21 February Thursday

ശാസ്ത്രത്തോട് കണക്ക് ചോദിക്കുന്ന രാംലാൽ

സി ഗണേഷ്‌Updated: Sunday Jun 17, 2018

 കുറച്ചുവർഷം മുമ്പ‌് പുണെയിലെ ഐസറിൽ രണ്ടു മൂന്ന് ദിവസം തങ്ങാനിടയായി. രാജ്യത്തെയും വിദേശത്തെയും മിടുക്കരായ യുവഗവേഷകർ ഒത്തുചേരുന്ന ഇടം.  ഉന്നതമായ ശാസ്ത്രഗവേഷണസംരംഭങ്ങളുടെ ബുദ്ധികേന്ദ്രവും അടുക്കളയും. 

നാലാംനിലയിലോ മറ്റോ ആണ്  താമസം. അവിടം ചുറ്റിനടന്നുകാണാൻ തോന്നി.   മുപ്പതുവർഷത്തിലധികമായി സ്ഥാപനം ആരംഭിച്ചിട്ട്.  ഏക്കറുകളിലായി പരന്നുകിടക്കുന്ന കെട്ടിടങ്ങൾ. കെട്ടിടംപണി നിരന്തരം നടക്കുന്നു.  ഐസർ ആരംഭിച്ച അന്ന് മുതൽ കെട്ടിടംപണികളിലേർപ്പെട്ടവർ ഇന്നും തുടരുന്നുണ്ടത്രേ.  കൗമാരക്കാരനായി വന്നവർ  മധ്യവയസ്സ‌് പിന്നിട്ടിരിക്കുന്നു. കെട്ടിടംപണിക്കിടയിൽ പലരുടെയും വിവാഹം കഴിയുന്നു. പ്രണയം നടക്കുന്നു. പ്രസവം നടക്കുന്നു. കലഹം നടക്കുന്നു. വാർധക്യമോ രോഗങ്ങളോ വിഴുങ്ങുന്നു. പകർച്ചവ്യാധികളും പീഡകളും കൊടിയ ദുരന്തങ്ങളും സ്വാഭാവികമായി സ്വീകരിക്കാനവർ പരിശീലിച്ചിരിക്കുന്നു.  ക്യാമ്പസിനടുത്തായാണവരുടെ താമസം. ഇടത്തരം ചേരിപ്രദേശം.  രാവിലെ നേരത്തേ വരിവരിയായി ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന സംഘം വരുന്നു. പണിസ്ഥലത്തേക്ക് ചിതറുന്നു. വൈകിട്ട് പണിതീർത്തശേഷം ഒരുമിച്ച് മടങ്ങുന്നു. സ്ത്രീകൾ കുട്ടികളെയും ഒക്കത്തിലെടുത്താണ് വരുന്നത്.  മരത്തിനുകീഴെ തുണികൊണ്ട് തൊട്ടിൽകെട്ടി ഉറക്കുന്നു. കറുത്ത് കണ്ണ് കുഴിഞ്ഞ അവരുടെ കാടായിരുന്നത്രേ ഇപ്പോൾ ഐസർ നിൽക്കുന്ന സ്ഥലം. അവരുടെ സ്വന്തമായിരുന്നില്ല ആ കാട്.  അതവർക്ക് സ്വന്തമായിത്തന്നെ തോന്നിയിരുന്നു. 
