07 December Saturday

വെറുതെയല്ല ഈ ചുവപ്പ‌്

എം വി പ്രദീപ‌് mvpradeepkannur@gmail.comUpdated: Sunday Jul 21, 2019

യൂണിവേഴ‌്സിറ്റി കോളേജ‌്

എത്രയോ നീചമായ ആക്രമണങ്ങളെ നേരിട്ടാണ‌് യൂണിവേഴ‌്സിറ്റി കോളേജും കോളേജിലെ എസ‌്എഫ‌്ഐയും വളർന്നത‌്. രാജ്യത്തെ ഏതു കോളേജിനും ഒപ്പം നിൽക്കുന്ന ഈ കോളേജിന്റെ അക്കാദമിക‌് നിലവാരവും കേരളത്തിന്റെ രാഷ‌്ട്രീയപ്രബുദ്ധതയും തമ്മിൽ ഏറെ ബന്ധമുണ്ട‌്.  കോളേജ‌് പൂർണമായും ഇവിടെനിന്ന‌് മാറ്റാനടക്കം ശ്രമം നടന്നു. ഓരോ ഘട്ടത്തിലും  അത്തരം ശ്രമങ്ങളെ എതിർത്ത എസ‌്എഫ‌്ഐക്കെതിരെ എക്കാലവും തുടർന്നിരുന്നു മാധ്യമവേട്ട. ഇന്നും അത്‌ തുടരുന്നു

 
 
ഒന്നര നൂറ്റാണ്ടു പിന്നിട്ട ഈ കോളേജ‌് ഇവിടെ  പഠിച്ചവരുടെയും പഠിക്കുന്നവരുടെയും അവരെ പഠിപ്പിച്ചവരുടെയുമെല്ലാം വികാരമാണ‌്.  കേരളത്തിൽ വിദ്യാർഥി വിരുദ്ധമായ ഏത‌് നടപടിയുണ്ടായാലും അതിനെതിരെ ആദ്യം പ്രതികരിക്കുന്നവരാണ‌് ഇവിടുത്തെ വിദ്യാർഥികൾ. അവകാശങ്ങൾക്കായി അധികാരവുമായി മുഖാമുഖം ഏറ്റുമുട്ടുന്നവർ. ബൗദ്ധികമായ ഔന്നത്യത്തിന്റെയും ഉറച്ച രാഷ്ട്രീയ ബോധ്യത്തിന്റെയും  പ്രതീകം.  
 
 നൂറ്റമ്പത‌് പിന്നിട്ട യൂണിവേഴ‌്സിറ്റി കോളേജ‌് എന്ന  കലാലയം സൃഷ്ടിച്ച പ്രതിഭകളുടെ പട്ടിക എഴുതിയാൽ തീരില്ല.   കേരളത്തിന‌് പ്രതിഭകളെ  സമ്മാനിക്കുന്ന കലാലയത്തെ തകർക്കാൻ മുമ്പും  ശ്രമങ്ങളുണ്ടായി.  അതിപ്പോഴും തുടരുകയുംചെയ്യുന്നു. ഈ കോളേജിന്റെ ചരിത്രം കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം കൂടിയാണ്.   സ്വാതന്ത്ര്യ സമരകാലം മുതൽ രാജ്യത്തിന്റെ രാഷ്ട്രീയ ചലനങ്ങളെ സസൂക്ഷ്‌മം വീക്ഷിച്ച കലാലയം ഇടയ‌്ക്ക‌് വിദ്യാർഥി സമരങ്ങളുടെയും സംഘർഷങ്ങളുടെയും പേരിൽ ആരോപണങ്ങൾ കേൾക്കുമ്പോഴും  ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ മാതൃകയിലുള്ള ആ ചുവന്ന കെട്ടിടം തല ഉയർത്തിത്തന്നെ നിൽക്കുന്നു. ഇനിയും അങ്ങനെതന്നെയായിരിക്കും. 
 

