27 May Monday

നിരാഹാര വീര

സൂക്ഷ്മൻUpdated: Sunday Jan 20, 2019

ഒന്നും രണ്ടും മൂന്നുമല്ല-, അമ്പത്തൊന്നു യുവതികൾ മല കയറി എന്നാണ്‌ ഒരു കണക്ക്. പുണ്യാഹം ഒരുവട്ടമേ തളിച്ചിട്ടുള്ളൂ. ഇനി എന്തിനു സമരം എന്നതിന‌് സുവർണാവസര സിദ്ധാന്തക്കാരിൽനിന്ന് മറുപടിയില്ല

 

വി ടി രമ  എന്ന പേര്   അധികമാരും കേട്ടിട്ടില്ല. ഈയടുത്ത നാളുകളിൽ തലസ്ഥാനത്തെ ബിജെപി സമരപ്പന്തലിൽ നിരാഹാരസമരം തുടങ്ങിയപ്പോഴാണ്, ഇങ്ങനെ ഒരു നേതാവ് ബിജെപിക്ക് ഉണ്ടെന്നും അവർ മഹിളാ മോർച്ച നേതാവാണെന്നും ജനങ്ങൾ തിരിച്ചറിയുന്നത്. അസാധാരണ ശേഷിയും പ്രതിഭയും ഉള്ളവരാണ് സംഘനേതാക്കൾ ആകുന്നത്. നരേന്ദ്ര ദാമോദർദാസ്  മോഡിയുടെ ബാല്യകൗമാരങ്ങൾ ഇതിഹാസതുല്യമായിരുന്നു. മുതലയോട‌്  യുദ്ധംചെയ്തു ജയിക്കുകയും മിന്നുകെട്ടിയ യശോദാ ബെന്നിനെ വഴിയിൽ ഉപേക്ഷിച്ച‌് സമാജ സേവയ്ക്കിറങ്ങുകയുംചെയ്ത മോഡിയോളം ധീരതയും ത്യാഗവും  മറ്റാരിലും പ്രതീക്ഷിച്ചിട്ടുകാര്യമില്ല. എന്നാൽ, വി ടി രമ അതിനും മുകളിൽ നില്ക്കുന്നു. 

കോളേജ് അധ്യാപികയായിരുന്നു. കാവിക്കൊടി കൈയിലേന്തിയത് ചരിത്രനിയോഗം. സ്വന്തമായി പാർടിയുണ്ടാക്കി, സ്വയം ചെയർമാനാകുന്നതുപോലെയല്ല രാജ്യം ഭരിക്കുന്ന കക്ഷിയുടെ വനിതാ വിഭാഗത്തിന്റെ തലപ്പത്തെത്തുന്നത്. മിസ് കോൾ മെമ്പർഷിപ്പുപോലും ഇല്ലാതിരുന്ന കുമ്മനം രാജശേഖരനെ ഒറ്റ നിമിഷംകൊണ്ട് സംസ്ഥാന അധ്യക്ഷനാക്കിയ ഭാരതീയ ജനതാ പാർടിയിൽനിന്നുമാത്രമേ ഇത്തരം അത്ഭുതങ്ങൾ പ്രതീക്ഷിക്കാനാകൂ. 

 കോളേജ് അധ്യാപകസ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഒറ്റയടിക്ക് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ എത്തി. പക്ഷേ ആ ഘട്ടത്തിലും രമയുടെ യഥാർഥ കഴിവ് പാർടി മനസ്സിലാക്കിയിരുന്നില്ല. മനസ്സിലാക്കിയിരുന്നെങ്കിൽ ശോഭ സുരേന്ദ്രനുമുമ്പ് നിരാഹാരസമരത്തിന് നിയോഗിക്കുമായിരുന്നു. സെക്രട്ടറിയറ്റിനുമുന്നിലെ സമരം  എ എൻ രാധാകൃഷ്ണനിൽനിന്ന് പി കെ കൃഷ്ണദാസിൽ  എത്തിനിൽക്കുമ്പോൾ തിളങ്ങുന്ന ഒരേ ഒരു പേര് വി ടി രമയുടേതാണ്.  11 ദിവസത്തെ നിരാഹാരസമരം സാധാരണനിലയിൽ ഒരു മനുഷ്യന്റെ ശരീരത്തിന്റെ   താളം തെറ്റിക്കും.  എന്നാൽ, മഹിളാമോർച്ച നേതാവ് അത്തരം മനുഷ്യസഹജമായ എല്ലാ പ്രശ്നങ്ങൾക്കും അതീതയാണ്  എന്ന് 11 ദിവസത്തെ വിജയകരമായ ഉപവാസസമരം തെളിയിച്ചു. ഇതുവരെ സമരപ്പന്തലിൽ നിരാഹാരം കിടന്ന എല്ലാവരും വിജയംവരെ അല്ലെങ്കിൽ മരണംവരെ സമരം പ്രഖ്യാപിച്ചവരാണ്. മരണം ഭയന്ന രാധാകൃഷ്ണനും ശോഭയും സി കെ പത്മനാഭനും നേരത്തെ എണീറ്റ് പോയി. സുരേന്ദ്രൻ ആ വഴിക്ക‌് തിരിഞ്ഞുനോക്കിയില്ല. സുവർണാവസരം പിള്ള വഴിപാടുവർത്തമാനം മുറതെറ്റാതെ നടത്തിയതല്ലാതെ ഊണുപേക്ഷിക്കാൻ തയ്യാറല്ല. 
 
