24 February Sunday

പുതിയ കാഴ്ചയുടെ ചുമരുകൾ

എം എസ് അശോകൻUpdated: Sunday Dec 24, 2017

ഗ്രേസി ഫിലിപ്പിന്റെ പെയിന്റിങ്

കേരളീയ ചുമർച്ചിത്രശൈലിയിൽ വീട്ടമ്മയായ ഗ്രേസി ഫിലിപ്പ് വരച്ച തിരുപ്പിറവി ചിത്രം ആസ്വാദകനിലേക്ക് സംക്രമിപ്പിക്കുന്നത് യഹൂദിയായിലെ ധനുമാസക്കുളിർനിലാവുമാത്രമല്ല. പരമ്പരാഗത ചുമർച്ചിത്രരചനയിൽ അധികമൊന്നും വിഷയീഭവിച്ചിട്ടില്ലാത്ത ക്രിസ്തീയചരിത്രത്തെയും കഥാസാരങ്ങളെയും പുതിയൊരു കാഴ്ചയുടെ ചുമരിലേക്ക് എടുത്തുവയ്ക്കുകകൂടിയാണ് അറുപത്തിനാലുകാരിയായ ഈ ചിത്രകാരി. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ ചുമർച്ചിത്രരചന പഠിച്ചാണ് ഗ്രേസി ഫിലിപ്പ് ഈ രംഗത്തെ പുതിയ പരീക്ഷണങ്ങൾക്ക് ചുമരൊരുക്കുന്നത്. 
ഗ്രേസി ഫിലിപ്പ്

ഗ്രേസി ഫിലിപ്പ്

പത്തനംതിട്ട കൂടൽ കലഞ്ഞൂർ സ്വദേശിയായ ഗ്രേസി ഫിലിപ്പിന് കുട്ടിക്കാലംമുതൽ ചിത്രമെഴുത്തിനോട് താൽപ്പര്യമുണ്ട്. അൽപ്പകാലം അത് അഭ്യസിച്ചെങ്കിലും കാര്യമായ പഠനത്തിന് അവസരമുണ്ടായില്ല. സ്വകാര്യമായ വര തുടർന്നുപോരുകയുംചെയ്തു. എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായ ഭർത്താവ് ഫിലിപ്പോസിനൊപ്പം തിരുവനന്തപുരത്തെ താമസത്തിനിടെ അവിടെ ചിത്രങ്ങളുടെ ആദ്യ പ്രദർശനം നടത്തി. ജലച്ചായവും അക്രിലിക്കും കളർ പെൻസിലുമൊക്കെ ഉപയോഗിച്ചായിരുന്നു വര. ലാൻഡ് സ്‌കേപ്പുകളിലായിരുന്നു ശ്രദ്ധ. അക്കാലംമുതൽ ഗ്രേസി വരയ്ക്കുന്ന ചിത്രങ്ങൾക്ക് അവരുടേതായ കൈയൊപ്പ് പ്രകടമായിരുന്നു. വർണങ്ങളുടെ തെരഞ്ഞെടുപ്പിലായാലും രചനാശൈലിയിലായാലും കാഴ്ചകളുടെ പ്രത്യക്ഷത്തിനപ്പുറത്തേക്ക് ആസ്വാദകനെ നയിക്കുന്ന ചിലത് ആ ചിത്രങ്ങളുടെ അടിയൊഴുക്കായി എക്കാലത്തും തുടർന്നു. പിന്നീട് ഫിലിപ്പോസിന്റെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി ഗൾഫ്, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെല്ലാം നീണ്ടകാലത്തെ പ്രവാസം. അപ്പോഴൊന്നും മറ്റു തിരക്കുകൾമൂലം ചിത്രംവര കാര്യമായി മുന്നോട്ടുപോയില്ലെന്ന് ഗ്രേസി പറഞ്ഞു. മൂന്നുവർഷംമുമ്പ് ഉലകംചുറ്റി ജീവിതമവസാനിപ്പിച്ച് വീണ്ടും പത്തനംതിട്ടക്കാരിയായതോടെയാണ് വരയ്ക്ക് പുതുജീവൻ കൈവന്നത്. പ്രവാസകാലത്ത് വര കാര്യമായി തുടർന്നില്ലെങ്കിലും ലോകോത്തര കലാസൃഷ്ടികളുമായെല്ലാം പരിചയിച്ചത് വലിയ നേട്ടമായി. ലോകത്തെ ഏതാണ്ട് എല്ലാ ഗ്യാലറിയും മ്യൂസിയവും സന്ദർശിക്കാനും എല്ലാത്തരം കലാസൃഷ്ടികളും നേരിൽ കാണാനും ഇക്കാലത്തിനിടെ കഴിഞ്ഞു.
 
