24 February Sunday

അഭിനയത്തിന്റെ രണ്ടാം പാതി

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Nov 19, 2017
മെലിഞ്ഞൊട്ടിയ ശരീരംകൊണ്ടുള്ള കോമഡിയാണ് ഇന്ദ്രന്‍സ് എന്ന നടന്റെ കരിയറിന്റെ ആദ്യപാതി. അഭിനയജീവിതത്തിലെ അര്‍ഥപൂര്‍ണമായ വഴിത്തിരിവിന്റെ രണ്ടാംപാതിയിലാണ് ഇപ്പോള്‍ ഇന്ദ്രന്‍സ്്. മുഖ്യധാര സിനിമയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ത്തന്നെ മലയാളത്തിലെ സ്വതന്ത്രസിനിമാസംരംഭകരുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രന്‍സ്. പോയവര്‍ഷങ്ങളില്‍ നിരൂപകശ്രദ്ധ നേടിയ മിക്കസിനിമകളിലും ഇന്ദ്രന്‍സിന്റെ സാന്നിധ്യമുണ്ട്്. 'പാതി'യില്‍ പാപബോധവുംപേറി ജീവിക്കുന്ന പാതി വിരൂപനായ മുഖമെഴുത്തുകാരന്‍ കമ്മാരനെ ഇന്ദ്രന്‍സ് നീറുന്ന അനുഭവമാക്കുന്നു. ഒരിക്കല്‍ നടത്തേണ്ടിവന്ന ഭ്രൂണഹത്യയുടെ പാപഭാരം വേട്ടയാടുന്നുണ്ട്് കമ്മാരനെ. അഭിനയജീവിതത്തിലെ ഏറ്റവും സാര്‍ഥകമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്ദ്രന്‍സ്.
 

കണ്ണുനട്ടുകാത്തിരുന്നിട്ടും

കോമഡി ചെയ്യാന്‍ ഇഷ്ടമാണ്്. ശരീരപ്രകൃതമെല്ലാം ഇങ്ങനെയായതിനാല്‍ കോമഡിമാത്രമേ വഴങ്ങൂ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. സ്വഭാവവേഷങ്ങള്‍ ചെയ്യാനുള്ള കൊതി മനസ്സില്‍തന്നെയിരുന്നു. ടി വി ചന്ദ്രന്‍ സാറിന്റെ 'കഥാവശേഷനി'ലെ കള്ളനാണ് വഴിത്തിരിവായത്്. 'കണ്ണുനട്ട് കാത്തിരുന്നിട്ടും' എന്ന് സിനിമയില്‍ പാട്ടുപാടുന്ന കള്ളന്‍, ഞാന്‍ കാത്തിരുന്ന ഒരുപാട് വേഷങ്ങള്‍ പിന്നീട് എനിക്ക് സമ്മാനിച്ചു. രാമാനം, അപ്പോത്തിക്കിരി, മണ്‍ട്രോതുരുത്ത്്, മക്കാന, ആളൊരുക്കം ഇപ്പോള്‍ 'പാതി'. അങ്ങനെ നല്ല കുറെ വേഷങ്ങള്‍. ശുദ്ധരില്‍ ശുദ്ധന്‍, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു, മണ്‍ട്രോതുരുത്ത് തുടങ്ങിയ സിനിമകളില്‍ കേന്ദ്രകഥാപാത്രത്തെത്തന്നെ അവതരിപ്പിക്കാനായി. ചിത്രങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു, പക്ഷേ, അവ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്താത്തതില്‍ സങ്കടമുണ്ട്്. നല്ല സിനിമാശ്രമങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ട് തിയറ്ററുകള്‍ കിട്ടുന്നുണ്ട്. പക്ഷേ, അതുമാത്രം പോരാ. മറ്റു തിയറ്ററുകളിലും ഇത്തരം സിനിമകള്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്്. ചലച്ചിത്രവ്യവസായത്തിലുണ്ടാകുന്ന മാറ്റം തിയറ്റര്‍വിതരണ രംഗത്തും പ്രതിഫലിക്കേണ്ടതുണ്ട്്.
 

നല്ല കൂട്ടുകെട്ടിനൊപ്പം

മനസ്സില്‍ സിനിമയും ജീവിതാനുഭവവും ഉള്ളവര്‍ക്ക് ഇപ്പോള്‍ സിനിമ ചെയ്യാന്‍ പ്രതിബന്ധങ്ങളില്ല. സാങ്കേതികവിദ്യയുടെ മുന്നേറ്റം ആര്‍ക്കും സിനിമ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചിട്ടുണ്ട്്. നല്ല സിനിമ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഒപ്പംനില്‍ക്കാന്‍ കഴിയുന്നതാണ് എന്റെ ഭാഗ്യം. ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലാണ് നല്ല സിനിമകള്‍ക്കുവേണ്ടിയുള്ള ഇത്തരം ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടക്കുന്നത്്. അവര്‍ക്ക് തലവേദനയുണ്ടാക്കാതെ അവര്‍ക്കൊപ്പം ഞാനും നില്‍ക്കുന്നു.
 

സ്വന്തം സിനിമ

വായിക്കുന്ന പുസ്തകങ്ങള്‍ പലതും കൊതിപ്പിക്കുന്നു. സ്വന്തമായി സിനിമ ചെയ്യാന്‍ മോഹിപ്പിക്കുന്നു. പക്ഷേ, കലയോട് ബഹുമാനം ഉള്ളതിനാല്‍ കൈവച്ച് നശിപ്പിക്കാന്‍ മുതിരുന്നില്ല. 
 

പുതിയ സിനിമകള്‍

ജോഷിമാത്യുവിന്റെ പുതിയ ചിത്രം 'അങ്ങ് ദൂരെ ഒരു ദേശത്ത്' വണ്ടന്‍മേട്ടില്‍ പുരോഗമിക്കുന്നു. അഭിലാഷ് ഒരുക്കുന്ന 'ആളൊരുക്കം' അവസാനഘട്ടത്തില്‍. 'കളിയച്ഛന്‍' ഒരുക്കിയ ഫാറൂഖ് അബ്ദുള്‍ റഹ്മാന്റെ പുതിയ ചിത്രം 'ലേശു', ഡോ. ബിജുവിന്റെ പുതിയ ചിത്രം.

 

പ്രധാന വാർത്തകൾ
 Top