21 March Thursday

ഇങ്ങനെയല്ലേ ഉടപ്പിറപ്പേ, എന്റെ മാടായി നഗരേ...

അബ്‌ദുല്ല അഞ്ചില്ലത്ത്‌Updated: Sunday Sep 23, 2018

മീനത്തിൽ  വെള്ളമണലുള്ള വയലുകളിൽ തുമ്പപ്പൂക്കൾ നിറയും. ആയിരം ദേശങ്ങൾ താണ്ടി  പൂമ്പാറ്റകളും  മാടപ്രാവുകളും വന്നണയും.  രാത്രിയിൽ ഏഴിമലകളിൽനിന്ന്‌ കുന്തിരിക്കത്തിന്റെ മണമുള്ള ഇളം തണുത്ത കാറ്റ് മണൽത്തിട്ടകൾ കടന്ന് വീശിവരും. പണ്ട് മാടായിയിലെത്തിയ  സൂഫികൾ പുകച്ച കുന്തിരിക്കത്തിന്റെ അതേ ഗന്ധം 

 

മേടച്ചൂടിന്റെ കാഠിന്യത്തിലാണ്‌ പുതിയ ഭ്രാന്തന്മാരും നൊസ്സന്മാരും സിദ്ധന്മാരും മാടായി നഗരകവാടം കടന്ന് ചെമ്മൺപാതയിലും നാട്ടുവഴികളിലും എത്താറുള്ളത്. ഉച്ചനേരത്ത് പഞ്ചാരമണൽ ചുട്ടുപഴുക്കും. അപ്പോൾ നാട്ടുപാതകളും ചെമ്മൺപാതകളും ഊടുവഴികളും വല്ലാതെ ശൂന്യമാകും. കൊല്ലപ്പരീക്ഷ കഴിഞ്ഞാൽ ഞങ്ങൾ ചങ്ങാതിക്കൂട്ടങ്ങൾ ഏതു നേരത്തും തോട്ടിൻകരയിൽ ഒത്തുകൂടും.  കഥപറഞ്ഞ് അവിടെ ഇരിക്കും. ഉച്ചയാകുമ്പോൾ പടിഞ്ഞാറുനിന്ന‌് ചുടുകാറ്റ് വീശിവരും, മണൽതിട്ടകളിൽനിന്ന് ചുടുമണലുകൾ പൂമ്പാറ്റകളെപ്പോലെ നാലുപാടും പാറിനടക്കും.

  ഭിന്ന സംസ‌്കാരത്തെ സ്വീകരിച്ചവരാണ് ഞങ്ങളുടെ പൂർവികർ. ബുദ്ധ, ജൈന, ഹൈന്ദവ, ജൂത, ഇസ്ലാം, അഹലുൽ ഖുർആൻ, ക്രൈസ്‌തവ സംസ‌്കാരം ഇഴുകിച്ചേർന്ന പുണ്യഭൂമിയാണ്‌ മാടായി. മാടായി നഗരേ... എന്ന തെയ്യം വാചാലത ഈ ദേശത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ സംസ്‌കൃതിയെ ഓർമിപ്പിക്കുന്നു. കടൽ കടന്നും കര നടന്നും മലകയറിയും വ്യത്യസ്‌ത മതാചാര്യന്മാർ വന്നിറങ്ങിയ ദേശമാണിത്‌. എന്റെ ചിന്തയെയും എഴുത്തിനെയും സ്വാധീനിച്ച ദേശം.

