04 August Tuesday

ഗംഗ: ഒരു മഹാനദിയുടെ സാംസ്‌കാരികചരിത്രം

സുനിൽ പി ഇളയിടം sunilpelayidom@gmail.comUpdated: Sunday Aug 25, 2019

ഗംഗയുടെ അത്യസാധാരണവും അതിവിപുലവും ബഹുതല സ്പർശിയുമായ ചരിത്ര ജീവിതത്തിന്റെ കഥ പറയുന്ന ഗ്രന്ഥമാണ് സുദീപ്ത സെന്നിന്റെ ഗംഗ: ഒരു നദിയുടെ ഭൂതകാലങ്ങൾ (Ganga : The Many Pasts of a River). കലിഫോർണിയ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ കൂടിയായ സുദീപ്ത സെന്നിന്റെ ഈ ഗ്രന്ഥം സാംസ്‌കാരിക ചരിത്രത്തിന്റെ ഏറ്റവും മികവാർന്ന മാതൃകയാണ്

 

നദികൾ ഒഴുകുന്നത് ചരിത്രത്തിലൂടെയുമാണ്. സംസ്‌കാരതീരങ്ങളിൽ തടംതല്ലി, കാലഭേദങ്ങളുടെ കാണാക്കയങ്ങളിൽ ഉയർന്നുതാണ്, ചരിത്രത്തിൽനിന്ന് കാലത്തിന്റെ നിത്യതയിലേക്ക് അവ ഒഴുകിക്കൊണ്ടിരിക്കുന്നു. അത്രമേൽ സമീപസ്ഥമായിരിക്കുമ്പോൾ തന്നെ, അത്രമേൽ ആനുഭവികമായിരിക്കുമ്പോൾ തന്നെ, അവ മനുഷ്യവംശ ചരിത്രത്തോളം വിദൂരവും പ്രാക്തനവുംകൂടിയായിരിക്കുന്നു. ‘‘എത്രയകലെ അരികത്തുമാണ്/ആ തെരുവുമ്മറങ്ങളിൽ/പൊന്നുംപവിഴവും കല്ലുമിടചേർക്കും/പണിത്തിളക്കങ്ങളും/പൂവലങ്കാരമൊരുങ്ങും മണങ്ങളും/കൂത്തരങ്ങത്തേക്കുപോകും/കണങ്കാൽകളിൽനിന്നേകതാളക്കിലുക്കങ്ങളും/ഭിക്ഷുകണ്ഠങ്ങളിൽ പൊങ്ങുംവിളികളും/കുഴൽകൊമ്പുകൊടുതാളങ്ങളും/തൂക്കുമണിമുഴക്കങ്ങളും/കൊണ്ടു കുത്തിമറിഞ്ഞുനിറഞ്ഞൊഴുകിയിരുന്ന മഹാനദി''എന്ന് കാവേരിയുടെ കാലപ്രയാണത്തെ ദ്രാവിഡപ്പശിമയുള്ള പദാവലികളാൽ ആറ്റൂർ സംഗ്രഹിക്കുന്നതും അതുകൊണ്ടാണ്.

