19 September Thursday

ഒരു ദേശത്തിന്റെ അതിജീവന കഥ

എം ജഷീന jashi8als@gmail.comUpdated: Sunday May 19, 2019

ഓർമകൾ ഒരു വർഷം പുറകോട്ട് സഞ്ചരിക്കുമ്പോൾ  കോഴിക്കോടിെന്റ മണ്ണിന് മരണഗന്ധം. നിപാ വൈറസ് താണ്ഡവം തുടങ്ങിയ മെയ് മാസം.  പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിലെ വീട്ടിലെ സാബിത്തിൽനിന്ന് തുടങ്ങി മരണഭീതി. മെയ് 20ന് ആ മരണ വൈറസിന്റെ സ്ഥിരീകരണം ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ലോകം മുഴുവൻ കേട്ടു. സാബിത്ത്, സഹോദരൻ സാലിഹ് എന്നിവർക്ക് പുറമെ സാബിത്തിനെ പരിചരിച്ച േനഴ്സ് ലിനി, വളച്ചുകെട്ടിയിൽ മൂസ, ബന്ധു മറിയം... ഓരോരുത്തരായി മരണത്തിലേക്ക്.  പ്രത്യേക പ്ലാസ്റ്റിക്കിൽ  പൊതിഞ്ഞുകെട്ടി മൃതദേഹം അടക്കം  ചെയ്യുന്ന കാഴ്‌ചകൾ. ഈ സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ചിട്ടയായ ചെറുത്തുനിൽപ്പ്‌. മരണം 18ൽ നിർത്തി. വൈറസിനെ പിടിച്ചുകെട്ടി. രണ്ടാഴ്ചയ്‌ക്കകം ആശങ്കയില്ലാത്ത സാഹചര്യം. നിപാ സ്ഥിരീകരണത്തിന് നാളെ ഒരു വർഷം പിന്നിടുമ്പോൾ അതിന്റെ  ഭാഗമായ കുറേ ജീവിതങ്ങൾ അതിജീവനത്തിന്റെ പാതയിലാണ്. പേരോ ചിത്രങ്ങളോ പുറത്തുവരാൻ താൽപ്പര്യപ്പെടാത്തവിധം ആ ദുരന്തത്തെ മറക്കാനാഗ്രഹി ക്കുകയാണവർ.  പ്രിയപ്പെട്ടവരുടെ വിയോഗങ്ങളെ കാലത്തിനിപ്പുറം ഓർമകളുടെ നോവും മധുരവും ചാലിച്ച് അതിജീവിക്കുന്ന അഞ്ച് ജീവിതങ്ങളിലൂടെ...

 

കളിചിരികളുടെ സ്നേഹവീട്

 
ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടിൽ വൈകിട്ട് ആറാകുന്നതോടെ കളിചിരികൾ കൂടും. അപ്പോഴാണ് കുഞ്ഞൂന്റേം സിദ്ധൂന്റേം അച്ഛൻ സജീഷ് ഓഫീസിൽ നിന്നെത്തുക. പിന്നെ അച്ഛനൊപ്പമാണ് രണ്ടു പേരും. ഒപ്പം ചിരിയും  കളിയും കഥ പറച്ചിലുമൊക്കെയായി അമ്മമ്മ രാധയും. രാത്രി ചോറുണ്ടാൽ അച്ഛനെ നടുവിലാക്കി അപ്പുറത്തും ഇപ്പുറത്തും കിടന്നുറങ്ങണം രണ്ടാൾക്കും. കുഞ്ഞൂനെ (റിഥുൽ) മിക്കപ്പോഴും സജീഷാണ് കുളിപ്പിച്ച് യൂണിഫോം ധരിപ്പിച്ച് സ്കൂൾ വാഹനത്തിൽ  യാത്രയാക്കുക. അപ്പോഴേക്കും മൂന്നു വയസ്സുകാരൻ സിദ്ധാർഥ് എഴുന്നേൽക്കും. അച്ഛൻ പോകുമ്പോൾ സിദ്ധൂന് ഉമ്മ കൊടുക്കണം. അത് നിർബന്ധം. അമ്മ ആശുപത്രിയിൽ ജോലിക്കു പോകുമ്പോൾ തുടങ്ങിയ ശീലം. മറന്നാൽ കരയും, തിരികെ വന്ന് ഉമ്മ കൊടുക്കുംവരെ.
 
