23 September Thursday

സാമൂഹ്യനിരീക്ഷകന്റെ കണ്ണുള്ള ഏകാന്തസഞ്ചാരി

ഡോ. എം ടി ശശിUpdated: Sunday Jul 18, 2021

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആത്മാവിഷ്‌കാരം എളുപ്പമാണ്. ദിനേന നിരവധി സാഹിത്യസൃഷ്ടികളാണ് ഫെയ്‌സ്‌ബുക്കിൽ എത്തുന്നത്‌. ചിലത് കാലാതീതമാകും, സാമൂഹ്യനിർമിതിയിൽ ഉയർന്ന പങ്കുവഹിക്കും, ഭാവിയിലേക്ക് ഈടുവയ്‌പാകുകയും ചെയ്യും. അത്തരത്തിലുള്ള ഫെയ്‌സ്ബുക്ക് കുറിപ്പുകളുടെ സഞ്ചയമാണ് ഡോ. കെ ടി ജലീലിന്റെ ‘ആസ്യാത്ത മുതൽ ആസ്യാത്ത വരെ'.

അറിവിന്റെ തിളക്കമാർന്ന വെളിച്ചംകൊണ്ട് ഭാഗ്യവാനായ കെ ടി ജലീൽ ഒരു നിത്യവിദ്യാർഥിയാണെന്ന് ടി  പത്മനാഭൻ ‘വാക്കുകളുടെ അമൃതധാര' എന്ന അവതാരികയിൽ  സാക്ഷ്യപ്പെടുത്തുന്നു. കഥപോലെ ആസ്വദിക്കാവുന്ന, സഞ്ചാരസാഹിത്യത്തിന്റെ ഭാഗമായി ലഭിക്കേണ്ട അറിവും രസവും അനുഭവിപ്പിക്കുന്ന, സിനിമാ നിരൂപണത്തിന്റെ വേറിട്ട വഴിവെട്ടുന്ന, ഫാസിസത്തിനും മതാന്ധതയ്‌ക്കുമെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ‘ആസ്യാത്ത' സാമൂഹ്യനിരീക്ഷകന്റെ കണ്ണുമായി ഒരേകാന്ത സഞ്ചാരി നടത്തുന്ന യാത്രയാണ്.  

തവനൂർ വൃദ്ധസദനത്തിലെ അന്തേവാസിയായ ആസ്യാത്തയാണ് ആദ്യ കുറിപ്പിലെ വിഷയം. മഹിളാമന്ദിരത്തിലെ ആരോരുമില്ലാത്ത ധനലക്ഷ്‌മിയുടെ വിവാഹ ഒരുക്കങ്ങളിലേക്ക്, തന്റെ ആകെ സമ്പാദ്യമായ 2000 രൂപയിൽനിന്ന് പകുതി സൂപ്രണ്ട് മുഖാന്തരം നൽകുന്ന ആസ്യാത്ത എന്ന മാതൃരൂപത്തെ കണ്ണുനനയ്‌ക്കുന്ന ഭാഷയിൽ ജലീൽ അവതരിപ്പിക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിക്കുന്ന വേളയിൽ ‘സ്വന്തം വലിപ്പക്കുറവ്' ബോധ്യം വന്നുവെന്നാണ്‌ ജലീൽ പറയുന്നത്‌. 

ബീഫ്‌ സൂക്ഷിച്ചെന്ന ‘മഹാപരാധത്തിന്' കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലഖിന്റെ കൊലപാതകം ചർച്ച ചെയ്യപ്പെടുന്ന ഹൃദയസ്‌പർശിയായ കുറിപ്പിൽ അപരരുടെ ഭക്ഷണമേതെന്നു നിശ്ചയിക്കാൻ ഫാസിസ്റ്റുകൾ ധൈര്യം കാണിച്ചത് ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്ന്‌ പറയുന്നു. മാപ്പിളപ്പാട്ട് ഗായകൻ പീർമുഹമ്മദിന്റെ അനുഗ്രഹം തനിക്ക് ലഭിച്ച ദിവസത്തെ, ഒരു ഗാനത്തിന്റെ സുഖദമായ അനുഭൂതിയായി വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഗായകൻ എരഞ്ഞോളി മൂസയുടെ നിര്യാണത്തെത്തുടർന്ന് എഴുതിയ അനുശോചനക്കുറിപ്പ് മാപ്പിളപ്പാട്ട് ശാഖയിലേക്കുള്ള ചൂണ്ടുപലകയാണ്. അത്തിപ്പറ്റ ഉസ്‌താദ് എന്ന സൂഫിവര്യന്റെ പാണ്ഡിത്യവും മനുഷ്യസ്‌നേഹവും വർണിക്കുന്ന ലേഖനം ഹൃദയസ്‌പർശിയാണ്. ഗായകൻ മുഹമ്മദ് റഫിയെ അവതരിപ്പിക്കുന്ന ‘റാഫി നിറഞ്ഞ് നിൽക്കും' എന്ന കുറിപ്പിൽ പാട്ടും സംഗീതവും ഉൾപ്പെടെയുള്ള കലാരൂപങ്ങളെ വേലികെട്ടിത്തിരിച്ച് മനുഷ്യരെ അകറ്റാൻ ശ്രമിക്കുമ്പോൾ സംസ്‌കൃതി തമസ്‌കരിക്കപ്പെടുമെന്നും കലാസ്‌നേഹികൾ ഇതിനെതിരെ പ്രതികരിക്കുമെന്നും ഊന്നിപ്പറയുന്നു. മാപ്പിളപ്പാട്ട് കൃതികളെ അധികരിച്ച്‌ എഴുതിയ ‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ...' എന്ന കുറിപ്പിൽ വെളിപ്പെടുന്നത് സംഗീതത്തെക്കുറിച്ചുള്ള ജലീലിന്റെ സവിശേഷധാരണകൾ.

