09 October Wednesday

പരീക്ഷണത്തിന്റെ ആവാസവ്യൂഹം

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Mar 20, 2022

2019ൽ ഐഎഫ്‌എഫ്‌കെയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച  വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയുടെ സംവിധായകൻ കൃഷന്ദ്‌ പുതിയ സിനിമയായ ആവാസവ്യൂഹവുമായി  ഇത്തവണയും മത്സരവിഭാഗത്തിലുണ്ട്‌

വൃത്താകൃതിയിലുള്ള ചതുരമെന്ന കൃഷന്ദിന്റെ ആദ്യ സിനിമ 2019ലെ ഐഎഫ്‌എഫ്‌കെയിൽ മത്സര വിഭാഗത്തിലാണ്‌ പ്രദർശിപ്പിച്ചത്‌. രണ്ട്‌ വർഷത്തിനിപ്പുറം ഇത്തവണത്തെ ചലച്ചിത്രമേളയിലേക്ക്‌ കൃഷന്ദ്‌ വീണ്ടുമെത്തുന്നു. ആവാസവ്യൂഹവുമായി. രണ്ടാം ചിത്രവും മത്സര വിഭാഗത്തിൽ തന്നെ. സംവിധായകൻ കൃഷന്ദ്‌ സംസാരിക്കുന്നു:

ഐഎഫ്‌എഫ്‌കെ നൽകിയത്‌ മികച്ച പ്രചോദനം

ആദ്യ സിനിമ തന്നെ ഐഎഫ്‌എഫ്‌കെയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാനായി എന്നത്‌ വലിയ പ്രതീക്ഷയാണ്‌ നൽകിയത്‌. വൃത്താകൃതിയിലുള്ള ചതുരം മത്സരിച്ചപ്പോൾ അടുത്ത സിനിമ ചെയ്യാൻ ധൈര്യമായി. അതിനാൽ തന്നെ ആഖ്യാനത്തിൽ ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌. ഈ ശ്രമങ്ങൾ ആളുകൾക്ക്‌ ഇഷ്ടപ്പെടുമെന്നാണ്‌ പ്രതീക്ഷ.  വൃത്താകൃതിയിലുള്ള ചതുരം ആദ്യം പ്രദർശിപ്പിച്ചതും മേളയിലായിരുന്നു.

നാലു ഷെഡ്യൂളായി ചിത്രീകരിച്ച സിനിമയുടെ അവസാന ഘട്ടം കോവിഡിനിടയിലായിരുന്നു. വിഎഫ്‌എക്‌സ്‌ അടക്കമുള്ള സാങ്കേതികവിദ്യയെല്ലാം ഉപയോഗിച്ചു. അമൂർത്തമായ പരിചരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. പ്രേക്ഷകരുമായി നേരിട്ട്‌ സംവദിക്കുന്ന സിനിമയാണിത്‌.   

സിനിമ ജനങ്ങളിലെത്തിക്കണം

ആദ്യ സിനിമയ്‌ക്ക്‌ തിയറ്റർ സ്‌ക്രീനിങ്‌ ശ്രമിച്ചിരുന്നില്ല. ഒടിടി ധാരണയായതായിരുന്നു. കോവിഡിനെ തുടർന്ന്‌ ഒടിടിയുടെ സ്വഭാവം മാറി. പിന്നീടാണ്‌ എംഎക്‌സ്‌ പ്ലെയർ എടുത്തത്‌. പ്രധാന ഒടിടി പ്ലാന്റ്‌ഫോമുകൾ സിനിമ എടുക്കുന്നത്‌ കച്ചവടമൂല്യം കണക്കിലെടുത്താണ്‌. എന്നാൽ തന്നെയും ഒടിടിയിൽ വരുന്ന ഇത്തരം സിനിമകൾ കാണുന്നവരുണ്ട്‌; എണ്ണത്തിൽ കുറവാണെങ്കിലും.  

ജനപ്രിയ സിനിമയുടെ ഉള്ളടക്കത്തിന്‌ കിട്ടുന്ന സ്വീകാര്യത ഇത്തരം സിനിമകൾക്ക്‌ പ്രതീക്ഷിക്കേണ്ട. വിജയ്‌ സേതുപതി കടൈസീല ബിരിയാണിയെ പിന്തുണച്ചപ്പോൾ കൂടുതൽ സ്വീകാര്യത ലഭിച്ചു. ഇത്തരം ഇടപെടലുകൾ ഗുണം ചെയ്യും. നമ്മൾ ചെയ്യുന്ന സിനിമ ജനങ്ങളിൽ എത്തിയാൽ  മാത്രമേ കാര്യമുള്ളു.  

സർക്കാർ പിന്തുണയ്‌ക്കുന്നുണ്ട്‌

സർക്കാർ സഹായിക്കുന്നില്ലെന്ന്‌ പറയാനാകില്ല. കെഎഫ്‌ഡിസിയുടെ തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്‌. അവിടെ ഷോ ഉറപ്പാക്കുന്നുണ്ട്‌. കോവിഡ്‌ വന്നില്ലായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള കുറെ സിനിമകൾ പ്രദർശിപ്പിക്കുമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top