08 August Saturday

സുവർണകാലത്തെ ഏകാന്തപഥികൻ

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Aug 25, 2019

മുഹമ്മദ് സായുർ ഖയ്യാം ഹഷ്‌മി

ഖയ്യാം സജീവമായിരുന്ന പതിനാലു വര്‍ഷം   മറ്റ്‌ സംഗീതസംവിധായകർക്കു കിട്ടുന്നതിനേക്കാള്‍ ആറിരട്ടി പ്രതിഫലം ലഭിച്ചിരുന്നു.  വളരെക്കുറച്ചു സിനിമകള്‍മാത്രം ചെയ്യുന്നതുകൊണ്ടും സൃഷ്ടികള്‍ക്ക് പൂര്‍ണത വേണമെന്ന്‌ ശഠിക്കുകയും ചെയ്യുന്നയാളെന്ന നിലയില്‍ ആ പ്രതിഫലം താന്‍ അര്‍ഹിച്ചിരുന്നെന്ന് അദ്ദേഹം വിശ്വസിച്ചു. സിനിമാലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞു. കാരണം സിനിമയ്‌ക്കുവേണ്ടി സംഗീതം ചെയ്യുമ്പോള്‍ സംഗീതത്തിനൊപ്പം പ്രാധാന്യത്തോടെ ഖയ്യാം സിനിമയെയും ആദരിച്ചിരുന്നു

 

മുഹമ്മദ് സായുർ ഖയ്യാം ഹഷ്‌മി എന്ന ഖയ്യാം വിടപറഞ്ഞതോടെ സിനിമാസംഗീതത്തിന്റെ സുവർണകാലഘട്ടത്തിലെ ഒരു കുലപതിയെക്കൂടി നഷ്ടമായിരിക്കുന്നു. 

ഖയ്യാം സംഗീതത്തെയല്ല, സംഗീതം ഖയ്യാമിനെയാണ് കണ്ടെത്തിയതെന്ന് ആരോ എഴുതിയിട്ടുണ്ട്.  കെ എൽ സൈഗാളിനെപ്പോലെ ഗായകനും നടനുമായി അറിയപ്പെടാനായിരുന്നു ഖയ്യാമിന് ആഗ്രഹം. ആ സ്വപ്‌നങ്ങൾ ഖയ്യാമിനെ നന്നേ ചെറുപ്പത്തിൽത്തന്നെ പണ്ഡിറ്റ് അമർനാഥ് മിശ്രയെയും ഹുസ്‌ന്‌ ലാൽ ഭഗത്റാമിനെയും പോലുള്ള മഹാൻമാരായ  ഗുരുക്കന്മാർക്കരികിലെത്തിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അനിശ്ചിതമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലായിരുന്നു ഖയ്യാം കലാജീവിതത്തിന്റെ ആദ്യഘട്ടം പിന്നിട്ടത്. റഹ്‌മാൻ വർമ എന്ന സംഗീതസംവിധായകനൊപ്പം പ്രവർത്തിച്ചുതുടങ്ങിയ കാലത്ത് ഖയ്യാം ശർമാജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശർമാജി–-വർമാജി എന്നറിയപ്പെട്ടിരുന്ന ആ സംഗീത സംവിധായകദ്വന്ദ്വം പിരിയുന്നത് വിഭജനാനന്തരം റഹ്‌മാൻ വർമ പാകിസ്ഥാനിലേക്ക്‌ പോകാൻ തീരുമാനിച്ചതോടെയാണ്. 1953ൽ പുറത്തുവന്ന ഫൂട്പാത് എന്ന സിനിമയിലാണ് ആദ്യമായി ഖയ്യാം എന്ന സ്വന്തം പേര് അദ്ദേഹം ഉപയോഗിച്ചത്. പിന്നീട് ആ പേര് ഭാവഗരിമയും കാവ്യഭംഗിയും ഒത്തിണങ്ങിയ എണ്ണം പറഞ്ഞ ഗാനങ്ങൾക്കൊപ്പം ചേർത്തുവച്ച് ഇന്ത്യൻ സംഗീതചരിത്രം ഒരു സുവർണാധ്യായം എഴുതി. കഭീ കഭീ മേരേ ദിൽ മേ, മേ പൽ ദേ പൽ കി ശായര് ഹൂം (കഭി കഭി), ഹസാര് രാഹേ മുഡ് കേ ദേഖി (ഥോഡി സി ബേവഫായി), ആജാ രേ ഓ മേരേ ദിൽബര് ആജാ (നൂറി), മൊഹബത് ബഡേ കം കി ചീസ് ഹെ (ത്രിശൂൽ).... പിന്നെ ഇൻ ആംഖോം കി മസ്‌തി അടക്കം ഉമ്രാവ് ജാനിലെ മുഴുവൻ പാട്ടുകളും, കരോഗെ യാദ് തോ ഉൾപ്പെടെ ബാസാർ എന്ന ചിത്രത്തിലെ മുഴുവൻ പാട്ടുകളും. കൈവച്ച കവിതകളെല്ലാം  അനശ്വരമാക്കി. 
 