ജസ്റ്റിസ് എം ഫാത്തിമാബീവിയെ അവരുടെ നവതിനാളിൽ നേരിട്ടുകണ്ട അനുഭവ വിവരണം ജസ്റ്റിസിന്റെ ജീവിതരേഖകൂടിയാണ്. പ്രിയസുഹൃത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സന്മനസ്സ് വരച്ചുകാണിക്കുന്ന സബാഷ് മുനവ്വറലി, സബാഷ്! എന്ന കുറിപ്പ് രാഷ്ട്രീയവൈരം മറക്കുന്ന, നേരിന്റെയും നന്മയുടെയും സൗഹൃദത്തെ വെളിപ്പെടുത്തുന്നു.  ‘മാധവിക്കുട്ടി' എന്ന കുറിപ്പ് അപവാദ വ്യവസായങ്ങൾക്ക്‌ എതിരായ താക്കീതായി മാറുന്നുണ്ട്. പിതൃതുല്യനായ മുഖ്യമന്ത്രി പിണറായി വിജയന്റെ 75–-ാം ജന്മദിനത്തിന്റെ ഭാഗമായി എഴുതിയ കൊച്ചുലേഖനത്തിൽ പിണറായിയുടെ  സ്‌നേഹമസൃണമായ, മറ്റാരും കാണാത്ത മുഖം വരച്ചുകാട്ടുന്നു. 

മെഡിക്കൽ എൻട്രൻസ് പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു ലക്ഷദ്വീപുകാരി ലുഖ്മാനുൽ സബയും മഞ്ചേരി സ്വദേശി മാളവികയും. കോവിഡ് കാരണം ഹോസ്റ്റൽ പൂട്ടിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ സബയെ അച്ഛനമ്മമാരുടെ പൂർണ പിന്തുണയോടെ മാളവിക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നോമ്പുകാലം ആരംഭിച്ചതോടെ സബയോട് ഐക്യദാർഢ്യവുമായി പ്രകടിപ്പിച്ച് മാളവികയും കുടുംബവും നോമ്പുനോൽക്കാനും തുടങ്ങി. കോവിഡ് കാലത്തെ ഏറ്റവും മനോഹരമായ കാഴ്‌ച. കേരളത്തിന്റെ മതനിരപേക്ഷതയെ വ്യക്തമാക്കുന്ന അവതരണമാണ് ജലീൽ നടത്തുന്നത്.

സ്വാനുഭവങ്ങളെ വിശകലനം ചെയ്യുന്ന നിരവധി കുറിപ്പുകൾ ഇതിലുണ്ട്. ജലീലിന്റെ നന്മയെയും സൗഹൃദങ്ങളെയും അനുഭവങ്ങളെയും അറിവുകളെയുമെല്ലാം പങ്കുവയ്ക്കുന്നതാണ് ഓരോന്നും. സ്‌നേഹത്തിന്റെ പ്രതിരൂപമായ ‘ആസ്യാത്ത'യിൽ തുടങ്ങി അവരുടെ മരണത്തിൽ പുത്രന്റെ കടമ നിർവഹിച്ചതിൽ സംതൃപ്തി പ്രകടിപ്പിക്കുന്ന ‘ആസ്യാത്ത മരിച്ചു' എന്നതുവരെ 280 പേജിലായാണ്‌ ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top