09 August Sunday

നവോത്ഥാനവും സ‌്ത്രീ ശാക്തീകരണവും

പ്രൊഫ. വി എന്‍ മുരളിUpdated: Sunday Jun 23, 2019

ബ്രിട്ടീഷ് അടിമത്തത്തിൽനിന്നും  സ്വതന്ത്രഭാരതം നിർമിച്ചെടുക്കാൻ വേണ്ടിയുള്ള പോരാട്ടമായല്ല നവോത്ഥാനപ്രസ്ഥാനം ആരംഭിച്ചത്. അങ്ങനെയൊരു ലക്ഷ്യം ബ്രിട്ടീഷുകാരുടെ കീഴിൽ ഉദ്യോഗസ്ഥനായിരുന്ന രാജാ റാംമോഹൻറായിക്കുണ്ടായിരുന്നില്ല. മറ്റ് നവോത്ഥാന നായകരും ബ്രിട്ടീഷ് ഭരണവിരുദ്ധരല്ല. എന്നാൽ അവർ പോരാടിയത് സാമൂഹിക അടിമത്തത്തിന് എതിരെയാണ്. സ‌്ത്രീശാക്തികരണമായിരുന്നു തുടക്കം. സഹോദരന്റെ ചിതയിലേക്ക് സഹോദരപത്നിയെ  വലിച്ചെറിയുന്നതുകണ്ടുകൊണ്ടാണ്  സതി സമ്പ്രദായത്തിനെതിരെ റായ്  ഇറങ്ങിപ്പുറപ്പെട്ടത്. അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം  സ്‌ത്രീജീവിത ശാക്തീകരണത്തിനുവേണ്ടിയായിരുന്നു. ‘നഃ സ്‌ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുവാദത്തെ എതിർത്തുകൊണ്ട് വിധവാവിവാഹത്തിനും സ്‌ത്രീ വിദ്യാഭ്യാസത്തിനും ശൈശവ വിവാഹ നിരോധത്തിനുംവേണ്ടി പ്രവർത്തിച്ചു. അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജത്തിൽ എല്ലാ മതക്കാർക്കും ഒരിടത്ത്  പ്രാർഥിക്കാമെന്ന് തെളിയിച്ചു. ഇന്ത്യൻ നവോത്ഥാനത്തിന്റെ അടിത്തറ  സ്‌ത്രീശാക്തീകരണമാണ്. നവോത്ഥാന നായകർ തുടക്കംകുറിച്ച സ്‌ത്രീശാക്തീകരണ പ്രവർത്തനങ്ങൾ എങ്ങനെ സ്‌ത്രീകൾ ഏറ്റെടുത്തുവെന്ന് വ്യക്തമാക്കിത്തരുന്നു ഡോ. പി സോമന്റെ ‘ഭാരതീയ സ്‌ത്രീപക്ഷ നവോത്ഥാനം' എന്ന കൃതി.  

നവോത്ഥാന  നായകർ പുരുഷന്മാരാണെന്നാണ് എഴുതപ്പെട്ട ചരിത്രം. എന്നാൽ ശാക്തീകരണത്തിനായി സ‌്ത്രീകൾ സ്വന്തം ഇടങ്ങൾ നിർമിക്കാൻ മുന്നോട്ടുവന്നതിന്റെ ചരിത്രം  ഈ പുസ‌്തകം വിശദമാക്കുന്നു.  സ്‌ത്രീകൾ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളുടെ ചരിത്രം പത്ത‌് അധ്യായങ്ങളിൽ വിവരിക്കുന്നു.  സ്‌ത്രീകൾ രചിച്ച രാമായണങ്ങളെക്കുറിച്ചുള്ള ‘പെൺരാമായണങ്ങൾ' എന്ന അവലോകനവും അനുബന്ധമായുണ്ട‌്. 
 