നദികൾ കേവല ജലപ്രവാഹങ്ങളല്ല. നാഗരികതകൾ അതിന്റെ തീരങ്ങളിൽ പിറവിയെടുത്തു. മതവും സംസ്‌കാരവും ഐതിഹ്യങ്ങളും അവിടെ മുളപൊട്ടിക്കിളിർത്തു. നദീതീരങ്ങളിലൂടെ തുറമുഖങ്ങളിൽനിന്ന് സമുദ്രയാനങ്ങൾ ഉൾനാടുകളിലേക്ക് നീങ്ങി. വിഭവങ്ങളും ജനവംശങ്ങളും അകത്തേക്കും പുറത്തേക്കും ഒഴുകിനീങ്ങി. കൊടുക്കൽ വാങ്ങലുകളുടെയും പടപാച്ചിലുകളുടെയും അനന്തമായ ജീവിതായോധനങ്ങളുടെയും അരങ്ങായി നദികളും നദീതടങ്ങളും. കാലത്തെ ഒരു മഹാനദിയായി കവികൾ വാഴ്‌ത്തി.
കാലരൂപിയായ പ്രവാഹമായി നിലകൊള്ളാനുള്ള ശേഷി ഗംഗയ്‌ക്കെന്നപോലെ ഇന്ത്യയിൽ മറ്റൊരു നദിക്കുമുണ്ടാകില്ല. മിത്തുകളും ചരിത്രവും വർത്തമാനവും അതിൽ  സംഗമിക്കുന്നു. ഗംഗാതടങ്ങളിലെ സമൃദ്ധമായ മണ്ണിൽ സഹസ്രാബ്ദങ്ങളായി ജീവിതം തഴയ്‌ക്കുന്നതുപോലെ, മണികർണികാഘട്ടിലെ കെട്ടടങ്ങാത്ത ചിതകളിൽ മരണവും ശാശ്വതമായി പുലരുന്നു. ഭഗീരഥന്റെ മഹാപ്രയത്നംകൊണ്ട് ഭൂമിയിലേക്കു പതിക്കുകയും ശിവജഡയിൽനിന്ന് താഴേക്ക് പരന്നൊഴുകയും ചെയ്യുന്ന ഗംഗയെക്കുറിച്ചുള്ള ഐതിഹ്യകല്പനകൾമുതൽ സാഗരവിസ്‌തൃതിയെന്നപോലെ ബംഗാൾ ഉൾക്കടലിൽ വന്നുചേരുന്ന ഹൂബ്ലിയിലെ വാണിജ്യവിനിമയങ്ങൾവരെ, ജീവിതത്തിന്റെ സമസ്‌ത വിതാനങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് അത് ഒഴുകുന്നു. ഗോമുഖിലെ ഏകാന്തമായ പ്രഭവത്തിൽനിന്ന് സാഗരോപമമായ മഹാവിസ്‌തൃതിവരെയായി പടരുന്ന ഗംഗയെപ്പോലെ ഇന്ത്യയുടെ ചരിത്രത്തിലൂടെ ഒഴുകിയ മറ്റൊരു നദിയുമില്ല. 
 
ഗംഗയുടെ അത്യസാധാരണവും അതിവിപുലവും ബഹുതലസ്പർശിയുമായ ചരിത്രജീവിതത്തിന്റെ കഥ പറയുന്ന ഗ്രന്ഥമാണ് സുദീപ്ത സെന്നിന്റെ ഗംഗ: ഒരു നദിയുടെ ഭൂതകാലങ്ങൾ (Ganga : The Many Pasts of a River). കലിഫോർണിയ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർകൂടിയായ സുദീപ്ത സെന്നിന്റെ ഈ ഗ്രന്ഥം സാംസ്‌കാരികചരിത്രത്തിന്റെ ഏറ്റവും മികവാർന്ന മാതൃകയാണ്. സംസ്‌കാരത്തെ സമഗ്ര ജീവിതരീതിയായി (whole way of life)  വിശദീകരിച്ച റെയ്‌മണ്ട് വില്യംസിന്റെ വിശകലനസമീക്ഷയെ പിൻപറ്റിയാൽ, ഗംഗയുടെ സമഗ്രജീവിതത്തിന്റെ അനാവരണമാണ് ഈ ഗ്രന്ഥം. ഓക്‌സ്‌ഫഡ് സർവകലാശാലാ പണ്ഡിതൻ ഫെയ്സൽ ദേവ്ജി രേഖപ്പെടുത്തിയപോലെ, ഇന്ത്യയുടെ വിശുദ്ധനദിയായി വാഴ്‌ത്തപ്പെട്ട ഗംഗയുടെ സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ ചരിത്രമായി ഒരേസമയം നിലകൊള്ളുന്ന ഗ്രന്ഥമാണിത്.
 
2019ന്റെ തുടക്കത്തിൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ഗംഗാനദിയുടെ ബഹുരൂപിയായ ജീവിതത്തിന്റെ ഓരോ വിതാനങ്ങളെയും സവിശേഷമായി അഭിമുഖീകരിക്കാൻ സുദീപ്ത സെൻ  മുതിർന്നിട്ടുണ്ട്. ഗംഗയെ വലയംചെയ്‌തൊഴുകുന്ന മിത്തുകളെയും ഐതിഹ്യങ്ങളെയും ചരിത്രത്തെയും ജനജീവിതത്തെയും ഗ്രന്ഥകാരൻ സമർഥമായി ഇതൾവിടർത്തി കാണിക്കുന്നു. ഓസ്ട്രേലിയൻ സർവകലാശാലാ പ്രൊഫസർകൂടിയായ അസ്സാ ദെറോൺ, ആഹ്ലാദപൂർവം രേഖപ്പെടുത്തിയിരിക്കുന്നത് എത്രയും വാസ്‌തവമാണ്. സുദീപ്ത സെന്നിന്റെ അത്യന്തസുന്ദരമായ ആഖ്യാനം ഒരേസമയം ഗംഗയുടെ ചരിത്രപഥങ്ങളിലൂടെയുള്ള സഞ്ചാരവും അതു ജന്മംനൽകിയ സാംസ്‌കാരികാർഥങ്ങളുടെയും സാമൂഹികപ്രയോഗങ്ങളുടെയും വിശദീകരണവുമാണ്‌. വസ്‌തുക്കളുടെ ഭൗതികതയിൽ ഊന്നിനിൽക്കുമ്പോൾ തന്നെ അവയുടെ സാമൂഹികപ്രയോഗങ്ങളെയും അവയെ വലയംചെയ്യുന്ന ഓർമകളെയും കൂട്ടിയിണക്കിക്കൊണ്ടാണ് സുദീപ്ത സെൻ ആഖ്യാനം വികസിപ്പിക്കുന്നത്. സാംസ്‌കാരിക ഭൗതികത്തിന്റെ (cultural materialism) നവീനവും സമകാലികവും സർഗാത്മകവുമായ പ്രയോഗസ്ഥാനങ്ങളിലൊന്നിനെ നാം ഈ ഗ്രന്ഥത്തിൽ കണ്ടുമുട്ടുന്നു.
 