1947 മുതൽ ഏഴു പതിറ്റാണ്ടോളം തലയെടുപ്പോടെ നിലകൊണ്ട ഖയ്യാം അമ്പത്തേഴു സിനിമയിൽ മാത്രമേ പ്രവർത്തിച്ചുള്ളൂ. എണ്ണത്തേക്കാൾ ഗുണത്തിനു 
പ്രാധാന്യം നൽകി നിർബന്ധബുദ്ധിയോടെ നടത്തിയ തെരഞ്ഞെടുപ്പുകളായിരുന്നു അത്. തിരക്കഥ വിശദമായി വായിച്ചശേഷം മാത്രമേ അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിരുന്നുള്ളൂ. കഥാസന്ദർഭം മാത്രമല്ല, കഥ നടക്കുന്ന കാലഘട്ടത്തെക്കുറിച്ചും ഗാനരംഗത്തുള്ള കഥാപാത്രങ്ങളെക്കുറിച്ചും ഖയ്യാം പഠിച്ചു.  ഉമ്രാവ് ജാനിൽ പ്രിയ ഗായിക ലതാ മങ്കേഷ്‌കർക്കുപകരം ആശാ ഭോസ്ലേയെക്കൊണ്ട് എല്ലാ പാട്ടുകളും പാടിച്ചതിനു പിന്നിലും ഈ സൂക്ഷ്‌മതയുണ്ടായിരുന്നു. ഏതാണ്ട് സമാനമായ കഥാന്തരീക്ഷമുള്ള പകീസാ (1972) എന്ന സിനിമയിലെ ഗാനങ്ങൾ ലതയാണ് പാടിയത്. ഉമ്രാവ് ജാനിലും ലത പാടിയാൽ പകീസയുടെ ഓർമകൾ പ്രേക്ഷകരിലെത്തുമെന്ന്  ചിന്തിച്ചു. ജനം ഉമ്രാവ് ജാൻ എന്ന കഥാപാത്രത്തെ മറക്കും. ലതയെമാത്രം കേൾക്കും. തന്നെയുമല്ല, രേഖയുടെ ശബ്ദത്തിന് ലതയേക്കാൾ ആശയുടെ ആലാപനമാണ് ചേരുകയെന്നും ഖയ്യാം നിരീക്ഷിച്ചു. ഉമ്രാവ് ജാനിലെ ഗാനങ്ങൾ കാലത്തെ അതിശയിക്കുന്ന ക്ലാസിക്കുകളായെന്നു മാത്രമല്ല, ആശാ ഭോസ്ലെ ആ സിനിമയിലൂടെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്‌തു. സിന്ദഗി ജബ് ഭീ തേരി എന്ന ഗാനത്തിലൂടെ തലത് അസീസിനെ ഖയ്യാം അവതരിപ്പിച്ചതും ഈ സിനിമയിൽ. 
 
റസിയ സുൽത്താൻ (1983) എന്ന ചിത്രത്തിലെ ഗാനങ്ങളെ ഉമ്രാവ് ജാനിലെ പാട്ടുകൾക്കൊപ്പം  ഖയ്യാം ഹൃദയത്തിൽ ചേർത്തു വച്ചിരുന്നു.  സവിശേഷതകളുള്ള കഥാപശ്ചാത്തലത്തിന്റെയും അതിനോടു ചേർന്നുനിൽക്കുന്ന അർഥസമ്പുഷ്ടമായ കവിതകളുടെയും പിൻബലത്തോടെ ഖയ്യാം ആ സിനിമയ്‌ക്കുവേണ്ടി സൃഷ്ടിച്ച അനശ്വരഗാനങ്ങളിൽ ഏറ്റവും മികച്ചത് ഏ ദിൽ ഏ നാദാൻ തന്നെ. 
 
യഷ് ചോപ്രയുടെ സിൽസില എന്ന ചിത്രം പ്രമേയത്തോടുള്ള വിയോജിപ്പുകൊണ്ട് വേണ്ടെന്നുവച്ച ചരിത്രമുള്ള ഖയ്യാമിനെ ദസ്‌തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിനെ അടിസ്ഥാനമാക്കിയ ഫിർ സുബഹ് ഹോഗി (1958) എന്ന സിനിമയിലേക്ക്‌ ക്ഷണിച്ചതിന് ഒരൊറ്റ കാരണമേയുണ്ടായിരുന്നുള്ളൂ.  അക്കാലത്ത് ആ നോവൽ വായിച്ച ഒരേയൊരു സംഗീതസംവിധായകൻ അദ്ദേഹമായിരുന്നു. മുകേഷും ആശാ ഭോസ്ലേയും ചേർന്നാലപിച്ച വോ സുബഹ് കഭീ തോ ആയേഗി ഉൾപ്പെടെ ഏഴു പാട്ടുണ്ടായിരുന്നു ആ ചിത്രത്തിൽ. എല്ലാ ഗാനങ്ങളും എഴുതിയത് സാഹിർ ലുധിയാൻവി. ചീന് ഓ അറബ് ഹമാരാ ഹിന്ദുസ്ഥാൻ ഹമാരാ രഹ്‌നേ കോ ഘർ നഹീ ഹേ സാരാ ജഹാം ഹമാരാ എന്ന ഗാനം വിവാദം സൃഷ്ടിച്ചു. രാജ് കപൂർ ആയിരുന്നു  നായകൻ.
 
