17 February Monday

ആ മുളന്തണ്ടിലെ തീ

എ സുരേഷ് sureshabhay@gmail.comUpdated: Sunday Aug 18, 2019

അമർനാഥ്‌ ഗുഹാക്ഷേത്രത്തിലേക്കുള്ള തീർഥാടനവഴിയിലെ ബാൽതാൽ താഴ്‌വര ഫോട്ടോ: പി വി സുജിത്‌

മതസൗഹാർദത്തിന്റെ പൂന്തോട്ടമാണ്‌ കശ്‌മീർ. സൂഫിസത്തിന്റെയും ശൈവിസത്തിന്റെയും സങ്കരഭൂമി. അമർനാഥിലും വൈഷ്‌ണോ ദേവിയിലുമെത്തുന്ന  സഞ്ചാരികൾക്ക്‌ തുണയാകുന്നത്‌ പ്രദേശത്തെ മുസ്ലിം ചെറുപ്പക്കാർ. ഭൂമിയിൽ  സ്വർഗമാകേണ്ട ഇടം. ഇവിടത്തെ മഞ്ഞുകണങ്ങളിൽ ചോരവീഴ്‌ത്താൻ ആരാണ്‌ ശ്രമിക്കുന്നത്‌. അമർനാഥ്‌ യാത്രയിലെ കാഴ്‌ചകളെക്കുറിച്ച്‌

 
 
‘വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്‌തമിക്കുന്നതിനെയല്ല
ഞാൻ സ്‌നേഹിക്കുന്നതെന്നുദ്ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീപോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.'
–-ജലാലുദ്ദീൻ റൂമി 
 
ഷാലിമാർ പൂന്തോട്ടത്തിലെ ജലധാരയുടെ ആരവത്തിനൊപ്പം ആ പുല്ലാങ്കുഴൽനാദവും ഇടമുറിയാതെ വിരഹഗീതം പാടുന്നുണ്ടാകും. കേൾക്കാനാരുമില്ലെങ്കിലും അയാൾ പാടിക്കൊണ്ടിരിക്കും. മുഗൾ വാസ്‌തുസൗന്ദര്യത്തിന്റെ  പ്രൗഢിയിൽ സ്വപ്‌നംകണ്ട്‌ മയങ്ങുന്ന പൂങ്കാവനത്തിൽ മറ്റാരുടെയും നിയോഗത്താലല്ല അവൻ നിത്യവും വന്നിരുന്ന് പാടുന്നത്. തന്നെ അവിടേക്ക്‌ എത്തിച്ച അതേ തീയാണ് മറ്റുള്ളവരിലും കത്തുന്നതെന്ന് അയാളറിയുന്നു. അത് കെടുത്താൻ സംഗീതത്തിന്റെ നാദധാരയല്ലാതെ മറ്റൊന്നുമില്ല. 
ശ്രീനഗറിലെ മുഗൾ ഗാർഡൻ ഷാലിമാറിലെ പഴയ വിശ്രമമന്ദിരത്തിൽ യുവ സൂഫി ഗായകനെ കണ്ടത്, കഴിഞ്ഞ അമർനാഥ് തീർഥാടനവേളയിൽ. മുഗൾ ചക്രവർത്തി ജഹാംഗീർ പ്രിയതമ നൂർജഹാന്റെ  ഓർമയ്‌ക്ക്‌ പണികഴിപ്പിച്ചതാണ് ‘സ്‌നേഹ  ഭവനം' എന്ന ഷാലിമാർ ഉദ്യാനം. സ്‌നേഹവും വെളിച്ചവും ഇവിടെ ഒരുമിക്കുന്നു.  ജലധാരയ്‌ക്കൊപ്പം ഒഴുകിവരുന്ന സംഗീതത്തിന്റെ ഉറവിടം തേടിയെത്തുമ്പോൾ കണ്ടത് ഒഴിഞ്ഞ കെട്ടിടത്തിനകത്ത് തനിച്ചിരുന്ന് മുളന്തണ്ട്‌  ഊതുന്ന യുവാവിനെ. അതിന്റെ ഏകാന്തശോകത്തിൽ ഗായക ഹൃദയവും അലിയുന്നു. ‘‘ഫോട്ടോഗ്രാഫറായിരുന്നു. ഇപ്പോൾ ജോലിയൊന്നും ചെയ്യുന്നില്ല.  അഞ്ചുവർഷമായി ദിവസവും ഇവിടെ വന്നിരുന്ന് ഹിന്ദുസ്ഥാനിയിൽ പുല്ലാങ്കുഴൽ വായിക്കും. കേൾക്കുന്നവർ വല്ലതും നൽകിയാൽ സ്വീകരിക്കും.’’ മടിച്ച് തുടങ്ങിയ സംസാരം സൂഫിസത്തിലേക്ക് കടന്നതോടെ അയാൾ  സ്‌ഫുടമായ ഇംഗ്ലീഷിൽ ചടുലമായി പറഞ്ഞു തുടങ്ങി. കശ്‌മീരിന്റെ സൂഫി പാരമ്പര്യത്തെക്കുറിച്ച് വാചാലനായി. സൂഫിസത്തിലടങ്ങിയ ഗഹനമായ പൊരുളിനെക്കുറിച്ച് പറഞ്ഞു. അത് ഐക്യത്തിന്റെ ദർശനം. സൂഫിസംപോലെ കശ്‌മീരിന് പ്രധാനമാണ് ശൈവിസവും. അൻപേശിവം എന്നാൽ ദൈവം സ്‌നേഹം എന്നർഥം. സത്യവും സുന്ദരവുമായത്. ബുദ്ധൻ, ശിവൻ, നബി എല്ലാം ഒന്ന്‌. മന്ദിരങ്ങളിലോ വിഗ്രഹങ്ങളിലോ അല്ല ദൈവം. മനുഷ്യനെപ്പോലെ പ്രവർത്തിക്കാൻ പ്രതിമയ്‌ക്കാവില്ല. ജലം, മണ്ണ്, അഗ്നി, വായു എന്നിവയാൽ നിർമിതനാണവൻ. എന്നാൽ, ഇവകൊണ്ട് നമുക്ക് മനുഷ്യനെ ഉണ്ടാക്കാനാകില്ല. ലോകത്തെവിടെയെങ്കിലും യുദ്ധമോ കൊലപാതകമോ ഇല്ലാത്ത ദിവസമുണ്ടോ? വേർതിരിവുകൾക്ക് അർഥമില്ല. എല്ലാവരും ശ്വസിക്കുന്നത് ഒരേ വായു.
 
