17 November Sunday

അമേഠിയൻ അപാരത

സൂക്ഷ്മൻUpdated: Sunday May 26, 2019

വയനാട് എംപി എന്ന സ്ഥാനമേ ഇനി രാഹുൽ ഗാന്ധിക്കുള്ളൂ. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇനിയും അവതരിക്കണമെങ്കിൽ അഞ്ചുകൊല്ലം കഴിയണം. ഇതാ രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കാൻ ജന്മമെടുത്ത നേതാവ് ചുരംകയറി വരുന്നു; അനുഗ്രഹിക്കൂ; ആശീർവദിക്കൂ എന്ന് ഇനി ഒരു കോൺഗ്രസ‌് നേതാവും പറയില്ല. രാഹുൽ  അമേഠി നിലനിർത്തുമോ, വയനാടിനെ കൈവിടുമോ എന്ന ചോദ്യവും ഇനിയില്ല. അമേഠിക്കാർ രാഹുലിനെ കൈവിട്ട സ്ഥിതിക്ക് വയനാട്ടിൽ രാഹുലിന്റെ പാദുകങ്ങൾകൊണ്ട് കോൺഗ്രസ‌് അഞ്ചുകൊല്ലം പൂജ നടത്തുമെന്ന് പ്രതീക്ഷിക്കാം. ഫലത്തിൽ പ്രധാനമന്ത്രിയെ പ്രതീക്ഷിച്ച വയനാടിന് നേരാംവണ്ണം ഒന്ന് കാണാൻ പറ്റുന്ന എംപിപോലും ഇല്ലാതായി. 

വായിൽ വെള്ളിക്കരണ്ടിയുമായി  നെഹ്‌റു കുടുംബത്തിൽ പിറന്നുവീണ രാഹുലിന് പാർടി നേതൃത്വം പൈതൃകമായി ലഭിച്ച സന്പത്താണ്. അമ്മ സോണിയ അരികിലെത്തിയ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ച് യുപിഎയെ നയിച്ചു. അച്ഛൻ, മുത്തശ്ശി, മുതുമുത്തശ്ശൻ എന്നിവർ പ്രധാനമന്ത്രിമാരായിരുന്നു. അങ്ങനെ, ഇന്ത്യ ഭരിക്കാനായി ഉഴിഞ്ഞുവയ‌്ക്കപ്പെട്ട കുടുംബത്തിലെ സന്തതി 2004ലാണ് ഔപചാരികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആ വർഷംതന്നെ, ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന‌് ലോക‌്‌സഭയിലെത്തി. സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സോണിയയുടെയും മണ്ഡലമായിരുന്ന അമേഠി ഇന്ന് രാഹുലിനെ കൈവിട്ടിരിക്കുന്നു. കോൺഗ്രസിന്റെ പ്രധാനമന്ത്രിയെ സമ്മാനിച്ച മണ്ഡലത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ രാഹുലിന് ഇനിയൊരു പ്രധാനമന്ത്രിപദം മോഹിക്കാനാകുന്ന അവസ്ഥയിൽ അല്ല ഇന്ന് കോൺഗ്രസ‌്.  

