07 July Tuesday

ഇ എം എസ് അനുഭവം ഒരോർമ

സി അനൂപ്Updated: Sunday Mar 22, 2020

 ഇ എം എസിന്റെ ഒരോർമദിനംകൂടി കടന്നുപോയിരിക്കുന്നു. ഇ എം എസ്‌ കേരളത്തിനു സമ്മാനിച്ച സംവാദാത്മക രാഷ്‌ട്രീയചിന്തയുടെ ഓർമകൾ പ്രസിദ്ധ കഥാകൃത്ത്‌ സി അനൂപ്‌ പങ്കുവയ്‌ക്കുന്നു

1997ലാണ് ഞങ്ങൾ ന്യൂ ഇന്ത്യൻ ബുക്‌സ്‌ എന്ന പ്രസാധനശാല തുടങ്ങാൻ തീരുമാനിച്ചത്. ആദ്യ പുസ്‌തകത്തെക്കുറിച്ചുള്ള ആലോചന തുടങ്ങി. തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള നാരായണ ഭട്ടതിരിയുടെ വീട്ടിൽവച്ചും പല പുസ്‌തകങ്ങളെക്കുറിച്ച് സംസാരിച്ചു.  ഇ എം എസിനെക്കുറിച്ചൊരു പുസ്‌തകമാകാം ആദ്യമെന്ന് നിശ്ചയിച്ചു.

എങ്ങനെയാകണം  രൂപകൽപ്പന? എന്താകണം  ഉള്ളടക്കം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുമ്പോഴാണ്‌ ‘ഇ എം എസ് അനുഭവം’ എന്നൊരാശയം ഉരുത്തിരിഞ്ഞത്. ഇ എം എസ് എഴുതുന്ന പുസ്‌തകങ്ങളൊക്കെ ചിന്ത പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ടുതന്നെ ആ വഴിക്ക് ചിന്തിക്കാനാവില്ല. അങ്ങനെയാണ് ഇ എം എസിനെക്കുറിച്ചൊരു പുസ്‌തകം പുറത്തിറക്കാൻ ശ്രമമാരംഭിച്ചത്.  ഇ എം എസിനെക്കുറിച്ച്  പലരുമെഴുതിയ ലേഖനങ്ങൾ സമാഹരിക്കാൻ തുടങ്ങി. മകൻ ഇ എം ശ്രീധരൻ നടത്തിയ ദീർഘമായ അഭിമുഖവും കാർട്ടൂണിസ്റ്റ് ​ഗോപികൃഷ്‌ണൻ വരച്ച ചിത്രങ്ങളും പുസ്‌തകത്തിന്‌ മിഴിവേകുമെന്ന്‌  ഉറപ്പുണ്ടായിരുന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി കേരളീയ ജീവിതത്തിൽ ഓരോ കാലത്തും സംഭവിച്ചിട്ടുള്ള ഏതു പ്രശ്നത്തോടും ഇ എം എസിനോളം ക്രിയാത്മകമായി പ്രതികരിക്കുന്നവർ അന്ന് അധികമില്ല.  രാഷ്ട്രീയനിലപാടുകളിൽ ഉറച്ചുനിന്നായിരുന്നു   എല്ലാ സന്ദർഭങ്ങളിലും പ്രതികരിച്ചത്. അത് മലയാളികൾ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു.

എങ്ങനെയാണ് പുതിയ പ്രസാധക സംരഭത്തെക്കുറിച്ചും ആദ്യപുസ്‌തകത്തെക്കുറിച്ചും ഇ എം എസിനെ അറിയിക്കുക. അതിനുമുമ്പ് കലാകൗമുദിക്കുവേണ്ടി മൂന്നുനാലു തവണ അഭിമുഖം നടത്തിയിട്ടുണ്ട്. പറയുന്ന സമയത്ത് കൃത്യമായി വീട്ടിലോ, എ കെ ജി സെന്ററിലോ എത്തും. ചോദ്യങ്ങൾ എഴുതി നൽകും. അതൊന്നു വായിച്ചശേഷം ഇ എം വാച്ച്‌ നോക്കും. തുടർന്ന് ഓരോ ചോദ്യത്തിനും തൂക്കിമുറിച്ച മറുപടികൾ. ആവർത്തനമില്ല. വളച്ചുകെട്ടില്ല. തെളിമയാർന്ന ഭാഷയിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയശേഷം അവസാനചോദ്യം ഇ എം എസിന്റേതാകും.

‘‘എന്താ പോരേ?’’

മതിയെന്നു പറഞ്ഞ് തിരിച്ചു പോരും.

