23 January Wednesday
അതിഥി /ഓർമ

മുടിക്കൽപുഴ തരുന്ന നാട്ടുകവിതകൾ

നന്ദനൻ മുള്ളമ്പത്ത്‌Updated: Sunday May 27, 2018
എന്റെ നാടാണ് എന്റെ കവിത. കലർപ്പ് കുറഞ്ഞ നാട്ടുപ്രകൃതിയും മനുഷ്യരും ജന്തുജീവികളും സംഭവങ്ങളും പഴങ്കഥകളും ഇരുട്ടും വെളിച്ചവുമായി വന്ന് കവിതയുടെ തളിരും ചില്ലയും പൂവും തരുന്നു. ഞങ്ങളുടേത് മുടിക്കൽപുഴയുടെ നാടായതിനാൽ ഞാനതിനെ മുടിക്കൽ പുഴ പറഞ്ഞുതരുന്ന കവിതകളെന്ന് വിളിക്കുന്നു. പുറത്തറിയാതെ പോകുന്ന ചെറിയ നാട്ടൊഴുക്കാണ് മുടിക്കൽ പുഴ. മൂടിപ്പോയ ചെറുദേശങ്ങളുടെയും പുറമ്പോക്കു ജീവിതങ്ങളുടെയും ജൈവികമായ പ്രാതിനിധ്യം കരകൾകൊണ്ടും ആഴങ്ങൾകൊണ്ടും അതേറ്റുപറയുന്നു. മുടിക്കൽ പുഴയും കവിതയാണ്. ഒഴുകുമ്പോഴും നിൽക്കുമ്പോഴുമുള്ള അതിന്റെ നാട്ടുമനോഭാവവും ഭാഷയുമാണ് എന്റെ എഴുത്ത്. ആദ്യ കവിതാസമാഹാരം 2013ൽ ഡിസി ബുക്സ് പുറത്തിറക്കിയപ്പോൾ അതിന് കൊടുത്ത പേരും മുടിക്കൽ പുഴ എന്നായിരുന്നു.
 
 മലയിറങ്ങിവരുന്ന കാറ്റിൽ കാട്ടുജീവികളുടെ മുയിങ്ങുമണമുള്ള കണ്ടൻചോല എന്ന കുന്നുമ്പുറത്തായിരുന്നു എന്റെ കുട്ടിക്കാലം. അടുത്ത ചങ്ങാതിയായി പ്രകൃതി കൂടെത്തന്നെയുണ്ടായിരുന്ന അവിടുത്തെ ബാല്യജീവിതം കവിത നിറഞ്ഞതായിരുന്നു. അക്കാലത്തിന്റെ വിട്ടുമാറാത്ത ഓർമകൾ തന്ന കവിതകളിൽ ചിലതാണ് രാത്രിയും കല്ലുവാഴയും. 
 
മരുതുമരങ്ങളെ
കല്ല്യാണപ്പുരകളാക്കിയ
മിന്നാമിനുങ്ങുകൾ
എകരം കാരിവന്ന കാറ്റിന്റെ കൂറ്റ്
കരിങ്ങണ്ണി, കരുവേര
കണ്ടത്തിൽ
ചെരട്ട ചെരിയും പോലെ മണ്ണട്ടകൾ
കണ്ണുകളിൽ ബൾബും മിന്നിച്ച്
പാഞ്ഞുപോയൊരു മുള്ളൻപന്നി
ആരോ മരിച്ചപോലെ കുറുക്കൻ കൂക്കി
മുതിയോലയിൽ ഒരാന ചിന്നം വിളിക്കുന്നു
മുട്ടവിളക്ക്, കട്ടപ്പുര
ഇരുട്ടുകൊണ്ട് കുന്നിൻ നെഞ്ഞിൽ
ഇതെല്ലാമെഴുതിവെച്ചിരുന്നു
രാത്രി
- (രാത്രി)
 
കുറുതായ പാറപ്പുറം
കല്ലുവാഴത്തോട്ടം
പാറക്കറുപ്പത് പച്ചപൂശി
വേനലിൽ ഉറക്കം
മഴയത്ത് പടർച്ച
പാറമണ്ണും പക്ഷിക്കാട്ടവും
അതിന്റെ വളം
കല്ലുവാഴക്കും കുറിയ കുല
കുലതിന്ന് കുരുതൂറും
കള്ളൂണിക്ക്
ഇരുട്ടിൽ പാറപ്പുറത്ത്
കല്ലുവാഴ കൃഷി     (കല്ലുവാഴ)
 
 ഓർമകളുമായി വന്ന് നടപ്പുജീവിതത്തിന് ഉശിരുപകരുന്ന ചെറുത്തുനിൽപ്പിന്റെയും സമരകാഹളങ്ങളുടേതുമായൊരു രാഷ്ട്രീയ പാരമ്പര്യമുള്ള മണ്ണാണ് ഞങ്ങളുടേത്. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കുള്ള ദേശത്തിന്റെ ചരിത്രമുന്നേറ്റത്തിന് ചോരയും നീരും പകർന്നവർ നിരവധിയാണ്. അവരിലധികം പേരും ഇന്നില്ല. എപ്പോഴും ഓർമകളിൽ കൂടെയുണ്ടാവേണ്ടവരാണവർ. പോരാളികളിലേക്ക് പോകുമ്പോൾ ഓർമയുടെ നീതിബോധം കവിതയായി മാറുന്നു. മരിക്കാൻ പാടില്ലാത്ത ഓർമകളുടെ നാട്ടുകവിതയാണ് മരിക്കാത്തവർ. 
 
