29 October Thursday

‘കലാ'പത്തിന്റെ തുരുത്ത് അഥവാ വിഷ്‌ണുപ്രസാദിനൊരു പ്രേമലേഖനം!

സുരേഷ്‌ നാരായണൻ psnsuresh@gmail.comUpdated: Sunday Sep 27, 2020

മുൻകൂർ ജാമ്യം: വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കവിതയ്‌ക്ക്‌ വേറിട്ട വഴികളിലൂടെ തന്നെ നിരൂപണവും വേണ്ടേ. അതുകൊണ്ടാണ് പ്രണയലേഖനത്തിൽ പൊതിഞ്ഞ് ഇതു സമർപ്പിക്കുന്നത്!

 
മിടുക്കനായ കർഷകൻ താറാവിൻ കൂട്ടങ്ങളെ കായലിലേക്ക് ഇറക്കിവിടുന്നത്‌ പോലാണു മാഷേ, ങ്ങള് ബിംബങ്ങളെ കവിതയിലേക്കിറക്കി വിടണത്.
 
വാക്കുകളെക്കൊണ്ട് ങ്ങള്
ചിന്നം വിളിപ്പിക്കുമ്പ
ഭഗന്ദരം എന്ന വാക്കിനുപോലും ഭംഗി.
 
‘മഴയുടെ ബ്രഷ് കൊണ്ട് മുറ്റമാകെ പച്ചപ്പുല്ലുകൾ വരയ്‌ക്കുന്നു' എന്നെല്ലാം എഴുതിയാൽ ഞെളിപിരി കൊള്ളാതെ ഞാൻ പിന്നെന്താ ചെയ്യാ മാഷേ!
 
പിന്നെ പറയേണ് ‘ഒരുപറ്റം സങ്കടങ്ങൾ പറന്നിറങ്ങുന്ന പച്ച പുൽമേടാ ഞാൻ'ന്ന്..
 
‘സങ്കടങ്ങളെ ഞാൻ സന്തോഷം എന്നു വിളിച്ച് നിരന്തരം കളിയാക്കു'മത്രേ !
 
പിന്നെ ‘റാ' പോലത്തെകവിതോളെഴുതീറ്റ് ഒരു കവലയെ ഒന്നാകെ ഷോക്കടിപ്പിക്ക്ണ്. ‘പ്രേമം മൂത്ത് ആ കവല ഞങ്ങടെ പിന്നാലെ കുറച്ചുദൂരം ഓടി' എന്നൊക്കെ പഹയൻ എഴുതിയേക്കണു.
 
‘തീ'ക്കവിതയെഴുതി എഹ്സാൻ ജാഫ്രിയുടെ ആത്മാവിനെ മാഷു വിളിച്ചു വരുത്തുമ്പോൾ ‘കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അടക്കിപ്പിടിച്ച  കരച്ചിൽ ഇറങ്ങിവരുന്നു' ‘എല്ലാ സുഗന്ധങ്ങളും  വാരിപ്പൂശിയിട്ടും എങ്ങനെയൊക്കെ പ്രാർഥിച്ചിട്ടും ഈ നഗരത്തിൽ  നിന്നവ ഒഴിഞ്ഞു പോകുന്നില്ല' എന്നു തുടർന്നെഴുതുന്നു.
   
മാഷേ,
പ്രണയത്തേയും അടക്കിപ്പിടിച്ച്
എത്ര നാൾ നമ്മളൊളിച്ചിരിക്കും? 
അത് ചോദിക്കുമ്പോ,
ഇങ്ങള് തിരിച്ചു പറയ്ന്ന് 
"മരണം എത്രയേറെ സാധ്യതകളുള്ള ആവിഷ്‌കാര മാധ്യമമാണ്'ന്ന് !
 
നിങ്ങളൊറ്റുകാരെ കണ്ടട്ട്ണ്ടോ? ഇല്ലെങ്കില് പിന്നെങ്ങനെയാ പച്ചിലകളുടെ ആകാശം എന്ന കവിത എഴുതാമ്പറ്റുക. ‘എല്ലാ മരച്ചുവട്ടിലും പുളിയുറുമ്പിന്റെ മണമുള്ള പെണ്ണുങ്ങളെ' കാണ്ക?
 
ഇരുട്ടിനെ കീറിക്കീറി എങ്ങട്ടാ ങ്ങടെ ഈ പോക്ക്, ‘നന്നാക്കിയതും നന്നാക്കാത്തതുമായ ചെരിപ്പുകൾ വാവിട്ടു കരയുന്നു. പണി സാധനങ്ങൾ തേങ്ങിത്തേങ്ങിക്കരയുന്നു' എന്നൊക്കെ എഴ്തി ന്നെ വെഷമിപ്പിച്ചിറ്റ്. നിലാപ്പൊറ്റ എന്ന പുതിയ വാക്കുകളൊക്കെ ഉപയോഗിക്കേണ്ടിവരും മാഷേ ‘ഞാനുണ്ട്' എന്ന കവിതേടേ  ഭംഗി അളക്കാൻ.
 
