26 January Tuesday

അയ്യപ്പന്റെ വരവുകൾ

ഷാഹിന ഇ കെUpdated: Sunday Jul 21, 2019

ഒരു ഞായറാ‌ഴ‌്ച  നട്ടുച്ചയ‌്ക്ക‌് തീർത്തും അപ്രതീക്ഷിതമായി അയ്യപ്പൻ തിരികെ വന്നു. വന്നപാടെ അതുവരെ കാണാ ത്തൊരു ധൃതിയിൽ ‘‘അപ്പ എങ്കേ?' എന്ന് ചോദിച്ചു. പറഞ്ഞത് പതിവുപോലെ അയ്യപ്പന് മനസ്സിലായില്ല. ഞാൻ ആകാശത്തേക്ക‌് കൈചൂണ്ടി. വാപിളർന്ന്  സ‌്തബ‌്ധനായി നിൽക്കവേ അയ്യപ്പന്റെ കണ്ണുകളിൽ ഒരു കടൽ വരുന്നത് കണ്ടു

 

അയ്യപ്പനിപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമോ? എവിടെയാവും? എങ്ങനെയാവും?

അറിയില്ല.
 
എനിക്കുള്ളിൽ അയ്യപ്പൻ ഇങ്ങനെയാണ്: ആറടിപൊക്കം, കാറ്റൂതിയാൽ പറന്നു കളയുമെന്ന് തോന്നിപ്പിക്കുംവിധം മാംസമില്ലാത്ത മനുഷ്യൻ. അസ്ഥികളിൽ ഒട്ടിച്ചേർന്നതുപോലെ കറുത്തു വരണ്ട തൊലി. ചെറിയ തവിട്ടു കണ്ണുകൾ. മെല്ലിച്ച മീശ. വിചിത്രമാം വിധം മെല്ലിച്ചു  നീണ്ട കൈകാലുകൾ. കുറ്റിത്തലമുടിക്കുമീതെ മണ്ണ് പറ്റിയ തലേക്കെട്ട്. കോളറില്ലാത്ത ഒഴുക്കൻ കുപ്പായം. കൈയിൽ ഊക്കനൊരു മുളവടി. പ്രായം മനസ്സിലാക്കാൻ പറ്റാത്ത രൂപം. അമ്പത്തഞ്ചിനും  അറുപത്തഞ്ചിനും ഇടയ‌്ക്ക‌് എവിടെയെങ്കിലുമായിരുന്നിരിക്കണം. അതോ അതിലും മേൽപ്പോട്ടോ? 
 
വർഷങ്ങൾക്കപ്പുറത്തുനിന്ന് എനിക്ക‌് എപ്പോൾ വേണമെങ്കിലും അയ്യപ്പനെ  ഓർത്തെടുക്കാം, ഒരു ചില്ലുമറയ‌്ക്കപ്പുറം കാണുന്നുണ്ടെന്നപോലെ.
അയ്യപ്പൻ, ശ്രീലങ്കക്കാരൻ. ശ്രീലങ്കൻ തമിഴൻ. ഒറ്റ വാക്കിൽ, അഭയാർഥി.
 