ഓർമകളുടെ നോവ്‌ ഇല്ലാതാക്കുന്ന കുട്ടിക്കുറുമ്പും സ‌്നേഹവുമാണ് ഈ വീട്ടിലിപ്പോൾ. ലിനി കൊരുത്തുവച്ച സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി കുഞ്ഞുമാലാഖമാർ കുഞ്ചുവിലൂടെയും സിദ്ധുവിലൂടെയും  മുറ്റത്തും വീട്ടിലുമായി പാറിപ്പറക്കുന്നു. അമ്മയെന്ന സ്നേഹവായ‌്പില്ലെങ്കിലും അച്ഛനും അമ്മമ്മയും ബന്ധുക്കളുമെല്ലാം  ഇവർക്കൊപ്പമുണ്ട്.  ഇടയ‌്ക്കിടെ പല നാടുകളിൽനിന്നും  വീട്ടിലെത്തുന്ന മിഠായികളിലും സമ്മാനങ്ങളിലും ആ സ‌്നേഹത്തിന്റെ മധുരം. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയ രണ്ട് കുഞ്ഞു ബാഗുകൾ. അതുമായാണ് ഇപ്പോൾ കളി. ലിനിയുടെ കുരുന്നുകളെ കാണാനായി മാത്രം ഇടയ‌്ക്കിടെ കാതങ്ങൾ താണ്ടി ചെമ്പനോടയിൽ എത്തുന്നവരിൽ കുട്ടികളും വയോധികരും. നടുമുറിയിൽ  ഫ്രെയിം ചെയ‌്തുവച്ച ലിനിയുടെ ഫോട്ടോ കാണുമ്പോൾ ‘ഇത് അമ്മയാണ്. അമ്മ പോയി’ എന്നുപറയും സിദ്ധു. റിഥൂന് കുറച്ചുകൂടെ കാര്യങ്ങളറിയാം. നിപാ എന്ന അസുഖമാണ് അമ്മയെ കൊണ്ടുപോയതെന്നും വവ്വാൽ വഴിയാണ് അസുഖം എത്തിയതെന്നും ഈ ആറുവയസ്സുകാരൻ ഓർമപ്പെടുത്തും.
ലോകത്തിനു മുന്നിൽ സേവനത്തിന്റെ സന്ദേശം പകർന്ന പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ നേഴ്സ് ചെമ്പനോട കുറത്തിപ്പാറയിലെ ലിനി വിടപറഞ്ഞിട്ട്  ചൊവ്വാഴ്ച ഒരു വർഷം പിന്നിടും. നിപാ എന്ന മഹാമാരി ആ ജീവൻ കവർന്നെങ്കിലും മുമ്പത്തേക്കാളേറെ  വീട്ടിലും നാട്ടിലും ചിരിക്കുന്ന മുഖവുമായി ഈ മാലാഖ നിറഞ്ഞുനിൽക്കുകയാണ്. വിദേശത്തുൾപ്പെടെ ലിനിയുടെ പേരിലുള്ള ചടങ്ങുകൾ, ആദരവുകൾ. എവിടെയും ഉയർന്നുകേൾക്കുന്നു ആ പേര്. ‘അവൾ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്, നേരത്തെ ഉള്ളതിനേക്കാൾ കൂടുതൽ എന്റെയും കുട്ടികളുടെയും ഒപ്പം നിഴലായും അഭിമാനമായും. ആ ജീവനു പകരം നാടുനൽകുന്ന സ്നേഹം. അതിലൂടെ ഓരോ ദിവസവും  ഞങ്ങളുടെ ലിനിയെ കൂടെ ചേർത്തുനിർത്തുകയാണ് എല്ലാവരും. മരണംപോലും തോറ്റുപോയിരിക്കുകയാണ്...’ സജീഷിന് വാക്കുകൾ ഇടറുന്നു.
 
