23 February Saturday

സൂക്ഷിക്കണം, പൊതുബെഞ്ചുകൾ ഇല്ലാതായേക്കും

കെ ഗിരീഷ്Updated: Sunday Jan 21, 2018

ഷിബു മുത്താട്ട്, പൊതുബെഞ്ച് എന്ന നാടകത്തിൽനിന്ന്‌

നാടകം മികച്ച അധ്യയനമാധ്യമമാണ്. എത്രയൊക്കെ ഇകഴ്ത്തിയാലും അധ്യാപകർക്കും വിദ്യാർഥികൾക്കും നാടകപരിശീലനം നൽകുന്ന പുതിയ വിദ്യാഭ്യാസരീതി ശ്ലാഘനീയവുമാണ്. എന്നാൽ,ആർക്കൊക്കെ  നാടകം കളിക്കാം എന്നത് പ്രധാന ചോദ്യമാണ്, വിശേഷിച്ച് തെരുവിൽ. അധ്യാപകന് സമൂഹം കനിഞ്ഞരുളിക്കൊടുത്ത സ്ഥാനമുണ്ട്. പലതും ചെയ്യാനുള്ള വിലക്കുകൂടിയാണ് ഈ സ്ഥാനമേന്മ. എന്നാൽ, കേരളത്തെ മാറ്റിമറിച്ച പലരും അധ്യാപകരായിരുന്നു എന്നത് പ്രധാനം. അതുതന്നെയാണ് കേരളത്തിലെ അധ്യാപകരുടെ മികവ്. അവർ എല്ലാ അർഥത്തിലും അധ്യാപകരാകുന്നു. സമൂഹത്തെ മൊത്തം പഠിപ്പിക്കുന്ന അധ്യാപകർ. അപ്പോൾ അധ്യാപകർക്ക് നാടകവും കളിക്കാം. തെരുവിലും കളിക്കാം. കാരണം അധ്യാപകർ പറയുന്നത് ഗൗരവത്തോടെ ജനം കേൾക്കും. 
 
കേരളത്തിലേതുപോലെ സുസജ്ജമായ പൊതുവിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിലെവിടെയുമില്ല. എന്നാലതിനെ സംരക്ഷിച്ചുനിർത്തൽ ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണ്. ഒപ്പം അനിവാര്യവും. ക്ലാസ് മുറിയിലേക്ക് കടന്നുകയറുന്ന മരവിപ്പിനെയും വിഷലിപ്തമായ പ്രവണതകളെയും മുൻകൂട്ടി കാണാൻ അധ്യാപകർക്ക്  കഴിയുന്നില്ലെങ്കിൽ ക്ലാസ്് മുറിയിൽ നിന്നിറങ്ങുന്ന കുട്ടി അത്യന്തം അപകടകാരിയാകും. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണം അനിവാര്യമായ പോരാട്ടമാണെന്ന് തെരുവിൽ വിളിച്ചുപറയുകയാണ് ഒരു കൂട്ടം അധ്യാപകർ. 
 
കെഎസ്ടിഎ കോഴിക്കോട് ജില്ലാ കലാവേദി അവതരിപ്പിക്കുന്ന 'പൊതു ബെഞ്ച്' നാടകം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രമാണ.് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുന്നുംപുറം ഗവ. എൽപി സ്‌കൂളിന്റെ കഞ്ഞിപ്പുരയിൽനിന്നാണ് നാടകം ആരംഭിക്കുന്നത്. അതങ്ങനെ കേരളത്തിന്റെ ജനകീയവിദ്യാഭ്യാസ ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് കേരള സർക്കാർ നടപ്പാക്കുന്ന കർമപരിപാടികളും നാടകം ചർച്ചചെയ്യുന്നു. മതേതരത്വവും സാമൂഹ്യനന്മയും നിലനിൽക്കാൻ പൊതുബെഞ്ചുകൾ ആവശ്യമാണെന്ന് നാടകം ഓർമപ്പെടുത്തുന്നു.
 
മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഹൈടെക് ക്ലാസ്‌റൂം, ജൈവവൈവിധ്യ പാർക്കുകൾ തുടങ്ങിയവ നാടകത്തിൽ പ്രതിപാദിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ദളിത്, മുസ്ലിം പീഡനങ്ങൾ, സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടം, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നടന്ന വിദ്യാഭ്യാസക്കച്ചവടം, ഇ എം എസ് സർക്കാർ മുതലുള്ള ഇടതുപക്ഷ സർക്കാരുകളുടെ പരിഷ്‌കാരങ്ങൾ, പൊന്നാനി താലൂക്കിൽ 1939ൽ രൂപീകൃതമായ എലിമെന്ററി ടീച്ചേഴ്‌സ് യൂണിയൻ മുതൽ കെഎസ്ടിഎ രൂപീകരണം വരെയുള്ള അധ്യാപകപ്രസ്ഥാന ചരിത്രം ഇവയെല്ലാം നാടകത്തിൽ ഉണ്ട്. ലളിതവും ആകർഷകവുമായ രംഗഭാഷയാണ് ഈ തെരുവവതരണത്തിന് മുതൽക്കൂട്ട്. അതോടൊപ്പം ഊർജം കാത്തുസൂക്ഷിക്കുന്നതിൽ അഭിനേതാക്കൾ പുലർത്തിയ ശ്രദ്ധ നാടകത്തെ വിജയിപ്പിച്ചു. പതിവുരീതി വിട്ട് അവശ്യംവേണ്ട ചമയങ്ങളും വസ്ത്രാലങ്കാരവും നൽകിയതും ശ്രദ്ധേയമായി. 
 
നാടകത്തിന് ക്രിയാത്മകനിർദേശം നൽകിയത് വി രാജഗോപാലാണ്. രചനയും സംവിധാനവും: ഷിബു മുത്താട്ട്. കലാസംവിധാനം: ടി മൻസൂർ. വേഷം: ദിനേശൻ ചേളന്നൂർ, പശ്ചാത്തലസംഗീതം: വിനോദ് നിസരി, സംഗീതസംവിധാനം: സുനിൽ തിരുവങ്ങൂർ, സംവിധാനസഹായം: അനിൽ പി സി പാലം. 
 
മിത്തു തിമോത്തി, കെ ഷാജിമ, ഇ എം പ്രകാശൻ, പി കെ ദാസൻ, പി പ്രമോദ്, കെ അരുൺകുമാർ പേരാമ്പ്ര, എൻ നിഖിൽ, വിപിൻ ഗോപാൽ, കെ പ്രജീഷ് എന്നിവരാണ് വേദിയിൽ.
പ്രധാന വാർത്തകൾ
 Top