ഈ പരിചയം മതിയാകുമോ ഇ എം എസിനെക്കുറിച്ചൊരു പുസ്‌തകം പ്രസിദ്ധീകരിക്കുക എന്ന ആശയം പൂർത്തീകരിക്കാൻ. ഈ സന്ദേഹത്തിനിടയിൽ ഭട്ടതിരിയാണ് പറഞ്ഞത്. നമുക്ക് ഇ എം എസിനെ കണ്ട് നേരിട്ടു സംസാരിക്കാമെന്ന്. അങ്ങനെ എ കെ ജി സെന്ററിലേക്ക് കത്തയച്ച് കാത്തിരുന്നു. നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം മറുപടി. പിറ്റേന്ന്‌ രാവിലെ 11 ന്‌ കാണാമെന്നായിരുന്നു അറിയിപ്പ്.

കൃത്യസമയത്ത്‌ ഞങ്ങൾ ഇ എം എസിന്റെ മുന്നിൽ.  പ്രസാധനശാലയെക്കുറിച്ചും ആദ്യപുസ്‌തകത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ എഴുതി തയ്യാറാക്കി കൊണ്ടുവരണമെന്ന്‌  സഹായി വേണു മുൻകൂട്ടി പറഞ്ഞിരുന്നു.

ലുങ്കിയും ബനിയനും ധരിച്ച്‌ ചാരുകസേരയിൽ വായിച്ചുകൊണ്ടിരിക്കുകയാണ്‌ ഇ എം എസ്‌. കുറിപ്പ്‌ കൈമാറി. മുന്നിലെ കസേരയിൽ ഞങ്ങൾ ഇരുന്നു. ഒരു മിനിറ്റ്‌ കഴിയുംമുമ്പ്‌ ഞങ്ങളുടെ ആദ്യപുസ്‌തക സംരംഭത്തെക്കുറിച്ച്‌ ഇ എം സംസാരിക്കാൻ തുടങ്ങി.

‘‘പുസ്‌തകപ്രസാധനം സാധ്യമാണ്‌. പക്ഷേ, വിപണനം അത്ര എളുപ്പമാണോ?’’ തുടങ്ങിയ ഒന്നു‌രണ്ട്‌ ചോദ്യങ്ങൾക്കുശേഷം തെല്ലിട ഇ എം നിശ്ശബ്ദനായി. ‘‘എന്നോട്‌ യോജിക്കുന്നവർ മാത്രം എഴുതുന്ന ലേഖനങ്ങളല്ല നിങ്ങൾ ഈ പുസ്‌തകത്തിൽ ചേർക്കേണ്ടത്‌. മറിച്ച്‌ വിയോജിപ്പുകളും വേണം. എം പി നാരായണപിള്ളയുടെ ‘തിരുമേനി നമ്മളെ കുപ്പിയിലിറക്കുന്നു’ എന്ന കലാകൗമുദി ലേഖനം, കെ വേണുവിന്റെ ഭാഷാപോഷിണി ലേഖനം, എം ജി എസ്‌ നാരായണന്റെയും മറ്റും വ്യത്യസ്‌തമായ കാഴ്‌ചപ്പാടിൽ എഴുതിയിട്ടുള്ള ലേഖനങ്ങളും കൂടി ഉൾപ്പെടുത്തിയാൽ പുസ്‌തകം നന്നാകും.’’

ഇത്രയും പറഞ്ഞശേഷം ഇ എം എസ്‌ അടുത്തിരുന്ന പുസ്‌തകമെടുത്തു. ഞങ്ങൾ യാത്രപറഞ്ഞിറങ്ങി.

അങ്ങനെ ‘ഇ എം എസ്‌ അനുഭവം’ എന്ന പേരിൽ ഞങ്ങൾ പ്രസിദ്ധീകരിക്കാനുറച്ച പുസ്‌തകത്തിന്‌ ‘ഇ എം എസ്‌ അനുഭവം–- യോജിച്ചും വിയോജിച്ചും’ എന്ന പേരുമാറ്റം സംഭവിച്ചു.

അത്രനാളും ഇ എം എസിനെക്കുറിച്ച്‌ മറ്റുള്ളവർ എഴുതിയ ലേഖനങ്ങൾ ഓരോന്നായി സംഘടിപ്പിച്ചു. കെട്ടിലും മട്ടിലും വ്യത്യസ്‌തത തോന്നുന്ന മട്ടിൽ പുസ്‌തകം അച്ചടിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ പാലക്കാട്ട്‌ സിപിഐ എം സംസ്ഥാന സമ്മേളനം. ടൗൺ ഹാളിന്‌ മുന്നിലെ പുസ്‌തക വിൽപ്പനശാലയിൽവച്ച്‌ എൻ എൻ കൃഷ്‌ണദാസ്‌ ‘ഇ എം എസ്‌ അനുഭവം’ പ്രകാശനംചെയ്‌തു. അന്ന്‌ ഇ എം പാലക്കാട്ടുണ്ടായിരുന്നു. ‌തൊട്ടടുത്തദിവസം ടൗൺ ഹാളിൽവച്ച്‌ പുസ്‌തകം നൽകാൻ ഞങ്ങൾ എം എ ബേബിക്കൊപ്പം ഇ എമ്മിന്റെ മുന്നിൽ വീണ്ടുമെത്തി.

