20 February Wednesday

വിശപ്പ് തീർക്കാൻ എത്ര വഴികൾ

ടി കെ ശങ്കരനാരായണൻUpdated: Sunday Apr 22, 2018

 ഉച്ചവെയിൽ നേരത്ത് ഒരു കൊച്ചുപെൺകുട്ടിയുടെ കരച്ചിൽ കാതിൽ വന്നലച്ചപ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. മുംബൈയിലെ വിക്ടോറിയ ടെർമിനസിന്റെ കൺവെട്ടത്തുള്ള നടപ്പാതയാണ്. പാതയുടെ ഓരത്ത് മൂടിപ്പുതച്ചു കിടത്തിയ ഒരു ശവം. തലയ്ക്കരികെ ഒരു പഴത്തിൽ തൊടുത്തു നിർത്തിയ ചന്ദനത്തിരികൾ. അതിൽനിന്ന് പ്രദക്ഷിണംവച്ച് ഉയരുന്ന പുകച്ചുരുളുകൾ... ശവത്തിന്റെ തൊട്ടടുത്ത് പിഞ്ഞിയ തുണി വിരിച്ച് നെഞ്ചിൽ കൈതല്ലി ഹിന്ദിയിൽ കരയുകയാണ് പെൺകുട്ടി. ആ ദൈന്യത കണ്ടാൽ മനുഷ്യപ്പറ്റുള്ള ആരും എന്തെങ്കിലും ചില്ലറ   കൊടുത്തുപോകും.

രാത്രി നന്നേ ഇരുട്ടിയ നേരത്ത് ജോലികഴിഞ്ഞ് ആ വഴി മടങ്ങുമ്പോൾ കണ്ട കാഴ്ച ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഉച്ചയ്ക്ക് ശവമായി കിടന്ന ആളും ആ കുട്ടിയും ചേർന്ന് ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നു. ലോകത്തെയാകെ പറ്റിച്ച ചാരിതാർഥ്യത്തിന്റെ ഒരു ചിരി അവരുടെ മുഖത്തുണ്ടായിരുന്നിരിക്കണം. എന്റെ അഞ്ചു രൂപയും ആ ചതിയിൽപ്പെട്ട് ചുളുങ്ങിയല്ലോ എന്ന് ഒരു നിമിഷം അമളിയെങ്കിലും ഇവ്വിധമൊരു മരണവേഷം കെട്ടി പണം സമ്പാദിക്കേണ്ട അവരുടെ ഗതികേട് എന്തായിരിക്കാമെന്ന് മനസ്സ് മാന്തിപ്പൊളി തുടങ്ങി. വിശപ്പല്ലാതെ മറ്റെന്ത്?
ഒരു കഥക്കുള്ള 'തീം' ഈ സംഭവത്തിലുണ്ടെന്ന് റെയ്നോൾസിന്റെ നീലമഷിപ്പെൻ എന്റെ കൈയിലിരുന്ന് വിതുമ്പാൻ തുടങ്ങി. എന്നാലോ സാർവലൗകികമായ ഈ ആശയത്തെ എങ്ങനെ ഒരു കഥാശിൽപ്പത്തിലേക്ക് വിടർത്തിക്കൊണ്ടുവരും എന്നറിയാതെ എന്നിലെ പ്രതിഭാ ദാരിദ്ര്യവും പരിചയക്കുറവും നഖം കടിച്ച് നേരം വെളുപ്പിച്ചു. മുണ്ടൂർ സേതുമാധവൻ മാഷോ കൃഷ്ണൻകുട്ടി മാഷോ അടുത്തുണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊരു വഴി, ഒരു രൂപം പറഞ്ഞു തരുമായിരുന്നു. ഇതിപ്പോൾ ആരോടു ചോദിക്കുമെന്നറിയാതെ ആശയത്തിന് ഒരു വ്യക്തത കിട്ടാതെ ഞാൻ പൊരിച്ചിൽ തുടങ്ങി.
