21 February Thursday

ഗുഹയിൽ മധുരനാരങ്ങയുമായി വന്ന പെൺകുട്ടി

വി ഷിനിലാൽUpdated: Sunday Dec 23, 2018

2000

ഇളകിയാടിപ്പോകുന്ന യാത്രാബോട്ടിൽ അകന്നുമാറുന്ന മുംബൈ നഗരം നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഏകാശ്രയമായ പഴ്സ് ഊർന്ന് കടലിൽ വീണു. ഒരു കടൽപ്പക്ഷി അത്യാർത്തിയോടെ താഴ്‌ന്നുപറക്കുന്നതും തിരയിളക്കങ്ങളിൽ ഊളിയിടുന്നതും നിസ്സംഗനായിരുന്ന് കണ്ടു. അങ്ങനെ, എലിഫന്റയിലേക്കുള്ള യാത്ര ധനരഹിതമായി.

അത് മറ്റൊരു കാലമായിരുന്നു. വിളിപ്പാടടുത്ത് ചങ്ങാതിമാരോ, അവരെ വിളിച്ചു വരുത്താൻ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല.
ഘരപുരി ദ്വീപിൽ ബോട്ടിറങ്ങി ഗുഹാസമുച്ചയത്തിലേക്ക് നടക്കാൻ തുടങ്ങി. ഉപ്പുമണമുള്ള ചുടുകാറ്റിൽ വിയർത്തു. എന്നാൽ ഗുഹകളിലെത്താനുള്ള ആവേശത്തിൽ ക്ഷീണമറിഞ്ഞതേയില്ല. കല്ലുപാകിയ പടവുകൾ കയറി, തെരുവുകച്ചവടക്കാരുടെ വർണമയ ബഹളങ്ങൾക്കിടയിൽ നടന്ന് മുകളിലെത്തി. കീഴ‌്പെട്ട മലയുടെ മസ്‌തകത്തിൽ അഹങ്കാരത്തോടെ ചവിട്ടി.
 
അത് മറ്റൊരു ലോകമായിരുന്നു. പുരാതന മനുഷ്യൻ ഭാവനയുടെ കലിപ്പ് തീർത്ത ശിലാഗുഹകൾ. പശ്ചിമതീരം അടക്കിവാണ പറങ്കികളുടെ പായ്‌ക്കപ്പലുകൾ കടലിളക്കിപ്പായുന്നത് ഭാവനയിലൂടെ നോക്കിയാൽ കാണാം. ആ കപ്പലുകൾക്കുള്ളിലിരുന്ന് മലയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ആനപ്രതിമ ദർശിച്ച ഏതോ നാവികനായിരുന്നുവത്രെ ദ്വീപിനെ ‘എലിഫന്റ’ എന്ന് വിളിച്ചത്. 
 
ഒന്നാമത്തെ ഗുഹയ്‌ക്ക് ക്രിസ്‌തുവിനെക്കാൾ പ്രായം. ഹിന്ദു രാജാക്കന്മാരും ഹിന്ദുദൈവങ്ങളും കൈയടക്കുംമുമ്പ് ഏറെക്കാലം ബുദ്ധ, ജൈന സന്യാസിമാർ ഈ ഗുഹകളിൽ ധ്യാനമിരുന്നു. ക്രിസ്‌തുവിനെക്കാൾ  പഴക്കമുള്ളൊരു കുളിർകാറ്റ് എന്റെ വിയർപ്പിനെ  ഒപ്പിയെടുത്ത്  കടന്നു.
തിരക്ക് തീരെ കുറവാണ്.
 