ഒമ്പതാം ക്ലാസിൽ മാട്ടൂൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ്‌ മാട്ടൂൽകടവ് കടന്ന് കോലത്തുനാട്ടിൽ  സ്‌ത്രീ കെട്ടിയാടാറുള്ള ഏക ദേവക്കൂത്ത് കാണാൻ ഞാൻ തെക്കുമ്പാടു കൂലോം താഴെ കാവിലേക്ക് പോയത്. കളിയാട്ടത്തോടനുബന്ധിച്ചാണ്‌ ദേവക്കൂത്ത്. ധനുസംക്രമംതൊട്ട് ആറു ദിനങ്ങളിലായി നടക്കുന്ന കളിയാട്ടത്തിനു മുന്നോടിയായി കോലംകെട്ടുന്ന വള്ളിയമ്മ ചെറുകുന്നു കോലസ്വരൂപത്തിന്റെ അധികാരമുള്ള വള്ളുവക്കുറുപ്പിനൊപ്പം തോണികടന്ന് തെക്കുമ്പാട് ദ്വീപിലെത്തും. ഓലകൊണ്ട് പണിത വള്ളിക്കെട്ടിൽ തിനക്കഞ്ഞിയും മറ്റും കഴിച്ചാണവർ കഴിയുക. താഴെക്കാവിലെ പെരുംകോവിലകത്ത് ചുഴലി ഭഗവതിയുടെ അറയ്‌ക്കപ്പുറത്താണ് ദേവക്കൂത്ത് കെട്ടിയാടുക. തോറ്റംചൊല്ലി പ്രണമിക്കുന്നതിലൂടെ നാരദമുനിയുടെ കോലവും അരങ്ങിലെത്തും. നാരദനും വള്ളിയമ്മയും ചേർന്നുള്ള  കൂടിയാട്ടം കഴിഞ്ഞ‌് നാരദൻ കൂത്തുകെട്ടിയ മലയത്തിയുടെ തലയിൽ അരിചാർത്തി പുടവയും നൽകും. ദേവലോകത്തെ അപ്‌‌സരസ്സുകളും ഗന്ധർവന്മാരും കോലത്തുനാട്ടിലെ അതിമനോഹരമായ പൂന്തോപ്പായ തെക്കുമ്പാട് ദ്വീപിൽ തേരിറങ്ങിയ പുരാവൃത്തത്തിന്റെ ഓർമ പുതുക്കലാണ് ദേവക്കൂത്ത്. ലക്ഷ്മിയേടത്തി കെട്ടിയാടാറുള്ള ദേവക്കൂത്ത് കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്.
 
കേരളത്തിലെ ആദ്യ മനുഷ്യനിർമിത കനാലാണ് സുൽത്താൻ കനാൽ. അറയ്‌ക്കൽ സ്വരൂപം മൈസൂർ സുൽത്താൻ ഹൈദരാലിക്ക് പടയാളികളെയും പടക്കോപ്പുകളും വടക്കേ മലബാറിലെ വ്യത്യസ്‌ത ഇടങ്ങളിലേക്ക‌് കൊണ്ടുപോകുന്നതിനുവേണ്ടി മാടായി പുഴയെയും പെരുമ്പ പുഴയെയും ബന്ധിപ്പിച്ച‌് അതിവിശാലമായ ജലസഞ്ചാരപാത നിർമിച്ചു. കനാലിനോട് ചേർന്ന് വാടിക്കൽ കടവിനു സമീപത്താണ്‌ ശ്രീ ദുർഗാംബികക്കാവ്. പഴമക്കാർ കാവിനെ ഹനഫിക്കാവ് എന്ന് സ്‌നേഹത്തോടെ വിളിക്കാറുണ്ട്. മാടായി പുഴയിൽ കാൽനാട്ടി വലയെറിഞ്ഞ് മീൻപിടിക്കാൻ മാപ്പിള പ്രമാണിയായ ഹനഫിക്ക കൊച്ചിയിൽനിന്ന‌് കുറെ വാലന്മാരെ കൊണ്ടുവന്ന് കുടിയിരുത്തി. അവർക്ക് ആരാധിക്കാനും സങ്കടം ബോധിപ്പിക്കാനുമായി കാവും പണിതു. കാവിലെ ഉത്സവം മാടായിയിലെ മാപ്പിളക്കുട്ടികൾക്ക് സ്വന്തം ഉത്സവമാണ്. പുള്ളുവൻപാട്ടും കടുത്ത ചായക്കൂട്ടുങ്ങളാൽ തീർത്ത നാഗയക്ഷിക്കളവും യക്ഷിപ്പാട്ടും നാഗയക്ഷിയമ്മയോടുള്ള മനുഷ്യന്റെ സങ്കടം പറച്ചിലുകളും  ക്ലാവ് പിടിക്കാത്ത ഓർമകൾ. രാത്രി കാവിൽനിന്നുതന്നെ ഭക്ഷണം കഴിച്ച‌് നാഗയക്ഷിപ്പാട്ടുംകേട്ട് കാവിന്റെ കിഴക്കുവശത്തുള്ള തെങ്ങിൻതോപ്പിൽ കിടന്നുറങ്ങും.
 