മറക്കരുത‌്  ജൂലിയസ‌് ഫെർണാണ്ടസിനെ 

 
 വിദ്യാർഥികൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ  ദൗർഭാഗ്യകരമായ സംഭവത്തിന്റെ  പേരിൽ ഇപ്പോൾ കോളേജ‌് തകർക്കാൻ ശ്രമിക്കുന്നവർ 1980കൾ ബോധപൂർവം മറക്കുകയാണ‌്. വെറുതെ ചുവന്നതല്ല തലസ്ഥാന നഗരമധ്യത്തിലെ യൂണിവേഴ‌്സിറ്റി കോളേജ‌്.  മാധ്യമങ്ങളിലെവിടെയും കാര്യമായി പരാമർശിക്കാത്ത ഒരു പേരുണ്ട‌്, ജൂലിയസ‌് ഫെർണാണ്ടസ‌്.   എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു.  82ന്റെ തുടക്കത്തിൽ യൂണിവേ‍ഴ്സിറ്റി കോളേജിൽ  ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്ന കാലം. സ‌്പെൻസർ ജങ‌്ഷനിൽവച്ച‌് ജൂലിയസ് ഫെർണാണ്ടസിന്റെ കാലുകൾ  കെഎസ‌്‌യുക്കാർ അറുത്തുമാറ്റി.  മ‍ഴുവും സൈക്കിളിന്റെ ക്രാങ്ക് ഉപയാഗിച്ച് പ്രത്യേകമായി നിർമിച്ച ഒരായുധവും വച്ചുള്ള ആക്രമണം. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജൂലിയസ് മരിക്കുമെന്നുറപ്പായി.  ആശുപത്രിയിലെത്തിയ  സിപിഐ എം ജില്ലാ സെക്രട്ടറി കാട്ടായിക്കോണം ശ്രീധർ  ജനറൽ സെക്രട്ടറി ഇഎംഎസുമായി ബന്ധപ്പെട്ടു.  മോസ‌്കോയിലെ ഒരാശുപത്രിയിൽ മൈക്രോവാസ‌്കുലർ സർജറി ചെയ്യാൻ സൗകര്യം ഉണ്ടെന്ന് ഡോക്ടർമാർ നൽകിയ വിവരം അനുസരിച്ചാണ് കാട്ടായിക്കോണം ട്രങ്ക് കോൾ വ‍ഴി ഇംഎംഎസിനെ വിളിച്ചത്. പിന്നീട് കാര്യങ്ങൾ ശരവേഗത്തിൽ. ജൂലിയസിന്റെ ജീവൻ വീണ്ടെടുക്കാൻ തിരുവനന്തപുരത്തെ ക്യാമ്പസുകളിൽ വിദ്യാർഥികൾ പണപ്പിരിവ് നടത്തി. ഒറ്റ ദിവസം കൊണ്ട് ചികിൽസയ്‌ക്ക് ആവശ്യമായ തുക കണ്ടെത്തി. മോസ‌്കോയിലെ വിദഗ‌്ധ  ചികിൽസ ജൂലിയസിന് തുണയായി. പിന്നീട്  ഏറെക്കാലം ജീവിച്ച ജൂലിയസ്  വാഹനാപകടത്തിൽ മരിച്ചു.
 

ഹരിയുടെ ചോര

 
കെഎസ്‌യുക്കാരുടെ കഠാരമുനയിലാണ‌്  എസ‌്എഫ‌്ഐ പ്രവർത്തകൻ ഹരിക്ക‌് വൃക്ക നഷ്ടമായത‌്. കെഎസ് യു നടത്തിയ യൂണിവേ‍ഴ്സിറ്റി മാർച്ച് കണ്ടുനിന്ന  ഹരിയെ കുത്തിവീ‍ഴ‌്ത്തിയത് അന്നത്തെ കെഎസ്‌യു നേതാക്കൾ.  ഹരിയുടെ ഒരു വൃക്ക  നീക്കം ചെയ്യേണ്ടി വന്നു.  ഗാന്ധി ശിഷ്യരുടെ കൊലക്കത്തിയിൽ വൃക്ക നഷ്ടപ്പെട്ട ഹരി  ഇന്നും നമ്മോടൊപ്പമുണ്ട‌്.  നിഷ‌്‌ഠൂര ആക്രമണങ്ങൾക്ക‌് വിധേയരായി ദീർഘകാല ചികിത്സ വേണ്ടിവന്ന എസ‌് പി ദീപക‌്, ഐ പി ബിനു തുടങ്ങിയവരെേപ്പോലെ എസ‌്എഫ‌്ഐ നേതാക്കൾ വേറെയും . ലഹരി മാഫിയയെ തുരത്തിയും കെഎസ്‌യു  അതിക്രമങ്ങൾ നേരിട്ടും ഒക്കെയാണ് എസ്എഫ്ഐ യൂണിവേ‍ഴ്സിറ്റി കോളേജിൽ വളർന്നത്. 
 