ഞാനിപ്പോൾ ഒന്നാമത്തെ ഗുഹക്കുള്ളിലാണ്. നിരവധി ശിൽപ്പത്തൂണുകൾക്കിടയിൽ കൂടി പാതി കണ്ണടച്ച് മുന്നോട്ടുനടക്കുമ്പോൾ അതാ മൂന്ന് മുഖമുള്ള അപൂർവമായ മഹേശമൂർത്തി. വാമദേവന്റെ  സ്‌ത്രൈണത, ശാന്തമായ തൽപുരുഷഭാവം. വലത്ത് അഘോരിയുടെ ഘോരത.
ലിംഗമായി, സംഹാരിയായി, നടരാജനായി, നാലുപാടും ശിവൻമാർ. മഹേശമൂർത്തിയുടെ തൊട്ടടുത്ത് ശിവ പാർവതി കല്യാണം. മഹാകാഥികരുടെ ഭാവനകളെ നിർജീവ ശിലകളിൽ നിന്നും കൊത്തിയെടുത്ത ശിൽപ്പികളെ നമിച്ചു. 
 
ഇപ്പോൾ ശിൽപ്പങ്ങളില്ലാത്ത വലിയൊരു ഗുഹക്കുള്ളിൽ ഞാൻ ഒറ്റക്കിരിക്കുകയാണ്. പുറത്ത് ചൂടാണെങ്കിലും ഗുഹയ‌്ക്കുള്ളിൽ ശാന്തിയും തണുപ്പും. കരിങ്കൽ നിലത്ത് ഞാൻ ചമ്രം പടിഞ്ഞിരുന്നു. കണ്ണടച്ചു. എന്റെയുള്ളിൽ മറ്റൊരു ലോകം തെളിഞ്ഞു. അത് കൽപ്പണിക്കാരുടെ ലോകമായിരുന്നു. ഒരു തലമുറയുടെ ഭാവന അടുത്ത തലമുറ പൂർത്തിയാക്കുന്ന കൽപ്പണിക്കാരുടെ വംശം. അങ്ങനെ ഇരുന്നപ്പോൾ എന്റെ ശിരസ്സിന്റെ കോണിൽനിന്നും വെങ്കലത്തിൽ തീർത്ത വിഗ്രഹം ഉയർന്നു വന്നു. ഊർധ്വലിംഗനായ ശിവൻ. ഏതോ നാഷണൽ മ്യൂസിയത്തിൽ ഉദ്ധരിച്ച ലിംഗമുള്ള ശിവനെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ കാമമോ ക്രോധമോ ഭാവം എന്നറിയാത്ത ആ മുഖമാണ് എന്റെ മനസ്സ് നിറച്ചും. ഏതു നിമിഷവും സ്ഖലിച്ചേക്കാവുന്ന തീക്ഷ്ണതയിൽ അത്‌ തുടിക്കുകയാണ്.
 
ഞാൻ കണ്ണുകൾ മുറുക്കിയടച്ച് ധ്യാനത്തിലാണ്ടു. എത്രനേരം അങ്ങനെ ഇരുന്നിട്ടുണ്ടാവും എന്നറിയില്ല. ഉണർന്നപ്പോൾ ഗുഹയുടെ മറ്റൊരു മൂലയിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. അവൾക്ക് വെള്ള വസ്‌ത്രമായിരുന്നു. അവൾ കണ്ണുകൾ അടച്ചിരുന്നു. അവൾ എന്നെ കണ്ടിട്ടുണ്ടാവുമോ?
അവളുടെ സാന്നിധ്യം എന്റെ ധ്യാനത്തെ ഒറ്റനിമിഷത്തിൽ തകർത്ത് തരിപ്പണമാക്കി. കണ്ണടച്ചപ്പോൾ ഉള്ളിൽ അവൾ മാത്രമായി. എന്നാൽ പിന്നെ കണ്ണടക്കുന്നതെന്തിനാണ്? ഞാൻ അവളെത്തന്നെ നോക്കിയിരിപ്പായി. ശിൽപ്പങ്ങളില്ലാത്ത ചുവരിൽ ജീവസ്സുറ്റ ശിൽപ്പമായി അവൾ.
 