പുഴവെള്ളത്തിക്കൂടെ ഒരു പൂന്തോട്ടം ഒഴുകിവന്ന പോലുണ്ട് അടുത്ത കവിത (കാഴ്‌ചയുടെ അതാര്യസ്‌തരം)
 
ന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കണില്ലെന്റെ മാഷേ.. മാഷൊരു വരവ് കൂടി വരേണ്ടിവരും!
 
ആ,  എന്നോടന്നു പറഞ്ഞതോർമ്മേണ്ടോ..
 
നിന്നെ പ്രേമിക്കുമ്പോൾ ഞാൻ ഭൂമിയെ, പൂക്കളെ, മരങ്ങളെ, പുഴകളെയാണ് പ്രേമിക്കുന്നത് ന്ന്!
 
അതു പോലേണ്ട്  ദാ ഈവരികള്:
 
‘നദികളായ നദികളിലെ ഈ രക്തം മുഴുവൻ അവളുടേതാണ്. അവളുടെ മാംസമാണ് ഈ മരങ്ങളിൽ നിറയെ കായ്ച്ചു കിടക്കുന്നത്.അവളുടെ ശ്വാസമാണ് ഈ താഴ്‌വരകളിൽ കെട്ടിക്കിടക്കുന്ന കാറ്റ്. അവളുടെ ഗന്ധമാണ്  പൂക്കളിൽനിന്ന് ഇറങ്ങി വരുന്നത്!'
 
ങ്ങക്ക് വേറെ പുത്യേ കാമുകിമാർ ആരെങ്കിലുംണ്ടോ?!ഇണ്ടെങ്കിത്തന്നെ, അവർക്ക്  ‘17 വർഷങ്ങൾ' എന്ന കവിത വായിക്കാൻ കൊടുക്കല്ലേ.. വായിച്ചു കഴീമ്പോ കുറേനേരത്തേക്ക് മനസ്സിലെ വൈദ്യുതിപ്രവാഹം നിലച്ചാ പോകും!
 
ദൈവമേ, അതിലും തീവ്രമാണല്ലോ ‘ആൽബം.'  ‘ഇവിടെ എല്ലാ വീടുകളിലും ഉണ്ട്  മരിച്ചു പോയ ഒരു കുഞ്ഞിന്റെ ആൽബം. നിസ്സഹായമായ ഒരു പുഞ്ചിരിയോടെ പൂന്തോട്ടം.'
 
ഇങ്ങനെയൊക്കെ എഴുതുന്ന ആളെ ചേർത്തു പിടിക്കാതെ പിന്നെന്തു ചെയ്യും?!
 
കവിതയെ എഴുതുകയല്ല, പ്രാപിക്കുകയാണല്ലോ ചെയ്യുന്നത്! ന്റെ തീൻമേശ കാലിയാവുന്നതുപോലെ 
മാഷിന്റെത് ആവുകില്ല. 
 
കവിതയുടെ തീൻമേശയിലെ 
വിചിത്ര വിഭവങ്ങൾ 
അത്തരത്തിൽ ആണല്ലോ.!
‘യുദ്ധങ്ങൾ തിന്നാണ്
ചരിത്രംവളരുന്നത്'
എന്നും 
‘അടുപ്പിൽ പട്ടിണി മാത്രം പുകഞ്ഞു' എന്നുമൊക്കെ എഴുതിയാലത് 
വായിച്ചു കൊണ്ടേയിരിക്കും. 
 
മരിച്ചവർക്ക് മാത്രമറിയുന്ന ഊടു വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ നമ്മുടെ ചാറ്റ് ബോക്‌സിൽ വന്നു ഞെട്ടിക്കുന്ന്ണ്ട് മാഷേ  ‘സോദോം-ഗൊമ്റ്‌’.
 
കവിതയുടെ കാളിയമർദനം ല്ലേ ‘ഇരുചക്രത്തി'ൽ... ലഹരിയുടെ കുപ്പി തൊറക്കുന്നത് പോലെ.!
 
എന്റെ ഊർജമെല്ലാം 
പൊയ്‌പോകുന്നു മാഷേ!
 
ഈ പുസ്‌തകമതിന്റെ കണികകളെയപ്പാടെ  എന്നിൽനിന്നു വലിച്ചെടുക്കുകയാ. ഓരോ കവിതയും ഓരോ ശിഖരങ്ങള്. അതിൽ ചവിട്ടി ചവിട്ടി മുകളിലേക്ക് മുകളിലേക്ക് കയറിപ്പോക്‌ന്ന്‌ 
കവി മാഷ്.!
 
ഇനി ഞാൻ കുറച്ച് ഫിലോസഫിക്കലാകാമ്പോവാ! ഊർധ്വൻ വലിക്കുന്ന മലയാളകവിതയുടെ ശരീരത്തിലേക്ക് ലിംഗവിശപ്പിലെ ഓരോ കവിതകള് ഓരോ ദിവസോം കുത്തിവെക്കണം! കൊത്തിവെക്കണം!
 
കിടപ്പുമുറികളിലും ശൗചാലയങ്ങളിലും  എല്ലാം കുറേ ചുറ്റിത്തിരിയുന്നുണ്ടെങ്കിലും സമൂഹം തന്ന്യാണ് ഈ കവിതകളുടെ ആശുപത്രി വരാന്ത!

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top