നമ്മുടെ തനത് ചിത്രരചനാശൈലി എന്ന നിലയിലാണ് ചുമർ ച്ചിത്രങ്ങളോട് താൽപ്പര്യം. അത് പ്രഗൽഭരായ ചിത്രകാരന്മാരുടെ കീഴിൽത്തന്നെ അഭ്യസിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യമായാണ് ആറന്മുളയിൽ പഠിക്കാൻ ചേർന്നത്. പഠനത്തിന്റെ ഭാഗമായി ചുമർച്ചിത്രങ്ങളുള്ള കേരളത്തിലെ അപൂർവം ക്രിസ്തീയ ദേവാലയങ്ങളിൽ ചിലതായ ചേപ്പാട്, കോട്ടയം ചെറിയപള്ളി, പാലിയേക്കര തുടങ്ങിയ ദേവാലയങ്ങളിലെത്തി. നൂറ്റാണ്ടു പഴക്കമുള്ള അവിടത്തെ ചുമർച്ചിത്രങ്ങളുടെ ശൈലിയുംമറ്റും കേരളീയശൈലിയോളം പോരെന്നാണ് ഗ്രേസിയുടെ പക്ഷം. യൂറോപ്യൻ ചുമർ ച്ചിത്ര ശൈലിയേക്കാൾ മികച്ചതാണ് നമ്മുടേത്. ആ ശൈലിയിൽ ക്രിസ്തീയചരിത്രത്തെ എഴുതിയാലെന്ത് എന്ന ചിന്തയിൽനിന്നാണ് തിരുപ്പിറവിമുതൽ സ്വർഗാരോഹണംവരെയുള്ള പത്തുചിത്രങ്ങൾ പൂർത്തിയാക്കിയത്. ഹൈന്ദവപുരാണങ്ങൾ ചിത്രമാക്കുമ്പോഴത്തെ സ്വാതന്ത്ര്യവും സൗകര്യവും ക്രിസ്തീയചരിത്രത്തിലില്ലെന്ന പ്രത്യേകതയുണ്ട്. അത്രത്തോളം അലങ്കാരമൊന്നും ആവശ്യമില്ലെങ്കിലും വർണവൈജാത്യത്തിന്റെ പൊലിമയിൽ ദേഭങ്ങളില്ല. കന്നും കുട്ടിയും മാലാഖമാരും ഇടയരുമൊക്കെ സാക്ഷികളാകുന്ന തിരുപ്പിറവി ചിത്രത്തിൽ ഗ്രേസി എന്ന കൃതഹസ്തയായ ചിത്രകാരിയുടെ വൈഭവം നിലാവുപോലെ ആസ്വാദകന് അനുഭവിക്കാം. ഈ ചിത്രം കണ്ട് ക്രിസ്ത്യൻ പുരോഹിതർ ഉൾപ്പെടെ അത്തരം രചനയിൽ താൽപ്പര്യം കാണിച്ചിട്ടുണ്ട്. ചില ക്ഷേത്രങ്ങളിൽ പരമ്പരാഗതശൈലിയിൽ ചിത്രരചനയ്ക്കും ഗ്രേസിക്ക് ക്ഷണം കിട്ടിയിട്ടുണ്ട്.

 

പ്രധാന വാർത്തകൾ
 Top