സ്‌ത്രീപക്ഷ നവോത്ഥാനത്തിന്റെ ചരിത്രം ഗ്രന്ഥകാരൻ ഭക്തിപ്രസ്ഥാനത്തിലെ പെണ്ണെഴുത്തുകാരികളിൽനിന്നാണ് ആരംഭിക്കുന്നത്. പുരുഷന്റെ ആത്മീയതയിൽനിന്നും വ്യത്യസ്‌തമായിരുന്നു സ‌്ത്രീയുടെ ആത്മീയത. പുരുഷന്മാരായ ഭക്തകവികൾ ക്ഷേത്രങ്ങളും ഭജനമഠങ്ങളും മറ്റും സ്ഥാപിച്ച് ശിഷ്യപരമ്പരകളെ സൃഷ്ടിച്ച് ആത്മീയ പ്രവർത്തനം നടത്തിയപ്പോൾ ഭക്തകവയത്രികളുടെ രചനകൾ ക്ഷേത്രകേന്ദ്രീകൃതങ്ങളായിരുന്നില്ല. അക്ക മഹാദേവി, മീരാബായി തുടങ്ങിയവരുടെ ഭക്തിസ‌്തോത്രങ്ങൾ ആത്മീയമായ ലൈംഗിക വിപ്ലവംകൂടിയായിരുന്നു എന്നാണ് ഡോ. പി. സോമൻ അഭിപ്രായപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ബംഗാളിൽ ജീവിച്ച ചന്ദ്രബതി (1550–-1600) സ്‌ത്രീപക്ഷ ആത്മീയതയെ സാമൂഹികവിമർശനത്തിനും രാഷ്ട്രീയവിമർശനത്തിനുംകൂടി ഉപയോഗിച്ച കവയത്രിയാണ്. ഇന്ത്യയിൽ ആദ്യത്തെ പെൺരാമായണരചയിതാവുകൂടിയാണവർ. 
ഹിന്ദു–-മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഏറെക്കുറെ ഒരേകാലത്താണ് സ്‌ത്രീപക്ഷ ശാക്തീകരണം നടന്നത‌്. മുസ്ലിം പ്രഭുകുടുംബങ്ങളിലും മറ്റും പേർഷ്യനും അറബിയും സ്‌ത്രീകളെ പഠിപ്പിക്കുകയും അങ്ങനെ സാക്ഷരരായിത്തീർന്ന മുസ്ലിം വനിതകൾ അനന്തരതലമുറയിലേക്ക് ഖുറാൻ പരിജ്ഞാനവും പേർഷ്യൻ സാഹിത്യവും പകർന്നുകൊടുക്കുകയും ചെയ‌്തു. മുസ്ലിം വനിതകൾക്ക്‌  സാമൂഹിക–-രാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കാൻ അത്‌ സാഹചര്യമൊരുക്കി. പർദ വലിച്ചെറിഞ്ഞ് സാമൂഹികരംഗത്തെത്തിയ വീരാംഗനകളുടെ വലിയൊരു നിരതന്നെയുണ്ട‌്.  ഇന്ന് പർദയിലേക്ക് മടങ്ങാൻ വെമ്പൽകൊള്ളുന്നവർ പൂർവികർ നടത്തിയ സമരവും സാമൂഹികപരിഷ‌്കാരവും വായിച്ചറിയേണ്ടതാണ്.
 