ലിനിയോടുള്ള ആദരസൂചകമായാണ് സർക്കാർ സജീഷിന് കൂത്താളി പിഎച്ച്സിയിൽ ക്ലർക്കായി നിയമനം നൽകിയത്. ഓഫീസ് സമയമൊഴികെ മറ്റെല്ലായ‌്പ്പോഴും കുട്ടികൾക്കൊപ്പമാണ് സജീഷ്. മെഡിക്കൽ കോളേജ് ചെസ്റ്റ് ആശുപത്രിയിൽ ഐസിയുവിൽ മരണത്തെ മുഖാമുഖം കണ്ട സമയത്ത് നേഴ്സിന്റെ കൈയിൽ ലിനി നൽകിയ കത്തിലെ ‘നമ്മുടെ മക്കളെ നന്നായി നോക്കണേ’ എന്ന  വാക്കുകളാണ്  ഊർജം. എന്നും അവളുടെ ആ വാക്കുകൾ കാഴ‌്ചയിൽ ഉടക്കാനായി ഈ കത്ത് െഫ്രയിം ചെയ‌്ത‌് ചുമരിൽ ചേർത്തുവച്ചിരിക്കുന്നു. കത്തിലെ ‘പാവം കുഞ്ഞൂ, അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം’ എന്ന ലിനിയുടെ  ആവശ്യം നിറവേറ്റാനായതിന്റെ സംതൃപ്തിയിലാണ് സജീഷ്. കഴിഞ്ഞ മാസം കുഞ്ചു സജീഷിനൊപ്പം ഖത്തറിൽ പോയി. ഖത്തറിലെ മലയാളി നേഴ്സസ് അസോസിയേഷന്റെയും ആഷിഖ് അബു ഒരുക്കുന്ന ‘വൈറസ്’ സിനിമയുടെ ട്രെയിലർ പ്രകാശനത്തിന്റെയും ചടങ്ങുകൾക്കാണ് ഖത്തറിൽ  പോയത്.
 
ഫെബ്രുവരി നാലിനു റിഥുലിന്റെയും ഏപ്രിൽ അഞ്ചിനു സിദ്ധാർഥിന്റെയും പിറന്നാൾ ആയിരുന്നു. കേക്ക് മുറിക്കുന്നത് അമ്മ കാണണം. ലിനിയുടെ ഫോട്ടോ മുന്നിൽ വച്ചാണ‌് കേക്ക‌് മുറിച്ചത്.  എല്ലാ തവണത്തെയുംപോലെ കേക്ക്‌ കഷ്‌ണം അമ്മയുടെ വായിൽ കൊടുക്കാനും റിഥുലും സിദ്ധാർഥും  കൊതിച്ചിട്ടുണ്ടാകണം. അത‌് അറിഞ്ഞുകൊണ്ടാകും അമ്മയ‌്ക്ക‌് കേക്ക് കഷ്‌ണം കൊടുക്കാമെന്ന് സജീഷ് പറഞ്ഞത്.  കേക്കിന്റെ കഷ്‌ണവുമായി കുട്ടികൾ  ലിനിയുടെ സ്മരണകൾക്കായി മാറ്റിയ മുറിയിലെത്തി. വിളക്ക് കത്തിച്ച് കൈകൾ കൂപ്പി അവർ പ്രാർഥിച്ചു. പിറന്നാൾ കേക്കുകൾ കഴിക്കമ്മേ എന്ന് കുഞ്ഞിക്കൊഞ്ചലുകൾ കേൾക്കാൻ ലിനി അവിടെയെല്ലാം ഉണ്ടായിരിക്കണം. മായാത്ത  സ്നേഹവായ്പായി...
ഒരു കുഞ്ഞിക്കാലുണ്ടിവിടെ... 
 

