18 February Monday

വർണങ്ങളുടെ കഥാകാലം

എം എസ് അശോകൻUpdated: Sunday Jan 21, 2018

ടി ആർ രാജേഷിന്റെ മല്ലനും മാതേവനും എന്ന പെയിന്റിങ്

കഥകളും ചിത്രങ്ങളും മെനഞ്ഞ് കുട്ടിപ്പുസ്തകങ്ങളുണ്ടാക്കി കളിച്ചതിന്റെ ബാല്യകാലസ്മരണകളുടെ വീണ്ടെടുപ്പു കൂടിയാണ് ചിത്രകാരനും അധ്യാപകനുമായ ടി ആർ രാജേഷിന്റെ ഇപ്പോഴത്തെ കലാജീവിതം. കാൽനൂറ്റാണ്ടിലേറെയായി ചിത്രകലാധ്യാപകനായി പ്രവർത്തിക്കുന്ന അടൂർ സ്വദേശി രാജേഷ് സ്‌കൂളുകളിലെ ചിത്രരചനാ പരിശീലനത്തിൽ നടപ്പാക്കിയ നൂതനാശയങ്ങൾ ഗൗരവപൂർണമായ അക്കാദമിക് ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട് . തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ ശനിയാഴ്ച സമാപിച്ച ട്രീസ് എന്ന പ്രദർശനത്തിലെ രാജേഷിന്റെ ചിത്രങ്ങൾ ജൈവപ്രകൃതിയോടുള്ള കലാകാരന്റെ കാഴ്ചപ്പാടുകളിലെ വ്യത്യസ്തത വെളിവാക്കുന്നു.
 
ടി ആർ രാജേഷ്

ടി ആർ രാജേഷ്

ഭോപ്പാലിൽ ഗോണ്ട് ആദിവാസി സമൂഹത്തിന്റെ തനത് ചിത്രരചനയുമായി അടുത്തിടപഴകിയതിന്റെ സ്വാധീനം തന്റെ രചനാ ശൈലിയിൽ ബോധപൂർവം ഇണക്കിച്ചേർത്ത രാജേഷിന്റെ ചിന്തയിലും പ്രവൃത്തിയിലുമുള്ള പ്രകൃത്യനുഭാവമാണ് ചിത്രങ്ങളിൽ പ്രമേയപരമായ അടിയൊഴുക്ക്. വൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും ശൈലീകൃത ചിത്രീകരണം ആഴത്തിലുള്ള പ്രകൃതി പ്രണയത്തിന്റെ ദൃഷ്ടാന്തമാകുന്നു. വൈലോപ്പിള്ളി ഭവനിൽ സമാപിച്ച പ്രദർശനത്തിലെ പത്തു ജലച്ചായ ചിത്രങ്ങളും അതേ പ്രമേയത്തിന്മേലുള്ള ശക്തമായ ആവിഷ്‌കാരങ്ങളായിരുന്നു. ജലച്ചായത്തിലായിരുന്നു രചന. പുരാണങ്ങളിലും സാഹിത്യത്തിലുമൊക്കെ മരങ്ങളുമായി ബന്ധപ്പെട്ട കഥകളും മിത്തുകളുമൊക്കെ തന്റെതായ കാഴ്ചപ്പാടിലൂന്നി നിന്ന് ചിത്രീകരിച്ചവയാണവ. പഞ്ചവടിയിലെ ശ്രീരാമൻ മുതൽ മരുത്വാമല പേറിയ ഹനുമാനും മല്ലനും മാതേവനും കഥകൾവരെ നൂതനമായ കാഴ്ചപ്പാടിൽ പുനരവതരിപ്പിച്ചു. ഇലകളുടെ പകർപ്പുകളാണ് ചിത്രങ്ങളിൽ പലതിന്റെയും പിന്നണി അലങ്കരിച്ചത്.   ഈ ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോടും ബംഗളൂരുവിലും വൈകാതെ നടക്കും.
 
പത്തനംതിട്ട ചെന്നിയൂർക്കര കേന്ദ്രീയ വിദ്യാലയം പന്ന്യാലി ഗവ. യുപി സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് കുട്ടികളെയും കൂട്ടി രാജേഷ് വലിയ ചുമർചിത്രരചന നടത്തിയത്. സ്‌കൂളിന്റെ ഉമ്മറത്തെ തകർന്നുകിടന്ന കഞ്ഞിപ്പുരക്ക് പുത്തൻ മുഖഛായ നൽകി കറുപ്പിലും വെളുപ്പിലും ചെയ്ത ചിത്രം ശ്രദ്ധ നേടി. ശാന്തിനികേതനിൽ വിഖ്യാത ചിത്രകാരൻ കെ ജി സുബ്രഹ്മണ്യം ചെയ്ത ബ്ലാക്ക് ഹൗസായിരുന്നു പ്രചോദനം. പിന്നീട് വരയ്ക്കാൻ താൽപ്പര്യമുള്ള മുഴുവൻ കുട്ടികളുടെയും സഹകരണത്തോടെ വേറെയും ചുമർചിത്രങ്ങൾ ഒരുക്കി. ലളിതകലാ അക്കാദമിയുമായി ചേർന്ന് കേീയ വിദ്യാലയയിലെ കുട്ടികൾക്കായി നടത്തിയ മൂന്നുദിവസത്തെ ക്യാമ്പും രാജേഷിന്റെ ശ്രമഫലമായിരുന്നു. വിദേശങ്ങളിൽ ഏറെ പ്രചാരമുള്ള പോപ്പപ്പ് പുസ്തക മാതൃകയിൽ കുട്ടികളുമായി ചേർന്ന് 40 കൈയെഴുത്തു പുസ്തകങ്ങൾ ഉണ്ടാക്കിയത് കേീയ വിദ്യാലയയുടെ ദേശീയ പുരസ്‌കാരം രാജേഷിന് നേടിക്കൊടുത്തു. ഈ പുസ്തകങ്ങൾ ആ വർഷം പുതുതായി ഒന്നാം ക്ലാസിൽ വന്ന കുട്ടികൾക്ക് സമ്മാനിച്ചു. കുട്ടികൾക്കു വേണ്ടിയുള്ള രചനകൾ നടത്തുന്ന രാജേഷ് ആനയും വണ്ടും കൂട്ടികാരായപ്പോൾ, തലേംകുത്തി, നായക്കുട്ടി, ഒളിക്കാനൊരിടം തുടങ്ങിയ ചിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കുട്ടിക്കഥകളും ചിത്രങ്ങളും വരച്ച് പുസ്തകങ്ങളുണ്ടാക്കിയിരുന്ന കുട്ടിക്കാല കൗതുകം തന്നെയാണ് ഇത്തരം രചനകളിൽ തുടരാനുള്ള പ്രചോദനമെന്ന് രാജേഷ് പറയുന്നു. 
 
തിരുവനന്തപുരം ഫൈനാർട്‌സ് കോളേജിൽ നിന്ന് ചിത്രരചന അഭ്യസിച്ച രാജേഷ് അന്നത്തെ രണ്ട് സഹപാഠികളുമായി ചേർന്നാണ് വൈലോപ്പിള്ളി ഭവനിൽ ട്രീസ് എന്ന ചിത്ര പ്രദർശനമൊരുക്കിയത്. റവന്യു വകുപ്പിൽ ഉദ്യോഗസ്ഥയായ ബീനയാണ് ഭാര്യ. മക്കൾ: ശിവാനി, സാരംഗി. 
പ്രധാന വാർത്തകൾ
 Top