യം. ‘സംസാരിക്കുന്ന കഥകളി’ എന്നുപോലും ചില ആസ്വാദകർക്ക് തോന്നാം. ‘ബയലാട്ട’വും ‘താളമദ്ദള’വുമായി കാസർകോടിന്റെ വടക്കേയറ്റത്ത് കർണാടക സംസ്കാരത്തിന്റെ അടയാളങ്ങളിലൊന്നാണ് യക്ഷഗാനം. തുളുഗ്രാമങ്ങളിൽ കോഴിപ്പോരും പോത്തോട്ടമെന്ന ‘കമ്പള’ക്കെട്ടിന്റെയും ആരവങ്ങളുയരുന്ന കാലത്ത് യക്ഷഗാനത്തിന്റെ മേളപ്പെരുക്കങ്ങളും കേൾക്കാം. നരകാസുരനും  രാവണനുമെല്ലാം അഭ്യാസത്തികവോടെ കറങ്ങിത്തിരിഞ്ഞ് അരങ്ങുപിളർക്കുന്ന അലർച്ചകളും കേൾക്കാം.  നാടോടി കലകളുടെയും ക്ലാസിക്കൽ നൃത്തരൂപങ്ങളുടെയും സമന്വയമാണ് യക്ഷഗാനം.  യക്ഷഗാനകുലപതി  പാർഥിസുബ്ബന്റെ നാട്  കുമ്പളയിലാണ്.  ഈ കലയിലെ ആചാര്യന്മാരായ ഷേണി  ഗോപാലകൃഷ്ണഭട്ടിനെപ്പോലുള്ള മഹാരഥന്മാരുടെയും മണ്ണ്. യക്ഷഗാന ബയലാട്ടത്തിൽനിന്നാണ് ബൊമ്മയാട്ടം ഇതൾ വിരിഞ്ഞത്. പാലക്കാട്ടെ പുലവരുടെ തോൽ പാവക്കൂത്തിനെ ബൊമ്മയാട്ടം അനുസ്മരിപ്പിക്കുന്നുണ്ട്.  യക്ഷഗാനപ്രമേയങ്ങൾ ലഘുരൂപത്തിൽ പാവക്കൂത്തിലൂടെ അവതരിപ്പിക്കും. പാവക്കളി ലോകമാകെ ശ്രദ്ധിക്കപ്പെട്ട കലാരൂപമാണെങ്കിലും പാവകളെ മുഴുവനായും ചലിപ്പിച്ച് നൃത്തമാടുന്ന യക്ഷഗാനപാവകൾ ആഗോളതലത്തിൽതന്നെ വേറിട്ട കലാവിസ്മയമാണ്. കൈകളിൽചുറ്റിയ ചരടുകളുപയോഗിച്ച് കളിത്തട്ടിനു പിന്നിലിരുന്നാണ് ഇവയെ നിയന്ത്രിക്കുന്നത്. സൂക്ഷ്മമായ കലാപാടവവും ശ്രദ്ധയും ആവശ്യമാണ് വിരലുകൊണ്ടുള്ള ഈ അഭ്യാസത്തിന്. കേരളത്തിലെ ഏകയക്ഷഗാന ബൊമ്മയാട്ട കേന്ദ്രമാണ് കാസർകോട്  പുലിക്കുന്നിലെ ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘം. മൂന്നു പതിറ്റാണ്ടിന്റെ പെരുമ പതിച്ച സംഘത്തിന് അന്താരാഷ്ട്ര അംഗീകാരങ്ങളുടെ മുദ്രയുമുണ്ട്. 
 

