15 December Sunday

കർക്കടക കയാക്കിങ‌്

ജിജോ ജോർജ‌് jijo.kdry@gmail.comUpdated: Sunday Jul 21, 2019

കയാക്കിങ‌്. കേരളത്തിന‌് അധികം പരിചിതമല്ലാത്ത സാഹസികവിനോദം. കുത്തി യൊലിച്ചൊഴുകുന്ന പുഴ വെള്ളത്തിലെ പാറക്കെട്ടുകൾ ക്കിടയിലൂടെ ചെറുവഞ്ചിയിൽ തുഴയെറിഞ്ഞ‌് കുതിച്ചുപായു ന്ന സാഹസികരെ സ‌്ക്രീനിലാണ‌് ഏറെയും കണ്ടിട്ടുള്ളത‌്. എന്നാൽ, കോഴിക്കോട‌്  ജില്ല യിലെ കോടഞ്ചേരിക്കാർക്ക്‌ കയാക്കിങ‌് ജീവിതത്തിന്റെ ഭാഗം. എല്ലാ കർക്കടകത്തിലും ഇവിടെയെത്തുന്ന  വിദേശ കയാക്കിങ‌് താരങ്ങൾ ഇവർക്ക‌് അതിഥികൾ. മൺസൂൺ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറന്നിടുന്നു പുലിക്കയത്തിലെ കയാക്കിങ്ങും റിവർ ഫെസ‌്റ്റും

 
‘നൗറിയ മാം, ചിക്കൻ ടു പീസോ, ത്രീ പീസോ’ മലയാളംമാത്രം അറിയാവുന്ന തങ്കമ്മ ചേച്ചിയുടെ ചോദ്യം  ഫ്രാൻസുകാരി നൗറിയ ന്യൂമാനോട‌്.  ‘ചേച്ചീസ‌് ഹോട്ടലി’ലെ തങ്കമ്മ ചേച്ചി എന്തു ചോദിച്ചാലും നൗറിയക്ക‌്  മനസ്സിലാകും. നൗറിയക്കുമാത്രമല്ല, ഡച്ചുകാരി മാർട്ടിന വെഗ്മാനും ബ്രിട്ടീഷുകാരി മോളി അഗറിനും ന്യൂസിലൻഡ‌ുകാരൻ മൈക‌് ഡോസനുമെല്ലാം ചേച്ചിയുടെ മലയാളമറിയാം. ഇവരുടെയെല്ലാം ഇഷ്ടഭക്ഷണം  ചേച്ചിക്കുമറിയാം.  അന്താരാഷ്ട്ര കയാക്കിങ‌് ചാമ്പ്യൻഷിപ്പും മലബാർ റിവർ ഫെസ്റ്റും വന്നതോടെ കോഴിക്കോട്ടെ   പുലിക്കയം എന്ന മലയോരഗ്രാമത്തിലെ പതിവു കർക്കടകക്കാഴ‌്ചയാണിത‌്. ഇവിടത്തെ  മാറ്റങ്ങളുടെ  ചിത്രം.   
 
കോഴിക്കോട‌് നഗരത്തിൽനിന്ന‌് അമ്പത‌് കിലോമീറ്റർ അകലെയാണ‌്  പുലിക്കയം. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയ‌്ക്ക‌് ഇരുവശങ്ങളിലുമായി ചിതറിക്കിടക്കുന്ന ചെറിയ അങ്ങാടി.  വൈറ്റ‌് വാട്ടർ കയാക്കിങ്ങിന‌് ലോകത്തെ ഏറ്റവും അനുയോജ്യമാണ‌് ചാലിപ്പുഴ. ഏഴു വർഷമായി ലോകശ്രദ്ധ പിടിച്ചുപറ്റിയ കയാക്കിങ‌് മത്സരമാണ‌് ഇവിടെ നടക്കുന്നത‌്.  ഈ വർഷത്തെ ചാമ്പ്യൻഷിപ്പ്‌ ജൂലായ്‌  26, 27,  28 തീയതികളിൽ. മലബാർ റിവർ ഫെസ്റ്റും കയാക്കിങ്ങും   ഈ പ്രദേശത്തിനുണ്ടാക്കിയ മാറ്റം ചില്ലറയല്ല. 
 