ആഷാഢത്തിൽ മാടായിപ്പുഴ രൗദ്രഭാവംപൂണ്ട് കുത്തിയൊഴുകും. പുഴ മനുഷ്യരെ ഗന്ധർവലോകത്തേക്ക് കൊണ്ടുപോകും. കർക്കടകം 16ന്‌ ദേശക്കാരുടെ ദുരിതമകറ്റാൻ മാരിത്തെയ്യങ്ങൾ കെട്ടിയാടും. ദേശത്തെ ബാധിച്ച നൂറ്റെട്ടുവ്യാധികളെ കടൽക്കരയിൽ കോഴി കുരുതികൊടുത്ത് കാഞ്ഞാൻ പൂജാരി പാടിയൊഴിപ്പിക്കും. മാടായിയിലെ മാപ്പിളക്കുട്ടികളോട് വളരെ അടുത്ത് ഇടപെടാറുള്ള കാഞ്ഞാൻ പൂജാരിയാണ് പുലയസമുദായത്തിലെ ഗുരുക്കന്മാരെ തോറ്റിയെടുക്കുന്നത്‌. മാരിത്തെയ്യം കെട്ടിയാടുന്ന ദിവസം ഞങ്ങൾ സ്‌കൂളിൽ പോകാറില്ല. വിശപ്പും ദാഹവും എന്താണെന്ന് ആ ദിനങ്ങളിൽ അറിയാറുമില്ല. തെയ്യത്തിന്റെ പിറകിൽത്തന്നെ ദിനം മുഴുവനും. മീനത്തിൽ  കൂട്ടമായി ആശാരിക്കാവിലെ ഉത്സവത്തിനുപോകും. പാതിരാത്രി തീച്ചാമുണ്ഡിയുടെ മേലേരി കണ്ട് പുലരുവോളം അവിടെ തങ്ങും. കതിവന്നൂർ വീരൻ തെയ്യത്തിന്റെ ചെമ്മരത്തി തിറയെ മേലേരി വേദനയോടെ നോക്കിനിൽക്കും.
മീനത്തിൽ വെള്ളമണലുള്ള വയലുകളിൽ തുമ്പപ്പൂക്കൾ നിറയും. ആയിരം ദേശങ്ങൾ താണ്ടി പൂമ്പാറ്റകളും  മാടപ്രാവുകളും വന്നണയും.  രാത്രിയിൽ ഏഴിമലകളിൽനിന്ന‌് കുന്തിരിക്കത്തിന്റെ മണമുള്ള ഇളം തണുത്ത കാറ്റ് മണൽത്തിട്ടകൾ കടന്ന് വീശിവരും. പണ്ട് മാടായിയിലെത്തിയ  സൂഫികൾ പുകച്ച കുന്തിരിക്കത്തിന്റെ അതേ ഗന്ധം.
 