ആമുഖവും ഭരതവാക്യവും കൂടാതെ ഒമ്പത് അധ്യായമാണ് പുസ്‌തകത്തിലുള്ളത്. ഗംഗയുടെ ചരിത്രത്തെ ഒരേസമയം രേഖീയവും സാംസ്‌കാരികവുമായി ഈ അധ്യായങ്ങൾ വിശകലന വിധേയമാക്കുന്നു. ചരിത്രം, പുരോവിജ്ഞാനം, ഭൂവിജ്ഞാനം, മിത്തോളജി, മതചരിത്രം, പരിസ്ഥിതിവിജ്ഞാനം എന്നിങ്ങനെ വ്യത്യസ്‌ത ജ്ഞാനശാഖകൾ നൽകുന്ന അറിവുകളെ ഗംഗയുടെ ഭൗതിക–-സാംസ്‌കാരികസ്വരൂപത്തിന്റെ അവതരണത്തിനായി സെൻ കൂട്ടിയിണക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധാരണ നദീപഠനങ്ങളിലോ, നദീചരിത്രത്തിലോ കാണാറുള്ള ഏകമാനമായ പരിചരണരീതി  ഗ്രന്ഥത്തിൽ കാണാനാകില്ല. അമ്പതിലധികം പുറങ്ങളിലായി പടർന്നുകിടക്കുന്ന അടിക്കുറിപ്പുകളും അവിടെ പരാമർശിക്കപ്പെടുന്ന നൂറുകണക്കിനു ഗ്രന്ഥങ്ങളും ഈ ഗ്രന്ഥത്തിന്റെ കേന്ദ്രപ്രമേയം എത്രമേൽ വിപുലവും സമഗ്രവുമായി പരിചരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ തന്നെ വെളിപ്പെടുത്തുന്നുണ്ട്.
രണ്ട് ചരടുകൾ  ഗ്രന്ഥത്തെ കൂട്ടിയിണക്കുന്നതായി  ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നു. അതിലാദ്യത്തേത് ഗംഗയുടെ ചരിത്രപരവും ഐതിഹ്യാത്മകവുമായ ജീവിതവും അതിന്റെ പ്രാധാന്യവുമാണ്. മാനുഷികരൂപത്തിൽ ആരാധിക്കപ്പെടുകയും വ്യത്യസ്‌ത ഭരണവംശങ്ങൾ നിരവധി നൂറ്റാണ്ടുകൾ അധികാരത്തിനായുള്ള കിടമത്സരങ്ങളുടെ വേദിയാക്കിമാറ്റുകയും ചെയ്‌ത ഗംഗയാണ് അവിടെയുള്ളത്. രണ്ടാമത്തേത് കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും സംഗമസ്ഥാനമായി നിലകൊള്ളുന്ന ഒരു മഹാനദിയും മനുഷ്യർ അതിൽ നടത്തുന്ന ഇടപെടലുകളുമാണ്. ജലസേചനം, കൃഷി, വ്യവസായം എന്നിങ്ങനെ ഗംഗയെ കേന്ദ്രീകരിച്ച് അരങ്ങേറിയ മാനുഷികപ്രവൃത്തികളും അത് ഗംഗാതടങ്ങളിൽ ഉളവാക്കിയ ഫലങ്ങളും. മോക്ഷദായിനിയായ പുണ്യനദി എന്ന പരിവേഷത്തിൽനിന്ന് ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നിന്റെ പദവിയിലേക്കുള്ള ഗംഗയുടെ പരിവർത്തനമാണ് അവിടെ കാണാൻ കഴിയുക. ചരിത്രവും മിത്തും നിത്യജീവിതവും ഇടകലരുന്ന  ഭൂതകാലം ഗംഗയുടെ വർത്തമാനജീവിതത്തിലും പ്രബലമായി തുടരുന്നതായി  സെൻ പറയുന്നു. അതിന്റെ പൊരുളും പ്രകാരവും വിശദീകരിക്കാനാണ് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ശ്രമിക്കുന്നതും.
 