എല്ലാവരിലുമുള്ളത് ഒരേ അഗ്നി. 
 
‘എന്റെ പുല്ലാങ്കുഴലിന്റെ നാദം ആഗ്നേയമാണ്. ആരിലാണ് ഈ തീനാളമില്ലാത്തത്? ആ തീ ഉള്ളിലുണരുന്നില്ലെങ്കിൽ  എന്തിന് ജീവിക്കണം? പുല്ലാങ്കുഴലിൽ വിങ്ങിനിൽക്കുന്നതും ആളിക്കത്തുന്നതും പ്രേമത്തിന്റെ തീയാണ്'–- റൂമി പറയുന്നു.
 
ഷാലിമാർ ടൗണിലാണ് കശ്‌മീരിലെ പ്രശസ്‌ത സൂഫിവര്യൻ സയിദ് മിറാക് ഷാ കസാനിയുടെ ദർഗ. ശ്രീനഗറിലെത്തുന്നവർ ഇവിടം സന്ദർശിക്കാറുണ്ട്. മതസൗഹാർദത്തിനു പേരുകേട്ട ദർഗയിൽ സംഘർഷസാഹചര്യം കണക്കിലെടുത്ത് സന്ദർശനം ഒഴിവാക്കണമെന്നാണ്‌ നിർദേശം.  ഇതുകേട്ട യുവാവ് ഞങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. ഭിത്തിയിലെ ലിഖിതങ്ങൾ വായിച്ചുതന്നു. ചായ തന്ന് സൽക്കരിച്ചു. താടിവച്ച എല്ലാവരും ഭീകരരെന്ന് സംശയിക്കുന്നവർക്ക് അതൊരു വ്യത്യസ്‌ത അനുഭവം. 
 