വസന്തത്തിലാണ് മാടായിയിലെ പാദർപള്ളിയിലെ പള്ളിപ്പെരുന്നാൾ. ഞങ്ങൾ മാപ്പിളക്കുട്ടികൾക്ക് ആഴ്‌ചമുഴുവനും ഉത്സവത്തിന്റെ കാലം. വൈകിട്ട‌് സ്‌കൂൾ വിട്ടുവന്നാൽ നേരെ പള്ളിയിലെ ചന്ത കാണാൻ പോകും. പള്ളിപ്പെരുന്നാളിന്റെ അവസാന ദിനമാണ്‌ നാടകം. മാടായിയിൽ ക്രിസ്‌ത്യാനികൾ വളർന്നുവന്ന കദനകഥ എന്റെ മനോനിലയെയും ചിന്തകളെയും ഏറെ വളർത്തിയിരുന്നു. കോലത്തു തമ്പുരാക്കന്മാരുടെ പരദേവതയായ മാടായിക്കാവിലെ തിരുളോട്ടുഭഗവതിക്ക് എണ്ണിയാലൊടുങ്ങാത്ത അടിയാന്മാരുണ്ടായിരുന്നു. കാവിലെ മൂത്ത പിടാരുടെ സമ്മതത്തോടുകൂടി ജന്മിമാർ, അടിയാന്മാരെയും അടിയാത്തിമാരെയും കാവിലെ പൂരോത്സവനാളിൽ ഭഗവതിയുടെ തിരുനടയിൽ അടിമക്കാശ് വച്ച്‌  വരുതിയിൽ വയ്‌ക്കും. ഈ വയലടിയാളർ ജന്മിയുടെ കളപ്പുരകളിലോ വയൽവരമ്പത്തോ ഒഴിഞ്ഞ പറമ്പുകളിലോ കുടിൽകെട്ടി വയൽപ്പണികളിൽ  ജീവിതം ഹോമിച്ചു. സ്വരൂപങ്ങൾക്ക് രാഷ്ട്രീയാധികാരം നഷ്ടപ്പെടാൻ തുടങ്ങിയതോടെ വെള്ളക്കാരൻ ദേശമായ ദേശം മുഴുവനും  വരുതിയിലാക്കി. ഒപ്പം ബാസൽ മിഷന്റെ പ്രവർത്തനവും തുടങ്ങി. തുടർന്ന്‌ മിഷണറി പ്രവർത്തനവും. പീറ്റർ കയ്റോണിയുടെ മാടായിയിലെ പ്രവർത്തനവും ഈ കാലത്ത്. ചെറുകുന്ന് ദാൽഭാഗത്ത് മഹാവ്യാധിയും പട്ടിണിയും. പാടത്ത് കുഞ്ഞുപൈതങ്ങളുടെ നിലവിളി. പുലയച്ചാളകളിൽ വിശക്കുന്നവന് അന്നവും മഹാവ്യാധിമൂലം ദുരിതമനുഭവിക്കുന്നവർക്ക്  ശുശ്രൂഷകളും കയ്റോണി നൽകി. മാടായിയിലെ മാപ്പിളമാരെപ്പോലെ മനുഷ്യരായി ജീവിക്കാൻ പനയൻ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ പന്ത്രണ്ട് പുലയർ യേശുവിന്റെ പന്ത്രണ്ട് ശിഷ്യരെപ്പോലെ  ജ്ഞാനസ്‌നാനം ചെയ്‌തു.
 
