24 May Friday

ചിത്രകാരന്റെ ഛായാചിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017
മഹാനായ ഒരിന്ത്യന്‍ ചിത്രകാരന്റെ, അതും വിവാദങ്ങളുടെ നിത്യസഹയാത്രികനായിരുന്ന ചിത്രകാരന്റെ ജീവചരിത്രമാണ് ഇളാപാല്‍ എഴുതുന്നത്; 'ഹുസൈന്‍ ചിത്രകാരന്റെ ഛായാചിത്രം' എന്ന പേരില്‍. ജീവചരിത്രകാരിയും കഥാപുരുഷനും തമ്മില്‍ ഉണ്ടാകാവുന്നതില്‍വച്ച് ഏറ്റവും മികച്ച ബന്ധമാണ് ഇളാ പാലും എം എഫ് ഹുസൈനും തമ്മിലുണ്ടായിരുന്നത്. ജിജ്ഞാസുവായ ഒരു ചിത്രകലാവിദ്യാര്‍ഥിനിയായിരുന്ന കാലത്താണ് ഇള, ഹുസൈന്‍ എന്ന തന്റെ ആരാധനാപാത്രത്തെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അവര്‍ ഗുരുവും ശിഷ്യയുമായി, സുഹൃത്തുക്കളും സഹചാരികളുമായി മാറുന്നു. അങ്ങനെ എം എഫ് ഹുസൈനൊപ്പം സഞ്ചരിച്ചറിഞ്ഞ ചിത്രകാരന്റെ ജീവിതവും കലാദര്‍ശനവുമാണ് ചിത്രകാരികൂടിയായ ജീവചരിത്രകാരി എഴുതുന്നത്. വാന്‍ഗോഗിന് തിയോ എന്നപോലെ എന്നൊന്നും പറയാനാകില്ലെങ്കിലും ഗാഢതയിലും പാരസ്പര്യത്തിലും മറ്റ് സമാനതകളേതുമില്ലാത്തതായിരുന്നു ഈ സഹയാത്രികര്‍ തമ്മിലുള്ള ആത്മബന്ധം. ആദരവും ആരാധനയും ആരായലും ഒരു സവിശേഷാനുപാതത്തില്‍ സന്നിഹിതമാണ്, അതിനാല്‍, ഈ ജീവചരിത്രാഖ്യാനത്തിന്റെ ഓരോ താളിലും. താന്‍ അടുത്തുനിന്നുകണ്ട എം എഫ് ഹുസൈനെയാണ് ഇള എഴുതുന്നത്, അതുകൊണ്ട് ആള്‍ക്കൂട്ടങ്ങളുടെ ഹുസൈനെ എന്നപോലെ ആരുമറിയാത്ത ഹുസൈനെയും അനാവരണം ചെയ്യാന്‍ അവര്‍ക്കാവുന്നു. ഇളയുടെ മകള്‍ വിവാഹിതയായപ്പോള്‍ അവള്‍ക്കായി ഹുസൈന്‍ ഡിസൈന്‍ ചെയ്ത് സമ്മാനിച്ച ക്ഷണപ്പത്രം, ഹുസൈന്‍ തന്റെ പ്രേമഭാജനത്തിനുവേണ്ടി വാക്കും വരയും ചേര്‍ത്തെഴുതിയ ഒക്ടോവിയോപാസിന്റെ 'സൂര്യശില'യിലെ വരികള്‍ എന്നിവ, ഒരുപക്ഷേ, ഈ പുസ്തകത്തില്‍മാത്രം കാണാനാകുന്നവ.