പെട്ടെന്നവൾ കണ്ണു തുറന്നു. എന്റെ നേർക്ക് നോക്കിക്കൊണ്ട് എണീറ്റുനിന്നു. കൈകൾ മുകളിലേക്കുയർത്തി പിന്നിലേക്ക് വളഞ്ഞു. പിന്നെ നിവർന്നു. ഒന്നുരണ്ട് പ്രാവശ്യം ആവർത്തിച്ചു. അപ്പോഴെല്ലാം മറ്റൊരു യുഗത്തിന്റെ മുഖഭാവമുള്ള ആ പെൺകുട്ടിയെ മറ്റൊരു കാലത്തിൽ മനസ്സ് പെട്ടുപോയ ഞാൻ ആരാധനയോടെ നോക്കുകയായിരുന്നു.
അവൾ നിലത്തുവച്ച ബാഗുമെടുത്തുകൊണ്ട് എന്റെ മുന്നിലൂടെ പുറത്തേക്ക് നടന്നു. പെട്ടെന്നവൾ തിരിഞ്ഞുനിന്നു. എന്നിട്ട് ബാഗ് തുറന്ന് ഒരു ഓറഞ്ചെടുത്ത് എനിക്കു നേരേ നീട്ടി. യാന്ത്രികമായി കൈനീട്ടി ഞാനതു വാങ്ങി. അവൾ പുറത്തേക്ക് നടന്നു.
 
നിന്റെ പേരെന്താണ്?
നീ എവിടെ നിന്നും വരുന്നു?
നീ മനുഷ്യ സ്‌ത്രീ തന്നെയോ?
എനിക്ക് വിശക്കുന്നുണ്ടെന്ന് നീയെങ്ങനെയറിഞ്ഞു?
എനിക്ക് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. ഒന്നെങ്കിലും ചോദിക്കുംമുമ്പ് അവൾ മുൾമരങ്ങൾക്കിടയിൽ വേഗത്തിൽ നടന്ന് അപ്രത്യക്ഷയായി.
ഞാൻ അല്ലികളിളക്കി അവളെ ഭക്ഷിച്ചു.
 

2018

 
ഞാൻ വീണ്ടും എലിഫന്റയിൽ നിൽക്കുകയാണ്. സുഹൃത്ത് ഷിനുവും ഇപ്പോൾ എന്നോടൊപ്പമുണ്ട്. ഒന്നര സഹസ്രാബ്‌ദം പിറകിൽ പൂർത്തിയാക്കപ്പെട്ടതാണ് സമുച്ചയത്തിലെ മിക്ക ഗുഹകളും. ബൗദ്ധ, -ജൈന സ്വാധീനമുള്ള രണ്ട് ഗുഹകളും സ്‌തൂപങ്ങളും ബിസി രണ്ടാം നൂറ്റാണ്ടിൽ തന്നെ നിർമിക്കപ്പെട്ടവയാണെന്ന് കരുതുന്നു. 
ശിവപുരാണത്തിലെ കഥകൾ പല രൂപത്തിൽ കൃഷ്‌ണശിലകളിൽ ആവിഷ്‌കരിച്ചിരിക്കുന്നു. മഹാശിൽപ്പങ്ങൾ മിക്കതും പലതരം ആക്രമണങ്ങൾ കാരണം നാശോൻമുഖമായ സ്ഥിതിയിലാണ്. ഒന്നാമത്തെ ഗുഹയിലാണ് വിഖ്യാതവും അപൂർവമായതുമായ മൂന്ന് തലയുള്ള മഹേശമൂർത്തി.  ഒപ്പംതന്നെ രാവണാനുഗ്രഹമൂർത്തി, കൈലാസത്തിലെ ശിവപാർവതി, അർധനാരീശ്വരൻ, ഗംഗാധരൻ, ശിവ-പാർവതി കല്യാണം, നടരാജൻ, യോഗീശ്വരൻ, ലിംഗം എന്നീ ശിലാവിഷ്‌കാരങ്ങളും. 
അന്തകാസുരന്റെ ശിരസ്സറുക്കുന്ന ഭൈരവന് അരക്ക് കീഴെ മുറിവേറ്റിരിക്കുന്നു. നടരാജന് കാലുകളും അർധനാരീശ്വരന് അരയും നഷ്ടമായിരിക്കുന്നു. സ്വസ്ഥമായി ഇരിക്കാനോ നടക്കാനോ ചിന്തിക്കാനോ ആവാത്ത വിധം തിരക്കാണ്. ചരിത്രഭൂമിയിൽ പിക്‌നിക് മനോഭാവത്തോടെ വരുന്നവർ ഓരോ കൽപ്രതിമക്ക് മുന്നിലും നിന്ന് സെൽഫിയെടുത്ത് തങ്ങളെ ചരിത്രത്തോടൊട്ടിച്ച് ചേർക്കുന്നു.
 
