17 February Monday

അർധരാത്രിയിലെ പരാജയപ്പെട്ട സാഹസികത

ഷൗക്കത്തലി ഖാൻUpdated: Sunday Aug 18, 2019

പാലോളി മുഹമ്മദ്‌കുട്ടി

എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തി ന്റെ ആരവം കെട്ടടങ്ങിയിട്ടില്ല. സ്വാതന്ത്ര്യസമര ത്തിൽ ഒരു പങ്കുമില്ലാത്തവരുടെ, സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗത്തെ ഒറ്റുകൊടു ത്തവരുടെ ഭരണത്തിൻകീഴിൽ വിവിധ ജന വിഭാഗങ്ങൾ അസ്വാതന്ത്ര്യത്തിലേക്ക്‌ പതിക്കു കയാണ്‌. 1948ൽ, സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികത്തിലും മലപ്പുറം എംഎസ്‌പി ക്യാമ്പിൽ പാറിക്കളിച്ച ബ്രിട്ടീഷ്‌ പതാക അഴിച്ചു മാറ്റി ത്രിവർണപതാക ഉയർത്താൻ പോയ രണ്ടു പേർ.  കമ്യൂണിസ്‌റ്റുകാരായ കുട്ടൂസൻ മാഷും പാലോളി മുഹമ്മദ്‌കുട്ടിയും. അർധ രാത്രി നടന്ന വിജയിക്കാതെപോയ ആ സാഹ സികമായ ഓപ്പറേഷനെക്കുറിച്ച്‌ പാലോളി സ്‌മരിക്കുന്നു.  ഷൗക്കത്ത്‌ അലിഖാൻ തയ്യാറാക്കുന്ന പാലോളി മുഹമ്മദ്‌കുട്ടിയുടെ, നടന്നുതീർന്ന വഴികളിലൂടെ ജീവചരിത്ര പുസ്‌തകത്തിൽനിന്ന്‌ 

 

1948ലെ ഒരു വേനൽക്കാലം. വൈകിട്ട്‌ മൂന്നുമണിയായിക്കാണും. ഞാൻ ചോറൊക്കെ തിന്ന്‌ വീട്ടിൽ വിശ്രമിക്കുകയാണ്‌. കുട്ടുസൻ മാഷ്‌ കുറ്റാമൽ കുന്നിലെ മലഞ്ചെരിവും ലക്ഷ്യമാക്കി ചെങ്കല്ലിന്റെ ഒതുക്കുകയറി എന്റെ വീട്ടിലേക്ക്‌ വരുന്നു. മാഷ്‌ തിണ്ണയിൽ ഇരുന്നു. എന്തോ രഹസ്യ ഉദ്ദേശ്യം ആ വരവിനുണ്ട്‌. അതല്ലാതെ ഇത്രദൂരം ഈ ചെമ്മണ്ണും ചവുട്ടി ആളും അനക്കവുമില്ലാത്ത കുറ്റാമൽ കുന്നിന്റെ ഉച്ചിയിലേക്ക്‌ കുട്ടൂസൻ മാഷ്‌ വരില്ല. പാർടി സംബന്ധമായ കാര്യങ്ങൾക്ക്‌ ഇങ്ങനെ ഇടയ്‌ക്കിടക്ക്‌ വരാറുള്ള സഖാവ്‌ തന്നെയാണ്‌ അദ്ദേഹം. ഞാൻ അദ്ദേഹത്തോട്‌ കുശലം ചോദിച്ചു. കുട്ടൂസൻ മാഷ്‌, മാഷാണെങ്കിലും ഇപ്പോൾ മാഷ്‌  അല്ല. അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ്‌ സർക്കാർ റദ്ദാക്കിയിരിക്കുകയാണ്‌. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ പാർടിയുടെ കോഡൂരിലെ പ്രധാന പ്രവർത്തകരിൽ ഒരാളാണ്‌ അദ്ദേഹം എന്ന്‌ സർക്കാരിന്‌ തിരിഞ്ഞിരിക്കുന്നു. മാഷെ പണിയും പോയി. കമ്യൂണിസ്റ്റ്‌ പാർടിയുടെ  രഹസ്യ പ്രവർത്തനത്തിലാണ്‌ തരിമ്പും പേടിയില്ലാത്ത ആ സഖാവ്‌. ഞങ്ങൾ തറവാടിന്റെ പുറത്തേക്ക്‌ പറമ്പിലേക്ക്‌ ഇറങ്ങിനിന്നു. മാഷിന്‌ എന്തോ കാര്യമായി പറയാനുണ്ട്‌.