കവിതകളോടുള്ള അഗാധപ്രണയം ഖയ്യാമിനെ വ്യത്യസ്‌തനാക്കി. പഠനത്തിൽ  താൽപ്പര്യമില്ലായിരുന്നെങ്കിലും വീട്ടിലെ ഗ്രന്ഥശേഖരത്തിലെ കാവ്യപുസ്‌തകങ്ങൾ  ഖയ്യാമിനെ വശീകരിച്ചിരുന്നു. മിർസ ഗാലിബും അല്ലാമ ഇഖ്ബാലും അടക്കമുള്ള ഉറുദു കവികൾ ആഴത്തിൽ സ്വാധീനിച്ചു. ഈ കാവ്യപാരമ്പര്യത്തിന്റെ പിൻബലത്തോടെയാണ് അദ്ദേഹം അലി സർദാർ ജഫ്രി, മജ്‌റൂഹ് സുൽത്താൻ പുരി, സാഹിർ ലുധിയാൻവി തുടങ്ങിയവരുടെ വരികൾക്ക് സംഗീതത്തിന്റെ ചിറകുകൾ നൽകിയത്.  
 
സിനിമകളുടെ എണ്ണം കുറവായിരുന്നെങ്കിലും ഇരുനൂറോളം സംഗീത ആൽബങ്ങൾക്ക് ഖയ്യാം ഈണം പകർന്നിട്ടുണ്ട്. ബീഗം അക്തർ, മുഹമ്മദ് റഫി, മീനാകുമാരി എന്നിവരുൾപ്പെടെയുള്ളവർക്കുവേണ്ടി ചിട്ടപ്പെടുത്തിയ ഗസലുകളും ഭജനകളുമൊക്കെയടങ്ങുന്ന പല ഗണങ്ങളിലുള്ള ആ ഗാനങ്ങൾ വൻ ജനപ്രീതി നേടി. അവയിലെ പല ഈണങ്ങളും സംഗീതപ്രയോഗങ്ങളും മറ്റു സംഗീത സംവിധായകർ ഒരു കുറ്റബോധവും കൂടാതെ മോഷ്ടിച്ച് സിനിമാഗാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരോട് ഖയ്യാമിന്‌ പരിഭവമുണ്ടായിരുന്നില്ല. ദൈവികമായ ഏതോ ശക്തിയുടെ പ്രഭാവത്തിൽ ഈണങ്ങൾ തന്നിലൂടെ ഒഴുകിവരുന്നു എന്ന് വിശ്വസിച്ചിരുന്ന ഖയ്യാമിന്റെ കംപോസിങ് രീതി മറ്റു സംഗീതസംവിധായകരിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു. മനസ്സിലേക്കു പകർന്നുകിട്ടിയ ഈണത്തെക്കുറിച്ച്  ഗായികയായ ഭാര്യ ജഗ്ജിത് കൗറുമായി ചർച്ചചെയ്‌ത്‌  സാങ്കേതികമായ തലങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചതിനുശേഷമാണ് മറ്റു ഘട്ടങ്ങളിലേക്ക്‌ പ്രവേശിക്കുക. തന്റെ ഈണങ്ങളുടെ പകുതി അവകാശം പത്നിക്കാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘ഖയ്യാം ജഗ്ജിത് കൗർ' എന്ന പേരിൽ സംഗീതം ചെയ്യാൻപോലും  തീരുമാനിച്ചിരുന്നു. അതു വേണ്ടെന്നു പറഞ്ഞത് ജഗ്ജിത് തന്നെ. 
 
ഖയ്യാം സജീവമായിരുന്ന പതിന്നാലു വർഷം   മറ്റു സംഗീതസംവിധായകർക്കു കിട്ടുന്നതിനേക്കാൾ ആറിരട്ടി പ്രതിഫലം ലഭിച്ചിരുന്നു.  വളരെക്കുറച്ചു സിനിമകൾമാത്രം ചെയ്യുന്നതുകൊണ്ടും സൃഷ്ടികൾക്ക് പൂർണത വേണമെന്ന്‌ ശഠിക്കുകയും ചെയ്യുന്നയാളെന്ന നിലയിൽ ആ പ്രതിഫലം താൻ അർഹിച്ചിരുന്നെന്ന് അദ്ദേഹം വിശ്വസിച്ചു. സിനിമാലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞു. കാരണം സിനിമയ്‌ക്കുവേണ്ടി സംഗീതംചെയ്യുമ്പോൾ സംഗീതത്തിനൊപ്പം പ്രാധാന്യത്തോടെ ഖയ്യാം സിനിമയെയും ആദരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമയുടെ സുവർണകാലത്തെ ഏകാന്തപഥികന്റെ ഓരോ സൃഷ്ടിയും എക്കാലവും ആദരിക്കപ്പെടും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top