05 July Tuesday

ഫ്രെഡറിക് എംഗൽസ്: ബൗദ്ധികസൗഹൃദവും സാഹോദര്യവും

റഫീഖ്‌ ഇബ്രാഹിംUpdated: Sunday Apr 24, 2022

യുവമാർക്‌സിനെ ‘നായകനും’ എംഗൽസിനെ ‘വില്ലനു’മായി പാത്രകൽപ്പന ചെയ്യുന്ന അക്കാദമികാലോചനകൾ  അരനൂറ്റാണ്ടെങ്കിലുമായി മലയാളത്തിലടക്കം പ്രബലമാണ്. മാർക്‌സിന്റെ ഗഹനമായ ആലോചനകളെ വെട്ടിച്ചുരുക്കിയ, അതുവഴി സ്റ്റാലിനിസത്തിന് അടിത്തറ പാകിയ ‘കളങ്കിതനാ’യി എംഗൽസിനെ സ്ഥാനപ്പെടുത്തുന്നതിലൂടെ ഒരു ‘വിശുദ്ധ മാർക്‌സി'നെ നിർമിച്ചെടുക്കുകയാണ് അവരുടെ താൽപ്പര്യം. ധ്യാനാത്മകചിന്തയിലേക്ക് മാർക്‌സിസത്തെ കൊണ്ടുചെന്നുകെട്ടാനും  തൊഴിലാളിവർഗസംഘാടനത്തെ പുറത്താക്കി ‘ക്ലാസ്‌മുറി ചിന്തകൻ’ മാത്രമായി മാർക്‌സിനെ അവതരിപ്പിക്കാനുമുള്ള ശ്രമമാണ്  ആവിഷ്‌കരിക്കപ്പെടുന്നത്. 

ആ നിലയിൽ ‘എംഗൽസ് വിമർശനം' എന്ന സുന്ദരവിശേഷണത്തിനു പിന്നിൽ കടുത്ത മാർക്‌സിസ്റ്റ് വിരുദ്ധതയാണ് നിലയുറപ്പിച്ചിട്ടുള്ളത്. വരേണ്യപണ്ഡിതർ വായിച്ചെടുക്കുംപോലെ പ്രത്യക്ഷവാദത്തിന്റെയും ശാസ്‌ത്രവാദത്തിന്റെയും വിചാരമാതൃകകൾക്കുള്ളിലാണോ എംഗൽസിന്റെ ആലോചനകൾ നിലയുറപ്പിച്ചിട്ടുള്ളത്, മാർക്‌സിനു വേണ്ടി സമ്പൂർണമായി സമർപ്പിക്കപ്പെട്ട ജീവിതത്തിലൂടെ എംഗൽസ് പ്രക്ഷേപിപ്പിക്കുന്ന അനുഭവതലം എന്താണ് തുടങ്ങിയ പ്രമേയങ്ങളെ ചർച്ചയ്‌ക്കെടുക്കുകയാണ് സുനിൽ പി ഇളയിടത്തിന്റെ പുതിയ പഠനഗ്രന്ഥമായ ഫ്രെഡറിക് എംഗൽസ്: സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം. 

എംഗൽസിന്റെ 200–-ാം ജന്മവാർഷികം മുൻനിർത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഇത്‌. മാനുഷികമായ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഭൗതികശേഷിയെ (പരോക്ഷ ഭൗതികത്തെ) വെളിവാക്കുകയെന്ന താൽപ്പര്യംതന്നെയാണ് വിശാലാർഥത്തിൽ ഈ ഗ്രന്ഥത്തിനുമുള്ളത്. ‘ഭൂതകാലത്തിലേക്കുള്ള യാത്ര' എന്നതിനപ്പുറം ‘വർത്തമാനത്തിൽ ഭൗതികശക്തിയായി പ്രവർത്തിക്കുന്ന' ഓർമയുടെ സ്വരൂപത്തെയാണ് താൻ പിൻപറ്റുന്നതെന്ന് ഗ്രന്ഥകാരൻ പറയുന്നു. ആ നിലയിൽ ‘വർത്തമാനത്തിൽ പ്രവർത്തിക്കുന്ന ഭാവിയിലേക്ക് തുടർച്ചയുള്ള ഓർമ’യാണ് ഈ പുസ്‌തകത്തിലെ എംഗൽസ്. ഐതിഹാസികമാനമുള്ള എംഗൽസിന്റെ ജീവിതത്തെയും വിചാരലോകത്തെയും വേർതിരിക്കാതെ ഊടുംപാവുമായി നെയ്യുന്നതിന്റെ യുക്തിയുമതാണ്. 

മൂന്നു പ്രമേയത്തെയാണ് പുസ്‌തകം ചർച്ചയ്‌ക്കെടുക്കുന്നത്. അതിലാദ്യത്തേത് ‘മാർക്‌സ്‌ - എംഗൽസ് = ശുദ്ധമാർക്‌സിസം' എന്ന നിർമിത സമവാക്യം എത്രത്തോളം പൊള്ളയാണ് എന്നു പരിശോധിക്കലാണ്. രണ്ടാമതായി എംഗൽസിന്റെ വിചാരലോകത്തെ അപഗ്രഥിച്ചുകൊണ്ട് ‘തന്റെ കാലം ജന്മംനൽകിയ ഏറ്റം വലിയ ധൈഷണികരിലൊരാളാ'യി അദ്ദേഹം മാറുന്നതെങ്ങനെ എന്നു വിശദീകരിക്കലാണ്. മൂന്നാമതായി എംഗൽസിന്റെ ജീവചരിത്രത്തിലൂടെ സഞ്ചരിച്ച് ‘സഖാവ്' എന്ന പദവി ആ ജീവിതം അർഥപൂർണമാക്കിയതെങ്ങനെ എന്നു വിവരിക്കലുമാണ്. 