തിരികെ മുറിയിലെത്തിയപ്പോൾ ഞാനോലിച്ചത് ശാസ്ത്രവും മാനവികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. താഴെ പോയപ്പോൾ കണ്ട യുവഗവേഷകരിൽ പലരും വിദേശികൾ. ഒക്കെ ശരി, വൈരുധ്യം അന്നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ ഹരിതാഭമായ സ്വപ്നങ്ങൾക്കു മുകളിലാണ് അവ തലയുയർത്തിനിൽക്കുന്നതെന്നാണ്. ഇതിനൊരു മറുവശമുണ്ട്. സയൻസിന്റെ പുരോഗതിക്ക് ഇതെല്ലാം ആവശ്യമല്ലേ? ഇവിടെ നടക്കുന്ന മുന്തിയ കോൺക്രീറ്റ് പണികൾ എങ്ങനെ ഒഴിവാക്കാനാണ്? ഉത്തരമില്ല. ഒരെഴുത്തുകാരൻ എന്ന നിലയിൽ ഈ രണ്ട് ധാരയിൽപ്പെട്ട ചിന്തകളെയും എന്റെ മനസ്സിന്റെ തുലാസിലിട്ട് പിടിച്ചു. അവിടേക്ക് നോക്കാനെനിക്ക് ത്രാണിയില്ല.  അളവിന്റെ കൃത്യത എന്നെ സംബന്ധിച്ച് ആവശ്യമായിരുന്നില്ല.   ശാസ്ത്രത്തിലെ കൃത്യത, സാഹിത്യത്തിലെ കൃത്യത, ശാസ്ത്രത്തിന്റെ കണ്ടെത്തൽ, സാഹിത്യത്തിന്റെ കണ്ടെത്തൽ‐ സ്വാഭാവികമായും തോമസ്കൂനിന്റെ ചിന്തകൾ ഓർമയിലെത്തി. ആൽബർട്ട് ഐൻസ്റ്റീൻ പൗരസ്ത്യദേശത്തെ ദർശനങ്ങളോട് പുലർത്തിയ അടുപ്പവും എന്തുകൊണ്ടോ ഓർമിച്ചുപോയി. 
കർട്ടനപ്പുറം, ജനലിനപ്പുറം ഭൂവിശാലതയിൽ അവിടവിടെയായി കെട്ടിടംപണി തുടരുകയാണ്. തണുപ്പ് പതിനാറ് ഡിഗ്രിയിലേക്ക് തരംതാണ് മോശമാകുന്നതിനെ പ്രോത്സാഹിപ്പിച്ച് വല്ലാത്തൊരു കാറ്റും.  നല്ല ചൂടുവെള്ളത്തിൽ കുളിച്ചതുകൊണ്ടാവണം ശരീരം കഠിനമായ തണുപ്പിനു വഴങ്ങുന്നു. രാത്രി വേണ്ടത്ര ഉറങ്ങാത്തതിനാൽ ചെറിയ മയക്കവും. മയക്കം  മാറ്റാനും ബാൽക്കണിയിൽ നിന്ന് ചുറ്റുവട്ടം കണ്ണെത്തിപ്പിടിക്കാമല്ലോയെന്നോർത്തും ഗ്ലാസ്കർട്ടൻ നീക്കി, ബാൽകണിയിലങ്ങനെ പുറത്തേക്ക്നോക്കി നിന്നു.
കുറ്റിച്ചെടികളും കോൺക്രീറ്റ്ബിൽഡിങ്ങുകളും വിതറിയിട്ടപോലെ. ഉയരുന്നകെട്ടിടങ്ങൾ, തല ഉയർത്തിയവയിൽ മിനുക്കുപണികൾ.  ഭീമാകാരമായ ക്രെയിനുകൾ വലിയ ഘടികാരസൂചിപോലെ. ഗവേഷകവിദ്യാർഥികൾ കാമ്പസിനകത്തുപയോഗിക്കാവുന്ന സൈക്കിളിൽ തിടുക്കപ്പെട്ടെത്തുന്നു. ശാസ്ത്രത്തിന് സമർപ്പിക്കപ്പെട്ട ഒരുദിനം ആരംഭിക്കുന്നു.