അച്ഛനെ കാണാതെ

 
വീടിനുള്ളിലൂടെ ചുമരുപിടിച്ച്  മെല്ലെ പിച്ചവച്ച‌് തുടങ്ങിയിട്ടുണ്ട്  അവൾ. കുറുമ്പുകാരി ഇടയ്ക്കിടെ  അമ്മാ എന്നും  അമ്മയുടെ അച്ഛനെ ‘ച്ഛാ’ എന്നും വിളിക്കും. 11 മാസം പ്രായമായ കുരുന്നിന്റെ പാൽപുഞ്ചിരിയും കുസൃതിയും കാണാനും അച്ഛാ എന്ന വിളി കേൾക്കാനും  ജീവനോളം ആഗ്രഹിച്ചിട്ടുണ്ടൊരാൾ.  കാത്തുകാത്തുനിന്ന  കൺമണി ഒരു മാസംകൂടി കഴിഞ്ഞാൽ തന്റെ കൈയിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ മെയ് മാസാദ്യത്തിൽ അയാൾ. മുക്കം നെല്ലിക്കാപറമ്പ് കിഴുപത്തിനൂർ കോളനിയിൽ  അഖിൽ. അപകടത്തിൽ പരിക്കേറ്റ സുഹൃത്തുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ അഖിലിനെ നിപാ തട്ടിയെടുത്ത് ഒരു വർഷമാകുമ്പോൾ അച്ഛനില്ലാതെ ഒരു കുഞ്ഞ്‌ പിച്ചവയ്ക്കുകയാണ്. 
 
കുഞ്ഞിന്റെ കളിചിരികളാണ് ആ അമ്മയുടെ ആശ്വാസം. എട്ടു മാസം ഗർഭിണിയായിരിക്കെയാണ് പ്രിയതമനെ മരണ വൈറസ് തട്ടിയെടുത്തത്. ആഘാതം മറികടക്കാൻ ഈ കുരുന്നിന്റെ കുസൃതികളാണ് ആശ്രയം. അവിചാരിതമായാണ് നിപാ ദുരന്തം മുക്കത്തെ ഈ കുടുംബത്തെ വേട്ടയാടിയത്. നിപാ രോഗി  മെഡിക്കൽ കോളേജിലുള്ള സമയത്തായിരുന്നു അഖിൽ സുഹൃത്തിനൊപ്പം എത്തിയത്. പിന്നീട് നിപാ ലക്ഷണങ്ങളുമായി അഖിലിനെ 28ന‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30നു മരണം.  
    അഖിലിന് കുട്ടികളെന്നു വച്ചാൽ ജീവനായിരുന്നുവെന്ന് അച്ഛൻ ശിവാനന്ദൻ. ബന്ധുക്കളുടെ കുട്ടികളെയൊക്കെ എടുത്ത് ലാളിക്കും. അവർക്ക് മിഠായിയും പലഹാരങ്ങളും വാങ്ങിനൽകും. ഒരു കുഞ്ഞിക്കാലിനായി കാത്തിരുന്ന ഈ കുടുംബത്തിന് വിവാഹം കഴിഞ്ഞ് മൂന്നാം വർഷത്തിലാണ് കുട്ടി ഉണ്ടാകുന്നത്. മരണശേഷം ഒരു മാസത്തിനുള്ളിലാണ് കുഞ്ഞുപിറക്കുന്നത്. അഖിൽ കാത്തിരുന്ന കുഞ്ഞ്  എത്തിയപ്പോൾ സന്തോഷമോ സങ്കടമോ എന്നറിയാതെ കുടുംബം വിതുമ്പി. പാൽപല്ല് കാട്ടി ചിരി തുടങ്ങിയതുമുതൽ കുട്ടിയുടെ ഓരോ ചലനങ്ങളിലും മകന്റെ ഓർമകളാണ് അച്ഛനും അമ്മ അനിതയ്ക്കും. പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം മുക്കത്തെ വീട്ടിൽ വന്ന അഖിലിന്റെ ഭാര്യയും കുഞ്ഞും ഇപ്പോൾ അവരുടെ  വീട്ടിലാണ് താമസം.
 