അഭയാർഥി എന്ന വാക്ക് ഏകാകിതയുടെയും വേദനകളുടേതും മുറിവുകളുടേതുമാണെന്നതിനപ്പുറം അതിന്റെ ഇരുട്ടും ആഴവും ഉൾക്കൊണ്ടിട്ടില്ലാത്ത കൗമാരമായിരുന്നു അയ്യപ്പൻ ആദ്യം വരുന്നേരം എന്റെ പ്രായം. ഇന്ത്യയുടെ ഒരോരത്തു വീണുകിടക്കുന്ന  കുഞ്ഞു സഞ്ചിയെപ്പോലിരുന്ന ശ്രീലങ്ക അന്നത്തെ എന്റെ വായനകളിൽ വന്നത് തമിഴ്പുലികളുടെ വാർത്തകളായിട്ടായിരുന്നു. എനിക്കിഷ്ടമായിരുന്ന അനിതാ പ്രതാപിന്റെ എഴുത്തുകളായും. തവിട്ടും പച്ചയും കലർന്ന യൂണിഫോം ധരിച്ച, തോക്കേന്തിയ, നിശ്ചയദാർഢ്യം നിറഞ്ഞ പുലികളെ കൂടെക്കൂടെ   ആനുകാലികങ്ങളിലും പത്രത്താളുകളിലും കണ്ടുമുട്ടിയിരുന്ന കാലം. വിടുതലൈ പുലികളുടെ പ്രസ‌്താവനകളും ചിത്രങ്ങളും പെൺപുലികളുടെ മുഖത്തെ ഇരുമ്പുറപ്പും സസൂക്ഷ്‌മം വീക്ഷിച്ചു.  എനിക്ക‌്  പ്രഭാകരനോട് മാത്രമല്ല, പൊട്ടു അമ്മനോടും പെൺപുലികളോടും   വീരാരാധനയായിരുന്നു. അത്തരം വീരാരാധനകളോടാണ്  നീണ്ടുനീണ്ടു വളഞ്ഞു പോയ, മെല്ലിച്ചു മെല്ലിച്ച് അസ്ഥിമട്ടായ  പാവം അയ്യപ്പനെ ഞാൻ ആദ്യം  ചേർത്തുവച്ചത്. ഒരു ഞായറാഴ‌്‌ചയാണ് അയ്യപ്പൻ ആദ്യം വീട്ടിൽ വന്നത്. നിശബ്ദനായി മുറ്റത്തു മാറിനിന്ന് പണത്തിനു വേണ്ടി കൈനീട്ടിക്കൊണ്ട്. കൊടുത്ത  പണത്തെക്കുറിച്ച് തർക്കിക്കാതെ, അത് എത്രയെന്നു നോക്കാതെ, ശാന്തം കൈത്തണ്ടയിൽ തൂക്കിയിട്ട കുഞ്ഞു തുണിസ്സഞ്ചിയിലിട്ട് കൈയുയർത്തി നന്ദി പറഞ്ഞുകൊണ്ട് തിരികെ പോയി. ആ ഞായറാഴ്‌ചകൾ പിന്നെ പതിവായി. അങ്ങനെയൊരു ഞായറാഴ‌്ച ആപ്പ (അച്ഛൻ )വീട്ടിലുണ്ടായിരുന്ന ദിവസമാണ് അവരിരുവരും പരിചയപ്പെട്ടത്. പേര് ചോദിച്ച്, ഊരു ചോദിച്ച്. നിശബ്ദനും ഗൗരവക്കാരനുമായ അയ്യപ്പൻ പെട്ടെന്നെന്തോ ആപ്പയോടടുത്തു. ഏതു തിരക്കുകളിലും മറ്റുള്ളവരെ കേൾക്കാൻ സമയം കണ്ടെത്തിയിരുന്ന അത്രയേറെ അനുതാപമുള്ള ഒരാളായിരുന്നു ആപ്പ. അതായിരുന്നിരിക്കാം അയ്യപ്പനെപ്പോലെ, വലിപ്പച്ചെറുപ്പമേതുമില്ലാതെ  ആളുകൾ പെട്ടെന്ന് അദ്ദേഹത്തോടടുത്തത്. അയ്യപ്പന്റെ ജീവിതത്തിലേക്ക‌് ഞാനും പ്രവേശിച്ചത‌് അവർക്കിടയിലെ സംഭാഷണങ്ങൾ തുറന്നിട്ട വാതിലിലൂടെ.
 