തീർഥാടനലോകം (The World of Pilgrims) എന്ന ഒന്നാം അധ്യായത്തിൽ തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യവാഴ്‌ചക്കാലത്തെ ഗംഗ (Ganges in the Age of Empire) എന്നതുവരെയുള്ള ഒമ്പത് അധ്യായമാണ് ഈ ഗ്രന്ഥത്തിലുള്ളത്. അതോടൊപ്പം ഗംഗയുടെ ഇരുശരീരങ്ങളെ (ഇരുജീവിതങ്ങളെ) ക്കുറിച്ചുള്ള  ഉപസംഹാരഭാഗവും (The Two Bodies of the River) ഇതിലുൾപ്പെടുന്നു. ആദ്യ അധ്യായം ഹിമാലയത്തിലെ ഹിമപാളികൾക്കിടയിൽനിന്നുള്ള ഗംഗയുടെ പ്രഭവസ്ഥാനത്തെയും അവിടേക്കുള്ള തീർഥാടനത്തെയുംകുറിച്ചാണ്. ഭൂവിജ്ഞാനീയത്തെയും പാരിസ്ഥിതിക ഘടകങ്ങളെയും പരിഗണിക്കുമ്പോൾ തന്നെ ഇന്ത്യയുടെ ജീവിതസംസ്‌കൃതിയിൽ ഈ ഉത്ഭവസ്ഥാനത്തിനുള്ള സവിശേഷപദവിയാണ് ചർച്ചയുടെ കേന്ദ്രം. സംസ്‌കൃത ശ്ലോകങ്ങൾമുതൽ കൊളോണിയൽ രേഖകൾവരെയുള്ള വ്യത്യസ്‌ത സ്രോതസ്സുകൾ പകരുന്ന തീർഥാടനചിത്രം ഈ അധ്യായത്തിൽനിന്ന് ലഭിക്കും. ഇന്ത്യൻ ജീവിതസംസ്‌കൃതിയിൽ പലകാലങ്ങളായി തുടരുന്ന ഗംഗയുടെ ഐതിഹ്യാത്മക/മതാത്മക ജീവിതത്തിന്റെ ചിത്രം ഈ പ്രാരംഭത്തിൽനിന്നുതന്നെ നമുക്കു കൈവരും.
ഗംഗാനിപാതം (Ganga Descends), പ്രാക്ചരിത്രത്തിൽനിന്നുള്ള ഉദ്ഖനനം (Digging out of Pre history), യുദ്ധോദ്യുക്ത രാജസ്ഥാനങ്ങളുടെ ഉദയം (Rise of Warring Kingdoms), മധ്യദേശത്തിന്റെ കാവൽക്കാർ (Guardians of the Middle Country), ഭാഗ്യദേവത (The Godess of Fortune), സാമ്രാജ്യങ്ങളുടെ ചൂള (Crucible of Empires), കാർഷിക ഹൃദയഭൂമിയുടെ രൂപപ്പെടൽ (The Making of the Agrarian Heart Land), സാമ്രാജ്യകാലത്തെ ഗംഗ (The Ganges in the age of Empire) എന്നിങ്ങനെയാണ് രണ്ടുമുതൽ ഒമ്പതു വരെയുള്ള അധ്യായങ്ങളിലെ വിഷയക്രമീകരണം. അധ്യായ ശീർഷകങ്ങളിൽനിന്നും വ്യക്തമാകുന്നതുപോലെ, ഗംഗയുടെ രേഖീയവും ഏകമാനവുമായ ചരിത്രമായല്ല ഇതിന്റെ ആഖ്യാനം പടിപടിയായി വികസിച്ചുവരുന്നത്. തീരങ്ങളിലെ ആദ്യ സ്ഥിരതാമസക്കാരിൽനിന്ന്‌ ആരംഭിച്ച്, ഗംഗയുടെ ജീവിതത്തെ നിർണയിച്ച ഓരോ ചരിത്രസന്ദർഭത്തെയും അഭിസംബോധന ചെയ്‌തുകൊണ്ടാണ് സുദീപ്ത സെൻ വിശകലനം മുമ്പോട്ടുകൊണ്ടുപോകുന്നത്. അങ്ങനെ, ഗംഗാതടങ്ങളിലെ ആദ്യ രാജസ്ഥാനങ്ങൾ, ബുദ്ധമതത്തിന്റെ ഉദയപരിണാമങ്ങൾ, ദില്ലി സുൽത്താനേറ്റ്, മുഗൾഭരണം, യൂറോപ്യൻ വാണിജ്യവിനിമയങ്ങൾ, വ്യവസായങ്ങളുടെയും ആധുനിക സാങ്കേതികതയുടെയും രംഗപ്രവേശം ഗംഗയുടെ ജീവിതത്തിലുളവാക്കിയ മാരകമായ പ്രത്യാഘാതങ്ങൾ, ഗംഗയുടെ മലിനീകരണം എന്നിവയെല്ലാം ഗംഗയുടെ ഭൂമിശാസ്‌ത്ര–-പാരിസ്ഥിതിക–-മത–-രാഷ്ട്രീയ ചരിത്രവുമായി കൂടിക്കലർന്ന് ആഖ്യാനത്തിന്റെ ഭാഗമായി മാറുന്നു. ഇതോടൊപ്പംതന്നെ സാഹിതീയവും ഐതിഹ്യാത്മകവുമായ കഥനങ്ങളുടെ ഒരു സമാന്തരധാരയിലൂടെയും വിവരണം കടന്നുപോകുന്നു. അങ്ങനെ ഒരു ജനതയുടെ സവിശേഷജീവിതസന്ദർഭത്തിലെ ജീവിതായോധനങ്ങൾ ഒരുമിച്ചുചേരുന്ന ബിന്ദുവായി (Convergence Point) ഗംഗയുടെ ചരിത്രജീവിതത്തിലെ ഓരോ സന്ദർഭത്തെയും നോക്കിക്കാണാനാണ് സുദീപ്ത സെൻ ശ്രമിച്ചിട്ടുള്ളത്. അതുവഴി കാലത്തിലും സ്ഥലത്തിലും ഒരുപോലെ പടർന്നുനിൽക്കുന്ന ജീവിതായോധനത്തിന്റെ ആവിഷ്‌കാരമായി, അഥവാ ഗംഗയുടെ സാംസ്‌കാരികചരിത്രമായി, ഈ ഗ്രന്ഥം മാറിത്തീരുകയും ചെയ്യുന്നു.
 