എന്റെ കുട്ടിക്കാലം അഗ്രഹാരത്തിലെ തമിഴ് അന്തരീക്ഷത്തിലായിരുന്നതിനാൽ വീട്ടിൽ സാഹിത്യപുസ്തകങ്ങളോ സാഹിത്യസംസാരമോ ഉണ്ടായിരുന്നില്ല. കൂട്ടുകുടുംബ വ്യവസ്ഥിതി സജീവമായി നിലനിന്ന കാലമായിട്ടു കൂടി, കുടുംബങ്ങളിൽ തല നരച്ച കഥപറച്ചിലുകാരുണ്ടായിരുന്നിട്ടു കൂടി കഥ കേട്ടു വളരാനുള്ള സാഹചര്യം എനിക്ക് നിഷേധിക്കപ്പെട്ടു. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾത്തന്നെ എന്റെ അച്ഛൻ വേറെ വീടുവാങ്ങി തനിപ്പെട്ട മുറയിൽ കുടുംബജീവിതം തുടങ്ങി കഥകേട്ട് വളരാനുള്ള എന്റെ അവസരങ്ങളെ ഇല്ലാതാക്കുകയായിരുന്നു.
ആ കാലത്ത് രാത്രിയായാൽ അഗ്രഹാരത്തിൽ ഭിക്ഷാംദേഹികൾ വരും. 'അമ്മാ തായേ' എന്ന് അന്നത്തിനു വേണ്ടി കാലിപ്പാത്രം നീട്ടും. പാട്ടുരൂപത്തിൽ അവർ പറയുന്ന ചില തമിഴ്കഥകൾ കേട്ടതൊഴിച്ചാൽ (അതൊട്ട് ശരിക്കും മനസ്സിലായതുമില്ല) കഥാരഹിതമായ കാലത്തിലൂടെയാണ് എന്റെ ബാല്യം കടന്നു പോയത്. പല്ലാങ്കുഴിയും പമ്പരംകുത്തും ക്രിക്കറ്റ് കളിയുമായിരുന്നു പ്രധാന വിളയാട്ടുകൾ. എന്നിട്ടും ആ ശീലങ്ങളിൽനിന്നെല്ലാം തെന്നി ഒരെഴുത്തുകാരനാകണം എന്ന മോഹവിത്ത് മനസ്സിൽ മുളയ്ക്കാനിട്ടത് എം ടിയുടെ കഥാലോകം. പതിനാറാംവയസ്സിൽ നിയതിയുടെ നിശ്ചയം പോലെ 'മഞ്ഞ്' കൈയിൽവന്ന് വീണില്ലായിരുന്നുവെങ്കിൽ എഴുത്തിന്റെ മഹാപ്രപഞ്ചത്തിലേക്ക് വരേണ്ട ആളേ അല്ല ഞാൻ.
എഴുതിത്തുടങ്ങിയപ്പോഴാണ് ദുർഘടം പിടിച്ച അതിന്റെ വഴികളെക്കുറിച്ച് ബോധ്യം വന്നത്. എഴുത്തിന്റെ പ്രയാസങ്ങൾ ഒരു വശത്തും എഴുതിയ കഥ കാണിച്ച് അഭിപ്രായമറിയാൻ ആരുമില്ലാത്ത അനാഥത്വം മറുവശത്തും. കഥകൾ എഴുതാൻ പറ്റുന്നുണ്ടെങ്കിലും ഇങ്ങനെയല്ല എഴുതേണ്ടത് എന്നൊരു തോന്നൽ. എങ്ങനെ എഴുതിയാലാണ് കഥ ശക്തമാകുക, കൂടുതൽ ഫലപ്രദമാകുക? മാർഗനിർദേശം തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ! മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് സ്കൂളിൽ എന്റെ അധ്യാപകനായിരുന്നെങ്കിലും താമസം നല്ലേപ്പുള്ളിയിലാണ്. ടൗണിൽനിന്ന് കുറച്ചു ദൂരമുണ്ട്. ടൗണിൽത്തന്നെ എന്റെ വീടിനടുത്താണ് മുണ്ടൂർ സേതുമാധവൻ മാഷ്. അങ്ങനെ നിത്യേനയെന്നോണം കഥകളുമായി മാഷുടെ മുന്നിലെത്തി.