 ഞായറാഴ‌്‌ചകളിൽ, പിന്നീടെപ്പോഴോ അയ്യപ്പന്റെ   വരവ് ഉച്ചനേരത്തായി. വലിയ കവിടിപ്പാത്രത്തിൽ  മിക്ക ആഴ‌്ചാവസാനങ്ങളിലും വീട്ടിലെ ചോറും കറിയും നിറഞ്ഞു. (ഒരുപക്ഷേ അയ്യപ്പന് അത് സ്വന്തം വീടിന്റെ ഉപ്പു രുചിക്കലായിരുന്നിരിക്കാം) വരാന്തയിൽ  വന്നിരിക്കുമെങ്കിലും ഊണ് കഴിക്കാൻ നേരം ആൾ  മുറ്റത്തെ മതിലിലേക്ക‌ു മാറും. കാലുകൾ പിണച്ചുവച്ച് അതിന്മേൽ പാത്രംവച്ച് നിശ്ശബ്ദമുണ്ണും. വീണ്ടും കോലായിൽ വന്ന് പതുക്കെ സംസാരിച്ചു തുടങ്ങും. തമിഴിൽ. അന്നുമിന്നും എനിക്ക‌് പ്രണയമുള്ള ഭാഷ. അതിലെ കുറുംവാക്കുകളും വലിച്ചു നീട്ടലുകളും തെന്നിപ്പോകലും ഞാൻ ശ്രദ്ധാപൂർവം കേട്ടു. അയ്യപ്പൻ പോയ ശേഷം ഞാനോരോ സംഭാഷണങ്ങളും ആപ്പയിൽനിന്നും മൊഴിമാറ്റിക്കേട്ടു. ശ്രീലങ്കയിൽനിന്നും സിംഹളരാൽ  ആട്ടിയോടിക്കപ്പെട്ട  ആ തമിഴ് വംശജന്  കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. പ്രഭാകരനെ ഒരുപാതി പിന്തുണച്ചിരുന്നുവെങ്കിലും തന്നെ ഇന്ത്യയിലേക്ക‌് വലിച്ചെറിഞ്ഞ അക്രമരാഷ‌്ട്രീയം അയാൾക്ക് മടുപ്പായിരുന്നു. ആപ്പ ഇല്ലാത്ത ചില ഞായറാഴ‌്ചകളിൽ വന്നുപെട്ട  പാവം അയ്യപ്പനെ ഞാൻ പിടികൂടി.(കുട്ടികളോട് വലിയ വാത്സല്യം കാണിക്കാത്ത ആളായിട്ടു കൂടി)അങ്കൈ, ഇങ്കൈ, എവ്വളവ്, നാൻ, റൊമ്പ തുടങ്ങി എന്റെ തമിഴ് പദകോശത്തിലെ വാക്കുകളും ശിഷ്ടം ആംഗ്യങ്ങളും ചേർത്ത് പലതും ചോദിച്ചു ചോദിച്ച് ഞാനയാളെ ശല്യം ചെയ‌്തു. അയ്യപ്പൻ അപ്പോഴൊക്കെയും ദയനീയഭാവത്തിൽ കൈമലർത്തി. ഇടയ‌്ക്കെപ്പോഴോ എന്റെയൊരു വാചകം അയ്യപ്പന്റെ തിരിച്ചറിവിനെ തൊട്ടു. വീടിനെ കുറിച്ചാദ്യമായി പറയുകയായിരുന്നു അയാൾ. ഭാര്യ ലക്ഷ്‌മി. ആറു മക്കൾ. രണ്ടു പെണ്ണ്. നാലാണ്. കൊളംബോയിൽ. ശാന്തനായ ആ മനുഷ്യന്റെ കണ്ണുകൾ പ്രക്ഷുബ്ധമാകുന്നത് ഞാൻ കണ്ടു. ‘പോകും' എന്നൊരു വാക്ക് പിറുപിറുത്ത് മുളവടിയൊച്ച പടിയിറങ്ങിപ്പോയി. തമിഴ് പരീക്ഷണം വിജയിച്ചതിൽ ആനന്ദിച്ചുവെങ്കിലും അത് വേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. 
 
