08 December Wednesday

കഥയിൽ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്റെ പൊള്ളലുകൾ

വി ജയദേവ്‌Updated: Sunday Sep 26, 2021

കഥ ശരിക്കും എന്താണ്‌ എന്ന ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്ന അവസ്ഥ മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ പലവട്ടം ചോദിക്കപ്പെട്ട ചോദ്യം. കഥയുടെ പുതിയ ലാവണ്യശാസ്‌ത്രം നിർണയിക്കാനല്ല അത്.  കഥയ്‌ക്ക്‌ ഏകതാനമായ ലാവണ്യസിദ്ധാന്തങ്ങൾ ഒരുകാലത്തും ഒരുഭാഷയിലും സാധ്യമായിട്ടില്ല.  നിർവചനങ്ങളെയും ലക്ഷ്‌മണരേഖകളെയും ഉല്ലംഘിച്ചുകൊണ്ട് കുതറിയോടുകയാണ് കഥ.  

മറ്റൊരു എഴുത്തുരൂപത്തിനും ഈ സ്വാതന്ത്ര്യക്കെട്ടുപാടറുക്കലുകളില്ല. നോവലിൽ നിയതമായ വാർപ്പുമാതൃകകൾ ഉണ്ട്. അതിനപ്പുറത്തേക്കു പരിമിതമായ എഴുത്തുചാട്ടങ്ങൾ അതു നടത്തുന്നുമുണ്ട്.  

കഥയ്‌ക്ക്‌ രചനാപരവും ഘടനാപരവുമായ വേഗപ്പൂട്ടുകൾ അക്കാദമിക് തലത്തിൽ രൂപപ്പെടുത്താൻ ശ്രമമുണ്ടായിട്ടില്ല എന്നല്ല. മറിച്ച്, കഥ വിലക്കുകളെയും പരിമിതികളെയും   അതിലംഘിക്കുകയാണ്. എഴുപതുകൾക്കു ശേഷമുള്ള  കഥകൾ പരിശോധിച്ചാൽ എഴുത്തിലെ വൈവിധ്യങ്ങൾ അന്ധാളിപ്പിക്കാൻ പോന്നതാണ്. 

അതിൽപ്പിന്നെ മലയാളംകഥ രചനാസങ്കേതം കൊണ്ടും പ്രമേയപരമായും ഘടനാവിച്ഛേദങ്ങൾ കൊണ്ടും വായനയെ വഴിതെറ്റിച്ചു. ഭാവനയുടെ ദുർനടപ്പുകൾ കഥയെ പല മാനങ്ങളിലേക്കു വളർത്തി. ഈയൊരു എഴുത്തുചാട്ടം കഥയെ അപേക്ഷിച്ച്‌ മലയാളത്തിലെ മറ്റൊരു എഴുത്തുരൂപത്തിലും ഉണ്ടായിട്ടില്ല.     

ഈയടുത്ത കാലത്തു മാത്രമാണ്, കുറച്ചെങ്കിലും അതിന് അപവാദമുണ്ടായത്. കഥയെന്നാൽ എന്താണു കഥ എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നതും അതുതന്നെ. കഥ തത്‌കാല വിവരണം ആവുന്നതിൽ തെറ്റില്ല എങ്കിലും അതൊരു റണ്ണിങ് കമന്ററിയോ ചാനൽ റിപ്പോർട്ടോ ആകുന്നത് കല അല്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ മലയാളം കഥ പരിശ്രമിക്കുന്നുണ്ട്.

ഇങ്ങനെ വർത്തമാനകാലത്തിന്റെ പൊതുരാഷ്ട്രീയത്തിൽ നിന്നു വിച്ഛേദനം നടത്തി കാണുന്നതിന്റെ സൂക്ഷ്‌മരാഷ്‌ട്രീയത്തിലേക്കു കടക്കാൻ ശ്രമിക്കുന്ന  കഥകളാണ് മനോജ് വീട്ടിക്കാട് പറയുന്നത്.  അപ്രത്യക്ഷമാകുന്നവരുടെ നഗരം  എന്ന സമാഹാരത്തിലെ ഓരോ കഥയും ഈ കുതറിമാറലിന്റെ ഊർജം പേറുന്നു. പൊതുചരിത്ര നിർമിതിയിൽനിന്ന്‌ പുറത്തുപോയി മറ്റാരും നോക്കാത്ത അവസ്ഥകളെ മനനംചെയ്‌തു സൂക്ഷ്‌മരാഷ്‌ട്രീയത്തെ വിവരിക്കാൻ ശ്രമിക്കുകയാണ് ഓരോ കഥകളും. അത് ഉറക്കെ മുദ്രാവാക്യം മുഴക്കുന്നില്ല. എന്നാൽ, സൂക്ഷ്‌മരാഷ്‌ട്രീയത്തെ ഒരു പൊള്ളലാക്കി വായനക്കാരെ നീറ്റുന്നുമുണ്ട്.  

സ്‌ത്രൈണം എന്നതു മനോജിന്റെ കൈയൊപ്പുള്ള കഥയാണ്. നിരൂപകൻ എന്ന നിലയിൽ കഥയുടെ മർമങ്ങൾ അറിയുന്ന  എഴുത്തുകാരനെന്ന നിലയിൽ മനോജിന് അങ്ങനെ ആകാതിരിക്കാനുമാകില്ല. ജൈവികമോ മാനുഷികമോ ആയ ഒരു ഇടപെടലുമില്ലാതെ പെണ്ണിനെ ഉൽപ്പാദിപ്പിക്കുന്ന ഹാച്ചറിയെക്കുറിച്ച്‌ നാളിതുവരെ മലയാളം കഥ വായിച്ചിച്ചില്ല. ഇതൊരു നവനിർമിതി തന്നെ. ചാനൽ റിപ്പോർട്ടിങ് അല്ല.

ഇതിൽ വായനയെ ഏറ്റവും സുന്ദരമാക്കുന്നതു ചുറ്റുമുള്ള സമൂഹത്തിലെ ഒന്നിനെയും അതേപടി പറഞ്ഞുവയ്‌ക്കുന്നില്ല എന്നതാണ്.  ഒരു നിയോ പോസ്റ്റ്മോഡേൺ റിയാലിറ്റി ഉരുത്തിരിയുകയാണെന്നതിന്റെ ലക്ഷണങ്ങൾ.

മനോജിന്റെ കഥകളിൽ ഈയൊരു സാഹിത്യപരിസരത്തിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. ഫിക്‌ഷനെ കൃത്രിമമായി നിർമിക്കുക തന്നെയാണ്. അതിന്റെ എല്ലാ രാഷ്ട്രീയശരികളോടെയും തന്നെ.

അധികം നീളമില്ലാത്ത ചില ജീവിതങ്ങളിലെ ജയന്തിയും ഭൂമിലാൽ എന്ന കഥയിലെ ഭൂമിലാലും ജോസഫിലെ മറിയയും അപ്‌സര പി പത്തു ബിയിലെ അപ്‌സരയും സമകാലിക രാഷ്ട്രീയാവസ്ഥകളുടെ പലവിധ സൂചകങ്ങൾ തന്നെയാണ്. നമ്മൾ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ നേർ ഇരകൾ തന്നെയാണ്. ദുരന്തങ്ങളിലേക്കു പരകായപ്രവേശം നടത്തുന്ന ഇവർ വായനക്കാരുടെയും തന്നെ പ്രതിനിധികളാകുന്നുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top