എന്നെ സ്വാധീനിച്ച കമ്യൂണിസ്റ്റ‌ുകാരൻ പീറ്ററേട്ടന്റെ യഥാർഥ പേര്  തെക്കേൻ പൊക്കുടൻ എന്നാണ്‌. വിശക്കുന്ന  പൈതങ്ങളുടെ  നിലവിളിയും പെൺശരീരത്തോടുള്ള മേലാളന്മാരുടെ കാമാസക്തിയും പൊക്കുടന്റെ മനസ്സിൽ പ്രതിരോധത്തിന്റെ കനൽ ജ്വലിപ്പിച്ചു. ഫാദർ കയ്റോണി മിഷണറി പ്രവർത്തനവുമായി മാടായിയിൽ എത്തിയപ്പോൾ, ജാതിയാണ് അടിമത്തത്തിനും പട്ടിണിക്കും കാരണമെന്ന് തിരിച്ചറിഞ്ഞ തെക്കേൻ പൊക്കുടൻ മാർഗംകൂടി പീറ്ററായി. മാരിത്തെയ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് ചിറയ‌്ക്കൽ തമ്പുരാൻ പൊള്ള എന്ന സ്ഥാനപ്പേരാണ് നൽകിയിരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ മാരിത്തെയ്യം മാടായി കാവിനു സമീപത്തുനിന്നാണ‌് പുറപ്പെടാറ്. പൊക്കുടൻ പീറ്ററായിരുന്നില്ലെങ്കിൽ പൊള്ളയായി ആചാരപ്പെടുമായിരുന്നു. പൊക്കുടൻ പീറ്ററായതോടെ പൊള്ളസ്ഥാനം കാഞ്ഞാൻ പൂജാരിയുടെ കുടുംബത്തിന‌് വന്നുചേർന്നു.
 അടിയാളന്റെ വിമോചന പ്രത്യയശാസ്‌ത്രം ക്രിസ്‌തുമതമല്ലെന്ന് പീറ്ററേട്ടന്‌ തോന്നിത്തുടങ്ങി. മാപ്പിളമാർക്ക് ലഭിച്ചതുപോലുള്ള സാമൂഹികാംഗീകാരം പുലയ ക്രിസ്‌ത്യാനികൾക്ക് ലഭിച്ചില്ല. അവർ പഴയ വയലടിയാളന്മാരായിത്തന്നെ തുടർന്നു. പീറ്ററേട്ടന്  ക്രിസ്‌തുമതം  സാമൂഹ്യദുരാചാരങ്ങളെ പ്രതിരോധിക്കാനുള്ള ഉപായമായി തോന്നിയില്ല. മലബാറിൽ വളരുന്ന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലായിരുന്നു  പ്രതീക്ഷ. അങ്ങനെ പൊക്കുടൻ പീറ്റർ, സഖാവ് പീറ്ററായി. അവസാനയാത്രവരെ ഉറച്ച കമ്യൂണിസ്റ്റായിരുന്നു പീറ്ററേട്ടൻ.  
 
കൗമാരംതൊട്ടുതന്നെ ഉപ്പയോടൊപ്പം അതിരുകളില്ലാതെ ദേശങ്ങൾ താണ്ടി മദോരി സൂഫികളുടെ കൂടെ സഞ്ചരിക്കാറുണ്ട്. വ്യത്യസ്‌ത ഭാഷകളും സംസ‌്കാരവുമുള്ള ഇവരൊടൊപ്പമുള്ള സഞ്ചാരം മതത്തെക്കുറിച്ചുള്ള എന്റെ കാഴ‌്ചപ്പാടുകളെ മാറ്റിമറിച്ചു. ബുദ്ധമതത്തിലെ നിർവാണവും സൂഫിസത്തിലെ ആത്മനാശ(ഫനാഅ്)വും വേദോപനിഷത്തുകളും ഭാരതീയ ആധ്യാത്മിക ചിന്തകളും സൂഫികളെ ഏറെ സ്വാധീനിച്ചതായി മനസ്സിലായി. അവരുടെ ഗീതകങ്ങളിൽ ദൈവിക പ്രണയത്തിന്റെ മനോഹാരിതയും മാനവികതയും മനുഷ്യസ്‌നേഹവും തുളുമ്പി.
 
പൊന്നിൻകതിർ വിളയിച്ച വയലുകൾ ഗൾഫുകാർ വാങ്ങിക്കൂട്ടി. കടൽ മണലിട്ടു നികത്തി പറമ്പുകളാക്കി. പുലയർക്ക് കൃഷിക്ക്‌ ഭൂമിയില്ലാതായി. പുലയർ മണൽ, കൂലിക്ക് തലച്ചുമടായി കടത്തി ജീവിക്കാൻ തുടങ്ങി. മണൽത്തിട്ടകളിൽ വലിയ മാളങ്ങൾ ഉണ്ടാക്കി പാർത്തിരുന്ന കുറുക്കന്മാരും ചെറു പക്ഷികളും നീർത്തടങ്ങളിൽ നീന്തിത്തുടിക്കാറുണ്ടായിരുന്ന നീർക്കാക്കയും പിന്നെ വസന്തത്തിൽ നിരവധി ദേശങ്ങളിൽനിന്ന‌് വിരുന്നുകാരായെത്തുന്ന പൂമ്പാറ്റകളും മാടപ്രാവുകളും യാത്രാമൊഴി ചൊല്ലി പുതുദേശം തേടിപ്പോയി.
പ്രധാന വാർത്തകൾ
 Top