വിനോദസഞ്ചാരമാണ് കശ്‌മീരിന്റെ പ്രധാന വരുമാനം. അതിന്റെ ഭാഗമായി ജീവിക്കുന്നവർ തൊഴിലിൽ തീവ്രവാദവും ഭീകരതയും കലർത്തുന്നില്ല.   സംഘർഷം പുകയുന്ന താഴ്‌വരയിൽ  കുറെ വർഷമായി ജീവിതം ദുരിതപൂർണം. വിദ്യാഭ്യാസ സൗകര്യമില്ല, തൊഴിലില്ലായ്‌മ, കാർഷികത്തകർച്ച. 2014ലെ രൂക്ഷമായ വെള്ളപ്പൊക്കം  ഗ്രാമങ്ങളെ തകർത്തെറിഞ്ഞു. 2018ലും അതിന്റെ പരിക്കുകൾ ബാക്കി. എല്ലാറ്റിനും പരിഹാരമായി കേന്ദ്രസർക്കാർ കൂടുതൽ സൈന്യത്തെ അയക്കുന്നു. മതവും വിശ്വാസവും ആയുധമാക്കി അധികാരം ഉറപ്പിക്കാൻ കരുക്കൾ നീക്കുന്ന കുറച്ചുപേർ. അതിന്റെ വിലകൊടുക്കേണ്ടിവരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാർ. ഇല്ലാതാക്കപ്പെടുന്നത് അവരുടെ ജീവിതോപാധികൾ. അമർനാഥ് തീർഥാടനവും രാഷ്ട്രീയ വിഷയമാക്കപ്പെടുക പതിവാണ്. ഒടുവിൽ കശ്‌മീരിനെ ശിരച്ഛേദം ചെയ്യാൻ തെരഞ്ഞെടുത്ത സമയവും അതുതന്നെ. 
 

അമർനാഥ് പാതയിലെ ‘കെണികൾ'

 
കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് പ്രസിദ്ധമായ അമർനാഥ് ഗുഹാക്ഷേത്രം. ശ്രീനഗറിൽനിന്ന് 136 കിലോമീറ്റർ വടക്കുകിഴക്ക് സമുദ്രനിരപ്പിൽനിന്ന് 13,000 അടി ഉയരെ. 150 അടി ഉയരവും 90 അടി വീതിയുമുള്ള പ്രകൃതിനിർമിത ക്ഷേത്രത്തിലെ പ്രതിഷ്‌ഠ മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ്. ഗുഹയുടെ മുകൾഭാഗത്ത് ഇരുവശത്തുമുള്ള ദ്വാരങ്ങളിലൂടെ തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. പെട്ടെന്ന് കട്ടയാകുന്ന മഞ്ഞ് വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ശിവലിംഗത്തിന്റെ രൂപംപ്രാപിക്കുമെന്നും പൗർണമിയിൽ പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കറുത്ത പക്ഷത്തിൽ ഉരുകിത്തുടങ്ങി അമാവാസിയിൽ അപ്രത്യക്ഷമാകുകം. ഓരോ മാസവും ഇതാവർത്തിക്കും. ഗുഹയുടെ മുഖം തെക്കോട്ടായതിനാൽ ഒരിക്കലും സൂര്യകിരണം ഇതിൽ തട്ടില്ല. അതിനാൽ വേനലിലും മഞ്ഞുരുകില്ല. 
 
ശ്രാവണ പൗർണമിയിൽ ശിവൻ ഗുഹയിൽ പ്രത്യക്ഷപ്പെട്ട് പാർവതിക്ക് അമരത്വരഹസ്യം പറഞ്ഞുകൊടുത്തെന്നാണ് ഐതിഹ്യം. ആ ദിവസം അമർനാഥ് സന്ദർശിക്കുന്നത് പുണ്യമായി കരുതുന്നു. എല്ലാ ജൂലായ്‌–-ആഗസ്‌ത്‌ മാസങ്ങളിലും തീർഥാടകരെത്തും. അമർത്യതയുടെ രഹസ്യം കേൾക്കാനിടയായ രണ്ട് പ്രാവുകൾ ഇന്നുമവിടെ പ്രത്യക്ഷപ്പെടുന്നു. ഇവർ ശിവനും പാർവതിയുമെന്നും വിശ്വാസം. ഗുഹയ്‌ക്കടുത്തുള്ള അമരാവതി മലയിലെ വെളുത്ത ചെളി ദേഹത്ത് പുരട്ടുന്നത് മംഗളകരമത്രേ. അത് നൽകാനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണ്. ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികളുമാണവർ. അമർനാഥിലേക്കുള്ള വഴിവെട്ടിത്തെളിച്ച് യാത്ര സുഗമമാക്കയതിന് പ്രതിഫലമായാണ് അവകാശം നൽകിയതത്രേ. ഈ പാരസ്‌പര്യത്തിന്‌ ചരിത്രത്തിന്റെ പിൻബലമുണ്ട്. 
 