 മലയോരത്തിന‌് അപരിചിതമായിരുന്നു ഈ സാഹസികവിനോദം. കനത്ത മഴയിൽ, കുത്തിയൊലിച്ച‌്, അലറിക്കുതിച്ചൊഴുകുന്ന പുഴയിൽ, പാറക്കെട്ടുകൾക്കിടയിലൂടെയുള്ള സാഹസിക അഭ്യാസപ്രകടനം സായിപ്പന്മാരുടെ ഉച്ചക്കിറുക്ക്‌ എന്നാണ‌് ആദ്യം കരുതിയത‌്. എന്നാൽ, ഇന്ന്‌ കുടിയേറ്റജനത പുതിയ സാഹസികവിനോദത്തെ  ഏറ്റെടുത്തുകഴിഞ്ഞു.  കയാക്കിങ‌് കാലം പുലിക്കയക്കാർക്ക‌് ഉത്സവമാണിന്ന്‌. 
 

 പഞ്ഞമാസമല്ല

 
കർക്കടകം ഇവിടെയും പഞ്ഞകാലമായിരുന്നു മുമ്പ‌്.   റബർ ടാപ്പിങ‌് നടക്കാറില്ല. മറ്റ‌് കൃഷികളും മോശം. അങ്ങാടി തണുത്തുറഞ്ഞ‌് കിടക്കും.  ഇന്ന‌് കഥ മാറി. മഴക്കാലത്തെ കാത്തിരിക്കുകയാണ‌ിവർ. കയാക്കിങ‌് ചാമ്പ്യൻഷിപ‌് നടക്കുമ്പോൾ പുലിക്കയം അങ്ങാടിയിൽ പള്ളിപ്പെരുന്നാളിന്റെ തിരക്ക‌്. ജൂലായ്‌ രണ്ടാംപാദത്തിലാണ‌് മത്സരങ്ങളെങ്കിലും മെയ‌് പകുതിയോടെ താരങ്ങളെത്തും. ഒപ്പം   പരിശീലകരും സഹായികളും സുഹൃത്തുക്കളും. മിക്കവാറും വിദേശികൾ സെപ‌്തംബർ ഒടുവിലേ മടങ്ങൂ. 
 

പുലിക്കയം പെരുമ

 
പുഴയുടെ ഒരുവശത്ത‌് മലങ്കര കത്തോലിക്കാ പള്ളി. മറുവശത്ത‌് അയ്യപ്പക്ഷേത്രവും കുരിശുപള്ളിയും ക്ഷീരസഹകരണസംഘം ഓഫീസും. പിന്നെ പത്തുപന്ത്രണ്ട‌് കടകൾ.   ഇത്രയും ചേർന്നാൽ പുലിക്കയം അങ്ങാടിയായി.  പഴയ  ഇരുമ്പുപാലത്തിന‌് പകരം കോൺക്രീറ്റ‌് പാലം വന്നു. കയാക്കിങ‌് കാലമായാൽ പുലിക്കയം അങ്ങാടിയുടെ രണ്ട‌് ഭാഗത്തേക്കും ഒരു കിലോമീറ്റർ ദൂരത്തിൽ മത്സരം കാണാൻ വരുന്നവരുടെ വാഹനങ്ങൾ കൊണ്ടുനിറയുന്നു.
 
പണ്ട‌് തുഷാരഗിരി വെള്ളച്ചാട്ടം കാണാൻപോകുന്നവർ വണ്ടി നിർത്തി കുപ്പിവെള്ളമോ മറ്റോ വാങ്ങുന്നതായിരുന്നു പുറമേനിന്നുള്ള ഏകവരുമാനം. ഇന്ന‌് പെട്ടിക്കടയിലും ഹോട്ടലുകളിലും കൂൾബാറിലുമെല്ലാം നല്ല കച്ചവടം. ടാക‌്സികൾക്കും നല്ല വരുമാനം. പുലിക്കയത്തിനുണ്ടായ മാറ്റം അത്ഭുതകരമാണെന്ന‌് ചാമ്പ്യൻഷിപ്പിന്റെ സംഘാടകനും ഓഫീഷ്യൽ അനൗൺസറുമായ അറയ‌്ക്കൽ പോൾസൺ. പുഴയുടെ ഇരുകരയിലുമുള്ള റോഡും വാഹന സൗകര്യവുമാണ‌് പുലിക്കയത്തിന്റെ സാധ്യത വർധിപ്പിക്കുന്നത‌്.     പുഴയിലേക്ക‌് ഇറങ്ങാനും കയറാനുമെല്ലാം ധാരാ‌ളം വഴികൾ ഉള്ളതും പുലിക്കയത്തിന്റെ പെരുമ കൂട്ടുന്നു.  

