31 July Saturday

ചലച്ചിത്രത്തിന്റെ കാവ്യഭാഷ

എ സുരേഷ്‌Updated: Sunday Jun 20, 2021

ബുദ്ധദേബ്‌ ദാസ്‌ ഗുപ്‌ത

ചലച്ചിത്രത്തിന്റെ കാവ്യഭാഷ തീവ്ര ഇടതുപക്ഷ ചിന്തയും മധ്യവർഗത്തിന്റെ  ആത്മസംഘർഷങ്ങളുമായിരുന്നു അന്തരിച്ച ബംഗാളി സംവിധായകൻ ബുദ്ധദേബ്‌ ദാസ്‌ ഗുപ്‌തയുടെ ആദ്യസിനിമകളുടെ പ്രമേയം.  സർറിയലിസ്‌റ്റിക്‌ എന്നും കാവ്യാത്‌മകമെന്നും നിരൂപകർ വിശേഷിപ്പിച്ച പുതിയ ആഖ്യാന ശൈലിയിലേക്ക്‌ അദ്ദേഹം മാറിയതിനെക്കുറിച്ച്‌

‘റിയലിസ്റ്റിക്‌ സിനിമകൾ കാണാൻ ഇഷ്ടമാണ്‌. എന്നാൽ, അത്തരം സിനിമകൾ നിർമിക്കാൻ ഇഷ്ടപ്പെടുന്നില്ല’ എന്നു പറഞ്ഞ ബുദ്ധദേബ്‌ ദാസ്‌ഗുപ്‌ത പ്രത്യക്ഷ രാഷ്ട്രീയത്തോടും അകലം പാലിക്കുന്നതായി ഭാവിച്ചു. എന്നാൽ, കൃത്യമായ രാഷ്ട്രീയനിലപാടുകൾ പുലർത്തുകയും കലയിലെ രാഷ്ട്രീയത്തെ സൂക്ഷ്‌മമായി അടയാളപ്പെടുത്തുകയും ചെയ്‌തു.   
എഴുപതുകളിൽ കൊൽക്കത്തയിലെ സിറ്റി കോളേജിലും ബർദ്വാനിലെ ശ്യാംസുന്ദർ കോളേജിലും സാമ്പത്തികശാസ്‌ത്രം പഠിപ്പിച്ച അദ്ദേഹം സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞാണ്‌ ചലച്ചിത്രത്തിലേക്ക്‌ കടന്നത്‌. അതിനുമുമ്പ്‌ അറിയപ്പെടുന്ന കവിയും നോവലിസ്റ്റും. പശ്ചിമ ബംഗാളിനെ പിടിച്ചുകുലുക്കിയ നക്‌സൽബാരി കലാപവും ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയും കടന്ന നാളുകളിലാണ്‌ ആദ്യചിത്രമായ ‘ദൂരത്വ’ (അകലം) യുമായി അദ്ദേഹം സിനിമയിലെത്തിയത്‌. അതിനുമുമ്പ്‌ ‘സമയേർ കച്ചേ’ എന്ന ഡോക്യുമെന്ററി. ദൂരത്വയെത്തുടർന്ന്‌ നീം അന്നപൂർണ, ഗൃഹജുദ്ധ എന്നിവ തീവ്ര ഇടതുപക്ഷ ചിന്തയും മധ്യവർഗത്തിന്റെ ആത്മസംഘർഷങ്ങളും പ്രമേയമാക്കി. വൈകാതെ ആ രീതി വെടിഞ്ഞ്‌ സൂക്ഷ്‌മവും സൗന്ദര്യാത്മകവുമായ പുതിയൊരു ആഖ്യാനത്തിലേക്ക്‌ വഴിമാറി. സർറിയലിസ്റ്റിക്കെന്നും കാവ്യാത്മകമെന്നുമെല്ലാം നിരൂപകർ അവയെ വിലയിരുത്തി.
ജീവിക്കുന്ന ലോകത്തിനു പുറമെ രണ്ടാമതൊരു ലോകമുണ്ടെന്നും സ്വപ്‌നങ്ങളും സങ്കൽപ്പനങ്ങളും അതിലേക്കുള്ള സൂചനകളാണെന്നും ബുദ്ധദേബ്‌ ദാസ്‌ഗുപ്‌ത പറയുകയുണ്ടായി.   
കലാത്മകമല്ലാത്ത ഇമേജുകളെ കാലം മായ്‌ചുകളയും. ആഴമാർന്ന നമ്മുടെ സ്വപ്‌നങ്ങളിൽ കടന്നുവരുന്ന ഇമേജുകൾ സ്വകാര്യവും സംശുദ്ധവുമാണ്‌. വ്യാവഹാരിക ലോകത്തെ പ്രതീകങ്ങൾ പ്രസംഗവും പരസ്യഭാഷയും പങ്കിടുന്നതാണ്‌. അത്‌ സ്വാഭാവികമായും മൂല്യരഹിതവും ഉപഭോഗ സംസ്‌കാരം പിൻപറ്റുന്നതുമാണ്‌. ജീവിതത്തെക്കുറിച്ച്‌ അർഥവത്തായി എന്തെങ്കിലും വിനിമയം ചെയ്യാൻ അതിനു കഴിയില്ല. കവിയുടെ കാഴ്‌ചയിലെ ജീവിതത്തെക്കുറിച്ചാണ്‌ തനിക്ക്‌ പറയാനുള്ളതെന്ന്‌ വിശ്വസിച്ച ബുദ്ധദേബ്‌ മിത്തുകൾ, നാടോടി സംഗീതം എന്നിവയെ ചലച്ചിത്രത്തിന്റെ ഭാഷയാക്കി. സിനിമയിലെ ദൃശ്യകാവ്യങ്ങളെന്ന്‌ ആ രചനകളെ നിരൂപകർ വിശേഷിപ്പിച്ചത്‌ സ്വാഭാവികം. ദേശീയ പുരസ്‌കാരം നേടിയ  ‘ഉത്തര’ ആ വിധത്തിൽ മികച്ച ചിത്രമായി വിലയിരുത്തപ്പെട്ടു. പെയിന്റിങ്ങുപോലെ മനോഹരമായ അതിലെ പ്രകൃതി ദൃശ്യങ്ങളും നാടോടി കലാരൂപങ്ങളുമെല്ലാം ആ സംവിധായകന്റെ ഹൃദയത്തിൽ വേരുകളുള്ളതായിരുന്നു. 
 