സ്കൂള്‍ 'ഡ്രോപ്പൌട്ടായ' ഹുസൈന്റെ ആംഗലഭാഷാജ്ഞാനം പരിമിതമായിരുന്നു. 1956ല്‍ പരിചയപ്പെട്ട 'മരിയ' എന്ന ചെക്കോസ്ളാവാക്യന്‍ ഭാഷാശാസ്ത്രജ്ഞയുമായി ഹുസൈന്‍ പ്രണയത്തിലായി. മരിയയ്ക്ക് കത്തെഴുതാന്‍വേണ്ടി അത്യാവേശപൂര്‍വം വായിച്ച് തന്റെ ഇംഗ്ളീഷ്ഭാഷാഭിജ്ഞത മെച്ചപ്പെടുത്തുകയും ആ വിദേശവനിതയ്ക്ക് ഇംഗ്ളീഷില്‍ കവിതകളെഴുതുകയും ചെയ്തു ഹുസൈന്‍. പ്രണയത്തിലായാലും ചിത്രകലയിലായാലും അദ്ദേഹം 'ഹോംവര്‍ക്ക്' ചെയ്യാതിരിക്കാറില്ലെന്ന് ഇള. അവിസ്മരണീയമായ ഒരു തകര്‍പ്പന്‍ ചുംബനാനുഭവത്തെ അക്കാലം ഹുസൈന്‍ ഇങ്ങനെ കവിതയാക്കി മാറ്റി
'നിന്റെ നിശ്വാസത്തിന്റെ പാര്‍ശ്വങ്ങളില്‍
ഞാന്‍ അടുത്തും അകന്നും സഞ്ചരിച്ചു.
ആ തണലിടത്തില്‍
നമ്മുടെ നഗ്നമൊഴികള്‍
എത്ര നനുനനുത്തത്'.
ഏത് ജീവചരിത്രത്തിലെയും ഏറ്റവും കൌതുകകരമായ ഏടുകള്‍ ബാല്യകൌമാരങ്ങളുടേതായിരിക്കും. വിത്തിന്റെയും മുളയുടെയും ആ കാലമാണ് പില്‍ക്കാലത്തെ വൃക്ഷത്തെഴുപ്പിന്റെ സൃഷ്ടിരഹസ്യങ്ങള്‍ നമുക്ക് പറഞ്ഞുതരിക. ഇത്തരത്തില്‍ ചിലത് ഹുസൈന്റെ ബാല്യത്തിലും നമുക്കുകാണാം. ഹുസൈന്‍ചിത്രങ്ങളിലെ മുഖമില്ലാത്ത ആ സ്ത്രീ, ഹുസൈന്റെ അമ്മ സൈനബാണെന്ന് ഇള എഴുതുന്നു. മകന് ഒരു വയസ്സാകുംമുമ്പ് മരണമടഞ്ഞ അമ്മ സൃഷ്ടിച്ച ശൂന്യതയെ ബാലനായ ഹുസൈന്‍ മറികടന്നത് മുത്തച്ഛന്റെ പ്രസന്നസാമീപ്യത്താലാണ്. അധികം വൈകാതെ അദ്ദേഹവും മരണമടഞ്ഞു. പാട്ടവിളക്കുകള്‍ ഉണ്ടാക്കി വിറ്റ് ഉപജീവനം കണ്ടെത്തിയപ്പോഴും അതുപോലൊന്ന് തന്റെ വീട്ടിലും തെളിക്കാനാകാത്തവിധം ദരിദ്രനായിരുന്നു ഹുസൈന്റെ അച്ഛന്‍, അബ്ദുള്‍ ഹുസൈന്‍. അദ്ദേഹം വീണ്ടും വിവാഹിതനായപ്പോഴാണ് ഏകാകിയായ ആ ആണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ആദ്യമായി സ്ത്രീ, ഒരു നിറപ്പകിട്ടുള്ള പൊട്ടിച്ചിരിയായും ചിഞ്ചിലം പൊഴിക്കുന്ന മൈലാഞ്ചിയുടെ നറുമണമായും കടന്നുവരുന്നത്. രണ്ടാനമ്മ തന്റെ നവജാതശിശുവിന് മുലകൊടുക്കുന്നത് പാപബോധം നിറഞ്ഞ കൌതുകത്തോടെ ആ ബാലന്‍ നോക്കിനിന്നിട്ടുണ്ട്. 'അതായിരുന്നു എനിക്ക് കൈവന്ന സ്ത്രീരൂപത്തിന്റെ ആദ്യദര്‍ശനം' എന്നാണ് ചിത്രകാരന്‍ അതിനെക്കുറിച്ച് പറയുന്നത്.  മതപഠനത്തിന്റേതായിരുന്നു ഹുസൈന്റെ ബാല്യം. മകന്‍ നന്നായി ഇംഗ്ളീഷ് പഠിക്കണമെന്നും പിതാവാഗ്രഹിച്ചു. അതിനായി അയാള്‍ ഒരു വേനല്‍ക്കാലത്ത് തന്റെ മിത്രമായ ഫര്‍ഹത്ത് ലാലിയെ ബറോഡയില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നു. ഒരുദിനം ഹുസൈന്‍ അവിവാഹിതനായ തന്റെ ഇംഗ്ളീഷ് ഗുരുനാഥന്റെ പാര്‍പ്പിടത്തിലെത്തിയപ്പോള്‍ അയാള്‍ അകത്തില്ല. അവിടെ കണ്ട മനോഹരമായ ഡയറിക്കുള്ളില്‍ ഭദ്രമായൊളിപ്പിച്ച നഗ്നയുവതികളുടെ ചിത്രങ്ങളാണ് അവനെ കാത്തിരുന്നത്. 'ലൈംഗിക വിസ്ഫോടനം' എന്നാണ് ജീവചരിത്രകാരി ഈ സംഭവത്തെ വിവരിക്കുന്നത്; അവന്‍ ആ ചിത്രങ്ങള്‍ തന്റെ തീപിടിച്ച ശരീരത്തിലും ദാഹാര്‍ത്തമായ മിഴികളിലും മനസ്സിലും പകര്‍ത്തിക്കൊണ്ടാണ് മടങ്ങിയത് എന്നും!
