23 April Tuesday

വിഭ്രമങ്ങളുടെ മരുഭൂമികൾ

കെ ഗിരീഷ്Updated: Sunday Dec 24, 2017

‘ ലെ എന്ന രാജ്യത്ത് ’ നാടകത്തിൽനിന്ന്

യാഥാർഥ്യത്തിനും ‘ഭാവനയ്ക്കും ഇടയിലുള്ളത് ഒരു നിലാമറയാണ്. പരസ്പരം തിരിച്ചറിയാനാകാത്ത നേർത്ത നീലവെളിച്ചത്തിന്റെ പാളി. ജീവിതം ഇതിനിടയിലുള്ള യാത്ര. ഒരുതരം പലായനം.  തിരിച്ചറിയാനാകാത്ത അനുഭവങ്ങളുടെ ‘ഭൂമികയിലൂടെയുള്ള യാത്ര. വനവും മരുഭൂമിയും മാറിമാറി അനുഭവിക്കേണ്ടിവരുന്ന ഈ യാത്രയ്ക്കിടയിലെവിടെയാണത്  നിലച്ചുപോകുന്നതെന്ന് സങ്കൽപ്പിക്കാനാകില്ല.  വിഭ്രമങ്ങളുടെ മരുഭൂമികളുണ്ട് ജീവിതത്തിലെവിടെയും. അത്തരമൊരു മരുഭൂവിൽ മരീചികയും ജലവും–തിരിച്ചറിയാതെയുള്ള അമ്പരപ്പുകൾ. അവിടെയാണ് ജീവിതം നാണയമേറാകുന്നത്. തിരിച്ചറിവുള്ളവർ പൊരുതിക്കയറും.അല്ലാത്തവർ അനിവാര്യതയ്ക്ക് കീഴടങ്ങും. അറിയാത്ത പൊരുൾ തേടിയുള്ള യാത്രകൾ, ഒന്നിൽനിന്ന് ഒന്നിലേക്കുള്ള പലായനങ്ങൾ അതാണ് ജീവിതമെന്ന് ഓർമിപ്പിക്കുന്നു സക്കറിയയുടെ കഥ ‘ബാർ'. ഇതിനെ അധികരിച്ച് തിരുമുടിക്കുന്ന് നാടകക്കൂട്ടായ്മ അവതരിപ്പിച്ച ‘ലെ എന്ന രാജ്യത്ത്' നാടകം സമ്മാനിക്കുന്നത് വല്ലാത്ത ദൃശ്യാനുഭവവും ഒപ്പം ഉള്ളിലെവിടെയോ കൊളുത്തുന്ന ആന്തരികാനുഭവവുമാണ്.
ആഫ്രിക്കയിലെ ‘ലെ' എന്ന രാജ്യത്ത് ദീർഘകാലം അധ്യാപകനായിരുന്ന ഒരാൾ മരുഭൂമിയിലേക്ക് വിദ്യാർഥികൾക്കൊപ്പം പഠനവിനോദയാത്ര പോകുന്നു. മണൽക്കൊടുങ്കാറ്റിൽപ്പെട്ട് അവർ ഉഴറുന്നു. ഒന്നൊന്നായി സംഘാംഗങ്ങൾ പിടഞ്ഞുവീഴുമ്പോൾ, പ്രിയപ്പെട്ടവരിൽ ഒരുവനെത്തന്നെ കൊന്ന് തിന്നാലേ ഇനി അതിജീവിക്കാനാകൂ എന്ന ഘട്ടം മരണവും ജീവിതവും എല്ലാമെല്ലാം പുതിയ പ്രഹേളികയായി മനുഷ്യനിൽ രൂപപ്പെടുന്ന വല്ലാത്ത സന്ദിഗ്ധാവസ്ഥയെ നാടകം പറയുന്നു. അതിജീവനത്തിനായി മനുഷ്യർ നടത്തുന്ന ശ്രമങ്ങളും ദുരന്താനുഭവങ്ങളും ആകസ്മികതകളുമാണ് നാടകം ദൃശ്യവൽക്കരിക്കുന്നത്. മരണത്തെ പേടിക്കുക എന്നത് സാധാരണമനുഷ്യനിൽ അടിച്ചേൽപ്പിച്ച കടമയാണ്. അവരിങ്ങനെ ഓരോ ചുവടിലും ഭയന്നുകൊണ്ടേയിരിക്കുന്നു.  ഇവിടെ നായകൻ മരണവുമായി ഉഗ്രമായ മൽപ്പിടിത്തം നടത്തിയ ആളാണ്. ബാറിൽ അപ്രതീക്ഷിതമായി കാണുന്നവരോട് അയാൾ തന്റെ അനുഭവം വിവരിക്കുന്നതാണ് നാടകം. 
 
വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും മാസ്മരികതയിൽ മരണത്തിന്റെ മടുപ്പിന്റെ, ജീവിതമെന്ന വിഹ്വലതയുടെ കാഴ്ചാനുഭവം പകരാൻ നാടകത്തിനായിട്ടുണ്ട്. ചിത്രകാരനും ശിൽപ്പിയുംകൂടിയായ  പോളി നാലപ്പാടനാണ് സംവിധാനം. അതുകൊണ്ടുതന്നെ രംഗഭാഷയിലുടനീളം ശിൽപ്പരചനയുടെ സൂക്ഷ്മതയും ഭംഗിയും നിലനിർത്താനായി എന്നത് നാടകവിജയത്തിന് കാരണമായി. നാടകത്തിലുടനീളം ഈ ചിത്രഭാഷയുണ്ട്.
 
ജോയ് ജോസഫാണ് നാടകരൂപാന്തരവും ഗാനരചനയും. ജോസ് കോശിയാണ് ലൈറ്റ് ഡിസൈനിങ്.  സംഗീതം: സത്യജിത്ത്, രംഗോപകരണം: ജോയ് കവല,  ഏകോപനം: അജിത് പി ആച്ചാണ്ടി. നിർമാണനിയന്ത്രണം: ജോസ് സ്റ്റീഫൻ, വേഷം: സി പി ജോയ്, പോസ്റ്റർ ഡിസൈൻ: വിനയ് ലാൽ.
 
ജെയ്ബി കറുകുറ്റി, ബോബൻ ഡേവിസ്, കെ എൽ ബാബു, സജീവ് ആർ എൽ വി, നിബിൻ പോൾ, ജെസ്ബിൻ ജോയ്, ലിബിൻ ബെന്നി, ജെറിൻ ജോയ്, ഹസ്‌റോൺ തോമസ്, മെൽവിൻ മാത്യു, റിജോയ് അഗസ്റ്റിൻ, മാസ്റ്റർ അശ്വിൻ സജീവ്, പി ജെ സനോജ്, പി അജിത്, ക്രിസ്റ്റിൻ തോമസ് എന്നിവരാണ് രംഗത്ത്.
 
 
 
 
 
 
പ്രധാന വാർത്തകൾ
 Top