അന്ന‌് 

 
1834ൽ  തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ നാഗർകോവിലിൽ എൽഎംഎസിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സന്ദർശിച്ചു. അവിടുത്തെ വിദ്യാഭ്യാസരീതിയിൽ ആകൃഷ്ടനായ സ്വാതിതിരുനാൾ അതുപോലൊരു വിദ്യാഭ്യാസ സ്ഥാപനം തിരുവനന്തപുരത്തും തുടങ്ങാൻ ആഗ്രഹിച്ചു‌. റോബർട്ട‌് എന്ന അധ്യാപകനെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. അങ്ങനെ തുടങ്ങിയ രാജാസ് ഫ്രീസ്‌കൂൾ ആണ‌് പിന്നീട് തിരുവനന്തപുരം മഹാരാജാസ് കോളേജും അനന്തരം യൂണിവേഴ‌്സിറ്റി കോളേജുമായി മാറിയത‌്.
 
1866ൽ ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് ‘ഹിസ് ഹൈനസ് മഹാരാജാ യൂണിവേഴ്‌സിറ്റി കോളേജ്’ എന്ന പേരിൽ  കോളേജായി.  ഇംഗ്ലീഷുകാരനായ ജോൺ റോസ‌് പ്രിൻസിപ്പൽ.  1870ൽ കോളേജിന്റെ ഇപ്പോഴത്തെ സെൻട്രൽ ബ്ലോക്കിന് തറക്കല്ലിട്ട‌ു. 1873ൽ പണി പൂർത്തിയായി.  1884ൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ‌്തു.  ഫിലോസഫി ബിരുദ കോഴ്‌സാണ് ആദ്യ ബാച്ച്.
 
പിന്നീട് ഗണിതം, രസതന്ത്രം, ഊർജതന്ത്രം, സംസ്‌കൃതം എന്നിവയിൽ ബിരുദ കോഴ്‌സുകൾ ആരംഭിച്ചു. 1910 മുതൽ 1918 വരെ  എ ആർ  രാജരാജവർമയായിരുന്നു കോളേജിലെ സംസ്‌കൃതം പ്രൊഫസർ. 1915‐-16 കാലത്ത്   പ്രിൻസിപ്പലായി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ആദ്യ ഇന്ത്യക്കാരനായ പ്രിൻസിപ്പലും മലയാളിയായ പ്രിൻസിപ്പലും എ ആർ തന്നെ.  ആൽബർട്ട‌് ഐൻസ‌്റ്റിനെ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.
 
ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യം പ്രവേശനം. പെൺകുട്ടികൾക്ക‌്  പ്രവേശനം നൽകിയത‌് പിന്നീടാണ്‌.  വിദ്യാർഥികളുടെ ബാഹുല്യം കാരണം 1924ൽ   ആർട‌്സ് സയൻസ് വകുപ്പുകൾ വിഭജിച്ചു.  ഹിസ് ഹൈനസ് മഹാരാജാ കോളേജ് ഓഫ് സയൻസും ഹിസ് ഹൈനസ് മഹാരാജാസ് കോളേജ് ഓഫ് ആർട്‌സ് എന്നും രണ്ടായി വിഭജിക്കപ്പെട്ടു.  ആർട്‌സ് വിഭാഗം  അടുത്ത കെട്ടിടത്തിലേക്ക് മാറ്റി.  പിന്നീടുണ്ടായ ചില ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 1942ൽ ഇവ വീണ്ടും യോജിപ്പിച്ച് യൂണിവേഴ്‌സിറ്റി കോളേജ് എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. 
 

ഇന്ന‌് 

 
രാജ്യത്തെ നാൽപതിനായിരം ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിൽ മുൻനിരയിൽ.  നാക‌് എ  ഗ്രേഡ്. ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജ്. 23 വിഭാഗങ്ങളിലായി 3500 വിദ്യാർഥികൾ.  ഇരുനൂറിലേറെ  അധ്യാപകർ. 17 വകുപ്പുകളിൽ ഗവേഷണ സൗകര്യവും 12 വകുപ്പുകളിൽ എംഫിൽ സൗകര്യവും. 300 ഗവേഷണങ്ങൾ നിലവിൽ നടക്കുന്നു. കേരള സർവകലാശാലയിലെ കഴിഞ്ഞവർഷത്തെ മുപ്പതിലധികം റാങ്കുകൾ ഈ കോളേജിലെ വിദ്യാർഥികൾക്ക‌് സ്വന്തം. 
 
