30 May Saturday

കഥാപാത്രങ്ങളായി തിരിച്ചുവന്നവര്‍

എം ആർ രേണുകുമാർUpdated: Sunday Apr 21, 2019

ആ പത്തുവയസ്സുകാരന്‍ ഏതാണ്ട് മുഴുവനായും ഞാന്‍ തന്നെയായിരുന്നു. അതൊരു ഉണ്ടാക്കിക്കഥ ആയിരുന്നെങ്കിലും അത്തരം ചില സംഭവങ്ങളൊക്കെ ഉണ്ടാകാമായിരുന്ന ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്

കഥകളെഴുതാനായിരുന്നു ഇഷ്ടം. എഴുതി തുടങ്ങിയതും കഥകളായിരുന്നു. പക്ഷേ, പച്ച പിടിച്ചത് കവിതയിലാണ്. ആകസ്മികമായാണ് കഥയുടെ മറ്റൊരു മേഖല തുറന്നുകിട്ടിയത്.1990 ലാണ് അച്ഛൻ മരിക്കുന്നത്. അതോടെ ഞാൻ പൊട്ടിയ പട്ടം പോലെയായി. എന്നാലും താങ്ങിന് അമ്മയുണ്ടായിരുന്നു. അമ്മയിൽ ഉടക്കിനിന്ന് ഞാൻ പിന്നെയും കുറെക്കാലം പറന്നു. 2001 ൽ അമ്മയിൽ നിന്നും ഞാൻ പൊട്ടിപ്പോയി. ഇനിയാരും നമ്മളെ പറത്തുകയില്ല. കൈയും കാലുമിട്ടടിച്ച് സ്വന്തമായി പറക്കണമെന്ന് ബോധ്യം വന്നു. കൈകഴുകി കൊരണ്ടിയിൽ വന്നിരുന്നാൽ മുന്നിലെ പാത്രത്തിൽ ചോറും കൂട്ടാനും വരില്ലെന്ന് മനസ്സിലായി. നേരത്തെ കിടന്നുറങ്ങാനും നേരത്തെയുണരാനും പറഞ്ഞ് ആരും ശല്യപ്പടുത്തില്ലെന്നും, തല നന്നായി തോർത്ത്, കുടയെടുത്തോ മഴക്കാറുണ്ട് മഴ പെയ്തേക്കും, നല്ല വെയിലുണ്ട് എന്നൊക്കെയുള്ള വാക്കുകളിൽ നിന്നും ഞാൻ പൊട്ടിപ്പോയതായി മെല്ലെമെല്ലെ ബോധ്യം വന്നു.

അച്ഛന്റെയും അമ്മയുടെയും മരണശേഷമാണ് ചേച്ചിക്കും എനിക്കുമിടയിൽ പിറന്നപാടേ മരിച്ചുപോയ മൂന്ന് സഹോദരങ്ങളെ കുറിച്ചുള്ള ഓർമകളിൽ ഞാൻ കൂടുതൽ കുരുങ്ങാൻ തുടങ്ങിയത്. സെയ്‌ലാന്റെ (Nuri Bilge Ceylan) ‘ത്രീ മങ്കീസ്' എന്ന അസാധ്യ സിനിമയിൽ ആവർത്തിച്ചുവരുന്ന ഒരു സീനുണ്ട്. ഭാര്യയും ഭർത്താവും കൗമാരക്കാരനായ മകനുമടങ്ങുന്ന വീട്ടിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുന്ന ദിവസം സുതാര്യമായ മെഴുകിൽ കുളിച്ച് ഒരു ചെറിയ കുട്ടി ദയനീയമായ നോട്ടങ്ങളോടെ കടന്നുവരും. വാതിൽക്കലൊക്കെ വന്നുനിന്ന് എത്തിനോക്കും. വാതിലിന് കുറുകെ ഒഴുകിനടന്നുപോകും. ഏതാണ്ട് ഇതിന് സമാനമായ സ്വപ്നങ്ങളിലും ഓർമകളിലും അതിനു മുമ്പേതന്നെ ഞാൻ കാലിടറി പോകുന്നുണ്ട്. സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് ഒരു കുട്ടിയാണെങ്കിൽ, എന്റെ ഓർമകളിലേക്ക് ഇതേവിധം വലിഞ്ഞും ഇഴഞ്ഞും പിച്ചവച്ചും മെഴുകുപോലുള്ള ഗർഭജലത്തിൽ കുഴഞ്ഞ് കയറിവന്നത് മൂന്നുപേരായിരുന്നു. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും. അഥവാ ഒരു ചേച്ചിയും രണ്ട് ചേട്ടന്മാരും. ഈ ഓർമകളിലേക്കുള്ള വഴുക്കലിൽനിന്ന് രക്ഷപെടാനാണ് ഇവരെ മൂന്നുപേരെയും ചേർത്തുകൊണ്ട് ഏറ്റവും ഇളയവനെ മുൻനിർത്തി ഒരു കഥയെഴുതാൻ ഞാൻ തീരുമാനിച്ചത്. അച്ഛനും അമ്മയും ചേച്ചിയും ഞാനും പിന്നെ ഞങ്ങൾക്കിടയിൽനിന്ന് വേർപെട്ടുപോയ മൂന്ന് കൂടെപ്പിറപ്പുകളെയും ചേർത്തുകൊണ്ടുള്ള ഒരു കഥ.