സ്‌ത്രീകളുടെ നവോത്ഥാനം പുരുഷ നവോത്ഥാനത്തിൽനിന്നും വ്യത്യസ‌്തമായിരുന്നുവെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. സ്‌ത്രീകളെ സാമൂഹിക അനാചാരങ്ങളിൽനിന്നും മോചിപ്പിച്ച് സാക്ഷരരായ വീട്ടമ്മമാരാക്കുക, അഭ്യസ്‌തവിദ്യരായ പുരുഷന്മാരുടെ സാക്ഷരരായ ഭാര്യമാരാകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. സാമൂഹികപ്രവർത്തകരും വിദ്യാഭ്യാസവിചക്ഷണരും എഴുത്തുകാരികളും വിപ്ലവകാരികളുമായിട്ടാണ് സ്‌ത്രീ നവോത്ഥാനനായികമാർ രംഗപ്രവേശം ചെയ‌്തത്. കുടുംബ–-സാമൂഹികവ്യവസ്ഥകളിൽ വിള്ളൽവീഴ‌്ത്തും വിധമാണ് സ്‌ത്രീപക്ഷ നവോത്ഥാനം പ്രവർത്തിച്ചത്. സാക്ഷരയായ സ‌്ത്രീയായി വീട്ടിനുള്ളിൽ ഒതുങ്ങുന്നതിനുപകരം അവർ പുറത്തിറങ്ങി ദേശീയസമരത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എത്തിച്ചേർന്നു. ‘മാധ്യമരംഗവും സ‌്ത്രീശാക്തീകരണ'വും എന്ന അധ്യായത്തിൽ ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ഉറുദു മാധ്യമരംഗത്തെ സ‌്ത്രീപക്ഷ ഉണർവിനെക്കുറിച്ച് വിവരിക്കുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനകാലത്ത് തീപ്പൊരികളായ വനിതകൾ രംഗത്തുവരാൻ അത് സഹായകമായിത്തീർന്നു.  സ‌്ത്രീപക്ഷ നവോത്ഥാനം ദേശീയതയിലേക്കും സോഷ്യലിസ്റ്റ് ചിന്തയിലേക്കും വികസിച്ചതെങ്ങനെയെന്നും പുസ‌്തകം ചർച്ചചെയ്യുന്നു. സ‌്ത്രീപക്ഷ ദേശീയത പുരുഷപക്ഷ ദേശീയതയിൽനിന്നും ചില കാര്യങ്ങളിൽ വ്യത്യസ‌്തമാണെന്ന് ഗ്രന്ഥകാരൻ പറയുന്നു. വിവാഹിതരായി ഭർത്താവിന്റെ ദേശത്തോ രാജ്യത്തോ പോകുന്ന സ‌്ത്രീകൾക്ക് സ്വന്തമായി ഭവനമോ ദേശമോ ഇല്ല. ദേശം അടിമത്തത്തിൽനിന്ന‌് സ്വാതന്ത്ര്യം പ്രാപിച്ചാലും സ‌്ത്രീയുടെ ഗൃഹാടിമത്തത്തിനോ ലൈംഗികപീഡനങ്ങൾക്കോ അടിച്ചമർത്തലുകൾക്കോ അവസാനമില്ല.  അതുകൊണ്ട് സ‌്ത്രീപക്ഷദേശീയത സ‌്ത്രീയുടെ സ്വത്വപ്രകാശനവും സ്വാതന്ത്ര്യവുമാണ്. 
 
ഇന്ത്യാവിഭജനം സ‌്ത്രീപക്ഷ ദേശീയതയെയും പ്രതികൂലമായി ബാധിച്ചു. സ്വാതന്ത്ര്യസമരത്തിലും വനിതാക്ഷേമപ്രവർത്തനത്തിലും സോഷ്യലിസ്റ്റ് ചിന്തയിലും ഒരുമിച്ചുനിന്നവർ രണ്ട് രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു. ‘തീക്കനലുകളുടെ ലോകം' എന്ന അധ്യായം   സായുധസമരം നടത്തിയ ധീരവനിതകളെക്കുറിച്ചാണ്  വിവരിക്കുന്നത്. പ്രീതിലതാ വദേദാർ, ബീനാദാസ്, കൽപനാദത്ത്, മാതംഗിനി ഹസ്ര, ശാന്തിഘോഷ്, സുനീതി ചൗധുരി തുടങ്ങിയ ധീരവനിതകൾ ഭഗത‌് സിങ്, രാജ്ഗുരു, ആസാദ് എന്നീ വിപ്ലവകാരികളുടെ പേരിനോടൊപ്പം സ‌്മരിക്കപ്പെടേണ്ടവരാണ്. 
 
സാഹിത്യത്തിൽ തങ്ങളുടേതായ പെണ്ണിടങ്ങൾ സൃഷ്ടിക്കാൻ സ‌്ത്രീനവോത്ഥാനം സ‌്ത്രീകളെ പ്രാപ്തരാക്കി. അനുബന്ധമായി ചേർത്ത ‘പെൺരാമായണങ്ങൾ' എന്ന അധ്യായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലുണ്ടായ ചന്ദ്രബതി രാമായണം മുതൽ ഇന്ത്യൻ ഭാഷകളിൽ വായ‌്മൊഴി സാഹിത്യത്തിലും ലിഖിത സാഹിത്യത്തിലും ധാരാളം പെൺരാമായണങ്ങൾ ഉണ്ടായിട്ടുണ്ട്. പുരുഷന്മാരുടെ രാമായണം വായനയിൽനിന്നും വ്യത്യസ‌്തമായിരുന്നു സ‌്ത്രീകളുടെ രാമായണം വായനകൾ.  പ്രാദേശികമായി രംഗത്തുവന്ന സ‌്ത്രീപക്ഷ നവോത്ഥാനനായികമാരെയും  എഴുത്തുകാരെയും പോരാളികളെയുംകുറിച്ച് പഠിക്കാനുള്ള ഒരു മാർഗരേഖയായി ഈ കൃതിയെ ഉപയോഗിക്കാവുന്നതാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top