1850ൽ മുസ്ലിം ആട്ടിടയനായ ബുട്ട മാലിക്കാണ്, കൈലാസ്‌–-മാനസ സരോവർ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഹൈന്ദവ തീർഥാടനകേന്ദ്രമായ അമർനാഥ് ഗുഹാക്ഷേത്രം കണ്ടെത്തിയത്. പിന്നീട് ഹിന്ദു പുരോഹിതർക്കൊപ്പം മാലിക്കും കുടുംബവും ക്ഷേത്ര സൂക്ഷിപ്പുകാരായി. 2000ൽ ശ്രീ അമർനാഥ്ജി ക്ഷേത്രബോർഡിന് സർക്കാർ രൂപം നൽകിയതോടെ അവരുടെ അവകാശം അവസാനിച്ചു. തീർഥാടനം സുഗമമായി നടത്തുന്നതിൽ അവിടത്തെ മുസ്ലിം സമൂഹത്തിന്റെ ഇടപെടൽ എക്കാലത്തും പ്രശംസനീയം. പഞ്ചധരണി ബെയ്‌സ് ക്യാമ്പിൽനിന്ന് 14 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്ക് കുതിരപ്പുറത്തും ട്രോളികളിലുമാണ് ആളുകളെ കൊണ്ടുപോവുക. ഹിമാലയത്തിന്റെ ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര കരുതലോടെ വേണം. ഉത്തരവാദിത്തമായാണ് അവരതിനെ കാണുന്നത്. രണ്ടുമാസത്തെ തീർഥാടനകാലം അവരുടെ ഒരുവർഷത്തെ പ്രതീക്ഷയാണ്. സംഘർഷവും ഭീകരതയും തോൽപ്പിക്കുന്നത് ആ പാവങ്ങളെയാണ്‌. 1990ൽ തീർഥാടകർക്കുനേരെ ആക്രമണമുണ്ടായി. 91 മുതൽ അഞ്ചുവർഷം യാത്ര നിർത്തിവച്ചു. സൈന്യത്തിനുനേരെയുള്ള ഭീകരാക്രമണത്തിൽ 2000 ആഗസ്‌ത്‌ ഒന്നിന്, 17 തീർഥാടകർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. 2008ൽ, വനഭൂമി ക്ഷേത്രബോർഡിന് കൈമാറാനുള്ള തീരുമാനം സംസ്ഥാനത്തെ സാമുദായികമായി വിഭജിച്ചതോടെ അമർനാഥ് രാഷ്ട്രീയപ്രശ്നമായി. ഉത്തരവ് പിന്നീട് പിൻവലിച്ചു. 
 
പ്രകൃതിനാശവും കാർഷികത്തകർച്ചയും തീവ്രവാദവുമെല്ലാം വരുത്തിയ കെടുതികളിൽ വഴിമുട്ടിയ താഴ്‌വരയിലെ ജീവിതം ഇപ്പോൾത്തന്നെ വഴിമാറിത്തുടങ്ങിയിട്ടുണ്ട്. ദാൽതടാകത്തിൽ ഷിക്കാരകൾ ചലനമറ്റുകിടക്കുന്നു. ഹൗസ്ബോട്ടുകളിൽ മറ്റുപല ഏർപ്പാടുകളും തുടങ്ങിക്കഴിഞ്ഞു. വരാനിരിക്കുന്ന അധിനിവേശങ്ങളിൽ, സൗന്ദര്യവും ലാളിത്യമാർന്ന താഴ്‌വരയിലെ ജീവിതം ആർത്തിയുടെ സംസ്‌കാരത്തിന്‌ അടിയറവയ്‌ക്കുമോ? ഈ കാലവും കടന്നുപോകുമായിരിക്കും. 
 
ഈ വർഷം യാത്ര തുടങ്ങിയ ഉടൻ കേന്ദ്രസർക്കാർ നിർത്തിവച്ചു. പാകിസ്ഥാൻ പിന്തുണയോടെ അമർനാഥ് യാത്ര അട്ടിമറിക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണിത്. പാതയിൽനിന്ന് നാടൻ കുഴിബോംബുകളും സ്‌നൈപ്പർ റൈഫിളും കണ്ടെത്തിയെന്ന് അറിയിച്ച ഉദ്യോഗസ്ഥൻ പക്ഷേ എവിടെനിന്നെന്ന് വ്യക്തമാക്കിയില്ല. പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച തീരുമാനം പുറത്തുവന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് 70 കൊല്ലത്തെ ചരിത്രത്തെ നോക്കുകുത്തിയാക്കി. ആർട്ടിക്കിൾ 370ൽ വെള്ളംചേർക്കാൻ കാലങ്ങളായി നടത്തിക്കൊണ്ടിരുന്ന കുതന്ത്രങ്ങളുടെ പരിസമാപ്തി.
 