ഈനിലയിൽ, ഗംഗയെ ഒരു ഐതിഹ്യാത്മക–-ചരിത്ര–-രാഷ്ട്രീയ–-സാമൂഹിക വ്യവഹാരമായി പരിഗണിച്ച് അതിന്റെ പ്രവാഹചരിത്രം അനാവരണം ചെയ്യുന്ന, ഉജ്ജ്വലവും അനിതരസാധാരണവുമായ ഗ്രന്ഥമാണിത്‌.  അഭിനന്ദനക്കുറിപ്പുകളിലൊന്നിൽ പറയുന്നതുപോലെ, ഗംഗയുടെ പ്രഭാവലയിതമായ ഉത്ഭവത്തിൽ തുടങ്ങി, അതിസമ്പന്നമായ സാംസ്‌കാരികചരിത്രത്തിലൂടെയും അത്യന്തവിപുലമായ ഭൂപ്രദേശങ്ങളിലൂടെയും അത്യഗാധമായ വനനിബിഢതകളിലൂടെയുമെല്ലാം സഞ്ചരിച്ച്, അതിന്റെ രോഗാതുരമായ വർത്തമാനത്തിലേക്കും ആശങ്കാകുലമായ ഭാവിയിലേക്കുംവരെ എത്തിനിൽക്കുന്ന ഒന്നാണ് ഈ ഗ്രന്ഥത്തിന്റെ ആഖ്യാനപദ്ധതി. സാംസ്‌കാരികചരിത്രത്തിന്റെയും അന്തർവൈജ്ഞാനിക സമീപനത്തിന്റെയും സമീപകാലത്തെ ഏറ്റവും മികച്ച മാതൃകയെന്ന് സംശയരഹിതമായി വിശേഷിപ്പിക്കാവുന്ന ഗ്രന്ഥം. നിരവധി ചിത്രങ്ങളുടെ അകമ്പടിയോടെ, സരളവും സുതാര്യവുമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം സുഗമമായ ഒരു വായനാനുഭവമാണ്. സമകാലിക വൈജ്ഞാനികതയിൽ തല്പരരായ ആർക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇതു മാറിത്തീരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top