മുത്തലിബിനെയും കുടുംബാംഗങ്ങളെയും മന്ത്രി ടി പി രാമകൃഷ്‌ണൻ സന്ദർശിച്ചപ്പോൾ

മുത്തലിബിനെയും കുടുംബാംഗങ്ങളെയും മന്ത്രി ടി പി രാമകൃഷ്‌ണൻ സന്ദർശിച്ചപ്പോൾ

മറിയവും അതിജീവിക്കും...

 
റമദാൻ മറിയത്തിന് ആത്മസമർപ്പണത്തിന്റേതാണ്. മക്കൾക്കും ഭർത്താവിനുമൊപ്പം നോമ്പെടുത്തും നമസ‌്കരിച്ചും പവിത്രമാക്കുന്ന ദിനങ്ങൾ. എന്നാൽ, കുയ്യണ്ടം പുത്തനിടത്തിൽ പുതുതായി വാങ്ങിയ വീട്ടിൽ ആദ്യ റമദാൻ വന്നെത്തുമ്പോൾ കൂടെ എത്തിയ ഓർമകളുടെ വേദനയെ പ്രാർഥനയിലൂടെ അതിജീവിക്കുകയാണ് ഈ ഉമ്മ. രണ്ട് ആൺമക്കളെയും ഭർത്താവിനെയും ബന്ധുവിനെയും നിപാ തട്ടിയെടുത്തത് കഴിഞ്ഞ നോമ്പുകാലത്ത്‌. പുതിയ വീട്ടിൽ എല്ലാവരുമായും ഒത്തുചേർന്നുള്ള ദിനങ്ങൾ ആഗ്രഹിച്ച മറിയത്തിന് ഇപ്പോൾ കൂട്ട് ഇളയ മകൻ മുത്തലിബ് മാത്രം. 
 
താങ്ങാനാകുന്നതിലേറെയുള്ള ദുരന്തത്തെ പതിയെ മറികടന്നു തുടങ്ങുകയാണ് മറിയം. ഓർമകളെ കാലം കവർന്നെടുക്കുംതോറും വീട്ടകത്തിന്റെ മറവിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നുണ്ട് ഈ ഉമ്മ. ദുരന്തശേഷം എട്ടു മാസത്തോളം വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. പുറത്തിറങ്ങില്ല, സംസാരിക്കില്ല. അടുത്ത ബന്ധുക്കളുടെ  വീടുകളിലൊക്കെ പോകുന്നുണ്ടിപ്പോൾ. മുത്തലിബ് പേരാമ്പ്ര ജബലുന്നൂർ കോളേജിൽ ബിരുദ വിദ്യാർഥിയാണ്. മുത്തലിബിന് ക്ലാസുള്ള സമയത്ത് മറിയം സഹോദരിയുടെ വീട്ടിലാണ് താമസം.
താമസം മാറ്റാനായി  പുതിയ വീട് വൃത്തിയാക്കുന്നതിനിടെയാണ് കഴിഞ്ഞവർഷം വവ്വാലിൽനിന്ന് സാബിത്തിന് നിപാ ബാധയുണ്ടായതെന്നാണ് കരുതുന്നത്. ഇതിൽ താമസിക്കാനാകാതെ മക്കളും ഭർത്താവും പോയതിന്റെ ആഘാതം മറിയത്തിന് മാറിയിട്ടില്ല. കുടുംബം സന്തോഷത്തോടെ താമസിച്ചിരുന്ന പഴയ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിലെ വീട്ടിൽ ഇപ്പോഴും ആൾത്താമസമില്ല.
 