റെയിൽവേയിൽ ഡോക്ടറായിരുന്ന അച്ഛൻ ജോലിചെയ്‌ത ഒഡിഷ, യുപി, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ ഗ്രാമക്കാഴ്‌ചകൾ ദൃശ്യങ്ങളായി കവിതയിലും പിന്നീട്‌ സിനിമയിലും കടന്നുവന്നു. മറ്റൊരു സ്വാധീനം അമ്മവഴി കിട്ടിയ സംഗീതമായിരുന്നു. അവർ പിയാനോ വായിക്കുമ്പോൾ പറഞ്ഞു:  ‘‘എന്നെ നോക്കാതെ കണ്ണടച്ചിരുന്ന്‌ സംഗീതത്തിൽ ശ്രദ്ധിക്കുക.’’ കവിത വായിക്കുമ്പോഴും അതുപോലെ. കണ്ണടച്ചിരുന്നാൽ തനിക്ക്‌ അവ ദൃശ്യങ്ങളായി ലഭിച്ചിരുന്നത്‌ അദ്ദേഹം ഓർമിക്കുന്നുണ്ട്‌. ബാഗ്‌ ബഹാദൂർ, ചരാചർ, സ്വപ്‌നേർ ദിൻ, കാൽപുരുഷ്‌ തുടങ്ങിയവയിലെല്ലാം പ്രകൃതിയും സംഗീതവും നാടോടി ബിംബങ്ങളും സമൃദ്ധമാകുന്നുണ്ട്‌.
‘‘അടിയന്തരാവസ്ഥയിൽ നമ്മൾ കണ്ടതിനേക്കാൾ മോശമാണ്‌ ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയെന്ന്‌’’ പറഞ്ഞ ബുദ്ധദേബ്‌ രാജ്യത്തെ സമകാലിക വർഗീയ രാഷ്ട്രീയത്തിന്റെ നിശിത വിമർശകനുമായിരുന്നു. 2018ൽ യുപിയിലെ ബുലന്ദ്‌ ശഹറിലെ ആൾക്കൂട്ടക്കൊലയിൽ പ്രതിഷേധിച്ച ബോളിവുഡ്‌ നടൻ നസിറുദ്ദീൻ ഷായ്‌ക്കെതിരായ സംഘപരിവാർ ആക്രമണത്തെക്കുറിച്ചായിരുന്നു പ്രതികരണം. ‘‘നസിറുദ്ദീനെതിരായ ആക്രമണമായതുകൊണ്ട് വാർത്തകളുണ്ടായി. എന്നാൽ, സാധാരണക്കാരായ മനുഷ്യർക്കെതിരെ ഇത്‌ നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നു’’വെന്നും പറഞ്ഞു. ഭീമകൊറേഗാവ്‌ കേസിൽ അധ്യാപകരെയും സാമൂഹ്യപ്രവർത്തകരെയും തടവിലിട്ടതും നിരാശയുണ്ടാക്കുന്നതായി പറഞ്ഞു. 
സാമൂഹ്യ സംഘർഷങ്ങളും വർഗീയതയും വ്യത്യസ്‌ത നോട്ടത്തിലൂടെയാണ്‌ ബുദ്ധദേബ്‌ ചലച്ചിത്രങ്ങളിൽ കൊണ്ടുവരുന്നത്‌. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രേമവും മല്ലയുദ്ധവും അക്രമവുമാണ്‌ ഉത്തര (2000)യിലെ പ്രത്യക്ഷ സംഭവങ്ങൾ. എന്നാൽ, സ്‌ത്രീ, പുരുഷൻ, പ്രകൃതി, ഹിംസ എന്നിവയിലൂടെ വർഗീയതയുടെ ഉള്ളടരുകളിലേക്കും കടന്നുചെല്ലാൻ ചിത്രത്തിനു കഴിയുന്നു. ക്രിസ്‌ത്യൻ പള്ളി തീയിടുന്നതും സ്‌ത്രീകളെയും പുരുഷന്മാരെയും കൊല്ലുന്നതും നഗരത്തിൽനിന്നു വരുന്ന തെമ്മാടികളാണ്‌. പ്രകൃതി, സ്‌ത്രീ, ഗ്രാമജീവിതം എന്നിവയിലേക്കുള്ള ഹിംസാത്മക നാഗരികതയുടെ കടന്നുവരവായി ഹിന്ദുത്വ വർഗീയതയെ മറ്റൊരു രീതിയിൽ ഇതിൽ വായിച്ചെടുക്കാനാകും. സംഘപരിവാറിന്റെയും തൃണമൂലിന്റെയും അക്രമവാഴ്‌ചയിൽ പൊറുതിമുട്ടിയ വർത്തമാന ബംഗാളിജീവിതത്തെ ഓർമിപ്പിക്കുന്നുണ്ട്‌ ഈ ആഖ്യാനങ്ങൾ. 
ബംഗാളി സിനിമയിൽ സത്യജിത്‌ റായ്‌, മൃണാൾ സെൻ, ഋത്വിക്‌ ഘട്ടക്‌ എന്നിവർക്കു പിന്നാലെ എത്തിയ ബുദ്ധദേബ്‌ ദാസ്‌ഗുപ്‌തയുടെ ആദ്യ സ്വാധീനം റായ്‌ ആയിരുന്നു. എന്നാൽ, ഘട്ടക്കിന്റെ ‘അജാന്ത്രിക്കി’നെ അത്ഭുതത്തോടെ കണ്ടിരുന്ന ബുദ്ധദേബിന്‌ കൂടുതൽ ആത്മബന്ധമുണ്ടായത്‌ ആ പ്രതിഭയോടായിരുന്നു. രബീന്ദ്ര സംഗീതവും ബംഗാളിന്റെ നാടോടി പാരമ്പര്യവും ആഴത്തിൽ ഉൾക്കൊണ്ട ബുദ്ധദേബ്‌ ഇന്ത്യൻ സിനിമയിലെ സൗന്ദര്യാത്മകനായ സംവിധായകനായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top