ആട്ടം തുടരുന്നു; കടലുകൾക്കപ്പുറം

ട്രൂപ്പിനെ നയിക്കുന്ന കെ വി രമേശും സംഘവും വർഷത്തിൽ പകുതിയോളം വിദേശപര്യടനങ്ങളിലാണ്. അമേരിക്ക, ചൈന, പാകിസ്ഥാൻ,   ചെകോസ്ലോവാക്യ, ഫ്രാൻസ്,   തുടങ്ങിയ രാജ്യങ്ങളിൽ   ബൊമ്മയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.  ചെകോസ്ലോവാക്യയിൽനിന്ന് പുരസ്കാരം നേടി. ഇതിനകം മൂവായിരത്തോളം വേദികളിൽ പാവയാട്ടം നടത്തി. രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ കഥകളാണ് അധികവും. രമേശ് തന്നെയാണ് പാവകളും ആടയാഭരണങ്ങളും ഏറെയും നിർമിക്കുന്നത്. ഒരു പാവ തീർക്കാൻ 15,000രൂപ വരെ ചെലവ് വരും. തടി ചിപ്ലിയിട്ടു മിനുക്കി ചായംതേച്ച് ഉടയാടകളും ആഭരണങ്ങളും അണിയിക്കുന്നു.  പുതിയ തലമുറക്കാർക്കും രമേശ് ഇതിൽ പരിശീലനം നൽകുന്നുണ്ട്.
കെ വി രമേശ്  യക്ഷഗാനപ്പാവയുമായി

കെ വി രമേശ് യക്ഷഗാനപ്പാവയുമായി

 

‘ന്യൂജെൻ’പാവകളി

പാവകളിക്കാർക്കു പുറമെ പാട്ടുപാടാൻ ഭാഗവതരും സംഭാഷണങ്ങൾ പറയുന്നതിന‌് മൂന്നുപേരും ചെണ്ട, മദ്ദളം തുടങ്ങിയ ഉപകരണക്കാർ തുടങ്ങി പതിനാറോളം പേർ  പണ്ടൊക്കെ ട്രൂപ്പിലുണ്ടാകും. ബാലിസുഗ്രീവയുദ്ധം, ലങ്കാദഹനം, പഞ്ചവടി, നരകാസുരവധം, ഗരുഡഗർവഭംഗം, ശ്രീദേവി മഹാത്മ്യം, ഇന്ദ്രജിത് തുടങ്ങി പത്തോളം കഥകളാണ് അവതരിപ്പിച്ചിരുന്നത്. കാലം മാറിയതോടെ പാവകളിയുടെ ദൈർഘ്യം ഒരു മണിക്കൂറായി ചുരുങ്ങി. ഭാഗവതർക്കും വാദ്യകലാകാരന്മാർക്കും സംഭാഷണം പറയുന്നവർക്കും പകരമായി ഇതെല്ലാം റെക്കോഡ‌് ചെയ്ത സിഡി വന്നു. ട്രൂപ്പിലെ ആളുകളുടെ എണ്ണം നേർപകുതിയായി. സിഡിയുടെ വരവോടെ ഇത് പൂർണമായും ‘ന്യൂജൻ’ കളിയായി മാറി.
 

ജീവിതം ബൊമ്മകൾക്കൊപ്പം

അരങ്ങിലേക്ക് കൂട്ടിക്കൊണ്ടുവന്നും പാവകളി സംബന്ധിച്ച പുസ്തകങ്ങൾ വാങ്ങിക്കൊടുത്തും അച്ഛനാണ് രമശിനെ പ്രോത്സാഹിപ്പിച്ചത്. സഹോദരങ്ങളും ഈ കലയിൽ നിപുണരാണ്. ജോലിത്തിരക്കാണ് അവരുടെ തടസ്സം. കാസർകോട്  ഗവ. കോളേജിൽനിന്ന് ജിയോളജിയിൽ ബിരുദമെടുത്ത രമേശ് ബൊമ്മകളോടുള്ള പ്രണയംമൂലം ഉന്നതപഠനവും  ഉപേക്ഷിച്ചു, വിവാഹവും വേണ്ടെന്നുവച്ചു.  ബൊമ്മയാട്ടത്തിന്റെ പിന്നരങ്ങ് തേടി ലോകരാജ്യങ്ങളിലെ കലാകാരന്മാർ കാസർകോട് നെല്ലിക്കുന്നിലെ രമേശിന്റെ വീട്ടിലേക്കാണ് എത്തുന്നത്. ഇനി അവരെ പുലിക്കുന്നിലെ ബൊമ്മമനെ’ (പാവകളുടെ വീട്) എന്ന മ്യൂസിയത്തിലേക്കാണ് അദ്ദേഹം സ്വാഗതം ചെയ്യുന്നത്.
പ്രധാന വാർത്തകൾ
 Top