‘അന്ത നാത്തം എന്നെ തുരത്തിക്കിട്ടേ ഇരിക്കമ്മ, എപ്പത്താൻ ഇതിലിരുന്ത് വിടുപ്പട മുടിയും’ (അമ്മ, ആ നാറ്റം എന്നെ തുരത്തിക്കൊണ്ടിരിക്കുന്നു. എന്നാണ് എനിക്കിതിൽനിന്നൊരു മോചനം ലഭിക്കുക.) താഴ്‌ന്ന ജാതിയിൽ പിറന്നു എന്ന കുറ്റംകൊണ്ട് മലക്കുഴി ശുചീകരിക്കാൻ വിധിക്കപ്പെട്ട ഒരു യുവാവിന്റെ വാക്കുകളാണ് ഇത്. ഈ വാക്കുകളിൽ ഒരു സമുദായത്തിന്റെ ദൈന്യതകൂടി വെളിവാകുന്നു.
ഒടിടിയിൽ റിലീസ് ചെയ്‌ത ‘വിറ്റ്‌നസ്’ എന്ന ചിത്രമാണ് കക്കൂസ് ശുചീകരിക്കുന്ന താഴ്‌ന്ന ജാതിയിൽ ജനിച്ചവരുടെ ദുരിതം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ കഥയാണ് നായകനും നായികയും. അമ്മയുടെ കഷ്ടപ്പാട് മാറാൻ ചെറിയ സഹായമാകുമല്ലോ എന്നു കരുതി മലക്കുഴി ശുചീകരിക്കാൻ ഇറങ്ങി ശ്വാസംമുട്ടി മരിച്ച ഒരു ഇരുപതുകാരന്റെ കഥയാണിത്.
മരിച്ച മകന് നീതി കിട്ടാനായുള്ള ഒരമ്മയുടെയും ആ അമ്മയെ പിന്തുണയ്‌ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും കഥ. നഗരവൽക്കരണത്തിന്റെ ഭാഗമായി ജനിച്ച സ്ഥലത്തുനിന്ന് വികസനത്തിന്റെ പേരിൽ നിഷ്‌കാസനം ചെയ്യപ്പെടുന്നവരുടെ ദുഃഖവും സിനിമ ചർച്ച ചെയ്യുന്നു.
ദുഷ്‌കരമായ ഒരു കഥ നല്ല നിലയിൽ പറഞ്ഞിരിക്കുന്നു. ചെന്നൈ നഗരത്തിലാണ് കഥ നടക്കുന്നത്. ബിരുദ വിദ്യാർഥിയായ മകൻ അമ്മയറിയാതെ മലക്കുഴി ശുചീകരിക്കാൻ പോയി മലക്കുഴിക്കകത്ത് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മൃതദേഹം അമ്മ ഇന്ദ്രാണിയെ കാണിക്കാൻപോലും തയ്യാറാകാതെ ശ്‌മശാനത്തിൽ എത്തിച്ച് സംസ്‌കരിക്കാൻ അപ്പാർട്ട്‌മെന്റ് മുതലാളിമാർ ശ്രമിക്കുമ്പോൾ ട്രേഡ് യൂണിയൻ നേതാവ് പെത്തരാജ് എത്തുന്നു. തുടർന്ന് മൃതദേഹം ഏറ്റെടുത്ത് നടുറോഡിൽ വച്ച് നീതിക്കായി സമരം ചെയ്യുന്നു. പൊലീസാകട്ടെ എഫ്‌ഐആർ എഴുതാൻപോലും തയ്യാറാകുന്നില്ല. അധികാരകേന്ദ്രങ്ങൾ അപ്പാർട്ട്‌മെന്റിലെ പണക്കാർക്കൊപ്പം അണിനിരക്കുന്നു. എന്നാൽ, കോടതി ഇടപെട്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്.
അപ്പാർട്ട്‌മെന്റിലെ സെക്രട്ടറിയും ശുചീകരണം കരാറെടുത്ത കോർപറേറ്റ് കമ്പനിയുടെ സബ് കരാറുകാരനും കുറ്റവാളികളായി. മാത്രമല്ല, നഗരത്തിൽ മലക്കുഴി ശുചീകരിക്കാനിറങ്ങിയ 15 തൊഴിലാളികൾ മരിച്ചതും അവരെല്ലാം താഴ്‌ന്ന സമുദായത്തിലും ജാതിയിലും പെട്ടവരാണെന്ന ചർച്ചയും കോടതിമുറിയിൽ ഉയരുന്നു. മലക്കുഴി ശുചീകരണത്തിൽ ഒരു സവർണൻപോലും മരിച്ചില്ലെന്ന് ഉറക്കെ പറയുന്നു.
കക്കൂസ് ശുചീകരണത്തിനിടെ ശ്വാസംമുട്ടി മരിച്ച പാർഥിപൻ എന്ന മകന് നീതി ലഭിക്കാൻ അമ്മ ഇന്ദ്രാണി നടത്തുന്ന സമരം ആരെയും കണ്ണീരിലാഴ്‌ത്തും. ഇടതുപക്ഷ ട്രേഡ് യൂണിയൻ എല്ലാവിധ പിന്തുണയോടെയുമാണ് ഇന്ദ്രാണി നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഇതോടെ യൂണിയൻ നേതാവ് പെത്തരാജിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കുന്നു. കോടതിയിൽ കേസെത്തുമ്പോൾ സാമ്പത്തിക ശക്തികൾ കേസ് അട്ടിമറിക്കുന്നു. മരിച്ച മകന് നീതി ലഭിച്ചോ ഇല്ലയോ എന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്.
നടി രോഹിണിയാണ് ഇന്ദ്രാണിയായി നിറഞ്ഞുനിൽക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ഇന്ദ്രാണിയെ സഹായിക്കുന്ന കഥപാത്രമായി എത്തുന്നു. ഷൺമുഖരാജൻ, അളകംപെരുമാൾ, ശ്രീനാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ട്രേഡ് യൂണിയൻ നേതാവായി സിപിഐ എം മധ്യചെന്നൈ ജില്ലാ സെക്രട്ടറി ജി ശെൽവ എത്തുന്നു. ഛായാഗ്രഹണവും സംവിധാനവും ദീപക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..