കുട്ടികൾക്ക് വേണ്ടി ബോധപൂർവം എഴുതിയ ഒരു കഥയായിരുന്നില്ല ഇതെങ്കിലും, പിന്നീടത് കുട്ടികൾക്ക്  വേണ്ടി എഴുതപ്പെട്ട എന്റെ ആദ്യകഥയായി മാറി. ‘എനിക്ക് മനസ്സിലാവാത്തത്' അതായിരുന്നു കഥയുടെ പേര്. കുറേ കുറേ... സങ്കടങ്ങളുള്ള ഒരു പത്തുവയസ്സുകാരന്റെയും അവന്റെ അമ്മയുടെയും അച്ഛന്റെയും നാല് സഹോദരങ്ങളുടെയും കഥയായിരുന്നു അത്. തൂപ്പുജോലിക്കാരനായ അച്ഛൻ ഓഫീസിലെ ജീവനക്കാരുടെ പഴയ വസ്ത്രങ്ങളും, പാർടി നടക്കുമ്പോൾ മിച്ചംവരുന്ന ബേക്കറി സാധനങ്ങളും മറ്റും വീട്ടിൽ കൊണ്ടുവരുന്നതിൽ അപമാനവും സങ്കടവും തോന്നുന്ന പത്തു വയസ്സുകാരനായിരുന്നു കഥയിലെ മുഖ്യകഥാപാത്രം. തനിക്കുചേരാത്ത ഉടുപ്പും പാന്റ്സുമൊക്കെയിട്ട് വലിയ ഗമയിൽ നിൽക്കുന്ന ചേട്ടനെ ആ പത്തുവയസ്സുകാരന് സങ്കടത്തോടെയല്ലാതെ നോക്കാൻ കഴിയുമായിരുന്നില്ല. നീയിപ്പോൾ കുട്ടിയല്ലേ, വലുതാവുമ്പോ എല്ലാം മനസ്സിലാവും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ആ പത്തുവയസ്സുകാരനെ അവന്റെ അമ്മ കിടത്തിയുറക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ആ പത്തുവയസ്സുകാരൻ ഏതാണ്ട് മുഴുവനായും ഞാൻ തന്നെയായിരുന്നു. അതൊരു ഉണ്ടാക്കിക്കഥ ആയിരുന്നെങ്കിലും അത്തരം ചില സംഭവങ്ങളൊക്കെ ഉണ്ടാകാമായിരുന്ന ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. പത്തുവയസ്സുകാരൻ മാത്രമല്ല മുതിർന്ന ചേട്ടന്മാരായി കഥയിൽ വരുന്നവരും അതതു പ്രായത്തിലെ ഞാൻ തന്നെയായിരുന്നു. ഞാൻ മൂന്നു ‘റോളിൽ' വന്ന കഥയായിരുന്നു അത്. 2004 ൽ ‘പ്രിയദർശിനി' എന്നൊരു സമാന്തര മാസികയിലാണ് കഥ അച്ചടിച്ചുവന്നത്. 2015ൽ ഇത് തൂലിക പ്രസിദ്ധീകരിച്ച  Being Boys  എന്ന പുസ്തകത്തിൽ ആർ കെ നാരായന്റെയും വിക്രം സേത്തിന്റെയുമൊക്കെ കഥകൾക്കൊപ്പം വരികയുണ്ടായി. സിബിഎസ്‌സി നാലാം ക്ലാസിലും ഈ കഥ പഠിക്കാനുള്ളതായി അറിയുന്നു.

പന്ത്രണ്ടുവർഷത്തിനിടയിൽ ഞാൻ കുട്ടികൾക്കു വേണ്ടി പതിനേഴ് കഥകളെ എഴുതിയിട്ടുള്ളൂ. കഥാപാത്രമായ പെൺകുട്ടി തന്റെ അച്ഛനോടൊപ്പം ഷാപ്പിൽ കയറി കള്ളു കുടിച്ചതിനാൽ ‘തുമ്പി' എന്ന കഥ ബാലസാഹിത്യ​ഗണത്തിൽ നിന്ന് പലപ്പോഴായി പിന്തള്ളപ്പെട്ടു. തുമ്പിയെ പിന്നീട് ‘കൊള്ളരുതായ്മയും കുരുത്തക്കേടും' നിറഞ്ഞ മുതിർന്നവർക്കുള്ള എന്റെ കഥാസമാഹാരം ‘വഴുക്കലിൽ' (2015) ചേർത്തു സമാധാനിച്ചു.  മീൻകറി കൂട്ടി കപ്പതിന്ന‌, എരിവ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഒരു ഗ്ലാസു കള്ള് ഒറ്റവലിക്ക് കുടിച്ച തുമ്പി ആയിരിക്കാം ബാലസാഹിത്യത്തിലെ എന്റെ ഏറ്റവും മിഴിവുള്ള കഥാപാത്രം. സ്കൂളിന്റെ പിറകുവശത്തെ കണ്ടത്തീന്നും വരാലിനെ തന്റെ ക്ലാസിലേക്ക് ചൂണ്ടയിട്ട് പിടിച്ചിട്ട ‘നാലാം ക്ലാസിലെ വരാൽ' എന്ന കഥയിലെ വേണുവിനെയും മറക്കുന്നില്ല. എഴുതുമ്പോൾ അറിഞ്ഞും അറിയാതെയും എല്ലാ കഥാപാത്രങ്ങളിലും ഏറിയും കുറഞ്ഞും ഞാൻ കലർന്നിട്ടുള്ളതിനാൽ ആരെയും അങ്ങനെ മറക്കാനാവില്ലല്ലോ.

പ്രധാന വാർത്തകൾ
 Top