02 July Thursday

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‌ എന്തെല്ലാം സാധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 26, 2020

അതിജീവനകാലത്ത് നവസാങ്കേതി കത പൊതുസമൂഹത്തിന്  ഉപകരി ക്കുന്ന വഴികൾ ചൂണ്ടിക്കാട്ടുകയാണ് IIITM-K യിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായ ഡോ. ജി മാളു

 

മഹാമാരിയെ അതിജീവിക്കാനുള്ള മുന്നേറ്റത്തിലാണ് ഇന്ന് ലോകജനതയും ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരും. ഇക്കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസി (എഐ)ന്റെ  നവ സാധ്യതകൾ കേരളത്തിന് വിപുലമായി ഉപയോഗപ്പെടുത്താം.

പൊതു ഇടങ്ങളിലെ രോഗനിർണയം

 

കോവിഡ് കാലത്ത് നൂതന സാങ്കേതികവിദ്യയിലൂടെ ജനക്കൂട്ടത്തിന്റെ രോഗനിർണയം സാധ്യമാക്കാം. ലോക്ക്‌ഡൗൺ പിൻവലിക്കുന്ന വേളയിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ ആൾക്കൂട്ടത്തിന്റെ ശരീരോഷ്‌മാവ് ഒരേസമയം നിർണയിക്കാവുന്ന ഇൻഫ്രാറെഡ് സാങ്കേതികവിദ്യയാണിത്. 200 പേരുടെ ശരീരോഷ്‌മാവ്‌  ഒരേസമയം  അറിയാനാകും. ചൈനയിൽ ബീജിങ് ക്യൂൻഹി റെയിൽവേ സ്റ്റേഷനിൽ ഇത് ഫലപ്രദമായിരുന്നു.  ഇൻഫ്രാറെഡ് രശ്മികളെ ആൾക്കാരിലേക്ക് പതിപ്പിക്കുകയും തത്സമയം ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് അവരുടെ തെർമൽ ഇമേജ് എടുക്കുകയും ചെയ്യും. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ ഇമേജ് പ്രോസസിങ് അൽഗോരിതത്തിന്റെ സഹായത്താൽ തെർമൽ ഇമേജിനെ അപഗ്രഥിച്ച്‌  രോഗം നിർയിക്കാം.
 
രോഗബാധിതർ സഞ്ചരിച്ച വഴികൾ സ്‌മാർട്ട് ഫോണിന്റെയും ഇന്റലിജൻസ് പ്രോഗ്രാമുകളുടെയും സഹായത്താൽ കണ്ടെത്താനാകും. വൈറസ്‌ നിർവീര്യമാകുംവരെ ഇവിടങ്ങളിലെ ജനസഞ്ചാരം നിയന്ത്രിക്കാം.  മഹാമാരിയുടെ മൂന്നാം ഘട്ടത്തിൽ എപ്പോഴെങ്കിലും രോഗവ്യാപനം പെരുകിയാൽ, രോഗബാധിതരുടെ ഒറ്റയ്‌ക്കൊറ്റയ്‌ക്കുള്ള റൂട്ട്മാപ്പ് അവലംബിച്ച് പൊതുജനങ്ങൾക്ക് സഞ്ചാരപാത നിർണയിച്ചെടുക്കൽ എളുപ്പമാകില്ല. ഇത്തരം സാഹചര്യത്തിലാണ് രോഗബാധിത സ്ഥലങ്ങളെ മേഖലകളായി തരംതിരിച്ച് ഗൂഗിൾ മാപ്പ് പോലുള്ള രേഖാചിത്രങ്ങളിൽ അടയാളപ്പെടുത്തേണ്ടത്.
 

രോഗബാധിതരുടെ ആരോഗ്യവിശകലനം

 

കൊറോണയുടെ  വിവിധ ഘട്ടങ്ങളിലുള്ള രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തികൾക്ക് ഡോക്ടറുടെ സഹായത്തോടെ സ്വയം രോഗനിർണയം നടത്താൻ എഐ-യിൽ അധിഷ്‌ഠിതമായ റെക്കമെന്റേഷൻ സിസ്റ്റത്തിനു സാധിക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ച് തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഈ സെൽഫ് അസസ്‌മെന്റ് ടെസ്റ്റിന്റെ അന്തിമതീരുമാനം ഡോക്ടറുടെ നിർദേശത്തിനും ലാബ് റിസൾട്ടിനും വിധേയമായിരിക്കും. ഇതുവഴിയുള്ള രോഗനിർണയത്തോതുകൾ ജില്ലാ കൺട്രോൾ റൂമിലേക്ക് സന്ദേശമായി അയക്കുകവഴി ആരോഗ്യപ്രവർത്തകർക്ക്, രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നവരിലേക്ക് അതിവേഗം ചികിത്സാ നിർദേശങ്ങൾ നൽകാനാകും. 
 