അശാന്തമായ ശാന്തത

 

എം പ്രശാന്ത്‌ prasanthdesh@gmail.com

 

സൈനികവിന്യാസത്തിൽ വീർപ്പുമുട്ടുകയാണ്‌ കശ്‌മീർ. പ്രസന്നമായ ആഗസ്‌തിൽ ജനനിബിഡമാകേണ്ട ശ്രീനഗറിലാകെ ഇന്ന്‌ ഭയത്തിന്റെ ഇരുണ്ട നിഴലുകൾ. ഭരണഘടനയുടെ 370–-ാം വകുപ്പ്‌ റദ്ദാക്കി കശ്‌മീരിനെ വിഭജിച്ചപ്പോൾ രൂപപ്പെടാൻ സാധ്യതയുള്ള ജനരോഷത്തെ തടയാനാണ്‌ ഈ സൈനികവിന്യാസം. രാഷ്‌ട്രീയ നേതാക്കളെയെല്ലാം തടങ്കലിലാക്കിയിരിക്കുകയാണ്‌. ശ്രീനഗർ സന്ദർശിച്ച ദേശാഭിമാനി ലേഖകൻ എം പ്രശാന്തിന്റെ അനുഭവക്കുറിപ്പ്‌

 
 
ശ്രീനഗറിലെ ഈദ്‌ ദിന സായാഹ്‌നം.  ദാൽ തടാകക്കര അവധിദിനങ്ങളിൽ സഞ്ചാരികളാൽ നിറയേണ്ടതാണ്.  ബൊലിവാർഡ്‌ റോഡ്‌ ശൂന്യം. കരകൗശല വസ്‌തുക്കളും കശ്‌മീരി ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകളെല്ലാം അടഞ്ഞുകിടപ്പാണ്‌.  തടാകത്തോടു ചേർന്നുള്ള പ്രധാന ഹോട്ടലുകളും തുറന്നിട്ടില്ല. ജമ്മു–-കശ്‌മീർ ടൂറിസം വകുപ്പിന്റെ ഓഫീസും  ഹൗസ്‌ ബോട്ടിലെ തപാലാപ്പീസും ശൂന്യം. ഒരു മെഡിക്കൽ ഷോപ്പ്‌മാത്രം തുറന്നുകണ്ടു. 
 
ഹൗസ്‌ബോട്ടിലെ താമസവും ശിക്കാരയിൽ തടാകം ചുറ്റലുമാണ്‌ ദാലിനെ ആസ്വാദ്യമാക്കുന്നത്‌. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ എത്തുന്നതെങ്കിൽ ദാലിന്‌ അതിരിടുന്ന  സബർവാൻ പർവതനിരയുടെ ധവളശിഖരങ്ങൾ ചേതോഹരമാണ്‌. 
 
ആഗസ്‌തിൽ ശിക്കാരകളില്ലാതെ ഒഴിഞ്ഞ തടാകത്തിൽ ദുഃഖം ഉറഞ്ഞുകിടക്കുന്നപോലെ. ഹൗസ്‌ബോട്ടുകളിലൊന്നും  താമസക്കാരില്ല. തുഴക്കാർ ചൂണ്ടയിട്ട്‌ നേരംകൊല്ലുന്നു. ഈദ്‌ സായാഹ്‌നം ആസ്വദിക്കാനെത്തിയ  കശ്‌മീരി കുടുംബം പാർക്കിൽ പരവതാനി വിരിച്ച്‌ ചായകുടിക്കാനൊരുങ്ങുകയാണ്‌. കുട്ടികൾ വലിയ വർണപ്പന്ത്‌ തട്ടിക്കളിക്കുന്നു.  ദാൽ ഇത്രയും വിജനമായി ഒരിക്കലും കണ്ടിട്ടില്ല.  കശ്‌മീരിനെ  ഏറ്റവും പ്രസന്നമാക്കുന്ന ആഗസ്‌തിൽ  കാഴ്‌ചകൾ എങ്ങനെയാണ്‌ ഇത്രയും ഇരുണ്ടുപോയത്‌?
അർധസേനയുടെ പൂർണനിയന്ത്രണത്തിലുള്ള നഗരത്തിൽ അപരന്റെ ഉച്ഛ്വാസംപോലും കേൾക്കാവുന്ന സ്ഥിതി. ഓരോ  പത്തുമീറ്ററിലും സായുധരായ സൈനികർ. ജനങ്ങളെ ഇവർ  ഇത്രയേറെ ഭയക്കുന്നതെന്തിനെന്ന്‌ തോന്നിപ്പിക്കുംവിധം ബാരിക്കേഡും മുള്ളുവേലിയും നിരത്തിവച്ചിട്ടുണ്ട്‌  സൈന്യവും പൊലീസും. നിശ്ശബ്ദത ഭഞ്‌ജിക്കുന്നത്‌ കവചിത വാഹനങ്ങളുടെ ഭീതിദമായ മുരളൽമാത്രം. ഷൂരാ, ഡൗൺടൗൺ തുടങ്ങി പ്രശ്‌നബാധിത മേഖലകളിലേക്കുള്ള പാതകളുടെ പ്രവേശനദ്വാരം ബാരിക്കേഡ്‌ ഉയർത്തി അടച്ചിരിക്കുകയാണ്‌.  നഗരകേന്ദ്രമായ ലാൽചൗക്കിലേക്കുള്ള വഴികൾപോലും പൂർണമായും അടച്ചുകളഞ്ഞു. 
 