ഇതൊക്കെയാണെങ്കിലും കേരളത്തിലെ ബിജെപി നേതൃത്വം കഴിവുകെട്ടതാണ് എന്ന് ഇനി ആർക്കും പറയാനാകില്ല.  എട്ടും പത്തും പതിനൊന്നും ദിവസം ഭക്ഷണം കഴിക്കാതെ സമരംനടത്തിയെങ്കിലും ആരുടെയും മുഖത്ത് ക്ഷീണം കാണുന്നില്ല.  ഒരാൾക്കും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളില്ല. ശോഭ അറസ്റ്റ‌് വരിച്ചു വീട്ടിലേക്കുപോകുമ്പോൾ  ആർക്കും ഒരു പരാതിയും പറയാനുണ്ടായിരുന്നില്ല. സമരപ്പന്തലിൽ ഗോപ്യമായി കഴിച്ച ദ്രാവകം ഉപ്പുവെള്ളം അല്ല എന്ന് തെളിയിച്ച ആ സ്റ്റീൽ ഗ്ലാസ് ഇന്ന് ജീവിച്ചിരിപ്പില്ല. ശോഭയ്ക്കു കഴിയാത്തതാണ്   വി ടി രമ സാധ്യമാക്കിയത്. ആരോഗ്യവും സൽപ്പേരും പോയില്ല. പതിനൊന്നാം ദിവസം അറസ്റ്റ് വരുമ്പോൾ ഒരുനേരം ഭക്ഷണം ഉപേക്ഷിച്ചതിന്റെ ക്ഷീണംപോലും പ്രകടിപ്പിച്ചില്ല.
 
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിസംബർ മൂന്നിന് സമരം തുടങ്ങിയത്. നട അടഞ്ഞുകിടക്കുന്നു. നിരോധനാജ്ഞ ഉണ്ടായാലും ഇല്ലെങ്കിലും അടുത്തമാസം ഒന്നാംതീയതിവരെ ആരും അങ്ങോട്ട് പോകില്ല. ആചാരം ലംഘിക്കപ്പെട്ടത‌് സുപ്രീംകോടതി വിധിയുടെ ബലത്തിലാണ്. ഒന്നും രണ്ടും മൂന്നുമല്ല-, അമ്പത്തൊന്നു യുവതികൾ മല കയറി എന്നാണ്‌ ഒരു കണക്ക്. പുണ്യാഹം ഒരുവട്ടമേ തളിച്ചിട്ടുള്ളൂ. ഇനി എന്തിനു സമരം എന്നതിന‌് സുവർണാവസരസിദ്ധാന്തക്കാരിൽ നിന്ന് മറുപടിയില്ല.
 
വി ടി രമ പതിനൊന്നുദിവസം നിരാഹാരം കിടന്നത്, നടപ്പാകില്ല എന്ന് കൃത്യമായി അറിയുന്ന ആവശ്യം ഉന്നയിച്ചാണ്. പി കെ കൃഷ്ണദാസാണെങ്കിൽ വണ്ണം കുറയ്ക്കാനുള്ള ചികിത്സയുടെ ഭാഗമായി ആഹാരം ഉപേക്ഷിക്കുന്നു എന്ന് പറയാം. രമയ്ക്ക് ആ പ്രശ്നവുമില്ല. ആ നിലയ്ക്ക്, ഒരിക്കലും കരയ്‌ക്കടുക്കാത്ത ആവശ്യങ്ങൾക്കുവേണ്ടി പതിനൊന്നുദിവസം നിരാഹാര സമരപ്പന്തലിൽ ഒരു ചെറു ദഹനക്കേടുപോലുമില്ലാതെ കഴിച്ചുകൂട്ടിയ ധീര സംഘവനിതയ്‌ക്കുള്ള പുരസ്കാരം വി ടി രമയ്ക്ക് കൊടുക്കണം. ശോഭ സുരേന്ദ്രന് പ്രോത്സാഹന സമ്മാനം മതിയാകും.
പ്രധാന വാർത്തകൾ
 Top