പില്‍ക്കാലത്തെ ഹുസൈനെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്ത ആസക്തികളുടെയും സൌന്ദര്യാസക്തികളുടെയും ബീജാവാപം നടന്ന സന്ദര്‍ഭം എന്ന നിലയിലാണ് ഇതത്രയും ഇവിടെ പരാമര്‍ശിച്ചത്. മാധുരി ദീക്ഷിതിന്റെ വൈദ്യുതീകരിക്കുന്ന നൃത്തത്തിന്റെ ആവിഷ്ടതയനുഭവിച്ച ഹുസൈന്‍, ചലച്ചിത്രകാരനും 'ഗജഗാമിനി'യുടെ സംവിധായകനുമായ ഹുസൈന്‍, വാഗ്ദേവിയെ നഗ്നനിര്‍മലമായ മൌലികരൂപത്തില്‍ ചിത്രീകരിച്ച് മതാന്ധരെ ചൊടിപ്പിച്ച ഹുസൈന്‍, മദര്‍ തെരേസയെ തന്റെ ചിത്രപരമ്പരയിലൂടെ ആവിഷ്കരിച്ച് ചരിതാര്‍ഥനായ ഹുസൈന്‍ എന്നിങ്ങനെയുള്ള പില്‍ക്കാലത്തെ പകര്‍ന്നാട്ടങ്ങള്‍ക്കുപിന്നില്‍ എം എഫ് ഹുസൈന്റെ ഏകാന്തവും വ്രണിതവും അനാഥവും കാമനാതീതവുമായ ബാല്യമുണ്ടായിരുന്നു എന്നാണ് ഈ ജീവചരിത്രം നമ്മോടുപറയുന്നത്; സ്ത്രീയോടുള്ള ചിത്രകാരന്റെ അഭിനിവേശം സ്ത്രീരൂപത്തോടും മാതൃരൂപത്തോടുമുള്ള പവിത്രമായ ആസക്തികൂടി ആകാം എന്നും കാമനാനിരോധമല്ല, കാമനകളുടെ ആഘോഷമാണ് കലാകാരവ്യക്തിത്വത്തിന്റെ കാതല്‍ എന്ന് ഹുസൈന്‍ നമ്മെ ഉണര്‍ത്തി. ആ ജാഗരണത്തിന്റെ രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ കലയുടെയും രാഷ്ട്രീയം. നാള്‍ക്കുനാള്‍ അതിന് പ്രസക്തിയും പ്രാധാന്യവുമേറിവരികയും ചെയ്യുന്നു. ഇരുള്‍ കനക്കുംതോറും കൂടുതല്‍ തെളിയുന്ന ആ നക്ഷത്രത്തെയാണ് ഇളാ പാല്‍ ഈ ജീവചരിത്രത്തിലൂടെ വാങ്മയപ്പെടുത്തുന്നത് എന്നത് അതിന്റെ സാംസ്കാരികമൂല്യം വര്‍ധിപ്പിക്കുന്നു.
പ്രധാന വാർത്തകൾ
 Top