ആദ്യ അധ്യായത്തിൽ മാർക്‌സിന്റെ ‘പിന്നണിപ്പാട്ടുകാരനാ’യാണ് സ്വയം പരിഗണിച്ചിരുന്നതെങ്കിലും എംഗൽസിന്റെ വിചാരങ്ങൾ മാർക്‌സിനുതന്നെ വഴികാട്ടിയായതെങ്ങനെ എന്ന അന്വേഷണമാണ്. മാർക്‌സിന്റെ സഹകാരിയാകുന്നതിനുമുമ്പേ എംഗൽസ് രചിച്ച കൃതികൾ മാർക്‌സിനെ എങ്ങനെയെല്ലാം സഹായിച്ചുവെന്ന് ഈ അധ്യായം ചർച്ചചെയ്യുന്നു. എംഗൽസിന്റെ ധിഷണാപരമായ പ്രാധാന്യം അർഹിക്കുന്ന ആദരവോടെ മാർക്‌സ്‌ വിലയിരുത്തിയതിനെക്കുറിച്ചുള്ള വിവരണങ്ങളുമുണ്ട്. എന്തുകൊണ്ടാണ് തന്റെ ‘ആത്മഭാവത്തിന്റെ മറുപാതി’യായി എംഗൽസിനെ മാർക്‌സ്‌ വിശേഷിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരംതേടുകയാണ് ഈ അധ്യായം.  എംഗൽസിന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമായ രണ്ടാം അധ്യായം ജ്ഞാനോദയ ചിന്തകരെക്കുറിച്ച് എംഗൽസ് നിരീക്ഷിക്കുന്നതുപോലെ ‘ബൂർഷ്വാ കുടുംബങ്ങളൊന്നിൽ പിറന്നുവെങ്കിലും ബൂർഷ്വാ പരിമിതികൾ തൊട്ടുതീണ്ടാത്ത' ആ ജീവിതം മുതലാളിത്താധുനികതയോടുള്ള വിമർശം എങ്ങനെ ആവിഷ്‌കരിച്ചു എന്നു പരിശോധിക്കുന്നു. ഒന്നാം അധ്യായത്തിന്റെ തുടർച്ചയായാണ് ‘അവിഭാജ്യമായ ബൗദ്ധികത' എന്ന മൂന്നാം അധ്യായം സംവിധാനം ചെയ്‌തിട്ടുള്ളത്. എംഗൽസിനെതിരായ വിമർശങ്ങളെ ഒരു വർണരാജിയായി സങ്കൽപ്പിച്ച് ഇതിലെ ഓരോ അടരിനെയും സൂക്ഷ്‌മമായി പരിശോധിക്കുന്നു. പാരിസ്ഥിതികതയെയും  സ്‌ത്രീവാദത്തെയും കൂട്ടിയിണക്കുകവഴി മാർക്‌സിസത്തിന്റെ പിൽക്കാല ജീവിതത്തെ ബഹുസ്വരമാക്കാൻ എംഗൽസിന് കഴിഞ്ഞെന്ന് അവിടെ പറഞ്ഞുവയ്‌ക്കുന്നു. അതുവഴി മാർക്‌സിൽനിന്നോ മാർക്‌സിസത്തിൽനിന്നോ വ്യവകലനം നടത്താൻ കഴിയാത്ത ധിഷണയാണ് എംഗൽസ് എന്ന് പുസ്‌തകം സ്ഥാപിക്കുന്നു. നാല്, അഞ്ച് അധ്യായം എംഗൽസിന്റെ ബഹുമുഖ താൽപ്പര്യങ്ങളിൽനിന്ന് തെരഞ്ഞെടുത്ത കലാവിചിന്തനങ്ങൾ, ചരിത്രവിചാരങ്ങൾ എന്നിവയുടെ പ്രാധാന്യത്തെ പരിശോധിക്കലാണ്. കലാവിചിന്തനത്തിൽ പരസ്‌പരം ചർച്ച ചെയ്യാതെ ഒരേ നിലപാടിലേക്ക് മാർക്‌സും എംഗൽസും എത്തിച്ചേർന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌.  മാർക്‌സിസ്റ്റ് ചരിത്രസമീക്ഷ രൂപപ്പെടുത്തുന്നതിൽ എംഗൽസിന്റെ ആലോചനകൾ നിർവഹിച്ച പങ്കാണ് അവസാന അധ്യായത്തിലെ ചർച്ച.  അനുബന്ധമായി മാർക്‌സിന്റെ ശവകുടീരത്തിൽ എംഗൽസ്  നടത്തിയ പ്രസംഗവും ലെനിന്റെ എംഗൽസ് അനുസ്‌മരണവും ഉൾപ്പെടുത്തിയിരിക്കുന്നു.

ഭാവികാലത്തിന്റെ സൈദ്ധാന്തിക - രാഷ്ട്രീയവ്യക്തതയ്‌ക്കായുള്ള  താങ്ങുകൂടിയാണ് ഈ ഗ്രന്ഥം. സഖാവ് എന്ന വാക്കിന് കൈവരാവുന്ന അനുഭവമൂല്യവും ആത്മരതിയുടെ നേർത്ത അടയാളംപോലുമില്ലാത്ത ധൈഷണികതയും എംഗൽസിൽ എങ്ങനെ ചേർന്നുവെന്ന് പുസ്‌തകം  വിശദീകരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top