19 February Tuesday

വരച്ചു തീരാത്ത കൊച്ചി

എം എസ് അശോകൻUpdated: Sunday Sep 24, 2017

പലർക്കും പറഞ്ഞിട്ടും എഴുതിയിട്ടും തീരാത്തതുപോലെയാണ് അബ്ദുൾ സലീമിന് വരച്ചിട്ടും തീരാത്ത കൊച്ചിയോടുള്ള പ്രണയം. ഒറ്റപ്പാലത്തുനിന്ന് കൊച്ചിയിൽ ചേക്കേറിയ മാതാപിതാക്കളുടെ മകനായി ഇവിടെ ജനിച്ചുവളർന്ന അബ്ദുൾ സലീമിന് കൊച്ചിയെ എത്ര കണ്ടിട്ടും മതിവരുന്നില്ല. അതുകൊണ്ടുതന്നെ നിറം ചാലിച്ച് സലീം കൊച്ചിയെ വരച്ചുകൊണ്ടേയിരിക്കുന്നു.

ഇടപ്പള്ളി എംഎംഒ വിഎച്ച്എസ്എസിലെ ചിത്രകലാ അധ്യാപകനാണ് അബ്ദുൾ സലീം. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്നാണ് പെയ്ന്റിങ്ങിൽ ബിഎഫ്എ പൂർത്തിയാക്കിയത്. തുടർന്ന് മട്ടാഞ്ചേരിയിൽ ചിത്രരചനയും പ്രദർശനവും നടത്തിപ്പോന്നു. എട്ടുവർഷമായി അധ്യാപനത്തിൽ എത്തിയിട്ട്. കൊച്ചിയുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും വരയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്. കൊച്ചിയുടെ ചരിത്രപരമായ നിലനിൽപ്പും സവിശേഷമായ സാംസ്‌കാരിക ജീവിതബന്ധങ്ങളുമൊക്കെ അബ്ദുൾ സലീം അടുത്തറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം കൊച്ചിയെ ആ രീതിയിൽ ചിത്രങ്ങളിലൂടെ സമീപിക്കാൻ അബ്ദുൾ സലീമിന് കഴിയുന്നത്. ജലച്ചായത്തിലാണ് രചനകൾ അധികവും. ജലച്ചായരചനയിലെ പരമ്പരാഗത സമ്പ്രദായങ്ങളെ അപ്പടി സ്വീകരിക്കുന്നുമില്ല, തള്ളുന്നുമില്ല. ജലമാധ്യമത്തിന്റെ സ്ഫടിക സുതാര്യത വർണ പ്രയോഗത്തിൽ സൂക്ഷിക്കുമ്പോൾത്തന്നെ നിറങ്ങളുടെ നിറഞ്ഞ പ്രകൃതിയെ ആരാധിക്കുന്ന ശൈലിയാണുള്ളത്. ഇത് പ്രത്യേകമായ കാഴ്ചഭംഗിയും ചാരുതയും ചിത്രങ്ങൾക്ക് നൽകുന്നു. പ്രകൃതിഭാവങ്ങൾക്കുതന്നെയാണ് ജലച്ചായ ചിത്രരചനയിൽ പ്രഥമ പരിഗണന. കേരള ലളിതകലാ അക്കാദമിയുടെ ജലച്ചായ ചിത്രരചനയ്ക്കുള്ള സ്വർണപ്പതക്കം 2010ൽ ലഭിച്ചിരുന്നു. കൊച്ചിയിലെ ഒരു പുരാതന വാസ്തുവാണ് വരച്ചത്. കാർട്ടൂണിന് അതേ വർഷംതന്നെ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. കഴിഞ്ഞവർഷം തായ്‌ലൻഡിൽ നടന്ന ജലച്ചായചിത്രങ്ങളുടെ ബിനാലെയിൽ അബ്ദുൾ സലീമിന്റെ ചിത്രം തെരഞ്ഞെടുത്ത് പ്രദർശിപ്പിച്ചിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിന് ലഭിച്ചു. ചിത്രകാരന്റെ സ്വാതന്ത്രത്തെക്കൂടി അനുവദിച്ചെടുക്കുന്ന ഇംപ്രഷനിസ്റ്റ് ശൈലിയിൽ ചെയ്ത വൃദ്ധന്റെ  പ്രൊഫൈലാണ് പ്രദർശിപ്പിച്ചത്. മികച്ചയിനം കടലാസിൽ വലുപ്പം കുറയ്ക്കാതെയാണ് രചന. ചിത്രങ്ങൾ ആവശ്യാനുസരണവും വരച്ചുകൊടുക്കാറുണ്ട്. അബ്ദുൾ സലീമിന്റെ കൊച്ചി ചിത്രങ്ങളുടെ പ്രത്യേകതകൊണ്ടാകണം ദക്ഷിണ നാവിക ആസ്ഥാനത്ത് ഇരുപതോളം ചിത്രങ്ങൾ അവർ ആവശ്യപ്പെട്ടതനുസരിച്ച് വരച്ചുനൽകിയിരുന്നു. അതുപോലെ സ്വദേശത്തും വിദേശത്തും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചിത്രങ്ങൾ നൽകിയിട്ടുണ്ട്. കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ് ഇത്തരം ചിത്രങ്ങൾ. ഓൺലൈനിൽ ഇത്തരം അന്വേഷണങ്ങൾ ഏറെ ലഭിക്കുന്നു. ആവശ്യാനുസരണം ചിത്രങ്ങൾ നൽകുന്നുമുണ്ടെന്ന് അബ്ദുൾ സലീം പറഞ്ഞു.

