09 February Thursday

കക്കുകളി

അശോകൻ വെളുത്തപറമ്പത്ത് asokan.vp@gmail.comUpdated: Sunday Nov 27, 2022

കക്കുകളി എന്ന നാടകത്തിൽനിന്ന്‌

ഒരു കളിയുടെ  ദാർശനിക വൈവിധ്യങ്ങളുമായി ചരിത്രത്തെ കണ്ണി ചേർക്കുകയാണ് കക്കുകളി എന്ന നാടകം. ആലപ്പുഴ പറവൂർ നെയ്‌തൽ നാടകസംഘമാണ്‌ രംഗത്ത്‌ അവതരിപ്പിക്കുന്നത്‌. കുട്ടികളുടെ നിഷ്‌ക്കളങ്കതയിൽ കളി നൈസർഗികമായ ഒരു സ്വയം പ്രകാശനമാണ്. ചില കുട്ടികളോട്‌ "കളിക്കരുത്’  എന്ന ശാസന പുറപ്പെടുവിക്കുന്നവരുടെ മനോനിലയെക്കുറിച്ചുള്ള സൂചനകളും നാടകം നൽകുന്നുണ്ട്. നാടക പശ്ചാത്തലം, ഒരു കന്യാസ്ത്രീ മഠവും സത്യത്തിന്റെയും സ്നേഹത്തിന്റെയും മാർഗത്തെക്കുറിച്ച് തികഞ്ഞ അവബോധമുള്ള തീരദേശവുമാണ്. പൗരോഹിത്യം എന്നും സമ്പന്നരുടെ പക്ഷം പിടിക്കുമ്പോൾ മണ്ണിൽ പണിയെടുക്കുന്നവന്റെ മോചനം ചെങ്കൊടിയുടെ തണലിലാണെന്ന തിരിച്ചറിവിന്റെ കാലത്തിലൂടെ നാടകം സഞ്ചരിക്കുന്നു. നിരാലംബരായ കുടുംബത്തിൽനിന്ന് പെൺകുട്ടികളെ മഠം ദത്തെടുക്കുന്നതിന്റെ പിന്നിലെ ചൂഷണവും നീതി നിഷേധവും സമർഥമായ രീതിയിൽ നാടകം കൈകാര്യം ചെയ്യുന്നു.

കറുത്തവളായ നടാലിയ കന്യാസ്ത്രീമഠത്തിലെത്തുമ്പോൾ സിൻഡ്രലയെപ്പോലെ മഠത്തിലെ രണ്ടാനമ്മമാരുടെ ക്രൂരദാസ്യത്തിന് വിധേയയാകുന്നുണ്ട് .അപ്പൻ മരിച്ചു കിടന്നപ്പോൾ പോക്കറ്റിൽനിന്നു കിട്ടിയ പുളിങ്കുരുകിഴിയും തന്റെ പ്രിയ കമ്പോടുമിട്ട തകര ടിന്നും  മഠത്തിന്റെ മുറ്റത്ത് കുഴിച്ചിടാൻ പറഞ്ഞപ്പോൾ അവൾ അതിനുമുകളിൽ ഒരു തെച്ചിക്കമ്പുകുത്താൻ മറക്കുന്നില്ല. അതിന്റെ കാരണമാകട്ടെ അവളുടെയുള്ളിൽ അപ്പന്റെ ഓർമകൾപോലെ മരിക്കാത്ത ഒരു കമ്യൂണിസ്റ്റ് മനസ്സ് ഉള്ളതുകൊണ്ടാണെന്ന് പ്രേക്ഷകന് മനസ്സിലാക്കാൻ കഴിയും. വിശ്വാസികൾക്കും കറകളഞ്ഞ സഖാക്കൾക്കുമിടയിൽ രൂപപ്പെടുന്ന സന്ദേഹങ്ങൾ തന്മയത്വത്തോടെ നാടകം കൈകാര്യം ചെയ്യുമ്പോൾ സഭയെയല്ല, സഭയ്ക്കുള്ളിലെ പൗരോഹിത്യം മനുഷ്യ വിരുദ്ധമാകുന്നിടത്താണ് നാടകം ക്രിയാത്മകമാകുന്നത്.

സാങ്കേതികമായി ഉയർന്നുനിൽക്കുന്ന പള്ളിമേടയിലെ ഹുങ്കാരങ്ങളെ മണ്ണിൽ പുതഞ്ഞുപോയ ചെങ്കൊടിയേന്തിയവർ ചോദ്യം ചെയ്യപ്പെടുമ്പോൾ അടിസ്ഥാന വർഗം ഉന്നയിക്കുന്ന നീതിബോധത്തെ ചെറുക്കാൻ വെറും വചനങ്ങൾ മതിയാകില്ലെന്ന് കറുമ്പൻ സഖാവ് തെളിയിക്കുന്നു. നടാലിയ മാത്രമല്ല മറുവാക്കില്ലാത്ത മഠത്തിന്റെ അലിഖിത നിയമത്തിനു മുമ്പിൽ എരിഞ്ഞില്ലാതായിപ്പോകുന്ന പാവം കന്യാസ്ത്രീകളുടെയും ജീവിത പരിച്ഛേദമായി ചിലപ്പോൾ നാടകം മാറിപ്പോകുന്നുണ്ട്. കറുമ്പൻ സഖാവിന്റെ മരണശേഷം, ദാരിദ്ര്യം കാരണം അമ്മ കന്യാസ്ത്രീ മഠത്തിലെത്തിച്ച നടാലിയ എന്ന കുട്ടിയുടെ  പീഡാനുഭവങ്ങളിലൂടെ ഒരു കാലഘട്ടത്തിലെ വർഗസമര ചരിത്രത്തിലേക്ക് "കക്കുകളി" എത്തിച്ചേരുന്നുണ്ട്.

ആലപ്പുഴയിലെ തീരദേശ മേഖലയിൽ ഉണ്ടായ ഒരു ചരിത്ര സംഭവത്തെയാണ്‌ ഗൗരവ ചോർച്ചയില്ലാതെ രംഗത്തവതരിപ്പിക്കുന്നത്‌. കടലോര ജനതയുമായി ചേർന്നു നിൽക്കുന്ന സംഭാഷണങ്ങൾ, അവരുടെ കലാരൂപങ്ങൾ, പ്രയോഗങ്ങൾ എന്നിവ നാടകത്തെ സ്ഥിരം കെട്ടുകാഴ്ചകളിൽനിന്ന് മാറ്റിനിർത്തുണ്ട്. നടാലിയയായി അഭിനയിച്ച മാളു ആർ ദാസ് ആ കഥാപാത്രവുമായി  താദാത്മ്യം പ്രാപിക്കുകയായിരുന്നെന്ന് പറയാം. തികഞ്ഞ രാഷ്ട്രീയവബോധത്തോടെ ചരിത്രത്തെ വിശകലനം ചെയ്യുവാനുള്ള സംവിധായകൻ ജോബി മഠത്തിലിന്റെ നാടകപരിചയം തന്നെയാകാം ഫ്രാൻസിസ് നെറുണയുടെ ഈ കഥയെ മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top