കോളേജിലെത്തി ചരിത്രം പഠിക്കുമ്പോൾ  ഞാൻ സിലബസിനു പുറത്തുപോയി  ശ്രീലങ്കൻ ചരിത്രം വായിച്ചു. പണ്ട്‌ വിദേശികൾക്ക് ഏറെ പ്രിയപ്പെട്ട  കച്ചവട തീരം. കറുവപ്പട്ടയുടെ ജന്മദേശം. ബ്രിട്ടീഷ് ആധിപത്യ കാലം, മോചനകാലം, എത്രയോ കാലം മുൻപ് വിത്തിടപ്പെട്ട തമിഴ് സിംഹള സംഘർഷങ്ങൾ, തമിഴ് വിരുദ്ധ നടപടികൾ, കൂട്ടക്കൊലകൾ, ആട്ടിയോടിക്കലുകൾ, ഇന്ത്യൻ ഇടപെടൽ, രാജീവ് വധം. ആ ചരിത്രവായന അയ്യപ്പനെ കുറേക്കൂടി എനിക്ക് വ്യക്തമാക്കിത്തന്നു. പ്രക്ഷുബ്ധതയാൽ ശാന്തനായ ആ മനുഷ്യൻ കുറേക്കൂടി അടുത്തു വന്നു.
 
ആയിടെ അയ്യപ്പൻ തിരിച്ചുപോക്കിനെക്കുറിച്ച് ആവേശത്തോടെ ആപ്പയോട് സംസാരിക്കാൻ തുടങ്ങി. കാത്തിരിക്കുന്നവരുടെ ചാരത്തേക്ക‌് വർഷങ്ങൾക്കുശേഷമുള്ള ചെന്നെത്തൽ.  കാത്തിരിപ്പിന്റെ പിടച്ചിൽ, ആനന്ദം  എല്ലാം വാക്കുകളിൽ നിറഞ്ഞു. ‘പോകാനാവും' എന്ന് അപ്പോഴെല്ലാം ആപ്പ അയ്യപ്പനെ പിന്തുണച്ചു. ഇത്രയും വർഷങ്ങൾക്കിടയിൽ ജാതിക്കും മതത്തിനും പണത്തിനും അധികാരത്തിനും അതിരുകൾക്കും ഭാഷയ‌്ക്കുമെല്ലാം അപ്പുറം ആ രണ്ടുമനുഷ്യർക്കിടയിൽ രൂപംകൊണ്ട സത്യസന്ധമായ തിരിച്ചറിവിന്റെ, സ‌്നേഹത്തിന്റെ  നൂലിഴ മനുഷ്യരുടെ പുസ‌്തകത്തിൽ അറിയേണ്ടതായ ഒരുപാടിനിയും ബാക്കിയുണ്ടെന്ന് എന്നെ പഠിപ്പിച്ചു.
 
അയ്യപ്പന്റെ വരവുകൾ ഋതുക്കളും കടന്നു പോയി. ഇടയ‌്ക്ക‌് കുറേനാൾ അയ്യപ്പനെ കാണാതായി. ഞായറാഴ‌്ചകളുടെ ഇടങ്ങളിൽ അയ്യപ്പനില്ലാതായി. 
തീർത്തും അപ്രതീക്ഷിതമായ ഒരു വേനലൊടുക്കം ആപ്പ ഭൂമി വിട്ടു. അതിന്റെ, ഏകാന്തതയിൽ, മുറിവുകളിൽ, വിഷാദത്തിൽ, ശൂന്യതയിൽ  ഉലഞ്ഞു നിൽക്കവെ, ഒരു ഞായറാ‌ഴ‌്ച  നട്ടുച്ചയ‌്ക്ക‌് തീർത്തും അപ്രതീക്ഷിതമായി അയ്യപ്പൻ തിരികെ വന്നു. വന്നപാടെ അതുവരെ കാണാത്തൊരു ധൃതിയിൽ ‘‘അപ്പ എങ്കേ?'' എന്ന് ചോദിച്ചു.
പറഞ്ഞത് പതിവുപോലെ അയ്യപ്പന് മനസ്സിലായില്ല. ഞാൻ ആകാശത്തേക്ക‌് കൈചൂണ്ടി. വാപിളർന്ന്  സ‌്തബ‌്ധനായി നിൽക്കവേ അയ്യപ്പന്റെ കണ്ണുകളിൽ ഒരു കടൽ വരുന്നത് കണ്ടു.
തിരികെ പോകുകയാണ് എന്ന് മാത്രം പറഞ്ഞു. ജലമാർഗം. എത്തിച്ചേരുമോ എന്നുറപ്പില്ലെന്നും.
 
