01 April Wednesday

മാസാണ്‌ എന്റെ ചോയ്‌സ്‌

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Jan 26, 2020

അജയ് വാസുദേവ്‌

തിയറ്ററുകളിൽ നിറഞ്ഞാടുകയാണ്‌ മമ്മൂട്ടിയുടെ ഷൈലോക്ക്‌. നെഗറ്റീവ്‌ ഛായയുള്ള ബോസ്‌ എന്ന കഥാപാത്രം ആരാധകരുടെ കൈയടി നേടി മുന്നേറുന്നു. മമ്മൂട്ടിയുടെ രാജാധിരാജയും മാസ്റ്റർപീസും ഒരുക്കിയ അജയ്‌ വാസുദേവ്‌ തന്നെയാണ്‌ ഷൈലോക്കിന്റെയും സംവിധായകൻ. ഷൈലോക്കിനെ ക്കുറിച്ച്‌ അജയ്‌ വാസുദേവ്‌  

 
അജയ് വാസുദേവ്. സമീപകാല മമ്മൂട്ടിയുടെ മാസ് സിനിമാ കാഴ്‌ചകളിലെ പ്രധാന പേരുകാരിൽ ഒരാൾ. 2002ൽ കല്യാണരാമനിൽ സംവിധാന സഹായിയായി സിനിമയിലെത്തി.  സംവിധായകനായത്‌ 2014ൽ രാജാധിരാജയിലൂടെ. തുടർന്ന്‌ മാസ്റ്റർപീസ്. ഇപ്പോൾ സിനിമാക്കാരുടെ ഫിനാൻസറായി  സിനിമാലോകം നിയന്ത്രിക്കുന്ന ബോസായി ഷൈലോക്ക്. നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെ ഒരുക്കി മൂന്നാമതും മമ്മൂട്ടിക്കൊപ്പം. ഷൈലോക്കിനെക്കുറിച്ചും സിനിമാ കാഴ്‌ചപ്പാടിനെക്കുറിച്ചും ആലുവ സ്വദേശിയായ അജയ് വാസുദേവ്: 
 

എല്ലാം യാദൃച്ഛികം

 

രാജാധിരാജയിൽ മമ്മൂട്ടി നായകനാകണമെന്ന്‌  തീരുമാനിച്ചതാണ്‌.  എന്നാൽ, മറ്റു രണ്ട് സിനിമയും യാദൃച്ഛികമായി സംഭവിച്ചതാണ്. വേറൊരു പ്രോജക്‌ട്‌  ചെയ്യുമ്പോൾ മാസ്റ്റർ പീസ് വന്നു.  മറ്റൊരു സിനിമയുടെ ചർച്ച നടക്കുമ്പോഴാണ് ഷൈലോക്ക് വരുന്നത്. അപ്പോൾ അത് നിർത്തിവച്ച് ഇതിലേക്ക് വരുകയായിരുന്നു. 
 

ഷൈലോക്കിൽ മമ്മൂട്ടി

ഷൈലോക്കിൽ മമ്മൂട്ടി

വില്ലനിഷ് മമ്മൂട്ടി

 

മുഴുവൻ കഥയുമായാണ് തിരക്കഥയൊരുക്കിയ അനീഷ് ഹമീദും ബിബിൻ മോഹനും സമീപിച്ചത്‌. നെഗറ്റീവ് ഛായയുള്ള, എന്നാൽ ഫ്ലെക്‌സിബിളായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കഥാപാത്രത്തിന്റെ നെഗറ്റീവ് ഛായയാണ്  സിനിമയുടെ സവിശേഷത.  അഭിനയമോഹമാണ് ബോസിനെ സിനിമക്കാർക്ക് ഫിനാൻസ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. സിനിമാ മോഹമുള്ള കഥാപാത്രമായതിനാൽ നിറയെ സിനിമാ ഡയലോഗെല്ലാം പറയുന്നുണ്ട്. 
 