ക്ലാസ്മുറിയിൽ മാത്രമല്ല കഥയെഴുത്തിലും കർക്കശസ്വഭാവമുള്ള അധ്യാപകനായിരുന്നു അദ്ദേഹം. കീറലും വെട്ടിമുറിക്കലും തുന്നിക്കെട്ടലും മാറ്റിയെഴുതലുമായി കുറച്ചു വർഷങ്ങൾ... കഥയെഴുത്തിൽ ഒരു പിടുത്തം കിട്ടുന്നു എന്ന തോന്നലുണ്ടായത് അവിടെ നിന്നാണ്. വർഷങ്ങൾക്കു മുമ്പ് ശവത്തിനു മുന്നിലിരുന്ന് മാറത്ത് കൈ തല്ലിക്കരഞ്ഞ പെൺകുട്ടിയുടെ നിലവിളി പിന്നീട് 'മദ്ധ്യാഹ്നചിത്രങ്ങൾ' എന്ന പേരിൽ ഞാൻ കഥയാക്കി.
വിശപ്പിന്റെ നിലവിളി കുറേക്കൂടി വലിയ ക്യാൻവാസിൽ എഴുതുകയായിരുന്നു 'ശവുണ്ഡി'യിൽ. ആ നിലവിളി എഴുതി ഫലിപ്പിക്കാൻ കുറച്ചധികം വെല്ലുവിളികളുണ്ടായിരുന്നു. ബ്രാഹ്മണസമുദായത്തിലെ മരണാനന്തര ക്രിയകളിൽ ഉൾച്ചേർന്ന ഒരു പ്രത്യേകവിഭാഗം ആളുകളുടെ കഥയാണ്. അതിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഒരു സമൂഹത്തിന്റെ ആചാരം ആ സമൂഹത്തിലെ തന്നെ മറ്റൊരു വിഭാഗത്തെ എങ്ങനെ ബഹിഷ്കൃതരാക്കുന്നു എന്ന അന്വേഷണം, സവർണനായിരുന്നിട്ടും ദളിതനെപ്പോലെ ജീവിക്കേണ്ടി വരുന്നവന്റെ തലേലെഴുത്ത്, ഒരേ സമയം സമൂഹത്തിനകത്തും പുറത്തുമായി ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന യാതനകൾ...
 അന്നന്നത്തെ ചോറിനു വേണ്ടി ശവുണ്ഡിയാകേണ്ടി വന്ന അമ്പിക്ക് എന്തു സാഹചര്യത്തിലും മകൻ സുബ്ബരാമൻ ശവുണ്ഡിയാകരുത് എന്നതു മാത്രമായിരുന്നു പ്രാർഥന. അതിനു വേണ്ടിയാണ് ഇക്കാലമത്രയും അയാൾ ശവുണ്ഡിപ്പണി ചെയ്തത്. ഇങ്ങനെയൊരച്ഛന്റെ മകനായിപ്പോയതിൽ അവഹേളനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും അവസാനം അമ്പിയുടെ ശവുണ്ഡീകരണത്തിന് ആളില്ലാതെ വരുമ്പോൾ അച്ഛനു വേണ്ടി മകൻ ശവുണ്ഡിയാകുന്നു.
പാരമ്പര്യത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും അതിന്റെ ഊരാക്കുടുക്കിൽത്തന്നെ ചെന്നുപെടുന്ന ഒരു സാമാന്യ ഇന്ത്യക്കാരന്റെ ജീവിതദുരന്തമായിരുന്നു ശവുണ്ഡിയുടെ പ്രമേയം. ആ നിർഗതിയിലേക്ക് അമ്പിയെ നയിച്ചത് വിശപ്പ്. മുംബൈ നിരത്തിൽ ആ കുഞ്ഞു പെൺകുട്ടി മരണനാടകമാടിയതിനു കാരണവും വിശപ്പു തന്നെ. 
എം ടിയുടെ അവതാരികയോടെ ഡിസിയാണ് 'ശവുണ്ഡി' പുസ്തകമാക്കിയത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും അത് വിവർത്തനം ചെയ്യപ്പെട്ടു. ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക് ഇവിടെ നിൽക്കാൻ ഇത്തിരിയിടം നേടിത്തന്ന നോവൽ. അതിന്റെ എഴുത്തുകാലത്ത് ശവുണ്ഡീകരണം എന്ന ചടങ്ങിന്റെ വിവരണങ്ങളും ഈ ശാപവഴിയിൽ എത്താനുണ്ടായ കാരണങ്ങളും ക്ഷമയോടെ വിശദീകരിച്ചുതന്ന് എന്നെ സഹായിച്ച കൽപ്പാത്തിയിലെ ശവുണ്ഡികളേ, നിങ്ങളെ ഞാൻ മറക്കുന്നതെങ്ങനെ?
പ്രധാന വാർത്തകൾ
 Top