രാഹുൽ അമേഠിയിലും വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചപ്പോൾ പ്രമുഖ മാധ്യമം ഇങ്ങനെ എഴുതി: "ഏകദേശം 2100  കിലോമീറ്റർ അകലമേയുള്ളൂ വയനാടും അമേഠിയും തമ്മിലെങ്കിലും, സാമൂഹ്യപുരോഗതിയുടെ കാര്യത്തിൽ വയനാടിനേക്കാൾ ചുരുങ്ങിയത് ഒരു 30 വർഷമെങ്കിലും പിന്നിലാണ് അമേഠി. പാർലമെന്റ്  തെരഞ്ഞെടുപ്പിൽ അമേഠിയിൽനിന്ന‌് കോൺഗ്രസ് കുടുംബത്തെ തോൽപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. കാരണം, അമേഠിക്കാർ കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും സൂക്ഷിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണ്, മനസ്സുകളിലല്ല. എഴുതാനും വായിക്കാനുമറിയാത്തവരാണ്‌ അമേഠിയിലെ  ബഹുഭൂരിപക്ഷം വോട്ടർമാരും. പത്രം വായിക്കാറില്ല. വളരെ പാവപ്പെട്ടവരായ അവരുടെ വീടുകളിൽ ടെലിവിഷനുകളില്ല, കേബിൾ കണക‌്ഷനുകളില്ല. സോഷ്യൽ മീഡിയയെപ്പറ്റി കേട്ടിട്ടുതന്നെയില്ല. തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ  സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.’
അതായത്, അമേഠിയെ അവികസിതമായും അവിടത്തെ ജനങ്ങളെ നിരക്ഷരരും പട്ടിണിക്കാരുമായും നിലനിർത്തിയാണ് ഇതുവരെ കോൺഗ്രസ‌് വോട്ട‌് നേടിയത്. മോഡി തരംഗമല്ല, സ്വന്തം കഴിവുകേടാണ് അമേഠിയിൽ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതെന്ന് ചുരുക്കം. എന്തായാലും അമേഠി മാത്രമല്ല, കോൺഗ്രസിനെ കൈവിട്ടത്. 15 സംസ്ഥാനത്ത‌് ഒരു സീറ്റുപോലും അവർക്കില്ല. ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ചണ്ഡീഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു കശ്‌മീർ, മണിപ്പുർ, മിസോറം, നാഗാലാൻഡ്, ഡൽഹി, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സമ്പൂർണ പരാജയമാണ് രാഹുലിന്റെ കോൺഗ്രസ‌്. ആകെ എടുത്തു പറയാവുന്ന വിജയം നേടിയത് കേരളത്തിലും പിന്നെ പഞ്ചാബിലും. യുപി അടക്കം ഒമ്പതു സംസ്ഥാനങ്ങളിൽ രാഹുലിന്റെ കക്ഷിക്കുള്ളത‌് ഓരോ സീറ്റുവീതം.   
 
തെരഞ്ഞെടുപ്പ് കാലത്ത‌് എഴുതി തയ്യാറാക്കിയ ചില പ്രയോഗങ്ങളും തിരക്കഥ പ്രകാരമുള്ള ഇടപെടലുകളുമല്ലാതെ രാഹുലിൽ ആരും രാഷ്ട്രീയതന്ത്രജ്ഞത കണ്ടില്ല. ഒരു സംസ്ഥാനത്തും ബിജെപിവിരുദ്ധ സഖ്യത്തിന് കോൺഗ്രസ‌് മുന്നിട്ടിറങ്ങിയില്ല. യുപിയിൽ മുഖം തിരിഞ്ഞുനിന്ന് ഡൽഹിയിൽ കെജ്‌രിവാളിന്റെ മാന്യമായ വാഗ‌്‌ദാനം തട്ടിക്കളഞ്ഞു. ഒടുവിൽ 20 എംപിമാരും ബിജെപിക്കെതിരെ നിൽക്കുന്ന, രാജ്യത്തെ ഏറ്റവും ശക്തമായ സംഘപരിവാർവിരുദ്ധ ശബ്ദമായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് ശത്രുത പ്രഖ്യാപിച്ച‌് വയനാട്ടിൽ രാഹുൽ സ്ഥാനാർഥിയായി. അതുകൊണ്ട് കേരളത്തിൽ കുറച്ച‌് എംപിമാരുണ്ടായി എന്നല്ലാതെ, പാർലമെന്റിൽ മോഡിക്കെതിരെ നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരാളെയും അയക്കാനായില്ല. 
 
കോൺഗ്രസിനുള്ളിൽ വലിയ പ്രകമ്പനം ഉണ്ടാകുന്നു. തോൽവിയുടെ ഉത്തരവാദിത്തമേറ്റ് അധ്യക്ഷ സ്ഥാനത്തുനിന്ന‌് പിന്മാറാൻ താൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പാർടിയെ അറിയിച്ചത്രേ. ഇനി അവിടെ ആ തർക്കം മൂർച്ഛിക്കും. പക്ഷേ, അതല്ലാത്ത ഒരു ചോദ്യം രാഹുൽ നേരിടുന്നുണ്ട്: ഒന്നരപ്പതിറ്റാണ്ട് പാർടിയുടെ നേതൃസ്ഥാനങ്ങളിൽ ഇരുന്നതിന്റെ ബാക്കിപത്രം എന്ത് എന്ന ചോദ്യം. രാഹുലിന് ഉത്തരമില്ല. വലിയ ഒരു പാർടിയെ നാമാവശേഷമാക്കുന്നതിന‌് കാർമികത്വം വഹിച്ച നേതാവ് എന്ന പേരാണോ ചരിത്രം രാഹുലിന് കണ്ടുവച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാകില്ല. കാരണം, രാഹുൽ ഇപ്പോഴും കോൺഗ്രസുപോലൊരു പാർടിയുടെ അധ്യക്ഷനെപ്പോലെ പെരുമാറുന്നില്ല.
പ്രധാന വാർത്തകൾ
 Top