സ്റ്റൈലിഷ് മമ്മൂട്ടി

 

മാസ് പടങ്ങൾ ചെയ്യുന്നതിനാൽ ഹീറോയുടെ മാസും സ്റ്റൈലുമാണ് ഹൈലൈറ്റ് ചെയ്യുന്നത്. നേരത്തെ ചെയ്‌തവയിൽനിന്ന് ഷൈലോക്ക് ഒരുപടി മുന്നിലാണ്‌. അഭിനയമോഹമുള്ളയാൾ എന്നതിനാൽത്തന്നെ അതിനോട് കിടപിടിക്കുന്ന ഗെറ്റപ്പിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
 
നമ്മൾ ഒരു കാര്യം പ്ലാൻ ചെയ്‌താൽ അതിനേക്കാൾ പതിന്മടങ്ങ് ഇംപാക്ടോടെയാണ് മമ്മൂക്ക ലൊക്കേഷനിലെത്തുക.  ലുക്കിനുവേണ്ടി കൂടുതൽ ശ്രമം നടത്തിയിട്ടുണ്ട്. അതിനാലാണ് ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഡ്രെസ്‌ തീരുമാനിച്ചത്‌.  മനസ്സിലുള്ള ഐഡിയ അനുസരിച്ച് കുറെ റഫറൻസ് എടുത്തിരുന്നു.
 

 മമ്മൂക്കയുടെ ഐഡിയ

 

ഒരുനിറമുള്ള ഡ്രെസ് എന്നത് മമ്മൂട്ടിയുടെ ആശയമായിരുന്നു. അതിൽനിന്നാണ് യഥാർഥത്തിൽ ബ്ലാക്ക് ആൻഡ് ബ്ലാക്കിലേക്ക് എത്തുന്നത്. പിന്നെ കഥാപാത്രത്തിന് നിറയെ ആഭരണങ്ങൾ ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഈ ഗെറ്റപ്പ്‌.  
 

മാസ് സിനിമ

 

ചെറുപ്പംമുതൽ കണ്ടുശീലിച്ചത്‌   തമാശയും പാട്ടും ആക്‌ഷനുമൊക്കെയുള്ള സിനിമയാണ്. ആ ശൈലിയിലാണ് സിനിമകൾ ചെയ്യുന്നത്. മാസ് സിനിമകൾ വിജയിച്ചാൽ അതിന്റെ സ്വീകാര്യത വലുതായിരിക്കും. എല്ലാ ആളുകളിലും എത്തിച്ചേരും. മറ്റു സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണും. പക്ഷേ,  മാസ് സിനിമ വിജയിച്ചാൽ അത് മാസ് വിജയമാകും. എല്ലാ ചേരുവകളും കൃത്യമായി കൂടിചേർന്നാലേ മാസ് സിനിമകൾ വിജയിക്കൂ.
 

 കഥ ആവശ്യപ്പെടുന്നത്

 

സിനിമയിൽ കഥ ആവശ്യപ്പെടുന്ന രീതിയിലാണ് രംഗങ്ങൾ ഒരുക്കുന്നത്. രണ്ടുപേരെ ഇടിച്ചിടണം,  അതിക്രമം നടത്തണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടൊന്നുമല്ല ചെയ്യുന്നത്. തിരക്കഥ വരുന്നു, അതിനാവശ്യമായ രീതിയിൽ സിനിമ ഒരുക്കും. ഒരു എഴുത്തുകാരനും സംവിധായകനും ഇത്തരം രംഗങ്ങളും സംഭാഷങ്ങളും വേണമെന്ന രീതിയിൽ ഒരുക്കുന്നില്ല.
 

പ്രേക്ഷക താൽപ്പര്യം പ്രധാനം

 

സാധാരണ പ്രേക്ഷകർക്കും കുടുംബമായി പോകുന്നവർക്കുമാണ്‌  ആദ്യ പരിഗണന. കുറച്ച് പാട്ടും തമാശയും ഒക്കെയുള്ള ആഘോഷം നിറഞ്ഞുനിൽക്കുന്ന ഫെസ്റ്റിവൽ സിനിമ കാണാനാണ് താൽപ്പര്യം. അങ്ങനെയുള്ള സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്. അച്ഛനമ്മമാർക്കും മകൾക്കും ഇഷ്ടപ്പെടുന്നതായിട്ട് സിനിമ മാറണമെന്നാണ് ആഗ്രഹിക്കുന്നത്. കുടുംബ പ്രേക്ഷകർക്കാണ്‌ ആദ്യ പരിഗണന. 
 

തമാശസിനിമയോട് ഇഷ്ടം

 

നിലവിൽ ചെയ്യുന്ന സിനിമയുടെ പാതയിൽനിന്നു മാറി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. തമാശസിനിമകളോട് താൽപ്പര്യമാണ്. പുതിയ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. തീരുമാനമായിട്ടില്ല.

 

പ്രധാന വാർത്തകൾ
 Top