പുസ്‌തകം ഇ എം തിരിച്ചും മറിച്ചും നോക്കി. അന്ന്‌ രാവിലെ പത്രങ്ങളിൽ ഈ പുസ്‌തക പ്രകാശനച്ചടങ്ങിനെക്കുറിച്ച്‌ വാർത്ത വന്നിരുന്നു. അത് കണ്ടിരുന്നതായി പറഞ്ഞശേഷം ഇ എം എസ്‌ ചോദിച്ചു:

‘‘വിൽക്കുമോ?’’

‘‘വിൽക്കും.’’ സംശയമേതുമില്ലാതെ ഞാൻ പറഞ്ഞു.

പതിവ്‌ ചിരി ഇ എം എസിന്റെ മുഖത്ത്‌. പുസ്‌തകം വിൽക്കുമോ എന്നാണോ അതോ എന്നെ വിൽക്കുമോ എന്നാണോ ഇ എം ചോദിച്ചതെന്ന സന്ദേഹം പങ്കുവച്ച്‌ ഞങ്ങൾ ആ രാത്രി പിന്നിട്ടു. തൊട്ടടുത്തദിവസം ഇ എം ചോദിച്ച ചോദ്യത്തിലെ മുള്ള്‌ മനോരമയിൽ വാർത്തയായി. മുള്ളില്ലാതെ മറ്റ്‌ പത്രങ്ങളും. അന്ന്‌ ഞങ്ങളെ അത്ഭുതപ്പെടുത്തും വിധം വായനക്കാർ ‘ഇ എം എസ്‌ അനുഭവം’ തേടിയെത്തി. കരുതിയ പുസ്‌തകങ്ങളൊക്കെ നാലുദിവസംകൊണ്ട്‌ വിറ്റുതീർന്നു. കടം പറഞ്ഞിരുന്ന പ്രസിനും മറ്റും പണം നൽകി.

ഇരുപത്തിമൂന്ന്‌ വർഷങ്ങൾക്കുശേഷവും ആ ദിവസങ്ങൾ അവിസ്‌മരണീയമാകുന്നത്‌ ഇ എമ്മിന്റെ ദീർഘദർശനത്തെപ്പറ്റി ഓർക്കുമ്പോഴാണ്‌. തന്നോട്‌ യോജിക്കുന്ന രാഷ്ട്രീയം മാത്രമല്ല, വിയോജിക്കുന്ന രാഷ്ട്രീയത്തിനും പ്രസക്തിയുണ്ടെന്ന്‌ കരുതാൻ അധികമാർക്കും കഴിയാറില്ല. കാലാതിവർത്തിയായ രാഷ്ട്രീയസംഹിത നിർമിക്കണമെങ്കിൽ വിയോജിപ്പിന്റെ ഭൂമികയെയും ഉൾക്കൊള്ളാൻ കഴിയണമെന്ന്‌ ഇ എം വിശ്വസിച്ചിരുന്നു.

അതെ, മലയാളിയുടെ ജീവിതത്തിൽ ഇ എം എസ്‌ നിക്ഷേപിച്ചുപോയത്‌ ആ വലിയ  തത്വശാസ്‌ത്രമാണ്‌. ഗാന്ധിദർശനങ്ങളോട്‌ ഇ എം എസ്‌ യോജിക്കുകയും  വിയോജിക്കുകയും ചെയ്‌തിട്ടുണ്ട്‌. പലപ്പോഴും തന്റെ ചോദ്യോത്തര പംക്തിയിലും ലേഖനങ്ങളിലുമൊക്കെ വിയോജിക്കുന്നവരെയും അവരുടെ നിലപാടുകളെയും ഇ എം എസ്‌ ഔന്നത്യമുള്ള മാനസികാവസ്ഥയിൽനിന്നാണ്‌ നോക്കിക്കണ്ടത്‌. അതുമാത്രമാണ്‌ കാലാന്തരപ്രസക്തിയുള്ള രാഷ്ട്രീയമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാകണം തന്നെക്കുറിച്ചുള്ള ആ പുസ്‌തകത്തിൽ ആഞ്ഞുകൊത്തുന്ന വാക്കുകളും ആശയങ്ങളും ഉണ്ടാകണമെന്ന്‌ ഇ എം ആഗ്രഹിച്ചത്‌.

പ്രധാന വാർത്തകൾ
 Top