അല്ല മയമുട്ട്യേ ഇന്ന്‌ ആഗസ്ത്‌ പതിനാലല്ലേ.  ഇയ്യ്‌ ഇങ്ങനെ ഈ ദിവസം ഇങ്ങനെ ഇരുന്നാൽ മതിയാ. ഞമ്മക്ക്‌ എന്തെങ്കിലും ചെയ്യണ്ടേ. ഇജ്ജ്‌ കുപ്പായം എടുത്തിട്ട്‌ ന്റെ കൂടെ വായോ. നമ്മക്ക്‌ ഒരു പണിയുണ്ട്‌. ഞാൻ പെരയുടെ അകത്തുകയറി കുപ്പായം എടുത്തിട്ട്‌ പുറത്തേക്കിറങ്ങി. ഞങ്ങൾ പുഴവക്കത്തേക്ക്‌ പതുക്കെ നടന്നു. അങ്ങനെയല്ല മാഷ്‌ എന്നെ പുഴവക്കത്തേക്ക് നയിക്കുകയായിരുന്നു. ഞാൻ മാഷോട്‌ പിന്നെയും ചോദിച്ചു. അല്ല മാഷെ നമ്മളിപ്പൊ എങ്ങട്ടാ പോകുന്നത്‌. അതൊക്കണ്ട്‌ മയമുട്ട്യേ ജ്ജ്‌ ഒന്ന്‌ മിണ്ടാതിരിക്ക്‌. ഞാൻ അന്നൊന്നും പാലോളിയല്ല വെറും മയമുട്ടിയാണ്‌. ഞങ്ങൾ പുഴവക്കത്ത്‌ എത്തി. പുഴ കടക്കാൻ തുടങ്ങി. പുഴ കടന്ന്‌  കലക്ടർ ബംഗ്ലാവിന്റെ അടുത്തെത്തി. വളരെ പതുക്കെയും സൂക്ഷിച്ചുമാണ്‌ കുട്ടൂസൻ മാഷ്‌ മുന്നോട്ടുപോകുന്നത്‌. എന്താണ്‌ അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ്‌ എന്ന്‌ എനിക്ക്‌ ഇതുവരെയും പിടിത്തം കിട്ടിയിട്ടില്ല. ആദ്യത്തെ കലക്ടറേറ്റ്‌ എംഎസ്‌പി ക്യാമ്പിന്റെ എതിർവശത്തുള്ള വീട്ടിലാണ്‌. അതിന്റെ ഇടയിലുള്ള ഇടത്തായിരുന്നു ഞങ്ങൾ അപ്പോൾ എത്തിയത്‌. പുഴയെല്ലാം കടന്ന്‌ നനഞ്ഞുകുതിർന്ന്‌ ആ വേനൽക്കാല സന്ധ്യയിൽ ഏറെ വൈകി ഞങ്ങൾ കലക്ടർ ബംഗ്ലാവിന്റെ സമീപത്ത്‌ ഇരിക്കുകയാണ്‌. കുട്ടൂസൻ മാഷ്‌ ഒന്നും മിണ്ടുന്നില്ല. ഇരുട്ട്‌ കൂടിക്കൂടി വന്നു. സമയം ഏതാണ്ട്‌ പന്ത്രണ്ട്‌ മണിയായി. ബംഗ്ലാവിലേക്ക്‌ കയറുമ്പോൾ കുട്ടൂസൻമാഷ്‌ മൗനംവെടിഞ്ഞ്‌ പറഞ്ഞു. നമ്മളിപ്പോൾ ഇവിടെ ഈ എംഎസ്‌പി ഗ്രൗണ്ടിൽ  കൊടിയുയർത്താൻ വന്നിരിക്കുകയാണ്‌. നിനക്ക്‌ പേടിണ്ടോ. ഞാൻ ഉണ്ടെന്നൊ ഇല്ലെന്നോ പറഞ്ഞില്ല. പുലിമടയിൽ കയറിയ ആട്ടിൻകുട്ടിയെ‌പ്പോലെ ഞാൻ കുട്ടൂസൻമാഷെ പിന്തുടർന്നു. എംഎസ്‌പി ക്യാമ്പിന്റെ വിശാലമായ മൈതാനത്ത്‌ പൈക്കൾ മേഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾ കാത്തിരുന്നു. ഞാൻ കുട്ടൂസൻ മാഷുടെ അരയിലേക്ക്‌ നോക്കി. ഒരു കുങ്കുമവും പച്ചയും നിറംകാണുന്നു.  അതിന്റെ ചരടിന്റെ തെല്ല് പുറത്തേക്ക്‌ തെറിച്ചുനിൽക്കുന്നു. എംഎസ്‌പി ക്യാമ്പ്‌ ഉറങ്ങുന്നതും കാത്ത്‌ മൈതാനത്തിനരികെ അയവെട്ടുന്ന  പൈക്കൾക്ക്‌ പിന്നിൽ ഞങ്ങളിരുന്നു. 
 