പെട്ടെന്നാണ് കെട്ടിടത്തിൽ ഏതോ നിലയിലേക്ക് പിടിച്ചുകയറാൻ ശ്രമിക്കുന്നതുപോലെ ഒരാൾ. അല്ല, പിടിച്ചുകയറാൻ ശ്രമിക്കുകയല്ല. ഇരുപത്തഞ്ചുവയസ്സ‌് പ്രായമാകാത്ത ഒരുവൻ മരക്കസേരയിൽ ബാലൻസ് ചെയ്തുനിന്ന് ഭിത്തികളിൽ ചായം തേക്കുന്നു. താഴെ പ്രായമായ ഒരാൾ നിർദേശം നൽകുന്നു. അതൊന്നും കേൾക്കാൻ കഴിയാത്തത്ര ഉയരത്തിലാണവൻ.  അവൻ കൈകൊണ്ട് കൊടുക്കുന്ന നിർദേശമനുസരിച്ച് മരക്കസേര ഉയരുന്നുമുണ്ട്. തികച്ചും സാഹസികമായ ഈ പണി അധികനേരം നോക്കിനിൽക്കാനായില്ല. പെയിന്റുകാരൻ മുൻകരുതലോ സുരക്ഷാക്രമീകരണമോ എടുത്തിരുന്നില്ല. ഒരുനിമിഷത്തെ അശ്രദ്ധ അവന്റെ ജീവിതത്തെ താഴേക്ക് തള്ളിയിടും.  ആ അവസ്ഥയിലും അവൻ പുലർത്തുന്ന ആത്മബലം ശരിക്കും വിസ്മയിപ്പിച്ചു. ഒരുവിധം ബാലൻസുചെയ്ത് പത്താംനിലയ്ക്കുമപ്പുറത്തേക്ക്, ഉയരത്തിലേക്ക് അവൻ കുതിക്കാനൊരുങ്ങുന്നു. ഇവൻ ആദ്യമായായിരിക്കുമോ ഇത്രയും ഉയരത്തിൽ പെയിന്റടിക്കുന്നതെന്ന് ഞാനാലോചിച്ചു. അങ്ങനെയെങ്കിൽ അവന്റെ ചങ്കിടിപ്പിന്റെ പ്രവേഗമെന്തായിരിക്കും? ഇവൻ സ്കൂളിൽ പോയിട്ടുണ്ടാകുമോ? ശാസ്ത്രത്തെക്കുറിച്ച്, ശാസ്ത്രജ്ഞരെക്കുറിച്ച് ഇവൻ സ്വരൂപിച്ച ആശയഗതികൾ എത്തരത്തിലുള്ളതാവും? താൻ മനോഹരമാക്കിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിനു കീഴിൽ പരീക്ഷണശാലയിൽ ഇരിക്കുന്നവരെക്കുറിച്ച് വിചാരിക്കുന്നതെന്താവും?
ഒരു ചായ കുടിക്കാമെന്നോർത്ത് മുറിക്കു താഴെയിറങ്ങി. പുറത്തെ ഏതെങ്കിലും ഢാബയിൽചെന്ന് കുടിക്കാമെന്നുവച്ചു നടന്നു. അവൻ പെയിന്റടിക്കുന്ന കെട്ടിടത്തിനു താഴെകൂടിവേണം  നടന്നു പോകാൻ. വിവരിക്കാനാകാത്ത വികാരത്തോടുകൂടി ഞാൻ നടന്നു. ഒന്നുരണ്ട് പണിക്കാരോട് സംസാരിച്ചു. ആലുപറാട്ട ചായക്കൊപ്പം കഴിക്കുന്നതിനിടയിൽ ഐസറിൽനിന്ന് പ്ലാസ്റ്റിക്മാലിന്യം പുറന്തള്ളുന്ന ജീവേദ് പരേൽക്കർ എന്ന വൃദ്ധനുമായി സംസാരിച്ചു. ഒരുകാലത്ത് അയാൾ ഇവിടത്തെ ചായംതേപ്പുകാരനായിരുന്നത്രേ. പാഷാൻഗാവിനെക്കുറിച്ച് അവിദഗ്ധമായ ഹിന്ദിയിൽ അയാൾ അഭിമാനം കൊണ്ടു. വാഗ്ദാനം ചെയ്ത ചായ സ്നേഹപൂർവം നിരസിക്കുകയും ചെയ‌്തു. അയാളുടെ ഭാര്യ മൺകിളപ്പണികളുടെ ഭാഗത്ത് അധ്വാനിക്കുന്നു. മൂന്ന് മക്കളിൽ മൂത്തവൻ ഐസറിലേക്ക് കൊണ്ടുവരുന്ന ചരക്കുവാഹനാപകടത്തിൽപ്പെട്ടു. മറ്റൊരു മകൻ ടൈൽ പതിപ്പിക്കുന്ന പണിയിൽ.  കാന്റീനുകൾ, ഹോസ്റ്റലുകൾ, മുറികൾ എന്നിവിടങ്ങളിലെ മൃദുശോഭയാർന്ന തറകളിൽ അവന്റെ വിയർപ്പുകൂടി അടങ്ങിയിട്ടുണ്ട്. ഇളയമകൾ ഉദ്യാനത്തിൽ വെള്ളം നനച്ച് പോക്കറ്റ്മണിയുണ്ടാക്കും. അവൾക്ക് ഒരു കൈയേ ഉള്ളൂ. ജനിക്കുമ്പോൾത്തന്നെ മറ്റേ കൈയിന് മുട്ടുവരെമാത്രം നീളം. വിരലുകളുടെ ഭാഗം ചെമന്ന അരിമാവ് വച്ചുതേച്ചതുപോലെ. മരിച്ചുപോയ മകന്റെ മകൻ സ്കൂളിൽ പോവാതെ കല്ലുകടത്തലിനു വന്നതിനെപ്പറ്റി പരേൽക്കറിനു പരാതിയുണ്ട്.