രോഗാവസ്ഥകൾ ദ്രുതഗതിയിൽ നിർണയിച്ചെടുക്കുന്ന കമ്പ്യൂട്ടർ എയ്‌ഡഡ് സിസ്റ്റത്തിന്റെ (CAD‌) വികസനമാണ് കൊറോണ പ്രതിരോധത്തിന്റെ മറ്റൊരു സാങ്കേതിക ഇടം. ഇമേജ് പ്രോസസിങ് ആൽഗൊരിതത്തിന്റെ സഹായത്താൽ രോഗിയുടെ നെഞ്ചിന്റെ സിടി  സ്‌കാൻ ഇമേജ് അനാലിസിസ് നടത്തി അതിവേഗ രോഗനിർണയം സാധ്യമാക്കാം.
 

ആശുപത്രി ചികിത്സാനിർവഹണം

 

ലോകാരോഗ്യസംഘടന  കോവിഡ്-‐-19  സംബന്ധിച്ച്  സാങ്കേതിക നിയമാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നമ്മുടെ ആശുപത്രികളിൽ വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച്  എഐയുടെ സഹായത്തോടെ പുതിയ ചികിത്സാശൈലി രൂപപ്പെടുത്തി എടുക്കാവുന്നതാണ്. നിരവധി രോഗികളെ ഒരേസമയം ചികിത്സിക്കേണ്ടിവരുന്ന അവസ്ഥയിൽ, രോഗ തീവ്രതയനുസരിച്ച് രോഗികൾക്ക് പ്രാമുഖ്യം നൽകാനും  സാധിക്കും.
 
രോഗവ്യാപനത്തിന്റെ എഐ അധിഷ്‌ഠിത പ്രവചനമാണ് മറ്റൊരു സവിശേഷമേഖല. രോഗവ്യാപന സാധ്യതകൾ മാത്തമാറ്റിക്കൽ മോഡലിങ്ങിന്റെയും മെഷീൻ ലേണിങ്ങിന്റെയും സഹായത്താൽ വിശകലനം ചെയ്‌താണ്‌ രോഗവ്യാപനത്തോത്‌ കണ്ടെത്തുന്നത്.
 

റോബോട്ടുകളും ഡ്രോണും

 

കോവിഡ് രോഗശുശ്രൂഷയ്‌ക്കും ശുചീകരണപ്രവർത്തനങ്ങൾക്കും റോബോട്ടുകളും ഡ്രോണുകളും  സഹായിക്കുന്നുണ്ട്.  രോഗബാധിതരുമായുള്ള സാമൂഹ്യ അകലം നിലനിർത്തി ടെലി പ്രസൻസിലൂടെ ചികിത്സിക്കാൻ വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ റോബോട്ടുകളുടെ സഹായം സാധ്യമാക്കിയിട്ടുണ്ട്.
 

മരുന്നുകളുടെ അതിവേഗനിർമിതി

 

കൊറോണയെ പ്രതിരോധിക്കാനുള്ള മറ്റൊരു മേഖല ഡ്രഗ് ഡിസൈനാ (Drug Design)ണ്.  വാക്‌സിൻ കണ്ടെത്താനുള്ള തീവ്രശ്രമങ്ങളിലാണിന്ന് ശാസ്‌ത്രലോകം. നിരന്തര പരീക്ഷണങ്ങളിലൂടെയാണ് അനുയോജ്യമായ മരുന്നുകൾ രോഗികളിൽ പ്രയോഗിക്കാവുന്ന രൂപത്തിലേക്ക് എത്തുന്നത്. എഐ-യിൽ അധിഷ്‌ഠിതമായ ഡ്രഗ് ഡിസൈൻ ശാസ്‌ത്രലോകത്തിന് സഹായകമാകും.
 