പഴയനാളുകൾ ഇന്നാലോചിക്കുമ്പോൾ
നിറച്ചും മരിച്ചവർ 
പാർടിക്കുവേണ്ടി പാട്ടുപാടി നടന്ന
മൊയിലോത്ത് കണാരേട്ടൻ
കോളറയും വസൂരിയും കൊന്നവരെ
മറവുചെയ്യാൻ പോയ
കുഞ്ഞിപ്പറമ്പത്ത് കണ്ണേട്ടൻ
ഒന്നുമില്ലാത്തവർക്ക്
റേഷൻ കാർഡുണ്ടാക്കിയ
ആനക്കുഴി കണാരൻമാഷ്
ജപ്പാനെതിരെ നാടകം കളിച്ച
കല്ലുമ്മൽ ബാലേട്ടൻ
ജീവൻ പണയം കൊടുത്തും
പാർടി ഷെൽട്ടറുകൾക്ക്
രഹസ്യക്കത്തുകൾ കൈമാറിയ ചാത്തച്ചൻ
സാർവദേശീയ ഉരുൾപൊട്ടലുകളെ
ദേശത്തിനു ക്ലാസെടുത്ത എം കണ്ണൻമാഷ്
ജാഥകളിൽനിന്നും ജാഥകളിലേക്ക്
ചെരുപ്പിടാതെ ചെന്ന പി പി  പൊക്കേട്ടൻ
അടുക്കളയുടെ കരിങ്ങിൽനിന്നും
സമരത്തിന്റെ ചോപ്പിലേക്ക് വന്ന മാധവിയമ്മ
ആശുപത്രിയും വെളിച്ചവും കൊണ്ടുവന്ന
എ പി കുഞ്ഞിക്കണ്ണൻ
അവസാനിക്കരുതെന്നാശിച്ച പ്രസംഗം കൊണ്ട്
ആളുകളെ അതിശയിപ്പിച്ച
കല്ലുകൊത്തി കുമാരേട്ടൻ
തലതല്ലിപ്പൊളിച്ച പൊലീസിനോട്
നിന്റച്ചനും പൊലീസാണെങ്കിൽ
ഓനുമെന്നെ തല്ലിയിട്ടുണ്ടാകുമെന്നു പറഞ്ഞ
സഖാവ് കേളുവേട്ടൻ
കേളുവേട്ടനെ ഒളിവിൽ പാർപ്പിച്ച
കോമന്റെമൂല മാതാമ്മ
ഉറക്കമില്ലാത്ത യുവത്വം കൊണ്ട്
സമരകാലങ്ങളുടെ പോസ്റ്ററെഴുതിയ
എൻ കെ സി.
സിരകളിൽ അഗ്നിത്തിരികൾ കൊളുത്തിയ
പടപ്പാട്ടുകളെഴുതിയ കെ ടി നാണു
നിറച്ചും മരിച്ചവർ
ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പിന്
കൈപൊന്തിച്ചു വോട്ടുചെയ്തവരിൽ
കുറൂളി കണ്ണേട്ടൻ ജീവിച്ചിരിപ്പുണ്ട്
പഴയ നാളുകൾ ഇന്നാലോചിക്കുമ്പോൾ
ആരും മരിച്ചിട്ടില്ലെന്ന്
കുറൂളി കണ്ണേട്ടൻ പറഞ്ഞു
 
 നാട്ടുകാരാണ് എന്റെ കവിതയുടെ ആദ്യവായനക്കാർ. പലപ്രായങ്ങളിലും നിലകളിലുമുള്ള ധാരാളം മനുഷ്യർക്ക് ഞാനെന്റെ കവിതകൾ വായനയ്ക്കു നൽകുന്നു. അക്ഷരമറിയാത്തവർക്ക് അടുത്തിരുന്ന് വായിച്ചുകൊടുക്കും. ഒറ്റയ്ക്കും കൂട്ടായും ആളുകളോട് എപ്പോഴും കവിത പറയുന്നു. കല്യാണപ്പുരകളും മരണവീടുകൾപോലും എന്റെ കവിയരങ്ങുകളാണ്. അവർക്കറിയാവുന്ന നാട്ടനുഭവങ്ങളാണ് ഞാനെഴുതുന്നതിലധികവുമെന്നതിനാൽ അവരുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാകുന്നു. അതിനനുസരിച്ച് എഴുത്ത് മാറിവരുകയും വളരുകയും ചെയ്യുന്നു. മറ്റുള്ളവരുടെ നിരീക്ഷണ നിർദേശങ്ങൾകൊണ്ട് എനിക്കുള്ള പലതരം പരിമിതികളും അപൂർണതയും മറികടക്കാൻ ശ്രമിക്കുകയാണ്. എന്റെ എഴുത്ത് എന്റേതുമാത്രമല്ല. അതിലിടപെടുന്നവരുടെ നിലപാടുകളും നിർമാണസങ്കൽപ്പങ്ങളും പലപ്രകാരത്തിൽ അതിൽ ഉൾച്ചേർന്നുകിടക്കുന്നുണ്ട്. നാട്ടുജീവിതത്തിന്റെ സാമൂഹ്യമായൊരു കൂട്ടുൽപ്പന്നമാണ് പലപ്പോഴും എന്റെ കവിതകൾ. അങ്ങനെവരുമ്പോൾ അതിനുള്ള മനോഭാവത്തിന് രാഷ്ട്രീയമായൊരു മാനം കൈവരുമെന്ന് കരുതുന്നു. എഴുത്തും വായനയും വലിയ രാഷ്ട്രീയ പ്രവർത്തനമാണ്.
പ്രധാന വാർത്തകൾ
 Top