ഉബീഷും  അജന്യയും 
പറയുന്നു  ‘ലൈഫ് ഈസ് 
ബ്യൂട്ടിഫുൾ...’
 
‘ബല്ലാത്ത പഹയന്മാർ’ എന്നൊക്കെ കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ അതിവരാണ്. ഉബീഷും അജന്യയും. അങ്ങാടിയിൽ ഇറങ്ങാൻവരെ ജനങ്ങളെ പേടിപ്പിച്ച നിപായെ തുരത്തി പ്രതിരോധത്തിന്റെ കോട്ടകെട്ടിയവർ. ഉബീഷ് മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ധനസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. രാവിലെ ജോലിക്ക് പോകും. വൈകിട്ട് ജോലി കഴിഞ്ഞാൽ സുഹൃത്തുക്കൾക്കൊപ്പമോ തനിച്ചോ യാത്രയും കറക്കവും. ഫെയ‌്സ് ബുക്ക്, വാട്സാപ‌് എന്നിവയിലൊക്കെ സജീവം. മൊത്തത്തിൽ ആള് കൂൾ. ഒന്നിനെക്കുറിച്ചും ആശങ്കയില്ല. കാരണം ചോദിച്ചപ്പോൾ മറുപടി. ‘എല്ലാവരെയും പേടിപ്പിച്ച നിപാ വരെ തോറ്റോടി. പിന്നെന്ത്?’
 
അജന്യ

അജന്യ

 
നിപായെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരാണ് മലപ്പുറം വെന്നിയൂർ സ്വദേശി ഉബീഷും കൊയിലാണ്ടി സ്വദേശി അജന്യയും. അജന്യ പുതിയ ജീവിതമൊരു അത്ഭുതമായി  കാണുമ്പോൾ ഉബീഷിന് എല്ലാം സ്വാഭാവികം. മറ്റ് ആശങ്കകളൊന്നും ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഉബീഷ് നിപാ എന്നല്ല, കഴിഞ്ഞുപോയതിനെ കുറിച്ചൊന്നും ചിന്തിച്ച് തല പുണ്ണാക്കാറില്ല. നിപാ രോഗി ഉള്ളപ്പോൾ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിയതിനാൽ  പനി വന്നപ്പോൾ സാധ്യത സംശയിച്ചാണ് സ്വയംചികിത്സ തേടിയത്. രോഗത്തെ നേരിടാൻ മനസ്സിന് ഉറപ്പുനൽകി. തുടങ്ങിയ പനിയിൽ തന്നെ രോഗലക്ഷണം അവസാനിച്ചു. ആ ആത്മവിശ്വാസവും ഡോക്ടർമാരുടെ പരിചരണവുമാണ‌് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ഉബീഷ്. 29 ദിവസം ആശുപത്രിയിൽ കിടന്നശേഷമാണ് വീട്ടിലെത്തിയത്. രണ്ടാഴ്ച വീട്ടിലെ വിശ്രമശേഷം ജോലിക്ക‌് തിരികെ കയറി. 
 
കോഴിക്കോട് ഗവ. നേഴ്സിങ് കോളേജിൽ അവസാനവർഷ വിദ്യാർഥിയായ അജന്യയും മുന്നേത്തതിനേക്കാളേറെ ഹാപ്പിയാണ്. അതിജീവനത്തിന്റെ കരുത്താണ് ഇതിനു പിന്നിലെന്ന് അജന്യ. ക്ലാസിലും കോഴ്സിന്റെ ഭാഗമായ ആശുപത്രി പരിശീലനത്തിലും സജീവമായി അജന്യയുണ്ട്. മെഡിക്കൽ കോളേജിൽ രോഗീപരിപാലനത്തിനിടെയാണ് അജന്യക്ക‌് രോഗബാധ. മെയ് 18 മുതൽ ചികിത്സയിൽ കഴിഞ്ഞു, ജൂൺ 11നാണ് ആശുപത്രി വിട്ടത്.
പ്രധാന വാർത്തകൾ
 Top