അമ്പതു സീറ്റുള്ള ബി എ ഇംഗ്ലീഷിനു ചേരാൻ അപേക്ഷകരുടെ എണ്ണം പന്ത്രണ്ടായിരത്തിലേറെ. ഒരോ കോഴ്സിനും ശരാശരി അപേക്ഷകർ  അയ്യായിരത്തിനുമേൽ. കോളേജിന്റെ ഭാഗമായി  സിവിൽ സർവീസ്‌ കോച്ചിങ‌് സെന്റർ.  70 ശതമാനം ഗവേഷണ ബിരുദമുള്ളവരും 75  പേർ റിസർച്ച് ഗൈഡുകളുമാണ്.  സർക്കാർ കോളേജ്  എന്ന നിലയിൽ കേരളത്തിലെ എല്ലാ ജാതി-മത-സാമൂഹിക വിഭാഗങ്ങളിൽ നിന്നുമുള്ള മിടുക്കരായിട്ടുള്ള വിദ്യാർഥികൾ പ്രവേശനം നേടുന്നു. സർവകലാശാലയുടെ ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കണം. പ്ലസ‌്ടുവിന‌് 80 ശതമാനം മാർക്കില്ലെങ്കിൽ പ്രവേശനം അസാധ്യം. 
 

മുൻകാല അധ്യാപകരിൽ പ്രമുഖർ 

 
എ ആർ രാജരാജവർമ, മുൻഷി രാമക്കുറുപ്പ്, ആറ്റൂർ കൃഷ്ണപിഷാരടി, ടി പി  സുന്ദരംപിള്ള, എൻ എസ് വാര്യർ, എസ് ഗുപ്തൻനായർ, എ എസ് നാരായണപിള്ള, ടി എം. കൃഷ്ണമാചാരി, സി വി  ചന്ദ്രശേഖരൻ, എ  ശ്രീധരമേനോൻ, എൻ  കൃഷ്ണപിള്ള, ജി  കുമാരപിള്ള, ഇ കെ ജാനകിയമ്മാൾ, ഒ എൻ വി കുറുപ്പ്, ഇളംകുളം കുഞ്ഞൻപിള്ള, കോന്നിയൂർ മീനാക്ഷിയമ്മ, പ്രൊഫ. എം കൃഷ്ണൻനായർ, ഡോ. കെ അയ്യപ്പപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി, പന്മന രാമചന്ദ്രൻനായർ, നരേന്ദ്രപ്രസാദ്, എ വി  ശങ്കരൻ, ബി ഹൃദയകുമാരി, ഡി  വിനയചന്ദ്രൻ, വി പി  ശിവകുമാർ.‌...ഇനിയും നീളുന്നു ശ്രേഷ‌്ഠ അധ്യാപകരുടെ നിര. 
 

വിദ്യാർഥികളിൽ പ്രശസ‌്തർ

 
സി വി രാമൻപിള്ള, ചെങ്കളത്ത് എ  കുഞ്ഞിരാമൻ മേനോൻ, എം എസ‌് സ്വാമിനാഥൻ,  ബാരിസ്റ്റർ ജി എ  പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ ആർ ഇലങ്കത്ത്, കേസരി ബാലകൃഷ്ണപിള്ള, കെ എ ദാമോദരമേനോൻ, സാഹിത്യ പഞ്ചാനൻ  പി കെ നാരായണപിള്ള, റിസർവ‌് ബാങ്ക‌് മുൻ ഗവർണർ  വെങ്കിട്ടരമണൻ, മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ജസ്റ്റിസ് ഫാത്തിമ ബീവി, എസ് ഗുപ്തൻനായർ, ലോക പ്രശസ‌്ത ഭൗതിക ശാസ‌്ത്രജ‌്ഞൻ  ഡോ. താണു പത‌്മനാഭൻ, കാർട്ടൂണിസ്റ്റ് ശങ്കർ, സർദാർ കെ എം പണിക്കർ, മലയാറ്റൂർ രാമകൃഷ്ണൻ, ഡോ. പി സി അലക്‌സാണ്ടർ, എം പി  അപ്പൻ, ഒ എൻ വി കുറുപ്പ്, ഗുരു നിത്യചൈതന്യയതി, സുഗതകുമാരി, ഹൃദയകുമാരി, ഡോ. കെ  അയ്യപ്പപ്പണിക്കർ, ഭരത് ഗോപി, കമുകറ പുരുഷോത്തമൻ, സി പി  നായർ, എ  അയ്യപ്പൻപിള്ള, വി മധുസൂദനൻനായർ, പി എസ് ഹബീബ് മുഹമ്മദ്, പി പത്മരാജൻ, ഷാജി എൻ കരുൺ, ബാലചന്ദ്രമേനോൻ...
 