 

‘ഹോം സ‌്റ്റേ‐ഫാം ടൂറിസം’ സാധ്യതകൾ

 
കയാക്കിങ്ങിനായി വരുന്നവരുടെ താമസം പുലിക്കയത്തെയും സമീപ പ്രദേശങ്ങളിലെയും കർഷകഭവനങ്ങളിലാണ‌്. മിക്കവരും അഞ്ച‌് മാസം മഴക്കാലം ആസ്വദിച്ച്‌ ഇവിടെ കൂടും. എല്ലാ ദിവസവും പുഴയിൽ അഭ്യാസ പ്രകടനങ്ങൾ. നഗരത്തിലെ  ഹോട്ടലുകളിൽ താമസിച്ച‌് ദിവസവും രാവിലെ പുലിക്കയത്ത‌് എത്തുന്ന പഴയ ശീലം പാടെ മാറി.  പുലിക്കയം, കോടഞ്ചേരി, പുല്ലൂരാംപാറ, നെല്ലിപ്പൊയിൽ, വലിയകൊല്ലി എന്നിവിടങ്ങളിലെ വീടുകളിലാണ‌്  താമസം.  പലരും വീടിന്റെ മുകൾനില കയാക്കർമാർക്കായി നീക്കിവയ‌്ക്കും.   
 

എന്തുകൊണ്ട‌് പുലിക്കയം

 
സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന കയാക്കിങ‌് പ്രേമി ഇറ്റലിക്കാരൻ ജാക്കപ്പോ നെരൂദയാണ‌്  കേരളത്തിലെ പുഴകളുടെ സാധ്യത ആദ്യം പഠിച്ചത‌്. അദ്ദേഹം നേരിട്ടെത്തി പുലിക്കയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു.
 
വിദേശങ്ങളിലെയും വടക്കേ ഇന്ത്യയിലെയും നദികളിൽ തണുപ്പ‌് കൂടുതലാണ‌്. മഞ്ഞുരുകിവരുന്ന ഇത്തരം പുഴകളിലെ വെള്ളത്തിൽ ഏറെനേരം അഭ്യാസം അസാധ്യം.  കടുത്ത തണുപ്പും വെള്ളത്തിന്റെ കാഠിന്യവുംകാരണം കൈ  മരവിച്ചു തളരും.  ഈ സാഹചര്യത്തിലാണ‌് പുഴകളെക്കുറിച്ചുള്ള തെരച്ചിൽ ആരംഭിച്ചതെന്ന‌് ജാക്കപ്പോ നെരൂദ പറഞ്ഞു.  കായാക്കിങ്ങിന‌് ഏറ്റവും അനുയോജ്യമായ ഇടം കോഴിക്കോട‌് ജില്ലയിലെ പുഴകളാണെന്ന‌് മനസ്സിലാക്കി. തണുപ്പുകുറഞ്ഞ ശുദ്ധജലത്തിൽ എത്രനേരം വേണമെങ്കിലും ഉല്ലസിക്കാം. മത്സരത്തിന‌് അനുമതിമാത്രം മതി, ഞങ്ങൾ പുഴയും മഴയും ആസ്വദിച്ചു തിരിച്ചുപോകും. കേരളത്തിന‌് വലിയ ടൂറിസം സാധ്യതകളാണ‌് കയാക്കിങ്ങും റിവർ ഫെസ‌്റ്റും നൽകുന്നതെന്നും ആറുവർഷമായി മലബാർ റിവർ ഫെസ‌്റ്റിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ജാക്കപ്പോ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top