ഒറ്റക്കിരിക്കാൻ ഒരൊഴിഞ്ഞ ഗുഹതേടി ഞാനും ഷിനുവും നടന്നു. പല ഭാഷകളിൽ മൊബൈൽ റിങ്ങ് ടോണുകൾ. 
ബഹളമുണ്ടാക്കി നടക്കുന്ന വിദ്യാർഥിക്കൂട്ടം, കുറെ വിദേശ ടൂറിസ്റ്റുകൾ, സാധാരണക്കാർ, അവർക്കിടയിൽ കൂടി ചരിത്രം കുഴിച്ചൊരു കിണറുണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ഞങ്ങൾ നടന്നു.
 
കുന്നിറങ്ങുമ്പോൾ, ഞാൻ ഷിനുവിനോട് അന്നുകണ്ട പെൺകുട്ടിയെക്കുറിച്ച് പറഞ്ഞു. 
അവധി ദിവസത്തിൽ അഭൂതപൂർവമായി വർധിച്ചുകൊണ്ടിരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽക്കൂടി നടന്ന് ഞങ്ങൾ ഫെറിയിലേക്കുള്ള ടോയ്‌ട്രെയിനിൽ കയറാൻ ക്യൂ നിന്നു. അപ്പോൾ രണ്ട് മലയാളികൾ തമ്മിൽ സംസാരിക്കുന്നത് കേട്ടു.
‘എന്താണ് അവിടെ കാണാനുള്ളത്?’
‘കുറെ പാറകൾ.’
 
അതെ. കുറെ പാറകൾ തന്നെ. നോക്കുന്നവന്റെ ഭാവനക്കനുസരിച്ച് ജീവൻ വയ്‌ക്കുന്ന പ്രതിമകൾ.
ബോട്ടിലിരുന്ന് ആ പെൺകുട്ടിയെ ഞാൻ വീണ്ടും ഓർത്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും എനിക്ക് അവളുടെ മുഖം ഓർത്തെടുക്കാൻ കഴിഞ്ഞില്ല. 
‘ആ പെൺകുട്ടി സത്യത്തിൽ ഉള്ളതാണോ?’ സുഹൃത്ത് ചോദിച്ചു.
 
ഇപ്പോൾ എനിക്കും സംശയമായി. മനുഷ്യൻ ഓർമ സൂക്ഷിച്ചു വയ്‌ക്കുന്നത് എങ്ങനെയാണ്?
‘അവൾ ഒരുപക്ഷേ, എന്റെ ഭാവന മാത്രമാവും. എന്നാൽ ഞാൻ ചിന്തിക്കുന്നു എന്നതിനാൽ ഞാൻ ഉണ്ട് എന്നതുപോലെ, ഞാൻ ചിന്തിക്കുന്നു എന്നതിനാൽ അവളും ഉണ്ട്.’ 
ബോട്ടിൽ മഹാനഗരത്തെ നോക്കിയിരിക്കുമ്പോൾ ഒരു മധുരനാരങ്ങയുമായി അവൾ കൺമുന്നിൽ നിന്ന് ചിരിക്കാൻ തുടങ്ങി.t
പ്രധാന വാർത്തകൾ
 Top