ചാപ്പകുത്തൽ 

 
വർഷങ്ങൾക്കുമുമ്പ‌് പൊളിഞ്ഞ‌  ‘ചാപ്പകുത്തൽ’ കഥ ഇപ്പോൾ ഓർക്കണം.  മാധ്യമങ്ങളുടെയും കെഎസ‌്‌യുവിന്റെയും കാർമികത്വത്തിലായിരുന്നു എസ‌്എഫ‌്ഐക്കെതിരെ അരങ്ങേറിയ ഗൂഢാലോചന. കൊല്ലം നിലമേൽ കോളേജിലെ കെഎസ‌്‌യു നേതാവായിരുന്ന നിഷാദിന്റെ പുറത്ത‌് മൂർച്ചയുള്ള ആയുധംകൊണ്ട‌് എസ‌്എഫ‌്ഐ എന്ന‌് വരഞ്ഞതായിരുന്നു ‘ചാപ്പകുത്തൽ’ സംഭവം. യൂണിവേഴ‌്സിറ്റി കോളേജിലെ എസ‌്എഫ‌്ഐ പ്രവർത്തകരാണ‌് ഇത‌് ചെയ‌്തതെന്ന‌് കഥമെനഞ്ഞു. അതോടെ ചില മാധ്യമങ്ങളും കോൺഗ്രസ‌് നേതാക്കളും എസ‌്എഫ‌്ഐയെയും സിപിഐ എമ്മിനെയും വേട്ടയാടി. നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചാരണായുധവുമാക്കി. എന്നാൽ, തങ്ങൾതന്നെ ആസൂത്രണം ചെയ‌്ത‌് നടപ്പാക്കിയ പദ്ധതിയായിരുന്നു ചാപ്പകുത്തലെന്ന‌് നിഷാദും സംഭവത്തിൽ പങ്കാളികളായിരുന്ന  കെഎസ‌്‌യുക്കാരും ഒന്നര വർഷത്തിന‌ുശേഷം തുറന്നുപറഞ്ഞു. എ കെ ആന്റണി അടക്കമുള്ളവരുടെ അറിവോടെയാണ‌് ചാപ്പകുത്തൽ നടപ്പാക്കിയതെന്നും യൂത്ത‌്കോൺഗ്രസ‌് നേതാവ‌് ശ്യാം പയ്യന്നൂർ  ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കെഎസ‌്‌യു നേതാക്കൾതന്നെ നിഷാദിന്റെ പുറം മരവിപ്പിച്ച‌് നിലമേലുള്ള ഒരു ബേക്കറിക്കുസമീപം വച്ച‌് എസ‌്എഫ‌്ഐ എന്ന‌് സൂചികൊണ്ട‌് എഴുതി. ചാപ്പകുത്തലിന‌ുശേഷം പ്രചാരണച്ചുമതല ഏറ്റെടുത്ത ശ്യാം ആദ്യം വിളിച്ചത‌് മലയാള മനോരമ ഫോട്ടോഗ്രാഫറെ.  
 

കോളേജ‌് മാറ്റി സ്ഥാപിക്കൽ 

 
കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ യൂണിവേ‌ഴ്‌സിറ്റി കോളേജിനെ  തകർക്കാൻ സംഘടിത ശ്രമം നടന്നിരുന്നു.  കാര്യവട്ടം ക്യാമ്പസിലേക്ക‌്  ഘട്ടംഘട്ടമായി കോളേജ‌് മാറ്റുകയായിരുന്നു ലക്ഷ്യം. മുൻ വിദ്യാർഥിയും അധ്യാപകനും കൂടിയായ ഒഎൻവി കുറുപ്പിന്റെ നേതൃത്വത്തിൽ തലസ്ഥാനം ഒന്നായി.  സമരകേന്ദ്രത്തിൽവച്ച‌് മലയാളത്തിന്റെ പ്രിയകവി പ്രഖ്യാപിച്ചു. ‘ഇവിടെ ഒരു ഭരണമാറ്റമുണ്ടായാൽ, ജനങ്ങളുടെ സർക്കാർ വന്നാൽ, യൂണിവേഴ‌്സിറ്റി കോളേജിൽനിന്ന‌് മാറ്റിയ ബിരുദ വിഭാഗത്തെ തിരിച്ചെത്തിക്കുന്ന ഉത്തരവായിരിക്കും ആ സർക്കാർ ആദ്യം ഇറക്കുക’–- കവിയുടെ അഭ്യർഥന തുടർന്ന‌് വന്ന എൽഡിഎഫ‌് സർക്കാർ ഏറ്റെടുത്തു. ആദ്യ ഉത്തരവിൽതന്നെ യൂണിവേഴ‌്സിറ്റി കോളേജ‌് മാറ്റം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായി.
 
പ്രധാന വാർത്തകൾ
 Top