ഞങ്ങൾ നിശബ്ദം നിന്നു. ഇടയിൽ, വാക്കുകളുടെ ഒരു പാലം കെട്ടേണ്ടതില്ലാതെ. മുളവടിയുടെ ക്രമരഹിതമായ ടിക് ടിക് ശബ്ദത്തിനൊപ്പം അയ്യപ്പൻ കടന്നു പോയി.
അയ്യപ്പൻ വീട്ടിലെത്തണേ എന്ന് ഞാൻ നിശബ്ദം പ്രാർഥിച്ചു. 
 
 എഴുതണമെന്നിങ്ങനെ  എത്രയോകാലമായി ഓർത്തുവയ‌്ക്കുന്നതാണ് അയ്യപ്പനെ. അയ്യപ്പനൊരിക്കലും പക്ഷേ കഥയാവാൻ വന്നില്ല. ചേർത്തുകെട്ടാൻ നോക്കുമ്പോളെല്ലാം മുളവടിയുടെ ടിക് ടിക് ശബ്ദം കേൾപ്പിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന വാക്കുകൾ. ഞാനാരെയും ഒന്നിനും നിർബന്ധിക്കാറില്ല; വാക്കുകളെയും. വാക്കുകൾ അല്ലെങ്കിലും അങ്ങനെയൊക്കെയാണ്. കൂടെ കൂട്ടണമെന്നോർക്കുമ്പോൾ അലസം അലഞ്ഞു നടക്കുന്നുണ്ടാവും, ബൊഹീമിയൻമാരെപ്പോലെ. കണ്ടിട്ടേയില്ലെന്ന മട്ടിൽ കടന്നുപോകുന്ന അപരിചിതരെപ്പോലെ. അവർ  അച്ചടക്കം പൂണ്ട്, പരിചയം കാട്ടി  വരുമ്പോളാകട്ടെ  ഞാനായിത്തീരും ബൊഹീമിയൻ. അലസതയുടെ കാട്ടുവഴികളിൽ അലഞ്ഞലഞ്ഞ‌്. അവധികളിൽ തെമ്മാടിക്കൂട്ടങ്ങളായി അലഞ്ഞു നടക്കുന്ന  വാക്കുകൾ ജോലിയുടെ ചതുരവടിവുനേരത്ത്, തിരക്ക് പിടിച്ചോട്ടങ്ങളിൽ, യാത്രകളിൽ വന്ന് ‘എഴുതൂ’ എന്ന് സ്വൈര്യം കെടുത്തും. ഈ ചേരായ‌്മകളുടെ ഉന്മാദങ്ങൾക്കിടയിൽവച്ചെവിടെയോ സംഭവിക്കുന്നതാണ്  എഴുത്ത്. എഴുതിയതിനേക്കാൾ, എഴുതാനെത്രയെത്ര. ഞാനെപ്പോഴും സ്വപ്നംകാണുന്നു; എപ്പോഴും വാക്കു പൂത്തുലഞ്ഞു
 
നിൽക്കുന്ന  ഒരു  ഋതു.
അങ്ങനെയൊന്നുണ്ടോ?
ആരറിയുന്നു! 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top