അബ്ദുൾ സലീമിന്റെ പെൻ ആൻഡ് ഇങ്ക് വര

അബ്ദുൾ സലീമിന്റെ പെൻ ആൻഡ് ഇങ്ക് വര

കാരിക്കേച്ചർ, കാർട്ടൂൺ എന്നിവ വരയ്ക്കുന്നതിലും താൽപ്പര്യമുള്ള അബ്ദുൾ സലീമിന്റെ പെൻ ആൻഡ് ഇങ്ക് വരകളും മികച്ചവയാണ്. കൊച്ചിയുടെ ഓരോ തുണ്ടും വിശേഷപ്പെട്ട ഒരു കാഴ്ചയാണെന്ന് വിശ്വസിക്കുന്ന അബ്ദുൾ സലീം പെൻ ആൻഡ് ഇങ്കിൽ കൊച്ചിയുടെ സൗന്ദര്യത്തെ വരച്ച് പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആ പ്രോജക്ട് വൈകാതെ പൂർത്തിയാക്കണമെന്നാണ് കരുതുന്നത്. പരസ്യചിത്രങ്ങൾക്കും മറ്റുമായി ആവശ്യപ്രകാരം ഡിജിറ്റൽവരയും ഇല്ലസ്‌ട്രേഷനും ചെയ്യാറുണ്ട്.
അധ്യാപനജോലിക്കിടെ ചിത്രരചനയ്ക്ക് തനിക്ക് ആവശ്യമുള്ളത്രയും സമയം ചെലവഴിക്കാനാകുന്നില്ലെന്ന പ്രയാസമുണ്ട്. എന്നാൽ, ചിത്രകലാ അധ്യാപനത്തെയും വളരെ ഗൗരവത്തോടെയാണ് അബ്ദുൾ സലാം കാണുന്നത്. സ്‌കൂളുകളിൽ മുമ്പ് നിലനിന്നിരുന്ന അധ്യാപനരീതിയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കുട്ടികളെ ചിത്രങ്ങളിലേക്ക് അടുപ്പിക്കാനും അഭിരുചി വളർത്താനും പുതിയ അധ്യാപനത്തിന് കഴിയുന്നു. അതിനുമപ്പുറം ചിത്രലോകത്തേക്ക് കുട്ടികളെ നടത്താനും അവരിലെ കലാവാസനയെ പ്രോത്സാഹിപ്പിക്കാനും തന്നാലാവുന്നത് അധ്യാപനത്തിന്റെ ഭാഗമായി ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ ഇടപ്പള്ളിയിലാണ് താമസം. ഭാര്യ: ഫൗസിയ. മക്കൾ: സൽമാൻ, ജാസ്മിൻ.

പ്രധാന വാർത്തകൾ
 Top