ക്യാമ്പിൽ ബൂട്ടുകൾ അമർന്ന്‌ ചവിട്ടുന്നതിന്റെയും ആളുകളുടെയും ശബ്ദം കേൾക്കുന്നു. പാത്രങ്ങളുടെ ചിലമ്പലുകൾ. അങ്ങ്‌ ദൂരെ ക്യാമ്പിന്റെ ഗേറ്റിൽ ഒരു കാക്കിയിട്ട നിഴൽ കൈയിൽ നീണ്ട ബയണറ്റിന്റെ കൂർത്തമുന ആകാശത്തെ തുറിച്ചുനോക്കുന്നു. ക്യാമ്പ്‌ ഇപ്പോൾ നിശ്ശബ്ദം. എനിക്ക്‌ വിശപ്പുതുടങ്ങി. വയറ്റിൽനിന്ന്‌ പുക്കാറത്ത്‌ കേൾക്കുന്നു. ഞങ്ങൾ കൊടിമരം ലക്ഷ്യമാക്കി പതുക്കെ നടക്കാൻ തുടങ്ങി. അയവെട്ടുന്ന പൈക്കളുടെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങുന്നുണ്ട്‌. ഞങ്ങൾ പതുങ്ങിപ്പതുങ്ങി ചവുട്ടടിവച്ച്‌ നടന്നതും ചെരിപ്പിന്റെ ശബ്ദം കേട്ടതും നിരനിരയായി കിടക്കുന്ന പൈക്കൾ പേടിച്ച്‌ അമറാൻ തുടങ്ങി. പൈക്കളുടെ പേടിച്ച മ്പേ ശബ്ദം മൈതാനത്തിനപ്പുറം മുഴങ്ങി. എംഎസ്‌പി ക്യാമ്പിന്റെ ഉള്ളിലെത്തിയിരിക്കുന്നു. അതാ ക്യാമ്പിനകത്തുനിന്ന്‌ അപായശബ്ദത്തിന്റെ നീണ്ട മണിനാദം മുഴങ്ങുന്നു.  കാക്കിയിട്ട നിഴൽ തിരശ്ശീനമായി പിടിച്ച തോക്കുമായി ഓടാൻ തുടങ്ങുന്നു. ഞങ്ങൾ പതുക്കെ പിന്തിരിഞ്ഞ്‌ നടക്കാൻ തുടങ്ങി. നടത്തമല്ല ചെറിയ ഓട്ടം. ഓട്ടത്തിന്റെ വേഗത കൂടി. എംഎസ്‌പി ക്യാമ്പിനുനേരെ അക്രമമുണ്ടാക്കി എന്ന ആരോപണത്തിന്റെ പേരിൽ രണ്ട്‌ കമ്യൂണിസ്റ്റുകാരെ വെടിവച്ചുകൊല്ലാൻ അന്ന്‌ എളുപ്പമായിരുന്നു. ഭാഗ്യംകൊണ്ടാണ്‌  അന്ന്‌ രക്ഷപ്പെട്ടത്‌. എംഎസ്‌പി ക്യാമ്പിൽ ആ കൊടിമരത്തിൽ 1947വരെ പാറിക്കളിച്ചിരുന്ന ബ്രിട്ടീഷ്‌ ജാക്ക്‌ എന്ന  അധിനിവേശക്കൊടി പാറിക്കളിച്ചിരുന്നു.  അതിനെതിരെ രോഷാകുലനായ ഒരു കമ്യൂണിസ്റ്റുകാരന്റെ അത്യാവേശമായിരുന്നു ആ ശ്രമം. ദേശീയപതാക അവിടെ പാറിക്കളിക്കണമെന്ന കുട്ടൂസൻ മാഷ്‌ എന്ന കമ്യൂണിസ്റ്റിന്റെ അതിമോഹം ആ രാത്രിയിലെ പൈക്കളുടെ അമറലിൽ പിന്തിരിഞ്ഞുനടന്നു.
 
പ്രധാന വാർത്തകൾ
 Top