താഴ്‌വരയിൽ ലാൻഡ്‌ ഫോണും മൊബൈലും ഇന്റർനെറ്റുമില്ലാതെയായിട്ട്‌ ഒരാഴ്‌ച പിന്നിട്ടിരുന്നു.  പ്രാദേശിക വാർത്താചാനലുകൾപോലും താഴ്‌വരയിൽ ലഭ്യമല്ല. ശ്രീനഗറിലെ ദിനപ്പത്രങ്ങളിൽ നാലെണ്ണം മാത്രമാണ്‌ പ്രതിസന്ധി നാളുകളിലും അച്ചടി തുടർന്നത്‌. എന്നാൽ, പത്രവിതരണത്തിനുള്ള സംവിധാനങ്ങൾ പരിമിതം. പരസ്യമൊന്നും ലഭിക്കാത്തതിനാൽ അവയുടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം. ദേശീയ ചാനലുകളാണ്‌  വിവരങ്ങൾ അറിയാൻ ആശ്രയം. ഡൽഹിയിലെ ന്യൂസ്‌ റൂമുകൾ പുറന്തള്ളുന്ന വിഷലിപ്‌തവും പക്ഷപാതപരവുമായ വാർത്തകളിൽ ജനങ്ങൾ ക്ഷുഭിതരാണ്‌. എൻഡിടിവിയെ മാത്രമാണ്‌ കശ്‌മീരികൾക്ക്‌  ഇപ്പോഴും വിശ്വാസം.
 
 ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ രണ്ട്‌ ടെലിഫോണുണ്ട്‌. ലാൻഡ്‌ ലൈനുകൾ.  മറ്റ്‌ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി കഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ബന്ധപ്പെടാൻ നഗരവാസികൾക്ക്‌ ഏക ആശ്രയമാണിവ. അർധസൈനികർക്കും നാട്ടിലുള്ള കുടുംബവുമായി സംസാരിക്കാൻ  മാർഗമില്ല. ദിവസങ്ങൾക്കുശേഷം ഉറ്റവരുമായി സംസാരിക്കുമ്പോൾ പലരും പൊട്ടിക്കരയുന്നതും പതിവുകാഴ്‌ച. 
 
കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്‌ത കേന്ദ്ര നടപടിയോട്‌ യോജിക്കുന്ന ഒരാളെപ്പോലും നഗരത്തിൽ കാണാനായില്ല. ഒരു പൊട്ടിത്തെറിക്ക്‌ മുമ്പുള്ള ശാന്തതയാണ്‌ താഴ്‌വരയിലിപ്പോൾ.  കശ്‌മീരിൽ നിലവിൽ ഭരണകൂടത്തിന്റെമാത്രം സാന്നിധ്യമാണ്‌ എവിടെയും. സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യവുമെല്ലാം നഷ്ടപ്പെട്ട്‌ വരിഞ്ഞുമുറുക്കപ്പെട്ട നിലയിൽ ഒരു ജനതയും. എന്നാൽ, ഇത്‌ എത്രനാളത്തേക്ക്‌?
 
 
പ്രധാന വാർത്തകൾ
 Top