റൂമിൽ തിരിച്ചെത്തി, ബാൽക്കണിയിൽ നിൽക്കുമ്പോൾ പെയിന്റുകാരൻ അടുത്തനിലയിലേക്ക് ഉയർന്നുകഴിഞ്ഞു. ഉയരുമ്പോൾ അവൻ കൈകൾ പക്ഷിയെപ്പോൽ വിടർത്തുന്നതു കാണാനെനിക്കു ശക്തിയുണ്ടായില്ല. പക്ഷേ, അരക്ഷിതജീവിതങ്ങളുടെ നൂലേണി വരച്ചിടാൻ പാകത്തിൽ തെളിയുന്നതായി തോന്നി.
 പതിനാലാം നിലയിൽ വെറുമൊരു തൂക്കുപലകയിൽ നിന്നുകൊണ്ട് പെയിന്റടിക്കേണ്ടി വന്നവൻ എന്നെങ്കിലും തിരിച്ചു ചോദിക്കില്ലേ, ശാസ്ത്രമേ നീയെന്തു നേടി എന്ന്? അടിയാളർക്ക് എന്ത് തന്നുവെന്ന്? കുറച്ചുനേരം കണ്ണടച്ചു. അതുവരെയുള്ള വിചാരങ്ങളെല്ലാം ചേർന്ന മിശ്രിതം ഒരു കഥയുടെ രൂപത്തിൽ മനസ്സിൽ നിറഞ്ഞു. ജീവിതം പന്താടിക്കൊണ്ട് സയൻസിനെ സുരക്ഷിതമായി വളരാൻ വിടുന്ന പെയിന്റടിക്കാരന് രാം ലാലെന്ന് പേരിട്ട് കഥ പൂർത്തിയാക്കി. ഢാബയിൽ കണ്ട പരേൽക്കറിനു പിന്നാലെ പാഞ്ഞതുകൊണ്ടാണ് രാം ലാലിന്റെ മുത്തച്ഛനെ സൃഷ്ടിക്കാനായത്.
അങ്ങനെ പതിനാലാം നിലയിലേക്ക് പെയിന്റ്ബ്രഷുമായി മരക്കസേരയിൽ ജീവിതത്തിന്റെ സകലദുരിതവും അനിശ്ചിതത്വവുംപേറി, മാനവികതയുടെ ബ്രഷുമായി സയൻസിനെ മോടിപിടിപ്പിക്കുന്ന  രാം ലാൽ ഉയർന്നുപൊങ്ങുന്നതിന്റെ ആഖ്യാനമായാണ് ഐസർ വാർന്നുവീണത്. ഐസറിലെ രാം ലാലാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം.  ഐസർ പിന്നീട‌് പുസ്തകമായി.രാംലാൽ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും? അതറിയാനായി ഞാൻ നടത്താനിരിക്കുന്ന  യാത്രയുടെ തിരിച്ചറിവ് എന്നെ പൊള്ളിക്കുമോ? എന്നെ തിരിച്ചറിയാൻ രാംലാൽ ഇപ്പോൾ ബാക്കിയുണ്ടാവുമോ?
പ്രധാന വാർത്തകൾ
 Top