കർഷകർക്ക് ഡിജിറ്റൽ തണൽ

 

മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപണി കണ്ടെത്താനാകാതെ കൈതച്ചക്കയും  സ്ട്രോബെറിയും  നെല്ലും  വിളവെടുത്ത് വിറ്റഴിക്കാനാകാത്ത ബുദ്ധിമുട്ടുകയാണ്‌ കർഷകർ. ഇതൊക്കെ വാങ്ങാൻ സാധിക്കാതെ ഉപഭോക്താക്കളും. ഇവിടെയാണ് വില്പനക്കാരനെയും ആവശ്യക്കാരനെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പ്രസക്തി. മൊബൈലോ കമ്പ്യൂട്ടറോ മാധ്യമമായി ഉപയോഗപ്പെടുത്താവുന്ന ഈ പ്ലാറ്റ്ഫോമിലൂടെ കർഷകന്  വിളകളെക്കുറിച്ച് അതത് സമയം അറിയാനും ഉപഭോക്താവിന് ന്യായമായ വിലയിൽ അവ വാങ്ങാനും സാധിക്കും.
 

മത്സ്യത്തൊഴിലാളി സഹായ ആപ്

 

ഇലക്‌ട്രോണിക്‌സ്‌ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലത്തിന്റെയും ഇൻഫർമേഷൻ ടെക്‌നോളജി റിസർച്ച് അക്കാദമിയുടെയും സഹകരണത്തോടെ കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഐഐഐടിഎം–-കെയിൽ ഓഖി ദുരന്തത്തിനുമുമ്പേ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്കും  മത്സ്യവിപണിക്കും സഹായകമായ സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരുന്നു.  ബോട്ടുകൾ കരയ്‌ക്കടുക്കുംമുമ്പേ വിപണി കണ്ടെത്താനും മത്സ്യത്തിന്‌ ന്യായവില ഉറപ്പുവരുത്താനും ഉപകരിക്കുന്നതായിരുന്നു ഈ സംവിധാനം. കൊറോണക്കാലത്ത് പിടിച്ച മത്സ്യങ്ങൾ തിരികെ കടലിലൊഴുക്കുന്നത്‌ ഒഴിവാക്കാൻ ഈ  സോഫ്റ്റ്‌വെയർ  ഉപയോഗപ്പെടുത്താം.
 

ഒാൺലൈൻ പഠന ഇടങ്ങൾ

 

കോവിഡ് കാലത്തെ സഹജീവി സ്‌നേഹത്തിന്റെ സേവനങ്ങൾ ഒാൺലൈൻ മേഖലകളിലും ലഭ്യമാകുന്നുണ്ട്. അന്തർദേശീയ സർവകലാശാലകളും ഓൺലൈൻ വിദ്യാഭ്യാസപഠനകേന്ദ്രങ്ങളും സൗജന്യ പഠന ക്ലാസുകൾ ആവിഷ്‌കരിച്ചുവരുന്നുണ്ട്. സാമ്പത്തിക അനിശ്ചിതത്വത്തിലായ ട്യൂഷൻ ടീച്ചർമാരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും അടങ്ങുന്നതാണ് നമ്മുടെ സമൂഹം. ഈ പ്രതിസന്ധിയെ ‘വൺ ടു വൺ’ ട്യൂഷൻ ആവശ്യമുള്ള കുട്ടികൾക്ക് ഒാൺലൈനായി അത് നൽകുന്നതിലൂടെ പരിഹരിക്കാവുന്നതാണ്.  വൈഫൈ കണക്ടിവിറ്റി സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതികൾ സർക്കാർ തലത്തിൽ സജീവമായി പുരോഗമിച്ചുവരുന്ന കേരളത്തിൽ, അടിസ്ഥാനവർഗ സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ഓൺലൈൻ പഠനങ്ങൾ പുതിയ വഴികൾ തുറന്നിടും.
 
സുഗമമായി ഒഴുകിയിരുന്ന  ജീവിതം  വൈറസുകളാൽ തളച്ചിടപ്പെട്ട കാലമാണിത്‌. ലോക്ക്‌ഡൗണും ക്വാറന്റൈനും അതീവ ജാഗ്രതയാർന്ന ചികിത്സാശൈലികളുമായി കേരളം ലോകത്തിനു മുന്നിൽ ജനസുരക്ഷയുടെ മാതൃകകൾ സൃഷ്ടിക്കുന്നു.  ഓഖിയും പ്രളയവും പോലുള്ള പ്രകൃതിദുരന്തങ്ങളോട് ചെറുത്തുനിന്ന നമ്മൾ ഈ ഇരുൾവീഴ്‌ചയെയും അതിജീവിക്കും. മാനവരാശി ഇതുവരെ ആർജിച്ച ശാസ്‌ത്രസാങ്കേതികതയുടെയും മനുഷ്യവിഭവശേഷിയുടെയും കരുത്തോടെയാണ് പുതുജീവനത്തിന്റെ നാൾവഴികളിലേക്ക് നമ്മൾ നടന്നടുക്കുന്നത്.
പ്രധാന വാർത്തകൾ
 Top